Tuesday, October 27, 2020

മാറുന്ന കേരളരാഷ്ട്രീയം - പി രാജീവ്‌ എഴുതുന്നു

 കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫ് വിട്ട് 39 വർഷത്തിനുശേഷം വീണ്ടും എൽഡിഎഫിന്റെ ഭാഗമാകുന്നത് സംസ്ഥാന രാഷ്ട്രീയ ബലാബലത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം യുഡിഎഫ് വിട്ട് എൽഡിഎഫിന്റെ ഭാഗമാകുന്ന രണ്ടാമത്തെ പാർടിയാണ് കേരള കോൺഗ്രസ്. നേരത്തേ എൽജെഡി ആ മുന്നണി ബന്ധം ഉപേക്ഷിച്ച് എൽഡിഎഫിന്റെ ഭാഗമായിരുന്നു, യുഡിഎഫ് മുന്നണിയിലെ മൂന്നാമത്തെ വലിയ പാർടിയാണ് ഇപ്പോൾ എൽഡിഎഫിന്റെ ഭാഗമായത്.   ഇത് യുഡിഎഫിനെ കൂടുതൽ ദുർബലമാക്കിയിരിക്കുന്നു.

അതിൽനിന്ന്‌ രക്ഷനേടുന്നതിനായി അവർ ഒരു വശത്ത് ബിജെപിയുമായും മറുവശത്ത് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായും കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നു. എന്നാൽ, അത് അവരെ കൂടുതൽ ജനങ്ങളിൽനിന്ന്‌ ഒറ്റപ്പെടുത്തുകയും ദുർബലമാക്കുകയുമാണ് ചെയ്യുന്നത്. ഫലത്തിൽ, കേരളരാഷ്ട്രീയം മതനിരപേക്ഷ മുന്നണിയും തീവ്രവർഗീയ മുന്നണിയും എന്ന നിലയിൽ രണ്ടായി തിരിഞ്ഞിരിക്കുന്നു.

കേരള കോൺഗ്രസിന്റെ മുന്നണി മാറ്റവും  യുഡിഎഫിന്റെ മുന്നണിയിലെ ചില കൂട്ടുകെട്ടുകളും വ്യത്യസ്തമായ സ്വഭാവത്തിലാണ് രാഷ്ട്രീയത്തിൽ പ്രതിഫലിക്കുന്നത്. കേരള കോൺഗ്രസിനോടൊപ്പമുള്ള അണികൾ ഈ മാറ്റത്തെ ഉൾക്കൊള്ളുമോ എന്ന ചോദ്യം വലതുപക്ഷ മാധ്യമങ്ങളും നിരീക്ഷകരും ഉയർത്തുന്നുണ്ട്. അതിന് അവർ പറയുന്ന ന്യായം ആ പാർടിയുടെ അണികൾ ക്രൈസ്തവ വിശ്വാസികളും വലതുപക്ഷ രാഷ്ട്രീയമുള്ളവരുമാണെന്നാണ്. ലോകത്തും രാജ്യത്തും നടക്കുന്ന മാറ്റങ്ങൾ കണ്ടില്ലെന്നു നടിക്കുന്നവർക്ക് മാത്രമേ ഇത്തരം അന്ധമായ നിഗമനങ്ങളിലേക്ക് എത്താൻ കഴിയുകയുള്ളു.

ഇന്നത്തെ ലോകത്തിന്റെ അവസ്ഥയെ വിശകലനംചെയ്തുകൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖനം സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് ചിന്താസരണിയിലധിഷ്ഠിതമാണെന്ന് കോൺഗ്രസ് നേതാവായ പ്രൊഫസർ കെ വി തോമസ് പോലും വിലയിരുത്തുന്നു. അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ആഗോളവൽക്കരണത്തിനെതിരെ ഇടതുപക്ഷം സ്വീകരിച്ച സമീപനംതന്നെയാണ് മാർപാപ്പയും സ്വീകരിച്ചിരിക്കുന്നതെന്നത്  യാഥാർഥ്യമാണ്. അടഞ്ഞ ലോകത്തിലെ ഇരുണ്ട മേഘങ്ങളെയും ചിതറിയ സ്വപ്നങ്ങളെയും കുറിച്ച് ഉൽക്കണ്ഠപ്പെടുന്ന ചാക്രികലേഖനം സങ്കുചിത ദേശീയവാദത്തിന്റെ പ്രത്യയശാസ്ത്രം വിവിധ രാജ്യങ്ങളിൽ വിതയ്ക്കുന്ന അപകടത്തെയും തുറന്നുകാണിക്കുന്നു. പൊതുവായ നന്മയ്‌ക്കും ദരിദ്രരുടെ ഉന്നമനത്തിനുമായി പ്രവർത്തനങ്ങളിൽ ഒന്നിക്കേണ്ടതിന്റെ  ആവശ്യത്തെ മാർപാപ്പ ഉയർത്തിപ്പിടിക്കുന്നു.

അതോടൊപ്പം പ്രധാനമായ മറ്റൊന്നുകൂടി അദ്ദേഹം എടുത്തുപറയുന്നുണ്ട്.  മതവും അക്രമവും സംബന്ധിച്ച ഭാഗത്ത് ദൈവത്തിന്റെ സ്നേഹം എല്ലാവരിലും ഒരുപോലെയാണെന്നും അതിൽ നിരീശ്വരവാദിയോടും വ്യത്യസ്തതയില്ലെന്ന് വ്യക്തമാക്കുന്നു. ആഗോളവൽക്കരണത്തിനും സങ്കുചിത ദേശീയതയ്‌ക്കും എതിരെയും മനുഷ്യരുടെ തുല്യതയ്‌ക്കുവേണ്ടിയും വിശ്വാസി, അവിശ്വാസി വ്യത്യാസമില്ലാതെ വിശാല യോജിപ്പോടെയുള്ള പ്രവർത്തനങ്ങൾക്കാണ് ചാക്രികലേഖനം ആവശ്യപ്പെടുന്നത്. ഈ രണ്ടു പ്രശ്നത്തിലും സ്ഥായിയായ നിലപാടുകളുള്ള ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് മറ്റൊന്നും തടസ്സമല്ലെന്നതാണ്  ഈ കാഴ്ചപാട് വ്യക്തമാക്കുന്നത്. കമ്യൂണിസ്റ്റുകാരും സഭയും തമ്മിൽ ക്രിയാത്മക സംവാദങ്ങൾ മാത്രമല്ല ഐക്യപ്പെടുന്ന പ്രവർത്തനവും അനിവാര്യമാണെന്ന ഈ സാർവദേശിയ നിലപാട് മനസ്സിലാക്കാത്തവരാണ് നേരത്തേ പറഞ്ഞ അബദ്ധ നിഗമനങ്ങളിലെത്തുന്നത്.

രണ്ടാമത്തേത് ദേശീയ സാഹചര്യങ്ങളാണ്. ബിജെപി രാഷ്ട്രീയാധികാരത്തിൽ തുടർച്ചയായി വന്നതോടെ മതനിരപേക്ഷതയിൽനിന്ന്‌ മതരാഷ്ട്രത്തിലേക്കുള്ള പ്രയാണത്തെ ത്വരിതപ്പെടുത്തി. മതനിരപേക്ഷ ജനാധിപത്യ ശക്തികൾ വിശാലയോജിപ്പോടെ ശക്തമായ വർഗീയവിരുദ്ധ നിലപാട് സ്വീകരിക്കേണ്ടത് നാടിന്റെ പൊതുവായ ആവശ്യമാണ്. ഇതിൽ പ്രധാന ഉത്തരവാദിത്തം നിർവഹിക്കുന്നതിന് കോൺഗ്രസിന് കഴിയേണ്ടതാണ്. എന്നാൽ, അവർ സ്വീകരിക്കുന്ന വർഗീയപ്രീണന സമീപനം മതനിരപേക്ഷവാദികളെയും ന്യൂനപക്ഷ ജനവിഭാഗങ്ങളെയും  നിരാശരാക്കുന്നുണ്ട്. അയോധ്യയിലെ രാമക്ഷേത്രത്തിനായുള്ള ഭൂമിപൂജ സർക്കാർ പരിപാടിയാക്കിയതിനെ അനുകൂലിക്കുകയാണ് കോൺഗ്രസ് ചെയ്തത്. ജമ്മു  കശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരെ ശക്തമായി പ്രതികരിക്കാൻ കോൺഗ്രസ് തയ്യാറായില്ല. ക്രിമിനൽ നിയമവ്യവസ്ഥയെ മതപരമായി വിഭജിച്ച മുത്തലാഖ് നിയമനിർമാണ സന്ദർഭത്തിലും കുറ്റകരമായ സമീപനം സ്വീകരിച്ചു.

കോൺഗ്രസിനകത്ത് എക്കാലത്തും ഹിന്ദുത്വ വർഗീയശക്തികളും മതനിരപേക്ഷവാദികളും തമ്മിൽ ഏറ്റുമുട്ടലുകളുണ്ട്. ഹിന്ദുമഹാസഭയുടെ പ്രസിഡന്റായിരുന്ന, പിന്നീട് ജനസംഘം സ്ഥാപിച്ച ശ്യാമപ്രസാദ് മുഖർജിയെ ഭരണഘടന അസംബ്ലിയിൽ അംഗമാക്കുന്നത് കോൺഗ്രസാണ്. വിഭജനത്തിനുശേഷം അദ്ദേഹത്തെ ഇടക്കാല മന്ത്രിസഭയിലും ഉൾപ്പെടുത്തി. 1952ൽ നടന്ന ആദ്യ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ജനസംഘത്തിെന്റെ മൂന്നു സീറ്റ് ഉൾപ്പെടെ പത്ത് എംപിമാർ ഹിന്ദുത്വബ്ലോക്കിന് കിട്ടുന്നതിലേക്ക് എത്തിച്ചത് കോൺഗ്രസിന്റെ ഇത്തരം വിട്ടുവീഴ്ച സമീപനങ്ങളായിരുന്നു. 1967 ൽ ജനസംഘത്തിന് ഒറ്റയ്‌ക്ക് 35 സീറ്റ് ലഭിച്ചു. 1989ൽ അയോധ്യയിൽ ശിലാന്യാസത്തിന് അനുമതി നൽകിയതാണ് ബാബ്‌റി മസ്ജിദ് തകർച്ചയ്‌ക്ക് ആക്കം കൂട്ടിയത്. അദ്വാനിയുടെ രഥയാത്ര തടഞ്ഞതിന്റെ പേരിൽ ബിജെപിക്കൊപ്പം ചേർന്ന് വി പി സിങ്ങിനെ അധികാരത്തിൽനിന്ന്‌ പുറത്താക്കിയത് കോൺഗ്രസാണ്. ബാബ്‌റി മസ്ജിദ് തകർച്ചയ്‌ക്ക് നിശ്ശബ്ദ സഹായം നൽകിയ നരസിംഹ റാവുവിന്റെ കാലത്ത് ഇത് പാരമ്യത്തിലെത്തി.  മതന്യൂനപക്ഷങ്ങളും ദളിത് പിന്നോക്ക ജനവിഭാഗങ്ങളും കോൺഗ്രസിൽനിന്ന്‌ അകലുന്നതിന് ഇതും കാരണമാണ്.

ബിജെപി അധികാരത്തിൽ വന്നതോടെ കോൺഗ്രസിൽനിന്ന്‌ ബിജെപിയിലേക്ക് ഒഴുക്കുണ്ടാകുന്നതിന് ഈ ചരിത്ര പശ്ചാത്തലവും ഒരു ഘടകമാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസ് മുന്നണിയുടെ ഭാഗമാകുന്ന പാർടികളും ജനങ്ങളും പുനർവിചിന്തനത്തിന് തയ്യാറാകുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ചും വിട്ടുവീഴ്ചയില്ലാത്ത വർഗീയവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷം ശക്തമായ കേരളത്തിൽ ഈ പ്രക്രിയയുടെ വേഗത വർധിക്കും. അതിനെ ഒന്നുകൂടി ശക്തിപ്പെടുത്തുന്ന കേരള സാഹചര്യം പിന്നീട് വിശദമാക്കാം.

രണ്ടാമതായി, കേരള കോൺഗ്രസ് ഉൾപ്പെടെയുള്ള പാർടികൾക്കൊപ്പമുള്ള ജനവിഭാഗങ്ങളിൽ പ്രധാനം കർഷകരാണ്.  കാർഷികമേഖലയെ കോർപറേറ്റ് വൽക്കരിക്കുന്ന നിയമങ്ങളെ പാർലമെന്റിൽ ശക്തമായി എതിർക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടത് ഇവരെ നിരാശരാക്കിയിട്ടുണ്ട്. അംഗസംഖ്യയുടെ പരിമിതിയെ മറികടന്ന് പരമാവധി പ്രതിരോധം തീർക്കാൻ ശ്രമിച്ചത് ഇടതുപക്ഷമാണ്.

കോൺഗ്രസ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനമാണ് ബിജെപി നടപ്പാക്കിയതെന്നത് കോൺഗ്രസിലുള്ള വിശ്വാസ്യതയെ തകർത്തു. കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്നപ്പോൾ ഒപ്പിട്ട കരാറുകൾ റബർ വില തകർത്തെങ്കിൽ ഇപ്പോൾ ബിജെപി റബർ ബോർഡ് തന്നെ ഇല്ലാതാക്കുന്നു. അവിടെയും കോൺഗ്രസിന് ഒരു നിലപാട് ഇല്ലെന്നതാണ് യാഥാർഥ്യം.

ഇതിൽനിന്ന്‌ വ്യത്യസ്തമായ സമീപനമാണ് കേരളത്തിൽ ഇടതുപക്ഷ സർക്കാർ സ്വീകരിച്ചത്. കേന്ദ്രം താങ്ങുവില ഇല്ലാതാക്കിയപ്പോൾ കേരളം പുതുതായി 16 പച്ചക്കറിക്കുകൂടി താങ്ങുവില പ്രഖ്യാപിച്ചു. ഒരുപക്ഷേ, ലോകത്തിലാദ്യമായി സ്വന്തം ഭൂമിയിൽ കൃഷി ചെയ്യുന്ന കർഷകന് റോയൽട്ടി നൽകുന്ന പ്രദേശമായി കേരളത്തെ മാറ്റി. കർഷകർക്ക് പെൻഷനും ക്ഷേമനിധി ബോർഡും ആരംഭിച്ചു. സുഭിക്ഷ കേരളം പദ്ധതിയിലൂടെ കാർഷിക ഉൽപ്പാദനത്തിന് സബ്സിഡി നൽകി കോവിഡ് കാലത്തുപോലും കർഷകർക്ക് പിന്തുണ നൽകുന്നു. കാർഷികരാഷ്ട്രീയം പ്രധാനമായും പിന്തുടരുന്ന കേരള കോൺഗ്രസിനെപ്പോലൊരു പാർടിക്ക് കോൺഗ്രസ് മുന്നണിയുടെ ഭാഗമായി തുടരാൻ കഴിയില്ലെന്നതാണ് വസ്തുത.

യഥാർഥത്തിൽ അവർക്ക് മാത്രമല്ല, യുഡിഎഫിലെ മറ്റു പാർടികളുടെ പിന്നിലുള്ള കർഷക ജനവിഭാഗങ്ങൾക്ക് ഇടതുപക്ഷത്തിന്റെ ഭാഗമാകാതിരിക്കാൻ കഴിയാത്ത ജീവിത അനുഭവങ്ങളാണ് നിലവിലുള്ളത്. ഇതിന്റെ പ്രത്യാഘാതം കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ മുന്നണി മാറ്റത്തോടെ അവസാനിക്കാൻ പോകുന്നില്ല. ഇപ്പോൾ യുഡിഎഫ് മുന്നണിയുടെ എസ്ഡിപിഐ‐ജമാഅത്തെ ഇസ്ലാമി ബന്ധവും ലീഗ് ആധിപത്യവും തകർച്ചയുടെ ആഴം വർധിപ്പിക്കുമെന്ന് ഉറപ്പ്.

പി രാജീവ് ‌

രണ്ടാം ഭാഗം ലീ കോ ബിയുടെ രാഷ്ട്രീയം

No comments:

Post a Comment