Sunday, May 18, 2014

2009നെ അപേക്ഷിച്ച് എല്‍ഡിഎഫിന് 32,174 വോട്ട് കൂടി; യുഡിഎഫിന് 6,154 വോട്ട് കുറഞ്ഞു

ആലപ്പുഴ ലോക്സഭ മണ്ഡലത്തില്‍ 2009നെ അപേക്ഷിച്ച് 1,16,537 വോട്ടര്‍മാര്‍ കൂടിയിട്ടും യുഡിഎഫ് സ്ഥാനാര്‍ഥി കെ സി വേണുഗോപാലിന് ലഭിച്ച വോട്ടുകളുടെ എണ്ണം കുറഞ്ഞു. 2009നെ അപേക്ഷിച്ച് 2014ല്‍ യുഡിഎഫിന് 7,578 വോട്ട് കുറഞ്ഞപ്പോള്‍ എല്‍ഡിഎഫിന് 32,174 വോട്ട് കൂടി. 2009ല്‍ കെ സി വേണുഗോപാലിന് 4,68,679 വോട്ട് കിട്ടി. 2014ല്‍ അത് 4,62,525 ആയി കുറഞ്ഞു. 6154 വോട്ടിന്റെ കുറവ്. യുഡിഎഫിന് ലഭിച്ച വോട്ടിന്റെ ശതമാനം 51.1ല്‍നിന്ന് 46.30 ആയും കുറഞ്ഞു. 4.9 ശതമാനത്തിന്റെ കുറവ്. കെ സി വേണുഗോപാലിന്റെ ഭൂരിപക്ഷം അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ 57,635ല്‍നിന്ന് 19,407 വോട്ടായി കുറഞ്ഞു. അതേസമയം എല്‍ഡിഎഫിന് ലഭിച്ച വോട്ട് വര്‍ധിച്ചു. 2009ല്‍ അന്നത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 4,11,044 വോട്ടാണ് കിട്ടിയത്. 2014ല്‍ ചന്ദ്രബാബു അത് 4,43,118 ആയി ഉയര്‍ത്തി. വോട്ടിലെ വര്‍ധന 32,174. ബിജെപിയുടെ വോട്ടും വര്‍ധിച്ചുവെങ്കിലും അവര്‍ക്ക് സംസ്ഥാനത്ത് ഏറ്റവും കുറവ് വോട്ട് ലഭിച്ച മണ്ഡലമായി ആലപ്പുഴ മാറി.

2009ല്‍ ലോക്സഭ മണ്ഡലത്തില്‍ 11,54,787 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. അതില്‍ 9,07,977 പേര്‍ വോട്ടവകാശം രേഖപ്പെടുത്തി. 2014ല്‍ വോട്ടര്‍മാരുടെ എണ്ണം 12,71,324 ആയി ഉയര്‍ന്നു. പോള്‍ചെയ്തവോട്ടും 9,97,941 ആയി ഉയര്‍ന്നു. ആകെ വോട്ടര്‍മാരുടെ എണ്ണത്തില്‍ 1,16,537ന്റെയും പോള്‍ ചെയ്ത വോട്ടില്‍ 89,581ന്റെയും വര്‍ധന ഉണ്ടായപ്പോഴാണ് കെ സി വേണുഗോപാലിന്റെ വോട്ടില്‍ കുറവ് വന്നത്. ഇതില്‍നിന്ന് തന്നെ പുതിയ വോട്ടര്‍മാര്‍ എല്‍ഡിഎഫിനൊപ്പമാണെന്ന് തെളിയുന്നു. ബിജെപിക്ക് വോട്ട് കൂടിയെങ്കിലും സംഘടനയിലെ ഒരു വിഭാഗം കെ സി വേണുഗോപാലിന് അനുകൂലമായി പ്രവര്‍ത്തിച്ചത് വിവാദമായിട്ടുണ്ട്. സംസ്ഥാനത്ത് ആകെ ബിജെപിയുടെ വോട്ടില്‍ ഉണ്ടായ വര്‍ധനയ്ക്ക് ആനുപാതികമായി ആലപ്പുഴയില്‍ വര്‍ധിക്കാതിരുന്നതും ഇതുകൊണ്ടാണ്. അഞ്ചുവര്‍ഷം ആലപ്പുഴയുടെ ജനപ്രതിനിധിയെന്ന മുന്‍തൂക്കത്തോടെയാണ് കെ സി വേണുഗോപാല്‍ മത്സരത്തിനിറങ്ങിയത്. കേന്ദ്രമന്ത്രിയെന്ന നിലയിലുള്ള അധികാരവും പണവും യുഡിഎഫ് വിജയത്തിന് കാരണമായി. വരണാധികാരിയെന്ന നിലയില്‍ കലക്ടറുടെ നിര്‍ലോഭ സഹായം ലഭിച്ചതും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിന് കാരണമായി.

കൊടിക്കുന്നിലിന്റെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു

ആലപ്പുഴ: മാവേലിക്കര ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്റെ ഭൂരിപക്ഷത്തില്‍ വന്‍ കുറവ്. അതേസമയം ബിജെപിക്ക് ലഭിച്ച വോട്ട് വര്‍ധിക്കുകയും ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 2009ല്‍ ലഭിച്ചതിനെക്കാള്‍ 20,000 വോട്ട് കൂടുതലായി ലഭിക്കുകയും ചെയ്തു. ദേശീയതലത്തില്‍ കോണ്‍ഗ്രസിന് ഏറ്റ കനത്ത തിരിച്ചടിയും ഭൂരിപക്ഷത്തിലുണ്ടായ കുറവും കൊടിക്കുന്നിലിന്റെ വിജയത്തിന് മങ്ങലേല്‍പിച്ചു. അതേസമയം കോണ്‍ഗ്രസില്‍തന്നെയുള്ള അസംതൃപ്തരുടെ വോട്ടുകള്‍ ബിജെപിയിലേക്കും ആം ആദ്മിയിലേക്കും നോട്ടയിലേക്കും ഒഴുകി. 2009ല്‍ കൊടിക്കുന്നില്‍ സുരേഷിന് ലഭിച്ച 48,048 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ 32,737 ആയി കുറഞ്ഞു. 15,311 വോട്ടിന്റെ കുറവാണ് ഉണ്ടായത്. മാവേലിക്കര ലോക്സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തെക്കാള്‍ 84,000 വോട്ടര്‍മാര്‍ ഇത്തവണ അധികമായി വോട്ട് ചെയ്തപ്പോഴാണ് ഈ സ്ഥിതി. പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവരില്‍ ബഹുഭൂരിപക്ഷത്തിനും സഹമന്ത്രികൂടിയായ കൊടിക്കുന്നിലിനോട് താല്‍പര്യം ഇല്ലായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകള്‍.

അതേസമയം 2009ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചതിനെക്കാള്‍ 20,532 വോട്ട് കൂടുതലായി ഇക്കുറി ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ആര്‍ എസ് അനിലിന് 3,49,163 വോട്ടാണ് ലഭിച്ചത്. ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ചെങ്ങറ സുരേന്ദ്രന് 3,69,695 പേര്‍ വോട്ട് ചെയ്തു. അതേസമയം യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ച വോട്ടില്‍ നേരിയ വര്‍ധനമാത്രമാണ് ലഭിച്ചത്. കൊടിക്കുന്നില്‍ സുരേഷിന്റെ ഭൂരിപക്ഷത്തിലുണ്ടായ കുറവ് ബിജെപി സ്ഥാനാര്‍ഥിയായ പി സുധീറിന് നേട്ടമായി. കഴിഞ്ഞതവണ 40,992 വോട്ട് നേടിയ ബിജെപി ഇത്തവണ 79,743 വോട്ട് നേടി. ആം ആദ്മി പാര്‍ടിയുടെ എന്‍ സദാനന്ദന്‍ 8,946 വോട്ട് നേടിയപ്പോള്‍ ഇത്തവണ ആദ്യമായി വോട്ടിങ് മെഷീനില്‍ ഉള്‍പ്പെടുത്തിയ നോട്ടയ്ക്ക് 9,459 പേര്‍ വോട്ടുചെയ്തു. 2089 പോസ്റ്റല്‍ വോട്ട് ലഭിച്ചതില്‍ 947 വോട്ട് കൊടിക്കുന്നില്‍ സുരേഷിനും 803 വോട്ട് ചെങ്ങറ സുരേന്ദ്രനും നേടി. 209 വോട്ടുകള്‍ അസാധുവായി. സ്ഥാനാര്‍ഥി, ലഭിച്ച വോട്ട്, എന്നീ ക്രമത്തില്‍: കൊടിക്കുന്നില്‍ സുരേഷ്- 4,02,432. ചെങ്ങറ സുരേന്ദ്രന്‍-3,69,695. പി സുധീര്‍-79,743. യുഡിഎഫ് ഭൂരിപക്ഷം-32,737.

deshabhimani

No comments:

Post a Comment