Friday, October 23, 2020

ചൂഷണംതടയൽ നിയമത്തെ എതിർക്കുന്നതെന്തിന്‌ - ഫിഷറീസ്‌മന്ത്രി ജെ മെഴ്‌സിക്കുട്ടി അമ്മ എഴുതുന്നു

 മത്സ്യബന്ധനമേഖലയിൽ നിലനിൽക്കുന്ന ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കുന്നതിനും ആദ്യ വിൽപ്പനാവകാശം മത്സ്യത്തൊഴിലാളികൾക്ക് ഉറപ്പുവരുത്തുകയുമാണ് ‘മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും’ ഓർഡിനൻസിന്റെ മുഖ്യലക്ഷ്യം. തൊഴിലാളി പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന്റെ വില നിശ്ചയിക്കുന്നത് ലേലക്കാർ, തരകൻമാർ, കമീഷൻ ഏജന്റുമാർ എന്നിവരുടെ നേതൃത്വത്തിൽ ഓരോ മത്സ്യബന്ധന ഹാർബറുകളിലും കരയ്ക്കടുപ്പിക്കൽ കേന്ദ്രങ്ങളിലും നടക്കുന്ന ലേലം മുഖേനയാണ്.

മത്സ്യം പിടിച്ചുകൊണ്ടുവരുന്ന തൊഴിലാളികൾക്കോ മത്സ്യബന്ധന യാന ഉടമകൾക്കോ ഇതിൽ ഒരുവിധ സ്വാധീനമോ നിയന്ത്രണമോ ചെലുത്താനാകില്ല.  ലേലക്കാരും കമീഷൻ ഏജന്റുമാരും ഒത്തുകളിച്ച് ഒരേ മത്സ്യത്തിന് ദിവസത്തിന്റെ തുടക്കത്തിൽ ലഭിക്കുന്ന വില പിന്നീടുള്ള സമയങ്ങളിൽ കിട്ടാതാക്കുന്നു.

തങ്ങൾക്ക് മൂലധനപങ്കാളിത്തമോ തങ്ങൾ വായ്പനൽകിയതോ ആയ യാനങ്ങളിലെ മത്സ്യത്തിന് മികച്ച വിലയും അല്ലാത്തവർക്ക് കുറഞ്ഞ വിലയും ലഭിക്കുന്ന തരത്തിലുള്ള അധാർമിക ഇടപെടലുകളും ഇവർ നടത്തുക പതിവാണ്.  മത്സ്യബന്ധന യാന ഉടമകൾനിന്നും മത്സ്യത്തൊഴിലാളികളിൽനിന്നും ലേലക്കാർ, തരകൻമാർ, കമീഷൻ ഏജന്റുമാർ തുടങ്ങിയ ഇടനിലക്കാർ ലേല കമീഷൻ ഇനത്തിൽ ഈടാക്കുന്നത് അഞ്ചുശതമാനം മുതൽ 15 ശതമാനം വരെയുള്ള തുകയാണ്. ഇതിനുപുറമെ മൊത്തക്കച്ചവടക്കാരും കമീഷൻ ഏജന്റുമാരും ചേർന്ന് ലേലക്കിഴിവ് എന്ന പേരിൽ ഈടാക്കുന്ന മറ്റൊരു 15 ശതമാനംവരെയുള്ള തുക, 22 കിലോ വീതം തൂക്കമുള്ള 12 കൊട്ട–-ക്രേറ്റ് മത്സ്യം ലേലം ചെയ്യുമ്പോൾ 10 കൊട്ട–-ക്രേറ്റ് മത്സ്യത്തിന്റെമാത്രം വില നൽകുന്ന രീതി, ക്രേറ്റ്–-കൊട്ടയിൽ കൂനകൂട്ടി മത്സ്യം നിറയ്ക്കുകയും കൂന വടിച്ചെടുത്ത് കിട്ടുന്ന മത്സ്യത്തിൽ അതിൽനിന്ന്‌ ലഭിക്കുന്ന വരുമാനം തുടങ്ങിയ നിരവധി തരത്തിലുള്ള ചൂഷണമാണ് ഈ നിയമംവഴി ഇല്ലാതാക്കാൻ   ഉദ്ദേശിച്ചിട്ടുള്ളത്.

തൊഴിലാളിക്ക്‌ കൂടുതൽ വരുമാനം

ഇനിമുതൽ ലേല കമീഷനായി പരമാവധി അഞ്ച്‌ ശതമാനം തുക മാത്രമേ ഈടാക്കാനാവൂ.  സർക്കാർ നിശ്ചയിക്കുന്നതിൽ കൂടുതൽ തുക എന്തിന്റെ പേരിൽ ഈടാക്കിയാലും ക്രിമിനൽ കുറ്റമാണ്.  ലേലക്കാർ–-തരകക്കാർ–-കമീഷൻ ഏജന്റുമാർ മുതലായവർ അത് നേരിടേണ്ടി വരും. ‘കുഞ്ഞുകാശ് ’, ലേലക്കിഴിവ്, ലേല കമീഷനുപുറമെ യാനങ്ങളിലുള്ള മൂലധനപങ്കാളിത്തത്തിന്റെയോ യാനഉടമകൾക്ക് നൽകുന്ന വായ്പയുടെയോ പേരിൽ ഈടാക്കുന്ന പ്രത്യേക കമീഷൻ മുതലായ ഒരുവിധ തുകയും  തൊഴിലാളികളിൽനിന്ന് ഈടാക്കാനാകില്ല. മത്സ്യബന്ധന യാനഉടമയ്ക്ക് അവർ പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന്റെ വിപണിവിലയുടെ 50 ശതമാനം താഴെ മാത്രമേ ഇന്നത്തെ ലേല സംവിധാനത്തിൽ ലഭിക്കുന്നുള്ളൂവെങ്കിൽ, തൊഴിലാളികളിൽ എത്തുമ്പോഴേക്കും അത് 30 ശതമാനം താഴെയായി മാറുന്നു.  ഫലത്തിൽ മത്സ്യത്തിന്റെ വിപണിവിലയുടെ 70 ശതമാനം നിലവിൽ തൊഴിലാളികൾക്കല്ലാതെ മറ്റ്‌ വിവിധ തട്ടുകളിലായി വിഭജിക്കപ്പെടുന്നു.   ഇതെല്ലാം ഇല്ലാതാക്കാനാണ് ഈ നിയമം.  ഇത്തരം ചോർച്ച കുറച്ച് തൊഴിലാളിക്ക്‌ കൂടുതൽ വരുമാനം ഉറപ്പുവരുത്താനാണ് ഈ നിയമം ഉപകരിക്കുക.

തങ്ങൾ നിശ്ചയിക്കുന്നവിധം കാര്യങ്ങൾ ഓരോ മത്സ്യബന്ധന തുറമുഖം–-കരയ്ക്കടുപ്പിക്കൽ കേന്ദ്രത്തിലും നടത്തിവരുന്ന ലേലക്കാരെ നിയമസംവിധാനത്തിന്റെ കീഴിൽ കൊണ്ടുവന്ന്  നിയന്ത്രിക്കുകയും  അവർ നടത്തിവരുന്ന  കടുത്ത ഇടനിലചൂഷണം ഈ നിയമത്തിലൂടെ അവസാനിപ്പിക്കുകയും ചെയ്യുന്നു. പരമാവധി ലേല കമീഷൻ തുകയായി നിയമത്തിൽ പറഞ്ഞിരിക്കുന്ന അഞ്ച്‌ ശതമാനം എന്നതിൽ ലേലക്കാരന് ഒരു ശതമാനം തുകയ്ക്കേ അർഹതയുള്ളൂ. മത്സ്യഫെഡ് സംഘങ്ങൾ നടത്തുന്ന ലേലമാണെങ്കിൽ മാത്രമേ ലേലക്കാരന് നൽകുന്ന തുകയ്ക്ക് പുറമെ മത്സ്യഫെഡ് സഹകരണ സംഘത്തിന് ലേലവിഹിതം ലഭിക്കുകയുള്ളൂ.  ഹാർബർ മാനേജ്മെന്റ് സൊസൈറ്റി/ലാൻഡിങ്‌ സെന്റർ മാനേജ്മെന്റ് സൊസൈറ്റികൾക്ക് ലേലവിഹിതം നിശ്ചയിക്കുന്നത് അവിടത്തെ അടിസ്ഥാനസൗകര്യ വികസനത്തിനാണ്‌. മുനമ്പം ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയുടെ മാതൃകയാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്.

മാത്രമല്ല, ഈ വിഹിതത്തിൽനിന്ന്‌  ഒരു നിശ്ചിത ഭാഗം തൊഴിലാളിക്കുതന്നെ ഉത്സവകാല ബോണസായും പ്രകൃതിക്ഷോഭംമൂലം തൊഴിലില്ലാത്ത സമയത്ത് ബത്തയായും തിരികെ നൽകാൻ വ്യവസ്ഥ ചെയ്യുന്നുണ്ട്.  മത്സ്യബന്ധന ഹാർബറുകളിലും കരയ്ക്കടുപ്പിക്കൽ കേന്ദ്രങ്ങളിലും രൂപീകരിക്കുന്ന സൊസൈറ്റികളിൽ അവിടെ പ്രവർത്തിക്കുന്ന തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾക്കാണ് പങ്കാളിത്തം നൽകുന്നത്. തൊഴിലാളി സംഘടനകൾ നൽകുന്ന പ്രതിനിധികളെ മാത്രമേ സർക്കാർ നോമിനേറ്റ് ചെയ്യുകയുള്ളൂ.  25 മത്സ്യബന്ധന ഹാർബറിൽ  19 മത്സ്യബന്ധന ഹാർബറിലും ഇതിനകം രൂപീകരിച്ച ഹാർബർ മാനേജ്മെന്റ് സൊസൈറ്റികളിൽ അവിടത്തെ തൊഴിലാളി സംഘടനകൾ നൽകിയ പ്രതിനിധികളെ മാത്രമാണ് ഉൾപ്പെടുത്തിയത്.  സർക്കാരിന്റെ ഇഷ്ടക്കാരെ തിരികിക്കയറ്റുന്നതിനാണ് ഇത്തരം സൊസൈറ്റികൾ രൂപീകരിക്കുന്നത് എന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്.  ഇത് ഉന്നയിക്കുന്നവർ സ്വന്തം തൊഴിലാളി സംഘടനാ നേതാക്കളോട് ചോദിച്ചാൽ  കാര്യങ്ങൾ വ്യക്തമാകും. മത്സ്യത്തിന്റെ ഉറവിടം, പിടിച്ചെടുക്കുന്ന മാർഗം എന്നിവ വെളിപ്പെടുത്തൽ വിദേശരാജ്യങ്ങളിലേക്ക്‌ മത്സ്യം കയറ്റുമതി നടത്തുന്നതിൽ ഒരു നിബന്ധനയായി വയ്ക്കാറുണ്ട്. അതിനുള്ള വ്യവസ്ഥാപിത സംവിധാനമാണ് ഈ നിയമത്തിലൂടെ ഉണ്ടാക്കുന്നത്. ഇത് കയറ്റുമതി പ്രോത്സാഹനത്തിന് ആവശ്യമാണ്. ജിപിഎസ്‌ സൗകര്യമുള്ള  ആഴക്കടൽ യാനങ്ങൾക്ക് ഇത് ലഭ്യമാക്കാനാകും.  മത്സ്യമേഖല വളരെയേറെ    ആധുനികവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലയളവിൽ മത്സ്യത്തൊഴിലാളികൾക്കും/യാന ഉടമകൾക്കും ഇത്തരം വിവരങ്ങൾ നൽകാനാകുമെന്ന യാഥാർഥ്യം തിരിച്ചറിയണം.

ചരിത്രപരമായ നിയമനിർമാണം

മത്സ്യമേഖലയിൽ നടപ്പാക്കുന്ന ചരിത്രപരമായ ഈ നിയമനിർമാണം പതിറ്റാണ്ടുകളായി ചൂഷണം നടത്തിക്കൊണ്ടിരിക്കുന്ന നിക്ഷിപ്ത താൽപ്പര്യക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നതാണ് വസ്തുത.  മാത്രമല്ല, മത്സ്യത്തൊഴിലാളികൾക്ക് ന്യായവിലകിട്ടുകയും പതിറ്റാണ്ടുകളായി പലതരത്തിൽ നടപ്പാക്കിക്കൊണ്ടിരുന്ന ചൂഷണം ഈ നിയമം പ്രാബല്യത്തിൽ വന്നതോടുകൂടി അവസാനിക്കുകയുമാണ്. 

തൊഴിലാളികൾക്ക് ഗുണകരവും കയറ്റുമതിക്കാർക്ക് ഗുണനിലവാരവും ഉറപ്പാക്കുന്ന ഈ നിയമനിർമാണത്തിനെതിരെ തികച്ചും അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളുമായി രംഗത്ത് വരുന്നവരുടെ യാഥാർഥ ലക്ഷ്യം എന്തെന്ന് തൊഴിലാളികൾ തിരിച്ചറിയുകതന്നെ ചെയ്യും. 

ഇടനിലക്കാരുടെ ചൂഷണം നിയന്ത്രിക്കാൻ കൊണ്ടുവരുന്ന ഈ നിയമത്തെക്കുറിച്ച് മത്സ്യമേഖലയിലുള്ള തൊഴിലാളി സംഘടനകൾ, യാനം ഉടമ പ്രതിനിധികൾ, മത്സ്യക്കച്ചവടക്കാരുടെ പ്രതിനിധികൾ എന്നിവർക്ക്  പങ്കെടുക്കാൻ അവസരം നൽകിക്കൊണ്ട്‌, കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി നടത്തിയ  മൂന്ന് മേഖലാതല ചർച്ചയും  അതിലെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ഒരു സംസ്ഥാനതല ശിൽപ്പശാലയും നടത്തിയശേഷമാണ് നിയമം അന്തിമരൂപത്തിലാക്കിയത്. 2018ൽ നിയമസഭ ഇത് ബിൽ രൂപത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ നിയമം നടപ്പാക്കുന്നതുമൂലം ആരോപിക്കുന്നതുപോലുള്ള ഒരുവിധ ആശങ്കകളും മത്സ്യത്തൊഴിലാളികൾക്ക് ഉണ്ടാകേണ്ടതില്ല. സർക്കാർ സുതാര്യമായാണ് ഈ നിയമനിർമാണം നടത്തിയത്.

ജെ മെഴ്‌സിക്കുട്ടി അമ്മ

No comments:

Post a Comment