Saturday, May 17, 2014

മുഖ്യ പ്രതിപക്ഷപദവിപോലും ലഭിക്കാതെ കോണ്‍ഗ്രസ്

സ്വാതന്ത്ര്യാനന്തരം 12 വര്‍ഷ കാലയളവൊഴികെ രാജ്യംഭരിച്ച കോണ്‍ഗ്രസ് പാര്‍ടി വെറും 46 സീറ്റിലേക്ക് ഒതുങ്ങുന്ന ദയനീയ ചിത്രമാണ് 2014ലെ തെരഞ്ഞെടുപ്പ് ഫലം തരുന്നത്. മുഖ്യപ്രതിപക്ഷമെന്ന പദവിക്കുപോലും കോണ്‍ഗ്രസിന് അര്‍ഹതയില്ല. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടിയതില്‍ കര്‍ണാടകത്തിലൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. കേരളത്തിലും കര്‍ണാടകത്തിലുംമാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസിനായത്. അതല്ലെങ്കില്‍ തകര്‍ച്ച കൂടുതല്‍ ദയനീയമായേനെ.

1999ലെ തെരഞ്ഞെടുപ്പില്‍ 114 സീറ്റിലേക്ക് ഒതുങ്ങിയതായിരുന്നു ഇതിനുമുമ്പ് കോണ്‍ഗ്രസിനേറ്റ ഏറ്റവും കനത്ത പരാജയം. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളില്‍ ശക്തമായി തിരിച്ചുവന്ന കോണ്‍ഗ്രസ് 145 സീറ്റ് നേടി 2004ലും 206 സീറ്റുനേടി 2009ലും വീണ്ടും ഭരണത്തിലെത്തി. എന്നാല്‍, മൂന്നാം യുപിഎ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അവകാശപ്പെട്ട് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ 2014ലെ തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് തകര്‍ന്നടിയുന്നതാണ് കണ്ടത്. യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കൊപ്പം രാഷ്ട്രീയതന്ത്രങ്ങള്‍ രൂപീകരിക്കുന്നതിലും സഖ്യങ്ങള്‍ കണ്ടെത്തുന്നതിലും സംഭവിച്ച പൂര്‍ണമായ പരാജയം കൂടിയായതോടെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ തോല്‍വി കോണ്‍ഗ്രസ് രുചിച്ചു. രാജസ്ഥാനിലും ഗുജറാത്തിലും അക്കൗണ്ട് തുറക്കാന്‍പോലും കോണ്‍ഗ്രസിനായില്ല.

29 സീറ്റുള്ള മധ്യപ്രദേശില്‍ രണ്ട് സീറ്റിലൊതുങ്ങി കോണ്‍ഗ്രസിന്റെ പ്രകടനം. തെലങ്കാന മേഖലയില്‍ എങ്കിലും നേട്ടുമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ആന്ധ്രയെ വെട്ടിമുറിച്ച തന്ത്രവും പാളി. 17 സീറ്റുള്ള തെലങ്കാനയില്‍ കോണ്‍ഗ്രസ് രണ്ട് സീറ്റിലൊതുങ്ങി. 2009ല്‍ ആന്ധ്രയില്‍നിന്ന് 33 സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. കഴിഞ്ഞ സഭയില്‍ 22 അംഗങ്ങളുണ്ടായിരുന്ന യുപിയില്‍ ഇക്കുറി സോണിയയിലും രാഹുലിലും മാത്രമായി കോണ്‍ഗ്രസിന്റെ വിജയം ഒതുങ്ങി. നിലവില്‍ ഭരണത്തിലുള്ള ഹിമാചലിലും ഉത്തരാഖണ്ഡിലും പേരിനെങ്കിലും ഒരു സീറ്റ് ജയിക്കാന്‍ കോണ്‍ഗ്രസിനായില്ല. ഉത്തരാഖണ്ഡിലെ അഞ്ചും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളായിരുന്നു. ഭരണത്തിലുള്ള മറ്റൊരു സംസ്ഥാനമായ ഹരിയാനയില്‍ ഒരു സീറ്റാണ് നേടാനായത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റുണ്ടായിരുന്നു.

ഡല്‍ഹിയില്‍ ഏഴ് മണ്ഡലത്തിലും മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏഴും കോണ്‍ഗ്രസിനൊപ്പമായിരുന്നു. ലാലുപ്രസാദിന്റെ ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കി മത്സരിച്ചതിനാല്‍ പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്ന ബിഹാറിലും രണ്ട് സീറ്റുകൊണ്ട് കോണ്‍ഗ്രസ് തൃപ്തിപ്പെട്ടു. വലിയ മുന്നേറ്റം പ്രതീക്ഷിച്ച പഞ്ചാബിലും ആം ആദ്മി പാര്‍ടി നടത്തിയ അപ്രതീക്ഷിതമുന്നേറ്റത്തെ തുടര്‍ന്ന് മൂന്ന് സീറ്റില്‍ ഒതുങ്ങി. കേന്ദ്രമന്ത്രി ഗുലാംനബി ആസാദ് അടക്കം തോറ്റ ജമ്മു കശ്മീരിലും കോണ്‍ഗ്രസ് അക്കൗണ്ട് തുറന്നില്ല. എന്‍സിപിയുമായി സഖ്യത്തില്‍ മത്സരിച്ച മഹാരാഷ്ട്രയില്‍ രണ്ടുസീറ്റാണ് കോണ്‍ഗ്രസിന്റെ സമ്പാദ്യം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ 17 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചിരുന്നത്. വടക്കുകഴിക്കന്‍ സംസ്ഥാനങ്ങളില്‍ ഭരണത്തിലുള്ള അസമില്‍ മൂന്ന് സീറ്റില്‍ കോണ്‍ഗ്രസ് ഒതുങ്ങി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റ് നേടിയിരുന്നു. മണിപ്പുരില്‍നിന്ന് രണ്ടുസീറ്റും മേഘാലയ, മിസോറം സംസ്ഥാനങ്ങളില്‍നിന്ന് ഓരോ സീറ്റും നേടാനായത് ആശ്വാസമായി. കോണ്‍ഗ്രസ് മുഖ്യപ്രതിപക്ഷമായ ഒഡിഷയില്‍ അവര്‍ സംപൂജ്യരായി. തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കാനായില്ല. ബംഗാളില്‍ ശക്തികേന്ദ്രങ്ങള്‍ നിലനിര്‍ത്താനായതുകൊണ്ട് നാല് സീറ്റ് ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ടുസീറ്റ് മാത്രം നഷ്ടം. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ കോണ്‍ഗ്രസിന് സീറ്റ് വര്‍ധിച്ചത് കര്‍ണാടകത്തില്‍ മാത്രമാണ്. 2009ല്‍ ആറ് സീറ്റ് മാത്രമായിരുന്നത് ഒമ്പതാക്കി ഉയര്‍ത്തി. കേരളത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 13 സീറ്റ് എട്ടിലേക്ക് ചുരുങ്ങി. ജാര്‍ഖണ്ഡിലെ ഒരു സീറ്റ് നേട്ടം ആവര്‍ത്തിച്ച കോണ്‍ഗ്രസ് ഛത്തീസ്ഗഡില്‍ കഴിഞ്ഞതവണ നേടിയ ഒരു സീറ്റ് രണ്ടായി കൂട്ടി. ഗോവയില്‍ വീണ്ടും സംപൂജ്യരായി.

എം പ്രശാന്ത്

No comments:

Post a Comment