Monday, October 26, 2020

ഷാജിക്ക്‌ 2 പാൻ കാർഡ് ; ഒന്നിൽ കൂടുതൽ പാൻ കാർഡ്‌ ഉപയോഗിക്കുന്നത്‌ ഗുരുതര കുറ്റകൃത്യം

 വരവിൽക്കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചതിന്‌ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിടുന്ന മുസ്ലിംലീഗ്‌ എംഎൽഎ കെ എം ഷാജി‌ രണ്ട്‌‌ പാൻ (പെർമനന്റ്‌ അക്കൗണ്ട്‌ നമ്പർ) കാർഡ് ഉപയോഗിക്കുന്നതായി രേഖ. നിയമസഭാ തെരഞ്ഞെടുപ്പിൽ‌ രണ്ട്‌ തവണ സ്ഥാനാർഥിയായപ്പോൾ‌ ‌നൽകിയ നാമനിർദേശപത്രികകളിൽ‌ രേഖപ്പെടുത്തിയത്‌ രണ്ട്‌ വ്യത്യസ്‌ത പാൻ കാർഡ്‌ നമ്പറുകൾ. ‌ ആദായനികുതി‌ നിയമപ്രകാരം ഒരാൾ ഒന്നിൽക്കൂടുതൽ പാൻ കാർഡ്‌ ഉപയോഗിക്കുന്നത്‌ ഗുരുതര കുറ്റകൃത്യമാണ്‌.

അഴീക്കോട്‌ മണ്ഡലത്തിൽനിന്ന്‌ 2011ൽ മത്സരിച്ചപ്പോൾ സമർപ്പിച്ച പത്രികയിൽ എപിക്യുപികെ 1630എം എന്ന പാൻ നമ്പരാണ്‌ ചേർത്തത്‌. 2008–-2009 വർഷം 1,25,070 രൂപ ആദായനികുതി അടച്ചതായും രേഖപ്പെടുത്തി‌. 2016ൽ വീണ്ടും സ്ഥാനാർഥിയായപ്പോൾ സമർപ്പിച്ച പത്രികയിൽ ഇഡിഡബ്ല്യുപികെ  6273എ എന്നതാണ്‌ പാൻ നമ്പർ. 2015–-16 വർഷം 2,24,870രൂപ ആദായനികുതി അടച്ചെന്നും വ്യക്തമാക്കുന്നു.  പത്രികകളിൽ തെറ്റായ വിവരം ചേർക്കുന്നത്‌ അയോഗ്യത ഉൾപ്പെടെയുള്ള നടപടികൾക്ക്‌ കാരണമാകുന്ന കുറ്റമാണ്.

വർഗീയപ്രചാരണം നടത്തിയെന്ന കേസിൽ 2018ൽ കെ എം ഷാജിയുടെ തെരഞ്ഞെടുപ്പ്‌ നേരത്തെ ഹൈക്കോടതി റദ്ദാക്കി. വിധിക്ക്‌ സുപ്രീംകോടതിയിൽനിന്ന്‌ സ്‌റ്റേ സമ്പാദിച്ചെങ്കിലും എംഎൽഎക്കുള്ള അവകാശങ്ങൾ ഒന്നുമില്ലാത്ത നിയമസഭാംഗമാണിപ്പോൾ‌ ഷാജി. രണ്ടുതവണയും പത്രികയോടൊപ്പം സമർപ്പിച്ച സ്വത്തുവിവര സത്യവാങ്മൂലത്തിൽ കള്ളക്കണക്കാണ്‌ ചേർത്തതെന്ന് വിവരം നേരത്തെ പുറത്തുവന്നിരുന്നു.

പാന്‍ കാര്‍ഡ് പ്രധാനം

ഒരാളുടെ സാമ്പത്തിക ഇടപാട്‌ വിവരങ്ങളാകെ അറിയാനുള്ളതാണ്‌‌ പത്തക്ക ആൽഫാ ന്യൂമറിക്‌ നമ്പരുള്ള പാൻ കാർഡ്.‌ ഒരാൾക്ക്‌ ഒന്നുമാത്രമേ പാടുള്ളൂ എന്ന്‌ ആദായനികുതിനിയമം 139 എ വകുപ്പ്‌ വ്യവസ്ഥ ചെയ്യുന്നു. കാർഡ്‌ നഷ്ടമായാൽ അതേ നമ്പരുള്ള ഡ്യൂപ്ലിക്കേറ്റ്‌ മാത്രമേ ഉപയോഗിക്കാനാകൂ. രണ്ട്‌ വ്യത്യസ്‌ത നമ്പരുള്ള കാർഡ്‌ ലഭിച്ചാൽ ഒന്ന്‌ സറണ്ടർ ചെയ്യണമെന്നാണ്‌ വ്യവസ്ഥ. അല്ലാത്തപക്ഷം ആദായനികുതി നിയമത്തിലെ 272 ബി വകുപ്പുപ്രകാരം 10,000 രൂപ പിഴയൊടുക്കണം. നികുതിവെട്ടിപ്പ്‌ പോലുള്ള കുറ്റങ്ങൾക്ക്‌ നടപടിയുമെടുക്കാം

എം എസ്‌ അശോകൻ 

ദേശാഭിമാനി

No comments:

Post a Comment