നയതന്ത്ര ചാനൽവഴി സ്വർണം കടത്താൻ നിർദേശിച്ചത് സ്വപ്‌ന സുരേഷെന്ന് സന്ദീപ് നായരുടെ മൊഴി. ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്‌സ്‌മെന്റി (ഇഡി)ന് സന്ദീപ് നായർ നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സരിത്തിനെയും റമീസിനെയും അറിയാമെന്ന് സന്ദീപ് പറഞ്ഞു. സരിത്താണ് സ്വപ്‌നയെ പരിചയപ്പെടുത്തിയത്. നയതന്ത്ര ചാനൽവഴി സ്വർണം കടത്തുന്നത് സുരക്ഷിതമാണെന്ന ആശയം സ്വപ്‌നയുടെയായിരുന്നു. ഇതുപ്രകാരം 2019ൽ സ്വർണം കടത്താനായി ആദ്യ ആലോചന നടത്തിയത് സരിത്തിന്റെ കാറിലാണ്. ആദ്യഘട്ടത്തിൽ രണ്ടുതവണ ട്രയൽ നടത്തി. ഇതിനുശേഷം സ്വർണം അയയ്‌ക്കാതെ വന്നതോടെ സ്വപ്‌ന നിർബന്ധിച്ചു. സ്വർണം കടത്താൻ ഒരു കിലോയ്‌ക്ക് 45,000 രൂപയാണ് കമീഷൻ വാഗ്ദാനം ചെയ്തതെങ്കിലും 1000 ഡോളർവീതം വേണമെന്ന് സ്വപ്‌ന ആവശ്യപ്പെട്ടു.
ലൈഫ് മിഷൻ പദ്ധതിക്ക് അഞ്ച് ശതമാനം കമീഷൻ നൽകാമെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ വാഗ്ദാനം ചെയ്തു. സന്തോഷ് ഈപ്പനൊപ്പം കോൺസൽ ജനറലിനെ കണ്ടിട്ടുണ്ടെന്നും സന്ദീപിന്റെ മൊഴിയിലുണ്ട്. എയർ ഇന്ത്യ സാക്‌സ് കേസിൽ സ്വപ്‌ന ഉൾപ്പെട്ടതായി എം ശിവശങ്കറിന് അറിയാമായിരുന്നു. ഇതിനുശേഷമാണ് സ്‌പേസ് പാർക്കിൽ ജോലി തരപ്പെടുത്തിയതെന്നും മൊഴിയിലുണ്ട്.
ഡോളർ കടത്തിയെന്ന കേസിൽ കസ്‌റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്‌ന, സരിത്, സന്ദീപ് എന്നിവരുടെഅറസ്റ്റ് രേഖപ്പെടുത്താൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി അനുമതി നൽകി.
No comments:
Post a Comment