സംസ്ഥാന സർക്കാരിനെതിരെ ഉയർത്തിയ സർവ നുണപ്രചാരണങ്ങളും പൊളിഞ്ഞപ്പോൾ തെരഞ്ഞെടുപ്പുവരെ ചൂടുപിടിപ്പിക്കാൻ വാളയാറിലെ സഹോദരിമാരുടെ മരണം കോൺഗ്രസും ബിജെപിയും ദുരുപയോഗിക്കുന്നു. കുട്ടികളുടെ അമ്മയെ ഉപയോഗിച്ച് ചില കേന്ദ്രങ്ങൾ ആരംഭിച്ച സമരം രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള തത്രപ്പാടിലാണ് കോൺഗ്രസും ബിജെപിയും. സംസ്ഥാനത്തിന് പുറത്തുള്ള അന്വേഷണം വേണോ എന്ന് മുഖ്യമന്ത്രിതന്നെയാണ് കുട്ടികളുടെ അമ്മയോട് ചോദിച്ചത്. ഇക്കാര്യം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിലും സർക്കാർ ആവർത്തിച്ചു.
കഴിഞ്ഞ വർഷം പാലക്കാട് പോക്‌സോ കോടതി പ്രതികളെ വെറുതെവിട്ടപ്പോൾ കോടതിയിൽ കേസ് വാദിച്ച പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ കോൺഗ്രസും ബിജെപിയും മിണ്ടിയില്ല. യുഡിഎഫ് സർക്കാർ നിയമിച്ച പ്രോസിക്യൂട്ടർ തെളിവ് ഹാജരാക്കുന്നതിൽ വീഴ്‌ചവരുത്തി എന്ന് കോടതിതന്നെ വ്യക്തമാക്കി. പ്രതികളിൽ ഒരാൾ ആർഎസ്‌എസ് പ്രവർത്തകനാണെന്ന് അറിഞ്ഞിട്ടും കോൺഗ്രസും അക്കാര്യം പറയുന്നില്ല.
നിയമവഴിയുടെ ചരിത്രത്തിലില്ലാത്ത അത്യപൂർവ കാഴ്‌ചയാണ് വാളയാർ കേസിലുണ്ടായത്. കോടതി വെറുതെവിട്ട പ്രതികളെ ദിവസങ്ങൾക്കകം അറസ്‌റ്റ് ചെയ്യുക, അന്വേഷണത്തിലും പ്രോസിക്യൂഷനിലും വന്ന വീഴ്‌ച അന്വേഷിക്കാൻ ജുഡീഷ്യൽ കമീഷനെ നിയോഗിക്കുക, ശരവേഗത്തിൽ ഹൈക്കോടതിയിൽ പുനർവിചാരണ നടക്കുക ഇതെല്ലാം സംസ്ഥാന സർക്കാരിന്റെ ഇടപെടല്‍കൊണ്ടാണ് സാധ്യമായത്. കുട്ടികളുടെ മരണം നടന്നപ്പോൾ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വീട് സന്ദർശിച്ച് അമ്മയ്‌ക്ക് പിന്തുണ അറിയിച്ചു. മന്ത്രി എ കെ ബാലൻ രക്ഷിതാക്കൾക്ക് എല്ലാ സഹായവും ഉറപ്പുനൽകി. ഇളയ ആൺകുട്ടിയെ പ്രീമെട്രിക് ഹോസ്‌റ്റലിലാക്കി. കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ അനുവദിച്ച് വീടുനിർമാണം പൂർത്തിയാക്കി. ഏത് അന്വേഷണത്തിനും സർക്കാർ തയ്യാറാണെന്ന ഉറപ്പും നൽകി. അമ്മയുടെ ആവശ്യമാണ് പുനർവിചാരണ. അതാണ് നവംബർ ഒമ്പതിന് ഹൈക്കോടതിയിൽ തുടങ്ങുന്നത്. അന്വേഷണവീഴ്‌ച അന്ന് ചൂണ്ടിക്കാട്ടിയില്ല. ഇപ്പോൾ ആവശ്യമുയർത്തുന്നത് ദുരുദ്ദേശമാണെന്ന് പകൽപോലെ വ്യക്തം.
വേണു കെ ആലത്തൂർ
No comments:
Post a Comment