Saturday, May 17, 2014

സാമുദായിക വികാരവും ന്യൂനപക്ഷങ്ങളും യുഡിഎഫിനു തുണയേകി

കൊല്ലം: സാമുദായിക ശാക്തീകരണവും ന്യൂനപക്ഷങ്ങളുടെ പിന്‍ബലവും മുതലാക്കി കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രനു വിജയം. കൊല്ലത്ത് പരമ്പരാഗതമായി നായര്‍ സമുദായത്തില്‍പ്പെട്ട സ്ഥാനാര്‍ഥി മാത്രമെ ജയിച്ചിട്ടുള്ളുവെന്നും ഇക്കുറി എല്‍ഡിഎഫില്‍നിന്ന് യുഡിഎഫിലേക്ക് ചേക്കേറിയ പ്രേമചന്ദ്രനൊപ്പം നായര്‍വോട്ടര്‍മാര്‍ ശക്തമായി അണിനിരക്കുമെന്നായിരുന്നു യുഡിഎഫ് കേന്ദ്രങ്ങള്‍ പ്രചാരണത്തിന്റെ ആദ്യഘട്ടംമുതല്‍ക്കേ പ്രചരിപ്പിച്ചത്. ഇതില്‍ യുഡിഎഫ് വിജയം കണ്ടു. ഇതിനൊപ്പം കേന്ദ്രത്തില്‍ നരേന്ദ്രമോഡി അധികാരത്തില്‍വരുമെന്ന ഭയാശങ്ക പിടികൂടിയ മതന്യൂനപക്ഷങ്ങളും യുഡിഎഫിന് പിന്നില്‍ അണിനിരന്നുവെന്നാണ് വോട്ടിങ്നില കാണിക്കുന്നത്. ഈ രണ്ടു ഘടകങ്ങള്‍ കൂടിചേര്‍ന്നതോടെ വിജയം പ്രേമചന്ദ്രനൊപ്പം നിന്നു. യുഡിഎഫ് വിജയത്തിന് അകമ്പടിയായ മറ്റൊരു സുപ്രധാനഘടകം പണക്കൊഴുപ്പിന്റേതാണ്. കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനാര്‍ഥികളായി മത്സരിച്ച മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഒരിക്കലും കാണാത്ത പണക്കൊഴുപ്പാണ് ഇക്കുറി കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി ഉണ്ടായത്. കോടികളുടെ ഒഴുക്കായിരുന്നു പ്രേമചന്ദ്രനുവേണ്ടി യുഡിഎഫും കോണ്‍ഗ്രസും സൃഷ്ടിച്ചത്.

എല്‍ഡിഎഫിന്റെ ഭാഗമായിരുന്ന ആര്‍എസ്പി എ എ അസീസിന്റെയും എന്‍ കെ പ്രേമചന്ദ്രന്റെയും നേതൃത്വത്തില്‍ തങ്ങളുടെ പാളയത്തില്‍ എത്തിയത് യുഡിഎഫിന് വീണുകിട്ടിയ പിടിവള്ളിയായിരുന്നു. ആര്‍എസ്പി എത്തിയിരുന്നില്ലെങ്കില്‍ കൊല്ലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിതന്നെ യുഡിഎഫിനുവേണ്ടി മത്സരിക്കുമായിരുന്നു. യുഡിഎഫിലേക്കു ചെന്ന ആര്‍എസ്പിയെയും പ്രേമചന്ദ്രനെയും കൈയോടെ സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം അലംഭാവം കാട്ടിയില്ല. ഈ തന്ത്രം ഏറെക്കുറെ വിജയിക്കുകയും ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിച്ചാല്‍ ഉണ്ടാകാമായിരുന്ന പരാജയം ഒഴിവാക്കുക മാത്രമല്ല, പ്രേമചന്ദ്രനെ മുന്നില്‍നിര്‍ത്തി നിഷ്പക്ഷമതികളായ ഒരുവിഭാഗത്തിന്റെ വോട്ടുകള്‍കൂടി ആകര്‍ഷിക്കാന്‍ യുഡിഎഫിന് സാധിച്ചു. രാഷ്ട്രീയമായി ഇത് യുഡിഎഫിന് ഗുണമുണ്ടാക്കി. ഇതിനുപുറമെ, മതന്യൂനപക്ഷങ്ങളുടെ നിലപാടും യുഡിഎഫിന് അനുകൂലമായി. കേന്ദ്രത്തിലെ "മോഡിഫാക്ടര്‍" മുസ്ലിം, ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങളില്‍ വല്ലാത്ത ഭയപ്പാട് സൃഷ്ടിച്ചുവെന്നുവേണം കരുതാന്‍. ആ ഭീഷണി നേരിടാന്‍ യുഡിഎഫിനെ രാഷ്ട്രീയമായി സഹായിക്കുന്ന നിലപാട് അവര്‍ സ്വീകരിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മേഖലകളിലെ വോട്ടിങ്നില ഇതാണ് കാണിക്കുന്നത്. ചവറ, കൊല്ലം, കുണ്ടറ, ചടയമംഗലം, ഇരവിപുരം അസംബ്ലി മണ്ഡലങ്ങളിലെ വോട്ടിങ്നില ആഴത്തില്‍ പരിശോധിച്ചാല്‍ മതന്യൂനപക്ഷങ്ങളുടെ ഭയാശങ്ക യുഡിഎഫിന് അനുകൂലമായ വോട്ടായി പരിണമിച്ചുവെന്ന് വ്യക്തമാകും. ഈ സാഹചര്യവും പ്രേമചന്ദ്രന്റെ വിജയത്തിന് കളമൊരുക്കി.

എം സുരേന്ദ്രന്‍

യുഡിഎഫ് നേടിയത് 46.59 ശതമാനം; എല്‍ഡിഎഫിന് 42.30

കൊല്ലം: കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രന്‍ നേടിയത് ആകെ പോള്‍ ചെയ്ത വോട്ടിന്റെ 46.59 ശതമാനം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എ ബേബി 42.30 ശതമാനവും ബിജെപി സ്ഥാനാര്‍ഥി പി എം വേലായുധന്‍ 6.69 ശതമാനവും വോട്ടുകള്‍ നേടി. ഇക്കുറി കൊല്ലം മണ്ഡലത്തില്‍ 12,14,984 വോട്ടര്‍മാരുണ്ടായിരുന്നു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 1,11,564 വോട്ടര്‍മാര്‍ കൂടുതലാണിത്. ആകെ വോട്ടര്‍മാരില്‍ 8,76,764 പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി. എന്‍ കെ പ്രേമചന്ദ്രന്‍ 4,08,528 വോട്ടുകള്‍ നേടിയപ്പോള്‍ എം എ ബേബി 3,70,879 വോട്ടും നേടി. എല്‍ഡിഎഫിനേക്കാള്‍ 4.29 ശതമാനം വോട്ടുകള്‍ യുഡിഎഫ് കൂടുതല്‍ നേടി. ബിജെപിയിലെ പി എം വേലായുധന്‍ 58,671 വോട്ടും നേടി. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് യുഡിഎഫ് 3,57,401 വോട്ടും എല്‍ഡിഎഫ് 3,39,870 വോട്ടും നേടിയിരുന്നു. അന്ന് ബിജെപിക്ക് കിട്ടിയത് 33,078 വോട്ടുകള്‍. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ യുഡിഎഫ് ഇക്കുറി 51,127 വോട്ടും എല്‍ഡിഎഫ് 31,009 വോട്ടും ബിജെപി 25,593 വോട്ടും കൂടുതല്‍ നേടി. പുതിയ വോട്ടര്‍മാരില്‍ ഗണ്യമായ വിഭാഗം യുഡിഎഫിനും ബിജെപിക്കും വോട്ട് ചെയ്തുവെന്നും കണക്കുകള്‍ കാണിക്കുന്നു. പുതിയ വോട്ടര്‍മാരില്‍ എല്‍ഡിഎഫിനു അത്രമേല്‍ സ്വാധീനം ചെലുത്താനായില്ല എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത്തവണത്തെ പുതിയ വോട്ടര്‍മാരുടെ ശതമാനകണക്ക് എടുത്താല്‍ യുഡിഎഫ് 45.82 ശതമാനവും എല്‍ഡിഎഫ് 27.79 ശതമാനവും ബിജെപി 22.79 ശതമാനവും വോട്ടര്‍മാരെ ആകര്‍ഷിച്ചു. അതേസമയം 2009ല്‍ ആകെ പോള്‍ ചെയ്തത് 7,48,592 വോട്ടായിരുന്നു. ഇക്കുറി അത് 8,76,764 വോട്ടുകളായി വര്‍ധിക്കുകയും ചെയ്തു.

സ്വതന്ത്രന്മാരെ പിന്നിലാക്കി \"നോട്ട\"

കൊല്ലം: തെരഞ്ഞെടുപ്പു കമീഷന്‍ ആദ്യമായി നടപ്പാക്കിയ നിഷേധ വോട്ട്(നോട്ട) കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ അഞ്ചാം സ്ഥാനത്ത്. കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ ആകെ പോള്‍ചെയ്ത 8,71,315 വോട്ടില്‍ നോട്ട 7876 വോട്ടുനേടി. യുഡിഎഫ് (4,08,528), എല്‍ഡിഎഫ് (3,70,879), ബിജെപി(58671), എസ്ഡിപിഐ(12812) സ്ഥാനാര്‍ഥികള്‍ കഴിഞ്ഞാല്‍ കൂടുതല്‍ വോട്ട് നോട്ടയ്ക്കാണ്. ഏഴു സ്വതന്ത്ര സ്ഥാനാര്‍ഥികളും നോട്ടയ്ക്കു പിന്നിലായി. തപാല്‍ വോട്ട് 15 എണ്ണം നോട്ടയ്ക്കാണ്. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും സ്വതന്ത്ര സ്ഥാനാര്‍ഥികെളേക്കാള്‍ നോട്ട മുന്നിലെത്തി. കൊല്ലം മണ്ഡലത്തിലാണ് നോട്ടയ്ക്ക് കൂടുതല്‍ വോട്ട്- 1184. മറ്റു നിയമസഭാ മണ്ഡലങ്ങളിലെ നോട്ട വോട്ട്: ചവറ-1032, പുനലൂര്‍-1177, ചടയമംഗലം-1182, കുണ്ടറ- 1063, ഇരവിപുരം-1077, ചാത്തന്നൂര്‍- 1146.

അപരന്മാര്‍ നേടിയത് 9506 വോട്ട്

കൊല്ലം: പ്രമുഖ സ്ഥാനാര്‍ഥികളുടെ അപരന്മാര്‍ മൂന്നുപേരുംകൂടി നേടിയത് 9506 വോട്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എ ബേബിയുടെ അപരന്‍ എം ബേബി 3365 വോട്ട് നേടി. എന്‍ കെ പ്രേമചന്ദ്രന്റെ അപരന്മാരായി രണ്ടുപേര്‍ മത്സരിച്ചു. അതില്‍ ആര്‍ പ്രേമചന്ദ്രന്‍ 2812 വോട്ടു ലഭിച്ചു. വി എസ് പ്രേമചന്ദ്രന് 3329 വോട്ടുണ്ട്.

അസംബ്ലി മണ്ഡലത്തില്‍ നാലിടത്ത് യുഡിഎഫ്; എല്‍ഡിഎഫ് മൂന്നിടത്ത്

കൊല്ലം: കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രന്‍ നാല് അസംബ്ലി മണ്ഡലങ്ങളില്‍ ലീഡ് നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എ ബേബി മൂന്ന് അസംബ്ലി മണ്ഡലങ്ങളില്‍ മുന്നിലെത്തി. ചവറ, കുണ്ടറ, കൊല്ലം, ഇരവിപുരം അസംബ്ലി മണ്ഡലങ്ങളിലാണ് പ്രേമചന്ദ്രന്‍ മുന്നിലെത്തിയത്. പുനലൂര്‍, ചടയമംഗലം, ചാത്തന്നൂര്‍ അസംബ്ലി മണ്ഡലങ്ങളിലാണ് ബേബി ലീഡ് നേടിയത്. ചവറയില്‍ 24,441, കുണ്ടറയില്‍ 6,911, കൊല്ലത്ത് 14,242, ഇരവിപുരത്ത് 6,564 എന്നീ നിലകളിലാണ് പ്രേമചന്ദ്രന്റെ ലീഡ്. പുനലൂര്‍ 4,690, ചടയമംഗലം 6,806, ചാത്തന്നൂര്‍ 3,034 എന്നീ നിലയില്‍ ബേബിയും ലീഡ് നേടി.

deshabhimani

No comments:

Post a Comment