Saturday, May 17, 2014

വ്രണിതഹൃദയന് വാനപ്രസ്ഥം

രാജ്യത്തിന് താന്‍ നല്‍കിയ സംഭാവനകള്‍ ചരിത്രം വിലയിരുത്തുമെന്നാണ് അഞ്ചുമാസം മുമ്പ് വാര്‍ത്താസമ്മേളനത്തില്‍ മന്‍മോഹന്‍സിങ് അവകാശപ്പെട്ടത്. "ചരിത്രം എന്നെ കുറ്റക്കാരനല്ലെന്ന് വിധിക്കും"എന്ന ഫിദെല്‍ കാസ്ട്രോയുടെ പ്രസിദ്ധമായ പ്രഖ്യാപനത്തിന്റെ അപഹാസ്യമായ അനുകരണംപോലൊരു പ്രഖ്യാപനം. ഏകാധിപത്യവാഴ്ചയ്ക്കെതിരായ പോരാട്ടത്തെ ന്യായീകരിച്ചാണ് കോടതിയില്‍ കാസ്ട്രോ നെഞ്ചുവിരിച്ച് പറഞ്ഞതെങ്കില്‍ അമേരിക്കന്‍ ആശ്രിതത്വം അലങ്കാരമായി കാണുന്ന മന്‍മോഹന്റെ നിര്‍ലജ്ജമായ സാമ്രാജ്യത്വ പാദസേവയുടെ പ്രകടനമായി പത്രസമ്മേളനത്തിലെ വാക്കുകള്‍.

അമേരിക്കയുമായുള്ള ആണവകരാര്‍ തന്റെ ഏറ്റവും വലിയ ഭരണനേട്ടമായി അഭിമാനിക്കുന്ന മന്‍മോഹനെ ദുര്‍ബലനായ ഭരണാധികാരിയായാണ് അമേരിക്കന്‍ മാസിക ടൈം&ൃെൂൗീ;വിലയിരുത്തിയത്. അപമാനിക്കപ്പെട്ടാണ് മന്‍മോഹന്റെ പടിയിറക്കം. സ്വന്തം പാര്‍ടിയില്‍നിന്നുതന്നെ ഇത്രത്തോളം അവഹേളനം ഏറ്റുവാങ്ങേണ്ടി വന്ന മറ്റൊരു പ്രധാനമന്ത്രി ഇന്ത്യയുടെ ചരിത്രത്തിലില്ല. ഒടുവില്‍, താന്‍ മൗനം പാലിച്ചത് മാന്യതകൊണ്ടാണെന്ന് മന്‍മോഹന്‍സിങ്ങിന് അദ്ദേഹത്തിന്റെ ഉപദേഷ്ടാവിനെക്കൊണ്ട് പറയിക്കേണ്ടിവന്നു. തീര്‍ത്തും ആകസ്മികമായി, 1991ല്‍ നരസിംഹറാവു മന്ത്രിസഭയില്‍ ധനമന്ത്രിയായി രാഷ്ട്രീയത്തില്‍ എത്തിയ മന്‍മോഹന്‍ പക്ഷേ, ഒരിക്കലും രാഷ്ട്രീയക്കാരനായില്ല. ധനമന്ത്രിപദത്തില്‍ അഞ്ചുവര്‍ഷം സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ കെട്ടഴിച്ചുവിട്ട മന്‍മോഹന്‍ കോണ്‍ഗ്രസിലെ തീവ്ര വലതുപക്ഷത്തിനും കോര്‍പറേറ്റുകള്‍ക്കും പ്രിയങ്കരനായി. 2004ല്‍ കോണ്‍ഗ്രസ് മുന്നണി അപ്രതീക്ഷിതമായി ഭരണത്തില്‍ വന്നപ്പോള്‍ സോണിയ ഗാന്ധിയുടെ വിദേശബന്ധം ചൂണ്ടിക്കാട്ടി അവര്‍ പ്രധാനമന്ത്രിയാകുന്നതിനെ ബിജെപി എതിര്‍ത്തു. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് മന്‍മോഹന്‍ പരിഗണിക്കപ്പെട്ടപ്പോള്‍ കോര്‍പറേറ്റ്ലോകം സ്വാഭാവികമായും ആഹ്ലാദിച്ചു. എന്നാല്‍, ഇടതുപക്ഷത്തിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ നിലനിന്ന ഒന്നാം യുപിഎ സര്‍ക്കാരിന് ഉദാരവല്‍ക്കരണത്തിന്റെ കാര്യത്തില്‍ ചരടുപൊട്ടിയ പട്ടംപോലെ പറക്കാന്‍ കഴിയുമായിരുന്നില്ല. അമേരിക്കയുമായി ആണവകരാര്‍ ഒപ്പിടുന്നതിന് മന്‍മോഹനും കൂട്ടരും കാട്ടിയ പിടിവാശിയെത്തുടര്‍ന്ന് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചു. തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സഹകരണം തേടിയ യുപിഎ അഞ്ചുവര്‍ഷം തികച്ചു.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് മന്‍മോഹന്റെ പ്രതിച്ഛായ തകര്‍ന്നത്. 2ജി, കല്‍ക്കരിപ്പാടം, കോമണ്‍വെല്‍ത്ത്, പ്രകൃതിവാതകം എന്നിങ്ങനെ ലക്ഷക്കണക്കിന് കോടികളുടെ അഴിമതികള്‍ പുറത്തുവന്നു. 2ജി അഴിമതിയില്‍ പ്രതിക്കൂട്ടിലായ അന്നത്തെ ടെലികോം മന്ത്രി എ രാജ വെളിപ്പെടുത്തുന്നത് സ്പെക്ട്രം വിതരണത്തിലെ എല്ലാ നടപടിക്രമങ്ങളും പ്രധാനമന്ത്രിയുടെ അറിവോടെയും അനുമതിയോടെയും ആയിരുന്നുവെന്നാണ്. ഇക്കാര്യം പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോള്‍ പ്രധാനമന്ത്രി മൗനം പാലിച്ചു. കല്‍ക്കരി അഴിമതിക്ക് വഴിവച്ച തീരുമാനങ്ങള്‍ ഉണ്ടായത് പ്രധാനമന്ത്രി കല്‍ക്കരിവകുപ്പിന്റെ ചുമതല നിര്‍വഹിച്ച കാലത്താണ്. കോണ്‍ഗ്രസ് എംപിമാര്‍ അടക്കം കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രതികളായി. എന്നിട്ടും മന്‍മോഹന്‍ പ്രതികരിച്ചില്ല.

സര്‍ക്കാരിന്റെ നേട്ടങ്ങളായി ഘോഷിക്കുന്ന ഭക്ഷ്യസുരക്ഷാപദ്ധതി, ലോക്പാല്‍ നിയമം, വിവരാവകാശനിയമം എന്നിവയുടെ ഖ്യാതി സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും അവകാശപ്പെടുന്നു. കൂടാതെ, മന്‍മോഹന്‍ മാധ്യമങ്ങളോട് വേണ്ടത്ര സംസാരിക്കാതിരുന്നതാണ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍&ൃെൂൗീ;ജനങ്ങള്‍ക്ക് ബോധ്യമാകാതിരിക്കാന്‍ കാരണമെന്ന് ജയ്റാം രമേശിനെപ്പോലുള്ളവര്‍ ആരോപിച്ചു. ക്രിമിനല്‍ക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് അയോഗ്യത ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ കൊണ്ടുവന്നത് കോണ്‍ഗ്രസിന്റെ തീരുമാനപ്രകാരമാണ്. ഈ ഓര്‍ഡിനന്‍സ് വാര്‍ത്താസമ്മേളനത്തില്‍ കീറിയെറിഞ്ഞ് രാഹുല്‍ഗാന്ധി മന്‍മോഹന്‍സിങ്ങിനെ പരസ്യമായി അപമാനിച്ചു. പാചകവാതക സബ്സിഡി വിഷയത്തില്‍ എഐസിസി സമ്മേളനത്തില്‍ പ്രധാനമന്ത്രിയെ ശകാരിക്കുന്ന മട്ടില്‍ രാഹുല്‍ സംസാരിച്ചു. പതിനാറാം ലോക്സഭഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മന്‍മോഹന്‍സിങ് കേവലം കാഴ്ചക്കാരനായി.

കേരളത്തില്‍മാത്രം ഒരു യോഗത്തിലാണ് മന്‍മോഹന്‍സിങ് പങ്കെടുത്തത്. പത്തുവര്‍ഷം കോണ്‍ഗ്രസ് സര്‍ക്കാരിനെ നയിച്ച വ്യക്തിക്ക് തെരഞ്ഞെടുപ്പില്‍ നേതൃത്വം ഭ്രഷ്ട് കല്‍പ്പിച്ചു. മന്‍മോഹനെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ദയനീയ പരാജയമാവും ഫലമെന്ന് നേതൃത്വം ഭയന്നു. മന്‍മോഹന്‍സിങ്ങിന്റെ മാധ്യമഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു എഴുതിയ പുസ്തകം തെരഞ്ഞെടുപ്പുകാലത്ത് പുറത്തുവരികകൂടി ചെയ്തതോടെ നാണക്കേടിന്റെ മറ്റൊരു അധ്യായംകൂടി മറനീക്കി. ഇതിനെല്ലാംശേഷം രാഹുല്‍ഗാന്ധി ചെയ്തത് മന്‍മോഹന്‍സിങ് ഒരിക്കലും പൊറുക്കാന്‍ ഇടയില്ല. വിട പറയുന്ന മന്‍മോഹന്‍സിങ്ങിനും സഹപ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ് അധ്യക്ഷ നല്‍കിയ വിരുന്ന് രാഹുല്‍ഗാന്ധി ബഹിഷ്കരിച്ചു. കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ഉത്തരവാദി മന്‍മോഹന്‍സിങ്ങാണെന്ന ആരോപണം ഈ നടപടിയിലൂടെ ആവര്‍ത്തിക്കുകയാണ് രാഹുല്‍ ചെയ്തത്. അതേസമയം മന്‍മോഹന്‍സിങ് നടപ്പാക്കിയ ഉദാരവല്‍ക്കരണനയങ്ങളെ മറുവശത്ത് കോണ്‍ഗ്രസ് കൊട്ടിഘോഷിക്കുകയുംചെയ്യുന്നു.

സാജന്‍ എവുജിന്‍ deshabhimani

No comments:

Post a Comment