Wednesday, October 21, 2020

പാവങ്ങളുടെ പ്രതീക്ഷ തകര്‍ത്തു: അനില്‍ അക്കരക്കെതിരെ ഭവനരഹിതരുടെ സമരം രണ്ടാഴ്ച്ച പിന്നിട്ടു

 ഭൂമിയും വീടുമില്ലാത്ത നിർധന കുടുംബങ്ങൾക്ക് സൗജന്യമായി ലഭിക്കേണ്ട വടക്കാഞ്ചേരി ലൈഫ്മിഷൻ  ഭവന സമുച്ചയത്തിന്റെ നിർമാണം വ്യാജപരാതിയിലൂടെ തടഞ്ഞ എംഎൽഎ അനിൽ അക്കരയ്ക്കെതിരെ ലൈഫ്‌‌ മിഷൻ ഗുണഭോക്താക്കളുടെ അനിശ്ചിതകാല സത്യഗ്രഹം  രണ്ടാഴ്ച പിന്നിട്ടു.

എംഎൽഎയുടെ ഓഫീസിനു മുന്നിലെ സത്യഗ്രഹ സമരം 14–-ാം ദിനം   കർഷക തൊഴിലാളി യൂണിയൻ   ജില്ലാ പ്രസിഡന്റ്‌ എം കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം  ഏരിയ കമ്മിറ്റിയംഗം എം ജെ  ബിനോയ് അധ്യക്ഷനായി. ലൈഫ് മിഷൻ ഗുണഭോക്താക്കളായ കുമരനെല്ലൂർ പടിഞ്ഞാറേതിൽ  കുട്ടപ്പൻ, വലിയകത്ത് സൈനബ, പൂവത്തിങ്കൽ  സീനത്ത്, പട്ടികക്കാരൻ  ഹസനാർ, കൊട്ടിലിങ്ങൽ  ഷൈലജ, ഒന്നാംകല്ല് അരങ്ങത്ത് ഹസീന , വാലിപ്പറമ്പിൽ രാധ, എങ്കക്കാട് രായിരത്ത് ഉദയകുമാരി, തെക്കീട്ടിൽ  സന്ധ്യാദേവി എന്നിവർ സത്യഗ്രഹത്തിൽ പങ്കെടുത്തു.  

ഭൂമിയും വീടുമില്ലാത്ത 140 നിര്‍ധനര്‍ക്ക് താമസസൗകര്യമൊരുക്കാനാണ് വടക്കാഞ്ചേരിയില്‍ ഫ്‌ലാറ്റ് നിര്‍മിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ യുഎഇ ആസ്ഥാനമായ റെഡ്ക്രസന്റ് ഗ്രൂപ്പാണ് സൗജന്യമായി വീട് നിര്‍മിച്ചുനല്‍കുന്നത്. സര്‍ക്കാരുമായി ഒരു സാമ്പത്തിക ഇടപാടുമില്ല. എന്നാല്‍ പദ്ധതി അട്ടിമറിക്കാന്‍ ബിജെപിയെ കൂട്ടുപിടിച്ച് അനില്‍ അക്കര സിബിഐക്ക് പരാതി നല്‍കി. പദ്ധതിക്ക് സര്‍ക്കാര്‍ വിദേശ സഹായം സ്വീകരിച്ചുവെന്നായിരുന്നു പരാതി. ലൈഫ് മിഷന്‍ വിദേശ പണം കൈപ്പറ്റിയിട്ടില്ലെന്നത് വസ്തുതയാണ്. 

ഫ്‌ലാറ്റ് നിര്‍മാണം ആരംഭിക്കുകയും അതിവേഗം മുന്നോട്ടുപോവുകയും ചെയ്തപ്പോഴൊന്നും പരാതി ഉന്നയിക്കാത്ത എംഎല്‍എ, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന പ്രതികളുടെ മൊഴികളെ അടിസ്ഥാനമാക്കി ലൈഫ് ഭവനസമുച്ചയത്തിനെതിരെ അപവാദം പ്രചരിപ്പിക്കുകയായിരുന്നു. ഇല്ലാത്ത അഴിമതി ആരോപണം ഉന്നയിച്ച് ലൈഫ് മിഷന്‍ വൈസ് ചെയര്‍മാന്‍കൂടിയായ മന്ത്രി എ സി മൊയ്തീനെതിരെ നുണപ്രചാരണം നടത്തി.

ശനിയാഴ്ച്ച ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസ് പരിസരത്ത് കുടില്‍കെട്ടി വളയല്‍ സമരം നടത്തും. സാമൂഹ്യ സാംസ്‌കാരിക  പ്രമുഖരും സമരത്തില്‍ പങ്കെടുക്കും. വീടില്ലാത്തവരുടെ സ്വപ്നം അട്ടിമറിച്ച അനില്‍ അക്കരയുടെ നടപടിയില്‍ വ്യാപക രോഷമാണ് ഉയരുന്നത്.

No comments:

Post a Comment