Saturday, May 17, 2014

വെറുക്കപ്പെട്ട് പടിയിറക്കം

എഐസിസി ഓഫീസില്‍ നേതാക്കള്‍ ഇരുന്ന് ചിന്തിക്കുകയാണ്. കോണ്‍ഗ്രസിനോട് ഇത്രയധികം വെറുപ്പ് ജനങ്ങള്‍ക്ക് തോന്നാന്‍ കാരണമെന്തെന്ന്. ഇത്രയും ആഘാതമുള്ള തോല്‍വി കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നില്ല. അവസാന നിമിഷംവരെയും മൂന്നക്കം കടക്കുമെന്ന പ്രതീക്ഷയിലായിരുന്നു നേതൃത്വം. ജനവിരുദ്ധനയങ്ങളാണ് കോണ്‍ഗ്രസിന്റെ കുളംതോണ്ടിയത്. പ്രത്യേകിച്ചും, ഇടതുപക്ഷ പിന്തുണയില്ലാതെ അധികാരം കൈയാളിയ രണ്ടാം യുപിഎ സര്‍ക്കാരിന്റെ നടപടികള്‍. കൊടിയ അഴിമതികൂടിയായതോടെ കോണ്‍ഗ്രസിനെ കുഴിച്ചുമൂടാന്‍ ജനത തീരുമാനിച്ചു. കോണ്‍ഗ്രസ് വിരുദ്ധ വികാരം മോഡിയും ബിജെപിയും ഫലപ്രദമായി അനുകൂലമാക്കി മാറ്റി.

വിലക്കയറ്റമാണ് രാജ്യമെമ്പാടും ശക്തമായ ഭരണവിരുദ്ധ വികാരം നിറച്ചത്. പണപ്പെരുപ്പം പലപ്പോഴും രണ്ടക്കത്തിലായിരുന്നു. അന്താരാഷ്ട്ര സാഹചര്യങ്ങളാണ് പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കാരണമെന്ന ന്യായമായിരുന്നു നേതൃത്വത്തിന്്. എന്നാല്‍,സമാനമായ സാമ്പത്തികസാഹചര്യങ്ങളുള്ള ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലൊന്നും പണപ്പെരുപ്പം ഇത്രയധികം ഉയര്‍ന്നിരുന്നില്ലെന്നതും ശദ്ധേയം. ചൈനയാകട്ടെ പണപ്പെരുപ്പം രണ്ടു ശതമാനത്തില്‍ താഴെയായി പിടിച്ചുനിര്‍ത്തി. വിലക്കയറ്റത്തിന് വഴിവച്ചത് ആഭ്യന്തരനയങ്ങളാണ് എന്നതാണ് വാസ്തവം. പെട്രോള്‍ വിലനിയന്ത്രണം പൂര്‍ണമായും എടുത്തുകളഞ്ഞതും ഡീസല്‍ വിലനിയന്ത്രണം ഭാഗികമായി ഒഴിവാക്കിയതും വിലക്കയറ്റത്തിന് ആക്കംകൂട്ടി. പണപ്പെരുപ്പം രൂക്ഷമായി. വിലനിയന്ത്രണം എടുത്തുകളഞ്ഞശേഷം പെട്രോളിന് 34 രൂപയോളം വര്‍ധിച്ചു. ഡീസല്‍വിലയാകട്ടെ പെട്രോള്‍വിലയോട് അടുക്കുന്നു. ഇന്ധന വിലവര്‍ധന കാരണം ഗതാഗതച്ചെലവ് ഗണ്യമായി കൂടി. റെയില്‍ യാത്രാനിരക്ക് വര്‍ധിച്ചു. ഡീസല്‍ വിലവര്‍ധന കാര്‍ഷികച്ചെലവ് കൂട്ടി. ഭക്ഷ്യവിപണിയില്‍ ഊഹക്കച്ചവടം പ്രോത്സാഹിപ്പിച്ച സര്‍ക്കാര്‍നയം വിലക്കയറ്റത്തിനു കാരണമായി.

ജനതയെ ബോധപൂര്‍വം ദ്രോഹിക്കുന്നതായിരുന്നു ആധാര്‍പദ്ധതി. രാജ്യത്തെ ജനങ്ങള്‍ക്കാകെ സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് എന്ന പേരിലാണ് ആധാര്‍പദ്ധതി കൊണ്ടുവന്നത്. വിരലടയാളവും കണ്ണടയാളവും രേഖപ്പെടുത്തിയാണ് കാര്‍ഡിന് വിവരങ്ങള്‍ സമാഹരിച്ചത്. ജനങ്ങളുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റമാണെന്നും ഭാവിയില്‍ ദുരുപയോഗപ്പെടാന്‍ ഇടയുണ്ടെന്നും ചൂണ്ടിക്കാട്ടിയപ്പോഴും കോടികള്‍ ചെലവഴിച്ച് പദ്ധതി തുടര്‍ന്നു. പാചകവാതക കണക്ഷനെ ആധാര്‍കാര്‍ഡുമായി ബന്ധപ്പെടുത്താന്‍ തീരുമാനിച്ചതോടെയാണ് സര്‍ക്കാരിന്റെ യഥാര്‍ഥ ലക്ഷ്യം വെളിപ്പെട്ടത്.

പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറായി പരിമിതപ്പെടുത്തുക, ആധാര്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് സിലിണ്ടര്‍ നിരാകരിക്കുക, സിലിണ്ടറിന്റെ സബ്സിഡി പണം നേരിട്ട് അക്കൗണ്ടിലേക്ക് എത്തിക്കുക തുടങ്ങി പല പ്രഖ്യാപനങ്ങളും തുടര്‍ന്നുണ്ടായി. ജനതയെ തെല്ലൊന്നുമല്ല ഈ തീരുമാനങ്ങള്‍ വലച്ചത്. വൈകിവന്ന ബോധോദയം എന്നപോലെ തീരുമാനങ്ങളില്‍ പലതും പിന്നീട് പിന്‍വലിച്ചു. തൊഴിലുറപ്പു നിയമം, വിവരാവകാശ നിയമം തുടങ്ങി ഒന്നാം യുപിഎ സര്‍ക്കാര്‍ ജനോപകാരപ്രദമായ പല പദ്ധതികളും നടപ്പാക്കിയിരുന്നു. എന്നാല്‍, രണ്ടാം യുപിഎ സര്‍ക്കാര്‍ പരമാവധി ജനദ്രോഹം എന്ന നയം സ്വീകരിച്ചതോടെ തൊഴിലുറപ്പു പദ്ധതിയടക്കം അട്ടിമറിക്കപ്പെട്ടു. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് കോടികളുടെ നികുതിയിളവ് അനുവദിച്ച സര്‍ക്കാര്‍ തൊഴിലുറപ്പുപദ്ധതി ഗുണഭോക്താക്കള്‍ക്ക് കൃത്യമായി വേതനം നല്‍കാന്‍ മടിച്ചു. കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും വലിയ തുക വേതന കുടിശ്ശികയായി.

പൊതുമേഖലാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നയം ബോധപൂര്‍വമായിരുന്നു. ഓഹരികള്‍ വിറ്റഴിച്ചും സഹായങ്ങളും നിരാകരിച്ചും ഈ നയം പ്രാവര്‍ത്തികമാക്കി. ബാങ്കിങ്- ഇന്‍ഷുറന്‍സ്് മേഖലയില്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ ആവേശം കാണിച്ച സര്‍ക്കാര്‍ രാജ്യത്തെ പല പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളുടെയും കടയ്ക്കല്‍ കത്തിവച്ചത്. ജനദ്രോഹ നടപടികള്‍ക്കൊപ്പം കൊടിയ അഴിമതികൂടിയായതോടെ മന്‍മോഹന്റേത് വെറുക്കപ്പെട്ട സര്‍ക്കാരായി മാറി. 2ജി സ്പെക്ട്രം, കല്‍ക്കരി കുംഭകോണം, ആദര്‍ശ്, കോമണ്‍വെല്‍ത്ത്, ഒട്ടനവധി പ്രതിരോധ അഴിമതികള്‍ തുടങ്ങി യുപിഎ ഭരണകാലത്തെ അഴിമതികളുടെ പട്ടിക നീളും. നയവൈകല്യങ്ങളിലേക്ക് സര്‍ക്കാര്‍ നീങ്ങിയത് മെച്ചപ്പെട്ട സാമ്പത്തികവളര്‍ച്ച എന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍, സംഭവിച്ചത് മറിച്ചും. ഒന്നാം യുപിഎ കാലത്ത് ശരാശരി എട്ടുശതമാനം നിരക്കില്‍ പോയ ജിഡിപി വളര്‍ച്ച രണ്ടാം യുപിഎ കാലത്ത് നാലു ശതമാനത്തിലേക്ക് കൂപ്പുകുത്തി. സാമ്പത്തികമേഖലയിലും പരാജയമായതോടെ മധ്യവര്‍ഗത്തിന്റെ പിന്തുണയും സര്‍ക്കാരിന് നഷ്ടമായി.

ദേശാഭിമാനി

No comments:

Post a Comment