മതനിരപേക്ഷ കേരളത്തിൽ ഒരു അവിശുദ്ധമുന്നണിയെ ഊടും പാവും നെയ്‌ത് രംഗത്തിറക്കിയിരിക്കുകയാണ് യുഡിഎഫ്. പ്രധാന ഘടകകക്ഷികളെല്ലാം വിട്ടകന്നതോടെ കോൺഗ്രസും മുസ്ലിംലീഗും മാത്രമായി ഊർധ്വശ്വാസം വലിക്കുന്ന ഐക്യ ജനാധിപത്യമുന്നണിക്ക് മൃതസഞ്ജീവനിയുമായി എത്തിയിരിക്കുന്നത് അതിതീവ്ര നിലപാടുള്ള മതസംഘടനകളും അവരുടെ രാഷ്‌ട്രീയ പാർടികളുമാണ്. മതേതര നിലപാട് പ്രത്യക്ഷത്തിൽ സ്വീകരിച്ചിരുന്ന കോൺഗ്രസിൽനിന്ന് കേരളം ഒരിക്കലും പ്രതീക്ഷിക്കുന്നതല്ല ഇത്തരം കൂട്ടുകെട്ടുകൾ. എന്നാൽ, അധികാരം കൈക്കലാക്കാൻ എന്തുനെറികേടിനും മടിക്കില്ല എന്നതിന്റെ നേർസാക്ഷ്യമാണ് വർഗീയശക്തികളും മതതീവ്രവാദ സംഘടനകളും നയിക്കുന്ന രാഷ്‌ട്രീയ പാർടികളുമായി സഖ്യത്തിലേർപ്പെടാനുള്ള ഐക്യജനാധിപത്യ മുന്നണിയുടെ തീരുമാനം. ഫലത്തിൽ ഫാസിസ്റ്റ് - മതതീവ്രവാദ കക്ഷികൾ യുഡിഎഫിന്റെ കുടക്കീഴിൽ അണിചേർന്നിരിക്കുന്നു.
രാഷ്‌ട്രീയ നൈതികതയും ധാർമികതയും യുഡിഎഫിന് കൈമോശം വന്നിരിക്കുന്നു. ഇന്ത്യ ദീർഘകാലം ഭരിച്ച ഇന്ത്യൻനാഷണൽ കോൺഗ്രസ് ഇന്ന് അധഃപതനത്തിന്റെ നരകയാത്രയിലാണ്. ഭരണംകിട്ടാൻ ആരുമായും കൂട്ടുകൂടാൻ വെമ്പൽ കൊള്ളുന്ന യുഡിഎഫ് മതനിരപേക്ഷ സംസ്കാരത്തെത്തന്നെ തള്ളിപ്പറഞ്ഞിരിക്കയാണ്. യുഡിഎഫിലെ മുഖ്യ കക്ഷിയായ മുസ്ലിംലീഗ് മത തീവ്രവാദശക്തികളുമായുള്ള ബന്ധത്തിന് ഇടനിലക്കാരായി പ്രവർത്തിക്കുന്നുവെന്നത് ആരെയും അമ്പരപ്പിക്കുന്നതാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാരിൽ അഞ്ചുമന്ത്രിമാരെ പ്രതിനിധാനംചെയ്‌ത പാർടിയാണ് വർഗീയ, മതശക്തികളെ തങ്ങളുടെ ചിറകിനടിയിൽ ഒളിപ്പിക്കാൻ വ്യഗ്രതകാട്ടുന്നത്. സംസ്ഥാന രാഷ്ട്രീയത്തെ കടുത്ത വർഗീയതയിൽ മുക്കി മുതലെടുക്കാൻ യുഡിഎഫും ബിജെപിയും ദീർഘനാളായി ശ്രമം നടത്തിവരികയായിരുന്നു. അതിനിടയിലാണ് ഇസ്ലാമിക രാഷ്‌ട്രസ്ഥാപനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടിയും പോപ്പുലർ ഫ്രണ്ടിന്റെ എസ്‌ഡിപിഐയും ഇപ്പോൾ യുഡിഎഫ് കൂടാരത്തിലേക്ക് പതിയെപ്പതിയെ പ്രവേശിച്ചുകൊണ്ടിരിക്കുന്നത്.
മതവർഗീയത ശക്തിപ്പെടുത്തി രാഷ്‌ട്രീയനേട്ടം കൊയ്യുകയെന്ന ബിജെപിയുടെ ദേശീയ അജൻഡ കേരളത്തിൽ പ്രയോഗിക്കാൻ അവർ കാത്തുനിൽക്കുകയാണ്. ഈ സമയത്താണ് മുസ്ലിംലീഗിന്റെ അഖിലേന്ത്യാ നേതാവായ പി കെ കുഞ്ഞാലിക്കുട്ടി, ‘ബിജെപി തങ്ങളുടെ ശത്രുവല്ല’ എന്ന് പ്രഖ്യാപിച്ചത്. യുഡിഎഫും ബിജെപിയും പരസ്‌പരം തെരഞ്ഞെടുപ്പ് സഖ്യത്തിലേർപ്പെട്ടതിന്റെ ‘1991 ലെ മാതൃക’ ഇപ്പോഴവർ പൊടിതട്ടി പുറത്തെടുത്തിരിക്കുകയാണ്.
ഇടതുപക്ഷം മതനിരപേക്ഷമാണ്. അഴിമതിവിരുദ്ധമാണ്. കേരളവികസനത്തിന്റെ ഉദാത്ത മാതൃകയാണ്. കഴിഞ്ഞ നാലരവർഷത്തെ പിണറായി സർക്കാരിന്റെ ഭരണനേട്ടങ്ങൾ കേരളത്തിലെ മുഴുവൻ ജനങ്ങളിലും എത്തിച്ചേർന്നിട്ടുണ്ട്. കഴിഞ്ഞ നാലര വർഷക്കാലം കൊണ്ട് വികസനനേട്ടങ്ങളുടെ ഇതിഹാസം തീർത്ത പിണറായി സർക്കാരിന് ഇന്ത്യയിലെ മറ്റേതൊരു ഗവൺമെന്റിനേക്കാളും ജനമനസ്സിലിടം നേടാൻ കഴിഞ്ഞിട്ടുണ്ട്.
ഈ കണ്ണഞ്ചിപ്പിക്കുന്ന വികസന നേട്ടങ്ങളാണ് പിണറായി സർക്കാരിന്റെ മുഖമുദ്ര. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും എൽഡിഎഫിനെ അധികാരത്തിൽ കൊണ്ടുവരണമെന്ന് ജനങ്ങൾ നിശ്‌ചയിച്ചത്. ഇതുതടയാൻ യുഡിഎഫും ബിജെപിയും അതിന്റെ തീവ്രവാദ സഖ്യങ്ങളും കണ്ടുപിടിച്ച മാർഗം; മുഖ്യമന്ത്രിയെപ്പറ്റിയും സർക്കാരിനെപ്പറ്റിയും എൽഡിഎഫിനെപ്പറ്റിയും നുണക്കഥകൾ പ്രചരിപ്പിക്കുകയെന്നതാണ്. ഇവരുടെ വികസനവിരുദ്ധ ജൽപ്പനങ്ങൾ ഏറ്റെടുക്കാനും പ്രചരിപ്പിക്കാനും കേരളത്തിലെ ഒരു കൂട്ടം മാധ്യമങ്ങൾ കിണഞ്ഞു പരിശ്രമിക്കുകയാണ്.
ഒരുകാര്യം ശരിയാണ്. അത് സത്യവുമാണ്. ഏതെങ്കിലും മാധ്യമങ്ങളുടെ സഹായംകൊണ്ടല്ല കേരളത്തിൽ കമ്യൂണിസ്‌റ്റ് പാർടിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അധികാരത്തിൽ വന്നിട്ടുള്ളത്. എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങളാണ് കേരളത്തിലെ ജനങ്ങൾ നെഞ്ചോടു ചേർക്കുന്നത്.
കേരളത്തിലെ ജനങ്ങൾ കമ്യൂണിസ്‌റ്റ് പാർടിയിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലും വിശ്വാസമർപ്പിക്കുന്നതുകൊണ്ടാണ്. മുഴുവൻ മലയാളികളെയും വിശ്വാസത്തിലെടുത്തുകൊണ്ടാണ് സർക്കാരിന്റെ പ്രവർത്തനങ്ങളെല്ലാം. തൊഴിലാളികളും കർഷകരും വിദ്യാർഥികളും യുവാക്കളുമെല്ലാം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അത് ചെയ്‌തു കൊണ്ടിരിക്കുകയുമാണ്. യുഡിഎഫിന്റെയും വർഗീയശക്തികളുടെയും എല്ലാ തരത്തിലുള്ള നുണപ്രചാരണങ്ങളെയും ജനങ്ങൾ അറബിക്കടലിലെറിയും. എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിലെത്തും. ജനങ്ങൾക്കും നാടിനുംവേണ്ടിയുള്ള വികസനപ്രവർത്തനങ്ങൾ തുടരുകതന്നെ ചെയ്യും. അതിനൊപ്പം എൽഡിഎഫ് അതിന്റെ ആശയങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് കേരളത്തിലെ ജനങ്ങൾക്കായി പോരാടുകയും ചെയ്യും.
കെ ജെ തോമസ്
No comments:
Post a Comment