കേരളത്തിലെ ഇടതു വിരുദ്ധ രാഷ്ട്രീയത്തിന്റെ ഗതികേടാണ് ഇന്നലെ ചാനലുകളില്‍ കണ്ടതെന്ന് പുരോഗമന കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍. എല്‍ഡിഎഫ് സര്‍ക്കാരിനും മന്ത്രി കെ.ടി.ജലീലിനും എതിരായി ഇതുവരെ നടത്തിയ നീക്കങ്ങള്‍ ഒന്നും ഫലപ്രദമായില്ല എന്നായപ്പോള്‍, അവര്‍ ഒരു പക്ക ക്രിമിനലിനെ ആദരിച്ച് കൊണ്ടുവന്ന് പാനലില്‍ ഇരുത്തി.
തന്റെ ജീര്‍ണ്ണ മനസ്സ് ലോകത്തിന്റെ മുന്നില്‍ തുറക്കാന്‍ അവസരം കൊടുത്തു. ഇടതുപക്ഷ വക്താക്കളുടെ സജീവമായ ഇടപെടലിന്റെ മുന്നില്‍ നീക്കം പാളി എന്നു മാത്രം.കേരളരാഷ്ട്രീയത്തില്‍ രൂപപ്പെട്ടു വരുന്ന ഒരു സവിശേഷ മുന്നണിയെ ഈ സംഗതി സൂചിപ്പിക്കുന്നു. ഇടതുപക്ഷത്തിന് ഇത്തവണ തുടര്‍ഭരണം ലഭിക്കും എന്ന സൂചനയില്‍ വലതുപക്ഷം ഒന്നാകെ അസ്വസ്ഥരാണ്. അതു സാദ്ധ്യമാകാതിരിക്കുന്നതിനു വേണ്ടി ഒരു അപായക്കളിക്ക് അവര്‍ തയ്യാറെടുക്കുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആര്‍.എസ്.എസ്. കാര്യാലയസന്ദര്‍ശനവും യു.ഡി.എഫ്. കണ്‍വീനര്‍ ജമായത്തെ ഇസ്ലാമി ചീഫിനെ ചെന്നു കണ്ടതും ഇതിന്റെ കൃത്യമായ സൂചനകളാണ്. ഇതു സംബന്ധിച്ച് വെല്‍ഫയര്‍ പാര്‍ട്ടിയുടെ തുറന്നു പറച്ചില്‍ മഞ്ഞുമലയുടെ ഒരറ്റത്തെ മാത്രമാണ് കാണിക്കുന്നത്.
അന്യോന്യം മതവിദ്വേഷം പ്രചരിപ്പിച്ചു കൊണ്ടാണ് ആര്‍.എസ്.എസും ജമായത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ. കക്ഷികളും തങ്ങളിലേക്ക് ആളെ കൂട്ടുന്നതും നിലനില്‍ക്കുന്നതും. യു.ഡി.എഫിന്റെ കുടക്കീഴില്‍ ഇവരെങ്ങനെ ഒന്നിച്ചു നില്‍ക്കും എന്ന് ശുദ്ധാത്മാക്കള്‍ സംശയിക്കുന്നുണ്ടാവാം. അവിടെയാണ് ഇങ്ങനെ ഒരു മുന്നണിയുടെ നിര്‍മ്മിതിയില്‍ മറഞ്ഞുനിന്ന് പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന ഒരു അസാമാന്യ ശക്തിയുണ്ടെന്ന് നാം തിരിച്ചറിയേണ്ടത്. അവരുടെ ദൗത്യമാണ് വലതു ചാനലുകളിലൂടെ നാം കാണുന്നത്.
ഇടതുപക്ഷത്തെ എതിര്‍ക്കുന്നു എന്ന ഒറ്റ ന്യായത്തിന്മേല്‍ പരസ്പരം കടിച്ചുകീറുന്ന ശക്തികളെ ഒന്നിപ്പിക്കാനും ഒരു മുന്നണിയില്‍ത്തന്നെ നിലനിറുത്താനുമുള്ള കഴിവ് കോര്‍പ്പറേറ്റ് മൂലധനത്തിനും അവരുടെ സാംസ്‌കാരിക ജിഹ്വകള്‍ക്കും ഉണ്ട്. കേരളത്തിലെ വലതുപക്ഷത്തെ ഒന്നിപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമം അവര്‍ തുടങ്ങിയിട്ട് കുറേ കാലങ്ങളായി. ഗെയിന്‍ പൈപ്പ് ലൈന്‍, നാഷണല്‍ ഹൈവേ വികസനം എന്നിവക്കെതിരെ ഇവിടെ നടന്ന കുത്തിത്തിരിപ്പു സമരങ്ങള്‍ അത്തരമൊരു നീക്കത്തിന്റെ ആമുഖം മാത്രമായിരുന്നു.
തളിപ്പറമ്പിലെ കീഴാറ്റൂരില്‍ അന്നു നാം കണ്ട മായാമഴവില്‍ സഖ്യം കേരളത്തിലെ ഇടതുവിരുദ്ധ രാഷ്ട്രീയ മുന്നണിയായി രൂപപ്പെട്ടുവരുന്നു. അതിന്റെ ആവിഷ്‌ക്കാരക്കാഴ്ച നടക്കാന്‍ പോകുന്ന രണ്ടു തെരഞ്ഞെടുപ്പുകളില്‍ നാം കാണും. ഇത് എത്രകണ്ട് ഫലവത്താകും എന്നു പറയാനാവില്ല. ഫലിച്ചാലും ഫലിച്ചില്ലെങ്കിലും അതു കേരളത്തിനുണ്ടാക്കുന്ന ആഘാതം പ്രവചനാതീതമായിരിക്കുമെന്നും അശോകന്‍ ചരുവില്‍ വ്യക്തമാക്കി
No comments:
Post a Comment