ഭൂമാഫിയയുടെ കൂടെ പ്രവർത്തിച്ച് പി ടി തോമസ് എംഎൽഎ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് സിപിഎ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. എംഎൽഎ കൂടി ഭാഗമായ കള്ളപ്പണ ഇടപാട് വിജിലൻസ് അന്വേഷിക്കണം. പി ടി തോമസ് ഈ വിഷയത്തിൽ സ്വയം കാര്യങ്ങൾ തുറന്നു പറഞ്ഞ് തെറ്റു സമ്മതിച്ച ശേഷം രാജി വയ്‌ക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
കള്ളപ്പണ ഇടപാടിന്റെയും ഭൂമി മാഫിയസംഘത്തിന്റെയും ഏജന്റായ പി ടി തോമസ് എംഎൽഎ സ്ഥാനം രാജിവെക്കുക, കള്ളപ്പണ ഇടപാടിൽ എംഎൽഎയുടെ പങ്ക് സർക്കാർ അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽഡിഎഫ് കാക്കനാട്ട് സംഘടിപ്പിച്ച ബഹുജന കൂട്ടായ്‌മ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
നിയമവിരുദ്ധ പ്രവർത്തനമാണ് നടത്തിയതെന്ന് പി ടി തോമസിന് ബോധ്യമുണ്ടായിരുന്നു. തെറ്റ് ചെയ്യുന്ന എംഎൽഎമാരെ തിരിച്ചു വിളിക്കാൻ ജനങ്ങൾക്ക് അധികാരമില്ല. അതിനാൽ, അദ്ദേഹം സ്വയം രാജി വയ്‌ക്കണം. കള്ളപണ ഇടപാടിന്റെ ഭാഗമായി എംഎൽഎ മാറിയത് ഏറെ ഗൗരവകരമാണ്. ഊരാക്കുടുക്കിൽ നിന്ന് രക്ഷപെടാൻ എന്ത് നുണയും പറഞ്ഞ് ന്യായീകരിക്കുകയാണ് അദ്ദേഹം. മുൻ മുഖ്യമന്ത്രിമാർ വരെ വസ്‌തുത മനസ്സിലാക്കാതെ അദ്ദേഹത്തെ ന്യായീകരിക്കുന്നു. പി ടി തോമസിനെ തിരുത്താൻ ശ്രമിക്കുന്നതിനു പകരം അവർ മഹത്വവൽക്കരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
എംഎൽഎയ്‌ക്കെതിരെ മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകിയ സിപിഐ എം വൈറ്റില ഏരിയ കമ്മിറ്റിയംഗം എ എൻ സന്തോഷിനു നേരെ വധശ്രമമുണ്ടായി. ഈ സംഘത്തെ ആരാണ് നിയോഗിച്ചതെന്ന് അന്വേഷിക്കണം. പരാതി കൊടുക്കുന്നവന് പോലും രക്ഷയില്ലെന്ന സന്ദേശം കൊടുക്കാനാണ് ഇവിടെ നോക്കുന്നതെന്നും കോടിയേരി പറഞ്ഞു.
deshabhimani
No comments:
Post a Comment