Saturday, May 17, 2014

ഇരുളടയുന്നത് കോണ്‍ഗ്രസിന്റെ ഭാവി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയോടൊപ്പം തകര്‍ന്നടിയുന്നത് സോണിയാ കുടുംബത്തിന്റെ രാഷ്ട്രീയഭാവി. രാഹുലിനെ മുന്‍നിര്‍ത്തി ഇനിയൊരു തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ധൈര്യം സമീപഭാവിയില്‍ കോണ്‍ഗ്രസിനുണ്ടാകില്ല. പ്രിയങ്ക ഗാന്ധിയാണ് അവശേഷിക്കുന്ന പ്രതീക്ഷ. എന്നാല്‍, റോബര്‍ട്ട് വധേരയെ ചുറ്റിപ്പറ്റിയുള്ള അഴിമതികളും കുടുംബപ്രശ്നങ്ങളും പ്രിയങ്കയുടെ വരവിന് തടസ്സമാകുന്നു.

സ്വതന്ത്ര ഇന്ത്യയില്‍ ഹ്രസ്വമായ ഇടവേളയിലൊഴികെ കോണ്‍ഗ്രസിനെ നയിച്ചത് നെഹ്റു കുടുംബാംഗങ്ങള്‍. തെരഞ്ഞെടുപ്പില്‍ തോല്‍വിയും വിജയവും സംഭവിച്ചെങ്കിലും സീറ്റുകള്‍ മൂന്നക്കം കാണാതെയുള്ള തോല്‍വി ആദ്യം. നെഹ്റു കുടുംബത്തിലെ പുതുതലമുറ നേതൃത്വം ഏറ്റെടുത്ത ആദ്യ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി സംഘടനയെ ഞെട്ടിച്ചു. നെഹ്റു കുടുംബത്തിന്റെ നേതൃത്വത്തില്‍ ഇനിയൊരു ഉയിര്‍പ്പ് സാധ്യമാകുമോയെന്ന ആശങ്ക ഉയരുന്നതും ഇക്കാരണത്താല്‍. കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയ്ക്ക് തുടക്കമിട്ടതിന് നെഹ്റുവിനെ കുറ്റപ്പെടുത്താനാകില്ല. നെഹ്റു പ്രധാനമന്ത്രിയായിരിക്കെ ഇന്ദിര രാഷ്ട്രീയത്തില്‍ സജീവമായിരുന്നെങ്കിലും കോണ്‍ഗ്രസിന്റെ തലപ്പത്തുണ്ടായിരുന്നില്ല. നെഹ്റുവിന്റെ മരണശേഷം ലാല്‍ബഹാദൂര്‍ ശാസ്ത്രിയെയാണ് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. ശാസ്ത്രിയുടെ ആകസ്മികമരണമാണ് ഇന്ദിരയെ തികച്ചും അപ്രതീക്ഷിതമായി നേതൃത്വത്തിലേക്ക് എത്തിച്ചത്. പിന്തുടര്‍ച്ചാവകാശിയെ കണ്ടെത്തുന്നതില്‍ നേതൃത്വത്തില്‍ ഉടലെടുത്ത തര്‍ക്കമാണ് ഒത്തുതീര്‍പ്പു സ്ഥാനാര്‍ഥിയെന്ന നിലയില്‍ ഇന്ദിരയുടെ വരവിന് വഴിയൊരുക്കിയത്. മിണ്ടാപ്പാവയെന്ന് പരിഹാസപൂര്‍വം വിളിക്കപ്പെട്ട ഇന്ദിരയെ മുന്‍നിര്‍ത്തി കരുക്കള്‍ നീക്കാമെന്ന പ്രതീക്ഷയായിരുന്നു പല മുതിര്‍ന്ന നേതാക്കള്‍ക്കും. എന്നാല്‍, നേതാക്കളുടെ പ്രതീക്ഷകള്‍ തെറ്റിച്ച് ഇന്ദിര അധികാരം പിടിച്ചടക്കി. കുടുംബവാഴ്ചയുടെ സാധ്യതകള്‍ തുറന്നത് ഇവിടെയാണ്. രാഷ്ട്രീയ പിന്‍ഗാമിയായി ഇളയ മകന്‍ സഞ്ജയ് ഗാന്ധിയെയാണ് ഇന്ദിര വളര്‍ത്തിക്കൊണ്ടുവന്നത്. വിമാനാപകടത്തില്‍ സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടു. പിന്നാലെ സുരക്ഷാഭടന്മാരുടെ വെടിയേറ്റ് ഇന്ദിരയും. രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ താല്‍പ്പര്യമില്ലാതിരുന്ന രാജീവ് ഗാന്ധിയെ തേടി അധികാരമെത്തി. 1984ല്‍ വിജയവും 1989ല്‍ തോല്‍വിയും കണ്ട രാജീവ് 1991ല്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കൊല്ലപ്പെട്ടു. നേതൃപദവി ഏറ്റെടുക്കാന്‍ സോണിയക്കുമേല്‍ സമ്മര്‍ദമുണ്ടായെങ്കിലും അവര്‍ തയ്യാറായില്ല. 1996ലെ തെരഞ്ഞെടുപ്പു തോല്‍വിക്കുശേഷം അധ്യക്ഷന്‍ സീതാറാം കേസരിക്കെതിരെ പ്രതിഷേധം രൂക്ഷമായി. പല മുതിര്‍ന്ന നേതാക്കളും പാര്‍ടി വിട്ടു. ഇതോടെ രക്ഷയ്ക്കായി നെഹ്റുകുടുംബത്തെ വീണ്ടും ആശ്രയിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. 1997ല്‍ കൊല്‍ക്കത്ത പ്ലീനറിയില്‍ സോണിയ പ്രാഥമികാംഗമായി. 1998ല്‍ കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റെടുത്തു. 1998ലെ തെരഞ്ഞെടുപ്പില്‍ 141 സീറ്റുനേടിയ കോണ്‍ഗ്രസ്, സോണിയയുടെ നേതൃത്വത്തില്‍ 1999ലെ തെരഞ്ഞെടുപ്പില്‍ 114 സീറ്റില്‍ ഒതുങ്ങി. എന്നാല്‍, 2004ലും 2009ലും കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാന്‍ സോണിയക്കായി. സോണിയ കൈപിടിച്ചുയര്‍ത്തിയ കോണ്‍ഗ്രസ് ഒടുവില്‍ നെഹ്റുകുടുംബത്തിലെ ഇളമുറക്കാരന്റെ നേതൃത്വത്തില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയിരിക്കുന്നു. ഇത് കോണ്‍ഗ്രസില്‍ പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തും.

രാഹുലിന്റെ നേതൃത്വത്തില്‍ എത്രനാള്‍ മുന്നോട്ടുപോകാനാകും എന്നതുതന്നെ മുഖ്യം. രാജീവും സോണിയയും തികച്ചും പുതുമുഖങ്ങളായാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. എന്നാല്‍, രാഹുലിന്റെ സ്ഥിതി അതല്ല. പത്തുവര്‍ഷത്തെ തഴക്കമുണ്ട്. യൂത്ത്കോണ്‍ഗ്രസ് അധ്യക്ഷനായും കോണ്‍ഗ്രസ് ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചു. 2004ലും 2009ലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചു. എന്നാല്‍, രാഹുല്‍ തെളിഞ്ഞില്ലെന്നുമാത്രമല്ല കൂടുതല്‍ കലങ്ങിമറിയുകയായിരുന്നു. വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന നേതൃശബ്ദമാകാന്‍ രാഹുലിനായില്ല. മോഡിയെ ആശയപരമായോ തന്ത്രപരമായോ നേരിടുന്നതില്‍ പൂര്‍ണ പരാജയം. തെരഞ്ഞെടുപ്പിനുമുമ്പ് പുതിയ കൂട്ടുകെട്ടുകളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നതുതന്നെ രാഹുലിന്റെ പക്വതയില്ലായ്മയാണ്. ബിഹാറില്‍ ആര്‍ജെഡിയുമായി അവസാനിമിഷം ധാരണയിലെത്താനായതാകട്ടെ ലാലു താല്‍പ്പര്യമെടുത്തതുകൊണ്ടുമാത്രം.

സംഘടനാതലത്തില്‍ പല സംസ്ഥാനങ്ങളിലും രാഹുല്‍ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ തോല്‍വിക്ക് ആക്കമേകി. പ്രത്യേകിച്ച് രാജസ്ഥാനിലെയും മധ്യപ്രദേശിലെയും മറ്റും പിസിസി അധ്യക്ഷ നിയമനങ്ങള്‍. രാഹുലിനെ മാറ്റിനിര്‍ത്തിയാല്‍ പ്രിയങ്കയാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. റായ്ബറേലിയിലും അമേഠിയിലും പ്രചാരണരംഗത്ത് നിറഞ്ഞ് നേതൃശേഷി പ്രിയങ്ക ബോധ്യപ്പെടുത്തി. എന്നാല്‍, പ്രിയങ്കയെ കൊണ്ടുവരുന്നതില്‍ സോണിയ ഇപ്പോഴും വിമുഖയാണ്. ഇതിന് പല കാരണങ്ങളും അഭ്യൂഹങ്ങളായി പരക്കുന്നു. ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും പ്രിയങ്കയ്ക്ക് തടസ്സമാണ്. വധേരയ്ക്കെതിരായ ഭൂമിയിടപാട് ആരോപണങ്ങള്‍ ഏറെ ഗുരുതരമാണ്. കേന്ദ്രത്തില്‍ ഭരണമാറ്റം ഉറപ്പായ സാഹചര്യത്തില്‍ വധേരയ്ക്കെതിരായ കുരുക്ക് മുറുകാനാണ് സാധ്യത. എന്തായാലും തല്‍ക്കാലം രാഹുലിന്റെ നേതൃത്വത്തില്‍ത്തന്നെ സംഘടന മുന്നോട്ടുപോകട്ടെയെന്ന നിലപാടാണ് സോണിയക്ക്. എന്നാല്‍, എത്രനാള്‍ സംഘടന ഈ വിധം മുന്നോട്ടുപോകുമെന്ന ആശങ്കയിലാണ് ഭൂരിഭാഗം നേതാക്കളും.

എം പ്രശാന്ത് deshabhimani

No comments:

Post a Comment