Saturday, May 17, 2014

ഇതുവരെ പ്രധാനമന്ത്രിമാര്‍ 14

സ്വതന്ത്ര ഇന്ത്യയില്‍ പതിനാറാമത്തെ കേന്ദ്രമന്ത്രിസഭയാണ് അധികാരത്തിലേറുന്നത്. പതിനഞ്ച് മന്ത്രിസഭയിലായി പതിനാല് പ്രധാനമന്ത്രിമാര്‍ രാജ്യം ഭരിച്ചു. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, എ ബി വാജ്പേയി, മന്‍മോഹന്‍സിങ് എന്നിവര്‍ ഒന്നിലേറെ തവണ പ്രധാനമന്ത്രിമാരായി. ഗുല്‍സാരിലാല്‍ നന്ദ താല്‍ക്കാലിക പ്രധാനമന്ത്രിയായത് രണ്ടുവട്ടം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്റു 1951, 1957, 1962 വര്‍ഷങ്ങളിലും പ്രധാനമന്ത്രിയായി. 1964 മെയ് 27ന് മരിക്കുംവരെ അദ്ദേഹം തുടര്‍ന്നു. നെഹ്റുവിന്റെ മരണദിവസംതന്നെ ഗുല്‍സാരിലാല്‍ നന്ദ താല്‍ക്കാലിക പ്രധാനമന്ത്രിയായി. "64 ജൂണ്‍ ഒമ്പതിന് ലാല്‍ബഹാദൂര്‍ ശാസ്ത്രി അധികാരമേല്‍ക്കുന്നതുവരെ അദ്ദേഹം തുടര്‍ന്നു. ശാസ്ത്രിയുടെ മരണശേഷം 1966 ജനുവരി 11 മുതല്‍ 24 വരെയും നന്ദ താല്‍ക്കാലിക പ്രധാനമന്ത്രിയായി. ശാസ്ത്രി 1966 ജനുവരി 11ന് താഷ്കന്റില്‍ പാകിസ്ഥാനുമായി സമാധാന ഉടമ്പടി ഒപ്പിട്ട് മണിക്കൂറുകള്‍ക്കകമാണ് ഹൃദയസ്തംഭനംമൂലം മരിച്ചത്.

തുടര്‍ന്ന് ശാസ്ത്രി മന്ത്രിസഭയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി 1966 ജനുവരി 24ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്തു. 1967ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ച് ഇന്ദിര വീണ്ടും പ്രധാനമന്ത്രിയായി. 1969ല്‍ കോണ്‍ഗ്രസിലെ പിളര്‍പ്പിനെത്തുടര്‍ന്ന് ഇടതുപക്ഷ പിന്തുണയോടെ ഇന്ദിര 1971 വരെ ഭരിച്ചു. 1971ലെ തെരഞ്ഞെടുപ്പില്‍ ഇന്ദിര വീണ്ടും അധികാരത്തില്‍ വന്നു. 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാല്‍ 1976ലെ പൊതുതെരഞ്ഞെടുപ്പ് നടന്നത് 1977ല്‍. ജനതാ പാര്‍ടി പ്രതിനിധിയായി 1977ല്‍ മൊറാര്‍ജി ദേശായി ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രിയായി. 1977 മാര്‍ച്ച് 24 മുതല്‍ 1979 ജൂലൈ 28 വരെ അദ്ദേഹം തുടര്‍ന്നു. പാര്‍ടിയിലെ പ്രശ്നങ്ങളെത്തുടര്‍ന്ന് മൊറാര്‍ജി രാജിവച്ചതോടെ ജനതാ പാര്‍ടിയിലെതന്നെ ചരണ്‍സിങ് 1979 ജൂലൈ 28 മുതല്‍ 1980 ജനുവരി 14 വരെ പ്രധാനമന്ത്രിയായി. പാര്‍ടിയിലെ പ്രതിസന്ധിയെത്തുടര്‍ന്ന് ചരണ്‍സിങ്ങും രാജിവച്ചു. 1980 ജനുവരി 14ന് ഇന്ദിരാഗാന്ധി നാലാമതും പ്രധാനമന്ത്രിയായി. എന്നാല്‍, അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ നടത്തിയ "ഓപ്പറേഷന്‍ ബ്ലൂസ്റ്റാറി"നു പ്രതികാരമായി ഇന്ദിരയുടെ അംഗരക്ഷകര്‍തന്നെ 1984 ഒക്ടോബര്‍ 31ന് അവരെ വെടിവച്ചുകൊന്നു.

അന്ന് അധികാരമേറ്റ മകന്‍ രാജീവ്ഗാന്ധി പിന്നീട് തെരഞ്ഞെടുപ്പില്‍ വിജയിച്ച് 1989 ഡിസംബര്‍ രണ്ടുവരെ പ്രധാനമന്ത്രിയായി തുടര്‍ന്നു. 1989ല്‍ ജനതാദളിലെ വിശ്വനാഥ് പ്രതാപ് സിങ് ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും പിന്തുണയോടെ പ്രധാനമന്ത്രിയായി. 1989 ഡിസംബര്‍ രണ്ടിന് അധികാരമേറ്റ അദ്ദേഹം 1990 നവംബര്‍ 10 വരെ തുടര്‍ന്നു. കോണ്‍ഗ്രസും ബിജെപിയും യോജിച്ചാണ്് വി പി സിങ്ങിനെ അധികാരത്തില്‍നിന്ന് പുറത്താക്കിയത്. പിന്നീട് അധികാരമേറ്റ ജനതാദള്‍ എസ് നേതാവ് എസ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായിരിക്കെയാണ് 1991 മെയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഫോടനത്തില്‍ രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്. തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷം നേടി അധികാരത്തിലെത്തി. പി വി നരസിംഹറാവു 1991 ജൂണ്‍ 21ന് പ്രധാനമന്ത്രിയായി അധികാരമേറ്റു. 1996 മെയ് 16 വരെ അദ്ദേഹം തുടര്‍ന്നു.

പിന്നീട് 1996ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാഷ്ട്രപതി ക്ഷണിച്ചു. എ ബി വാജ്പേയി 1996 മെയ് 16ന് അധികാരമേറ്റു. 13 ദിവസത്തിനുശേഷം വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ട് ജൂണ്‍ ഒന്നിന് വാജ്പേയി സ്ഥാനമൊഴിഞ്ഞു. തുടര്‍ന്ന് കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും സഹായത്തോടെ ഐക്യമുന്നണി മന്ത്രിസഭ അധികാരമേറ്റു. ജനതാദളിലെ എച്ച് ഡി ദേവഗൗഡ 1996 ജൂണ്‍ ഒന്നിന് പ്രധാനമന്ത്രിയായി. 1997 ഏപ്രില്‍ 21 വരെ ഭരിച്ചു. കോണ്‍ഗ്രസ് സമ്മര്‍ദത്തെതുടര്‍ന്ന് ദേവഗൗഡയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി പകരം ഐക്യമുന്നണിയുടെ ഇന്ദര്‍കുമാര്‍ ഗുജ്റാള്‍ 1997 ഏപ്രില്‍ 21ന് പ്രധാനമന്ത്രിയായി. "98 മാര്‍ച്ച് 19 വരെ തുടര്‍ന്നു. മന്ത്രിസഭയ്ക്കുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചതോടെ 1998ല്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടന്നു. ബിജെപി ഭൂരിപക്ഷം നേടി. 1998 മാര്‍ച്ച് 19ന് വാജ്പേയി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്തു. 13 മാസത്തെ ഭരണത്തിനുശേഷം മന്ത്രിസഭയ്ക്കുള്ള പിന്തുണ എഐഎഡിഎംകെ പിന്‍വലിച്ചതോടെ 1999ല്‍ വീണ്ടും തെരഞ്ഞെടുപ്പ്. ബിജെപി വീണ്ടും അധികാരത്തിലെത്തി. വാജ്പേയി 2004 മെയ് 22 വരെ തുടര്‍ന്നു.

2004ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് നിയോഗിച്ചു. തെരഞ്ഞെടുപ്പിനുശേഷം രൂപീകരിച്ച യുപിഎ ഇടതുപാര്‍ടികളുടെ പിന്തുണയോടെ ഭരണം നടത്തി. ആണവകരാര്‍ പ്രശ്നത്തില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചെങ്കിലും 2008 ജൂലൈ 22ന് പാര്‍ലമെന്റില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ സമാജ്വാദി പാര്‍ടി കോണ്‍ഗ്രസിനെ സഹായിച്ചു. 2009ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തി. മന്‍മോഹന്‍സിങ്തന്നെ രണ്ടാം യുപിഎയ്ക്ക് നേതൃത്വം നല്‍കി. രാജ്യത്തിനെയും കോണ്‍ഗ്രസിനെയും പിടിച്ചുലച്ച കോടിക്കണക്കിന് രൂപയുടെ അഴിമതിക്കേസുകളില്‍ സുദീര്‍ഘമായ മൗനം പാലിച്ച മന്‍മോഹന്‍സിങ് രാജ്യംകണ്ട ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രി എന്ന വിശേഷണത്തോടെയാണ് പടിയിറങ്ങുന്നത്.

deshabhimani

No comments:

Post a Comment