Friday, October 23, 2020

ഏഷ്യാനെറ്റ്‌ ചർച്ചയുടെ തട്ടിപ്പ്; സംഘപരിവാർ അജണ്ടക്കായി കളമൊരുക്കുന്നവരോട്‌ ഒരു വിട്ടുവീഴ്ചക്കും മലയാളി സമൂഹത്തിനു ബാധ്യതയില്ല

 സ്വർണക്കടത്തു കേസിൽ സ്വപ്‍ന സുരേഷ് എന്ന കുറ്റാരോപിതയുടെ പേര് പലരീതിയിലും കൂട്ടിച്ചേർത്ത് ദ്വയാർത്ഥ പ്രയോഗങ്ങളുടെ തലക്കെട്ടുമായി വഷളൻ ചർച്ചകൾ നടത്തിയ ഏഷ്യാനെറ്റിനാണ് ഇപ്പോൾ യാസർ എടപ്പാൾ എന്ന മുസ്‌ലിം ലീഗിന്റെ സൈബർ ആഭാസൻ സഹിച്ച മാനക്കേടിനു വേണ്ടി മാപ്പിരക്കാനുള്ള മഹാമനസ്കത.


പ്രമോദ്‌ പുഴങ്കരയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

ഏഷ്യാനെറ്റ് വാർത്താവതാരകൻ തന്റെ ചർച്ചയിൽ പങ്കെടുത്ത സി പി എം പ്രതിനിധിയുടെ പരാമർശങ്ങൾക്ക് വേണ്ടി പ്രേക്ഷകരോട് മാപ്പ് പറയുന്ന കരളലിയിക്കുന്ന കണ്ണീർക്കഥയാണ് ആകസ്മികമായി കാണാനിടയായത്. കൊള്ളാം, തികച്ചും സ്ത്രീവിരുദ്ധവും സംസ്കാരശൂന്യവുമായ തെറി എഴുതിവെച്ച ഒരു മുസ്‌ലിം ലീഗ് ആഭാസന്റെ അച്ചാരം ഏറ്റെടുത്തു ചർച്ച നടത്തിയ, യാസർ എടപ്പാൾ എന്ന ലീഗ് പ്രവർത്തകൻ എത്രത്തോളം അധമനാണ് എന്നത് വിദഗ്ധമായി മറച്ചവെക്കുന്ന ഏഷ്യാനെറ്റ്‌ ചർച്ചയുടെ തട്ടിപ്പ് പൊളിക്കാൻ അത് പറയേണ്ടി വരികയും ചെയ്ത മുസ്തഫയെ കുറ്റവാളിയാക്കി തടിയൂരുന്ന പണിയും മാധ്യമപ്രവർത്തനമാണ്. അർണബ് ഗോസ്വാമിയും അതാണ് അവകാശപ്പെടുന്നത്.

ചാനൽ ചർച്ചയിൽ വന്നിരുന്നു തന്തക്ക് വിളിക്കുന്ന പി സി ജോർജിനെ സ്ത്രീ രാഷ്ട്രീയ ചർച്ചക്ക് വിളിച്ചവരാണ് വാർത്താമാധ്യമങ്ങൾ. ജോർജിന് സ്‌ത്രീപക്ഷ രാഷ്‌ട്രീയത്തിലുള്ള അവഗാഹമല്ല മറിച്ച് അയാൾ പറഞ്ഞേക്കാവുന്ന എരിവും പുളിയുമുള്ള വാർത്തമാനങ്ങൾക്ക് വേണ്ടിയാണത്.

വാർത്താ ചാനലുകളിലെ അവതാരകർ തങ്ങളുടെ വീരസ്യം പ്രകടിപ്പിക്കേണ്ട ഒരു action movie യാണ് ചർച്ചകൾ എന്ന മട്ടിലാണ് മിക്ക ചാനൽ ചർച്ചകളും. യാതൊരു മാധ്യമ നൈതികതയുമില്ലാതെ ഇടതു വിരുദ്ധ രാഷ്ട്രീയപ്രചാരണത്തിന് സ്വാതന്ത്ര മാധ്യമ പ്രവർത്തനം എന്ന മേലങ്കി അണിയുകയാണ് ഇവർ മിക്കവരും ചെയ്യുന്നത്. ശബരിമല ലഹളക്കാലത്ത് ഒരു മറയുമില്ലാതെ സ്ത്രീവിരുദ്ധതയുടെ ആറാട്ടാണ് മലയാള വാർത്താ ചാനലുകൾ നടത്തിയത്. ആ വിഷവൃക്ഷത്തിൽ നിന്നുമാണ് തങ്ങൾക്കാവശ്യമുള്ള ഈശ്വരനെയും പണിക്കരെയുമൊക്കെ ഇവർ തരാതരം പോലെ പൊടിപ്പിച്ചെടുക്കുന്നതും.

സ്വർണക്കടത്തു കേസിൽ സ്വപ്‍ന സുരേഷ് എന്ന കുറ്റാരോപിതയുടെ പേര് പലരീതിയിലും കൂട്ടിച്ചേർത്ത് ദ്വയാർത്ഥ പ്രയോഗങ്ങളുടെ തലക്കെട്ടുമായി വഷളൻ ചർച്ചകൾ നടത്തിയ ഏഷ്യാനെറ്റിനാണ് ഇപ്പോൾ യാസർ എടപ്പാൾ എന്ന മുസ്‌ലിം ലീഗിന്റെ സൈബർ ആഭാസൻ സഹിച്ച മാനക്കേടിനു വേണ്ടി മാപ്പിരക്കാനുള്ള മഹാമനസ്കത.

സംഘപരിവാറിന്റെ 2026 കേരളം എന്ന അജണ്ടക്കായി കളമൊരുക്കുന്ന മാധ്യമങ്ങളോട് രാഷ്ട്രീയമായ ഒരു വിട്ടുവീഴ്ചക്കും മലയാളി സമൂഹത്തിനു ബാധ്യതയില്ല. ആ രാഷ്ട്രീയ കങ്കാണിപ്പണിക്ക് മാധ്യമ പ്രവർത്തനമെന്ന് പേരിടുന്നതിലും തെറ്റില്ല. പക്ഷെ അത് കണ്ട് ആളുകൾ പഞ്ചപുച്ഛമടക്കി നിൽക്കണമെന്ന് വാശിപിടിക്കരുത്. കേരളമുണ്ടാകും മുമ്പേ തുടങ്ങിയതാണ് ഈ "സംസ്കാരത്തിന്റെ" അസഹിഷ്ണുത. അതായത് ബിജെപി നേതാവിന്റെ ചാനലിൽ നിന്നുവേണം മലയാളി സംസ്കാരവും സ്വതന്ത്ര മാധ്യമപ്രവർത്തനവും പഠിക്കാനെന്ന്!.

പ്രമോദ്‌ പുഴങ്കര

No comments:

Post a Comment