Tuesday, October 27, 2020

ബിജെപി ഓഫീസില്‍നിന്ന് കുമ്മനത്തെ ഇറക്കിവിട്ടത് സുരേന്ദ്രനെന്ന് വെളിപ്പെടുത്തല്‍

 ഗവര്‍ണര്‍ പദവി രാജിവച്ച് തിരിച്ചെത്തിയശേഷം ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ താമസിച്ച കുമ്മനം രാജശേഖരനെ മുറി ഒഴിപ്പിച്ച് ഇറക്കിവിട്ടത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണെന്ന് വെളിപ്പെടുത്തല്‍.  കുമ്മനം രാജശേഖരനെ രാഷ്ട്രീയമായി ഒതുക്കാനാണ് പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണസമിതി അംഗമാക്കിയതെന്ന് ആരോപിച്ച് മുന്‍ ബിജെപി നേതാവും  ആര്‍എസ്എസുകാരനുമായ ആര്‍ എസ് വിനോദ് രംഗത്തെത്തി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കുമ്മനത്തെ ഇറക്കിവിട്ടതാണെന്നും പിന്നില്‍ നിലവിലെ സംസ്ഥാന അധ്യക്ഷനുമാണെന്ന പരാമര്‍ശമുള്ളത്.   

കുമ്മനത്തിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് കുത്തിപ്പൊക്കിയതും പാര്‍ടിയിലെ ഒരു വിഭാഗമാണെന്നും ബിജെപി സഹകരണ സെല്‍ മുന്‍ കണ്‍വീനര്‍ കൂടിയായ ആര്‍എസ് വിനോദ് ആരോപിക്കുന്നു. 'നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം വിശപ്പുമകറ്റാം മുടിയും മിനുക്കാം ,  രാജേട്ടന്‍ ഇനി മിണ്ടില്ല... എന്നിങ്ങനെയാണ്  വിനോദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

 കുമ്മനം വേട്ടയാടപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി.   അരിയാഹാരം കഴിക്കുന്നവര്‍ മനസ്സിലാക്കട്ടെ . ജില്ലാ മജിസ്‌ട്രേറ്റ് അദ്ധ്യക്ഷനായ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതിയില്‍ കുമ്മനത്തെ ഉള്‍പ്പെടുത്തിയതോടു കൂടി അദ്ദേഹത്തെ എന്നേക്കുമായി വായടപ്പിച്ചു. ഇനി കുമ്മനം രാഷ്രീയം പറയില്ല. ഒരു വെടിക്ക് രണ്ട് പക്ഷി.ഗവര്‍ണര്‍ പദവി കൊടുത്ത് നാടുകടത്താന്‍ ശ്രമിച്ച ക്ഷുദ്രശക്തികള്‍ തന്നെയാണ്  പത്മനാഭസ്വാമിക്ഷേത്രത്തില്‍ കുമ്മനത്തെ  നിയോഗിച്ചതിനു പിന്നിലെന്നും വിനോദ് ആരോപിച്ചു.  

ആര്‍എസ്എസ് നിര്‍ദേശപ്രകാരം ഗവര്‍ണര്‍ പദവി ഉപേക്ഷിച്ച് വന്ന ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിച്ച്  തോല്‍പിച്ചു നാണം കെടുത്തിയിട്ടും അദ്ദേഹത്തിന് സംസ്ഥാന കാര്യാലയത്തില്‍ ഒരു മുറി ഉണ്ടായിരുന്നു. ആ മുറിയില്‍ നിന്നും പുറത്താക്കിയത് മാടമ്പി അധ്യക്ഷനാണ്. സംസ്ഥാന  ഓഫീസില്‍നിന്നും ആട്ടി ഇറക്കപ്പെട്ട കുമ്മനം നേരെ പോയത്  ആറന്മുളയിലെ ശബരി ബാലാശ്രമത്തിലേക്കാണെന്നും വിനോദ് ഫേസ്ബുക്ക് പോസ്റ്റില്‍  വെളിപ്പെടുത്തി.

deshabhimani

No comments:

Post a Comment