Friday, May 11, 2012
സൈനികരെ ഗസ്റ്റ്ഹൗസിലേക്ക് മാറ്റണമെന്ന ആവശ്യം കേരളം എതിര്‍ത്തില്ല
മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ സൈനികരെ ജയിലില്‍നിന്ന് മാറ്റി സുഖസൗകര്യങ്ങളോടെ ഗസ്റ്റ്ഹൗസില്‍ പാര്‍പ്പിക്കണമെന്ന ഇറ്റലിയുടെ ആവശ്യം സുപ്രീംകോടതിയില്‍ കേരളസര്‍ക്കാര്‍ എതിര്‍ത്തില്ല. ഇറ്റലിയുടെ ആവശ്യത്തോടുള്ള കൃത്യമായ നിലപാട് ഒരാഴ്ചയ്ക്കകം അറിയിക്കാന്‍ സംസ്ഥാനസര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കേസ് ജൂലൈ 26ന് കോടതി വീണ്ടും പരിഗണിക്കും.
സൈനികര്‍ക്കെതിരെ കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്നും വിട്ടയക്കണമെന്നും കാണിച്ച് ഇറ്റാലിയന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട്ഹര്‍ജി പരിഗണിക്കവെയാണ് ജയിലില്‍ നിന്ന് മാറ്റണമെന്ന ആവശ്യമുയര്‍ന്നത്. ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി നല്കിയ നിര്‍ദേശം കേരളം പാലിച്ചിട്ടില്ലെന്ന് ഇറ്റലിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ വാദിച്ചു. ഭടന്മാരെ പ്രത്യേക ജയില്‍മുറിയില്‍ പാര്‍പ്പിക്കുക, ഇറ്റാലിയന്‍ ഭക്ഷണം നല്‍കുക, വൈദ്യസഹായം നല്‍കുക തുടങ്ങി ആറ് നിര്‍ദേശമാണ് മജിസ്ട്രേട്ട് കോടതി മുന്നോട്ടുവച്ചത്. ഇക്കാര്യത്തില്‍ ഒന്നൊഴികെ മറ്റെല്ലാം പാലിച്ചു. എവിടെ പാര്‍പ്പിക്കണമെന്ന കാര്യത്തില്‍ തടവുകാര്‍ക്ക് പ്രത്യേക അപേക്ഷ നല്‍കാമെന്നും അക്കാര്യത്തില്‍ ജയില്‍ ഡിജിപിയും എഡിജിപിയും തീരുമാനമെടുക്കണമെന്നുമുള്ള നിര്‍ദേശം പാലിച്ചില്ല- സാല്‍വെ വാദിച്ചു. പുറത്തുപാര്പ്പിക്കുന്ന കാര്യം ഉടന്‍ തീരുമാനിക്കണമെന്ന് ജസ്റ്റിസുമാരായ അല്‍ത്തമാസ് കബീറും എസ് എസ് നിജ്ജാറും ഉള്‍പ്പെട്ട ബെഞ്ച് സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇറ്റലിയുടെ ആവശ്യം എതിര്‍ക്കാന്‍ കേരളത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ഗോപാല്‍ സുബ്രഹ്മണ്യം തയ്യാറായില്ല. ജയിലിന് പുറത്തുപാര്പ്പിക്കുന്നതില് വിയോജിപ്പില്ലെന്ന് സൂചന നല്കിയ അദ്ദേഹം ഇക്കാര്യത്തില്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കാമെന്ന് അറിയിച്ചു. എന്നാല്‍, ഒരാഴ്ചയ്ക്കുള്ളില്‍ നിലപാടു വ്യക്തമാക്കാന്‍ കോടതി നിര്‍ദേശിച്ചു.
ഗോപാല്‍ സുബ്രഹ്മണ്യം എതിര്‍പ്പ് കൂടാതെ ഇതംഗീകരിച്ചു. എന്തുകൊണ്ട് ജയിലില്‍ പാര്‍പ്പിക്കുന്നുവെന്ന് വിശദീകരിക്കാന്‍ തുനിഞ്ഞില്ല. സിഐഎസ്എഫ് ഗസ്റ്റ്ഹൗസ്, സര്‍ക്കാര്‍ ഗസ്റ്റ്ഹൗസ്, കൊച്ചിന് പോര്‍ട്ട്ട്രസ്റ്റ് ഗസ്റ്റ്ഹൗസ് എന്നിവിടങ്ങളില്‍ എവിടെയെങ്കിലും പാര്‍പ്പിക്കണമെന്ന് സാല്‍വെ ആവശ്യപ്പെട്ടു. ഇറ്റാലിയന്‍ എംബസിയിലാക്കണമെന്നായിരുന്നു ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ആദ്യ നിലപാട്. ക്രമസമാധാനം സംസ്ഥാന വിഷയമായതിനാല്‍ കേന്ദ്രം പ്രശ്നത്തില്‍ ഇടപെടില്ലെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിര ജയ്സിങ് അറിയിച്ചു. കേസില്‍ സംസ്ഥാനത്തിന്റെ നിലപാടിനെ കേന്ദ്രം പിന്തുണയ്ക്കും. കടല്‍ വെടിവയ്പും സൈനികരുടെ അറസ്റ്റും ഇറ്റലിയും ഇന്ത്യയുമായി നേരിട്ടുള്ള പ്രശ്നമാണെന്ന ഇറ്റലിയുടെ നിലപാടിനോട് ഇന്ദിര വിയോജിച്ചു. കേസെടുക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് അവര്‍ പറഞ്ഞു. അതിനിടെ, കേസില്‍ കക്ഷിചേരുന്നതിന് കേന്ദ്ര കപ്പല്കാര്യ മന്ത്രാലയം അപേക്ഷ നല്കി. മര്‍ക്കന്റൈല്‍ മറൈന്‍ വിഭാഗം വെടിവയ്പ് സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനാല്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. അതേസമയം, സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന ഇറ്റലിയുടെ ഹര്‍ജി ഭടന്മാരുടെ ജാമ്യശ്രമമടക്കം കീഴ്കോടതികളിലെ നിയമനടപടികളെ ബാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
(എം പ്രശാന്ത്)
deshabhimani news
Labels:
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)
മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ സൈനികരെ ജയിലില്‍നിന്ന് മാറ്റി സുഖസൗകര്യങ്ങളോടെ ഗസ്റ്റ്ഹൗസില്‍ പാര്‍പ്പിക്കണമെന്ന ഇറ്റലിയുടെ ആവശ്യം സുപ്രീംകോടതിയില്‍ കേരളസര്‍ക്കാര്‍ എതിര്‍ത്തില്ല. ഇറ്റലിയുടെ ആവശ്യത്തോടുള്ള കൃത്യമായ നിലപാട് ഒരാഴ്ചയ്ക്കകം അറിയിക്കാന്‍ സംസ്ഥാനസര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കേസ് ജൂലൈ 26ന് കോടതി വീണ്ടും പരിഗണിക്കും.
ReplyDelete