സംസ്ഥാനത്ത് പച്ചക്കറികൾക്ക് തറവില മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. പച്ചക്കറികൾക്ക് രാജ്യത്ത് ഇതാദ്യമായാണ് തറവില പ്രഖ്യാപിക്കുന്നത്. കാർഷിക മേഖലയിലെ പുതിയ പരിഷ്കാരങ്ങൾക്കെതിരെ രാജ്യമൊന്നടങ്കം കർഷക പ്രതിഷേധങ്ങൾ അലയടിക്കുന്ന ഈ സമയത്ത് പച്ചക്കറി വിളകൾക്ക് തറവില പ്രഖ്യാപിച്ചുകൊണ്ട് കർഷകർക്ക് കൈത്താങ്ങാവുകയാണ് സർക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പച്ചക്കറികൾക്ക് തറവില തീരുമാനിക്കുന്നത് ഏത്തക്കായ, കുമ്പളം, വെള്ളരി, പാവൽ, പടവലം, വള്ളിപ്പയർ, തക്കാളി, വെണ്ട, ക്യാബേജ്, ബീൻസ്, കൈതച്ചക്ക, മരച്ചീനി, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി തുടങ്ങി 16 ഇനത്തിനാണ് തറവില പ്രഖ്യാപിച്ചത്. ഉൽപ്പാദനച്ചെലവും ഉൽപ്പാദനക്ഷമതയും കണക്കിലെടുത്താണ് തീരുമാനം.
ഓരോ വിളകളുടെയും ഉല്‍പാദനച്ചെലവിനൊപ്പം 20 ശതമാനം തുകയാണ് ഇതില്‍ അധികമായി ചേര്‍ത്തിരിക്കുന്നത്. പച്ചക്കറികള്‍ക്ക് നിശ്ചിത വിലയേക്കാള്‍ കുറഞ്ഞ വില വിപണിയില്‍ ഉണ്ടായാല്‍ ഇവ സംഭരിച്ച് തറവില അനുസരിച്ചുള്ള തുക കര്‍ഷകന്‍റെ അക്കൗണ്ടിലേക്ക് നല്‍കും.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സഹകരണവകുപ്പുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. വിളകൾ വിഎഫ്പിസികെ, ഹോർട്ടികോർപ്, മൊത്തവ്യാപാര വിപണികൾ എന്നിവ വഴി സംഭരിക്കും. ഒരു പഞ്ചായത്തിൽ ഒരു വിപണന കേന്ദ്രമെങ്കിലും തുറക്കും. ആദ്യഘട്ടത്തിൽ 250 കേന്ദ്രം തുറന്ന് കർഷകരിൽനിന്ന് നേരിട്ട് വിള സംഭരിക്കും. കർഷകന് ഒരു സീസണിൽ 15 ഏക്കർ സ്ഥലത്തിനുമാത്രമേ ആനുകൂല്യം ലഭിക്കൂ.
വിപണിവില അടിസ്ഥാനവിലയിലും കുറയുമ്പോൾ പ്രാഥമിക സംഘങ്ങൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി തുക ലഭ്യമാക്കും. ഇതിനായി തദ്ദേശഭരണ സ്ഥാപന അധ്യക്ഷൻ ചെയർമാനായും പ്രാഥമിക കാർഷിക സഹകരണ സംഘം പ്രസിഡന്റ് വൈസ് ചെയർമാനായും കമ്മിറ്റി രൂപീകരിക്കും. വിളകൾ "ജീവനി -കേരള ഫാം ഫ്രഷ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്' എന്ന ബ്രാൻഡിലാണ് വിൽക്കുക.
പച്ചക്കറിയുടെ വിപണന വില ഇടിയുന്ന അവസരത്തിൽ തറവില ലഭ്യമാക്കുന്നത് കർഷകന് വലിയ ആശ്വാസമാകും. കൂടുതൽപേരെ കൃഷിയിലേക്ക് ആകർഷിക്കാനും കഴിയും.
16 ഭക്ഷ്യവിളകൾക്ക് അടിസ്ഥാനവിലയായി ; ലക്ഷം ടൺ വീതം അധിക ഉൽപ്പാദനം ലക്ഷ്യം
സംസ്ഥാനത്ത് വർഷം ഒരു ലക്ഷം മെട്രിക് ടൺവീതം പച്ചക്കറികളും കിഴങ്ങുവർഗങ്ങളും അധികമായി ഉൽപ്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്താദ്യമായി 16 ഭക്ഷ്യവിളകൾക്ക് അടിസ്ഥാന വില പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
പുതുതായി കൃഷിയിലേക്ക് വന്നവർക്കും പരമ്പരാഗത കർഷകർക്കും അടിസ്ഥാനവില പ്രഖ്യാപനം കൈത്താങ്ങാകും.
വർഷങ്ങളായി കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് കരുത്തുപകരാനാണ് നടപടി. രാജ്യത്താകെ കർഷകർ പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നത് നാം കാണുന്നുണ്ട്. ഒരു ബദൽ മുന്നോട്ടുവച്ച് കാർഷിക അഭിവൃദ്ധിക്കുതകുന്ന നടപടികളുമായാണ് സർക്കാർ നാലരവർഷമായി പ്രവർത്തിക്കുന്നത്.
ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി ഉറപ്പാക്കാൻ പദ്ധതി തയ്യാറാക്കും. മരച്ചീനി, ഏത്തവാഴ, കൈതച്ചക്ക, വെള്ളരി, പാവൽ, പടവലം, തക്കാളി, ക്യാബേജ്, ബീൻസ് തുടങ്ങി നമ്മുടെ നാട്ടിൽ ഉൽപ്പാദിപ്പിക്കുന്ന എല്ലാ പ്രധാന പച്ചക്കറികളും തറവിലനിർണയത്തിൽ ഉൾപ്പെടുത്തി. കൃഷിവകുപ്പിന്റെ പോർട്ടലിൽ നവംബർ ഒന്നുമുതൽ രജിസ്ട്രേഷൻ ആരംഭിക്കും.
രജിസ്റ്റർ ചെയ്‌ത കർഷകർ കൃഷിവകുപ്പിന്റെ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള വിപണിയിലേക്കും സൊസൈറ്റികളിൽ അംഗങ്ങളായവർ നിര്‍ദിഷ്ട സൊസൈറ്റികളിലേക്കും ഉൽപ്പന്നം എത്തിക്കണം. കർഷകരിൽനിന്ന് സംഭരിക്കുന്ന പച്ചക്കറികൾ കൃഷിവകുപ്പിന്റെ വിപണികളിലൂടെയും പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് കോ–- -ഓപ്പറേറ്റീവ് സൊസൈറ്റികളുടെ തെരഞ്ഞെടുക്കപ്പെട്ട വിപണന ശൃംഖലകളിലൂടെയും വിറ്റഴിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ അധികാരത്തിൽ വരുമ്പോൾ 1,96,000 ഹെക്ടറിലായിരുന്ന നെൽക്കൃഷി. ഇപ്പോൾ രണ്ടേകാൽ ലക്ഷം ഹെക്ടറായി. ആഭ്യന്തര പച്ചക്കറി ഉൽപ്പാദനം ഇരട്ടിയിലധികമായെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment