Friday, May 11, 2012

പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി


കലിക്കറ്റ് വാഴ്സിറ്റിയിലെ ഭൂമിദാനത്തിന് ഉത്തരവാദികളായ വിദ്യാഭ്യാസമന്ത്രിയെയും വൈസ് ചാന്‍സലറെയും തല്‍സ്ഥാനത്തുനിന്ന് നീക്കി അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാക്കള്‍ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജിനെ നേരിട്ടുകണ്ട് ആവശ്യപ്പെട്ടു. നോമിനേറ്റഡ് സിന്‍ഡിക്കറ്റ് പിരിച്ചുവിട്ട് നിയമാനുസൃതം തെരഞ്ഞെടുപ്പ് നടത്തണമെന്നും സര്‍വകലാശാലയിലെ ധനദുര്‍വിനിയോഗത്തെക്കുറിച്ച് ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഗവര്‍ണറെ സന്ദര്‍ശിച്ച നേതാക്കള്‍ നിവേദനത്തില്‍ അഭ്യര്‍ഥിച്ചു.

സര്‍വകലാശാലയുടെ ഭൂമി സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മന്ത്രിമാരുടെ ബന്ധുക്കള്‍ക്കും നല്‍കിയിരിക്കയാണ്. സര്‍വകലാശാലയുടെ 43 ഏക്കര്‍ സ്ഥലം മൂന്ന് ട്രസ്റ്റുകള്‍ക്ക് നല്‍കാനാണ് നോമിനേറ്റഡ് സിന്‍ഡിക്കറ്റ് തീരുമാനിച്ചിരിക്കുന്നതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പ്രോ ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസമന്ത്രി, വൈസ് ചാന്‍സലര്‍, പ്രോ-വൈസ് ചാന്‍സലര്‍ എന്നിവരുടെ ഇടപെടലിനെ തുടര്‍ന്നാണിത്. ഇവരെ അടിയന്തരമായി നീക്കം ചെയ്യണം. സര്‍വകലാശാലയുടെ ഫണ്ട് തിരിമറിയെക്കുറിച്ച് ജൂഡിഷ്യല്‍ അന്വേഷണം നടത്താനും നടപടി സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഭൂമിദാനത്തെ കുറിച്ച് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കയാണെന്ന് ഗവര്‍ണര്‍ അറിയിച്ചതായി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താലേഖകരെ അറിയിച്ചു. സംഭവം പരിശോധിച്ച് ആവശ്യമായ നടപടി എടുക്കാമെന്നും ചട്ടവിരുദ്ധനടപടി അനുവദിക്കില്ലെന്നും ഗവര്‍ണര്‍ ഉറപ്പുനല്‍കി. സര്‍വകലാശാലയിലെ നിയമവിരുദ്ധമായ നടപടികളെ കുറിച്ച് ഗവര്‍ണര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും വി എസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് പ്രതിപക്ഷനേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, വിവിധ കക്ഷിനേതാക്കളായ സി ദിവാകരന്‍, എ എ അസീസ്, സി കെ നാണു, എ കെ ശശീന്ദ്രന്‍, പി സി തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരും നിവേദകസംഘത്തില്‍ ഉണ്ടായിരുന്നു.

deshabhimani 110512

1 comment:

  1. കലിക്കറ്റ് വാഴ്സിറ്റിയിലെ ഭൂമിദാനത്തിന് ഉത്തരവാദികളായ വിദ്യാഭ്യാസമന്ത്രിയെയും വൈസ് ചാന്‍സലറെയും തല്‍സ്ഥാനത്തുനിന്ന് നീക്കി അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാക്കള്‍ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജിനെ നേരിട്ടുകണ്ട് ആവശ്യപ്പെട്ടു. നോമിനേറ്റഡ് സിന്‍ഡിക്കറ്റ് പിരിച്ചുവിട്ട് നിയമാനുസൃതം തെരഞ്ഞെടുപ്പ് നടത്തണമെന്നും സര്‍വകലാശാലയിലെ ധനദുര്‍വിനിയോഗത്തെക്കുറിച്ച് ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഗവര്‍ണറെ സന്ദര്‍ശിച്ച നേതാക്കള്‍ നിവേദനത്തില്‍ അഭ്യര്‍ഥിച്ചു.

    ReplyDelete