ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തത് സിപിഐ എമ്മിനെ ബാധിക്കില്ലെന്ന് എ വിജയരാഘവന്‍. ബിനീഷ് സിപിഐ എം നേതാവല്ല. സെക്രട്ടറിയുടെ മകന്റെ പ്രവര്‍ത്തനം പാര്‍ടി വിഷയമല്ല. മകന്റെ പേരിലുള്ള നടപടി അച്ഛന്റെ തലയില്‍ കെട്ടിവെക്കാനാകില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
പാര്‍ടി സെക്രട്ടറി എന്ന നിലയില്‍ കോടിയേരി ബാലകൃഷ്‌ണന്‍ ഏതേലും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ അത് പാര്‍ടി വിഷയമാണ്. എന്നാല്‍ പാര്‍ടി സെക്രട്ടറിയുടെ മകന്റെ പ്രവര്‍ത്തിയുടെ ധാര്‍മിക ഉത്തരവാദിത്വം പാര്‍ടിക്കില്ല. കോടിയേരി ബാലകൃഷ്‌ണന്‍ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധകാര്യത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല. മകന്‍ തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണം എന്ന് കോടിയേരി തന്നെ നേരത്തേ വ്യക്തമാക്കിയതാണ്.
എം ശിവശങ്കറിനെയും ബിനീഷിന്റെ അറസ്റ്റ് ചെയ്‌തത് എല്‍ഡിഎഫിനെയോ സിപിഐ എമ്മിനെയോ രാഷ്‌ട്രീയമായി ബാധിക്കുന്ന വിഷയമല്ല. ശിവശങ്കറിനെ സംബന്ധിച്ച കാര്യം മുഖ്യമന്ത്രി തന്നെ നേരത്തേ വ്യക്തമാക്കിയതാണ്. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തണമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നുമുള്ള നിലപാടാണ് മുഖ്യമന്ത്രി തുടക്കം മുതല്‍ സ്വീകരിച്ചിട്ടുള്ളത്. തെറ്റായ വഴിക്ക് നീങ്ങി എന്നതിന്റെ നിലയില്‍ ശിവശങ്കറിനെ നീക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തതാണ്.
എന്തെങ്കിലും തെറ്റായ പ്രചരണങ്ങളിലൂടെയോ ഒറ്റപ്പെട്ട വ്യക്തികളുടെ പിശകിനെ പാര്‍ടി പിശകായി ചിത്രീകരിച്ചുകൊണ്ടോ പ്രതിപക്ഷവും കോര്‍പറേറ്റ് മാധ്യമങ്ങളും ശ്രമിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇതിന്റെയൊന്നും ഭാഗമായിട്ട് ഇടതുപക്ഷത്തിന് ഒരു ക്ഷീണവും സംഭവിക്കില്ല. പാര്‍ടിയുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ മുന്നിലുണ്ട്. മാധ്യമങ്ങളോ പ്രതിപക്ഷമോ അല്ല ജനങ്ങളാണ് ഗതിവിഗതികളെ നിയന്ത്രിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.
No comments:
Post a Comment