കശ്‌മീരിൽ ‘ഗുപ്‌കാർ’സഖ്യം ; തരിഗാമി കൺവീനർ
ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവിയും അവകാശങ്ങളും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യധാരാരാഷ്ട്രീയ പാർടികൾ രൂപീകരിച്ച ‘പീപ്പിൾസ് അലയൻസ് ഫോർ ഗുപ്‌കാർ ഡിക്ലറേഷൻ’ (പിഎജിഡി) കൺവീനറായി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമിയെ തെരഞ്ഞെടുത്തു. മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂബ് അബ്‌ദുള്ളയാണ് ചെയർമാൻ.
പിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹ്‌ബൂബ മുഫ്‌തി വൈസ് ചെയർപേഴ്‌സൺ. പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോണാണ് വക്താവ്. ശനിയാഴ്‌ച മെഹ്‌ബൂബയുടെ വസതിയിൽ ചേർന്ന യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. രണ്ടാഴ്‌ചയ്‌ക്കുശേഷം വീണ്ടും യോഗം ചേരും. നവംബർ 17ന് ശ്രീനഗറിൽ പ്രത്യേക കൺവൻഷൻ സംഘടിപ്പിക്കും. ഒരുവർഷത്തെ സാഹചര്യങ്ങൾ വിശദമാക്കി ധവളപത്രം ഇറക്കും.
നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്‌ദുള്ള 15നാണ് പിഎജിഡി പ്രഖ്യാപിച്ചത്. നാഷണൽ കോൺഫറൻസ്, പിഡിപി, സിപിഐ എം, ജമ്മു കശ്‌മീർ പീപ്പിൾസ് കോൺഫറൻസ്, പീപ്പിൾസ് മൂവ്‌മെന്റ്, അവാമി നാഷണൽ കോൺഫറൻസ് പാർടികളാണ് സഖ്യത്തിലുള്ളത്. തെരഞ്ഞെടുപ്പ് സാധ്യത മുന്നിൽക്കണ്ട് കോൺഗ്രസ് സഖ്യത്തോട് അകലം പാലിക്കുന്നു.
മോഡിസർക്കാർ 2019 ആഗസ്‌ത് അഞ്ചിനാണ് 370–-ാം അനുച്ഛേദം പിൻവലിച്ചത്. ആഗസ്‌ത് നാലിന് ഫാറൂഖ്‌അബ്‌ദുള്ളയുടെ ഗുപ്‌കാർ റോഡ് വസതിയിൽ ചേർന്ന പാർടികളുടെ യോഗം ജമ്മു കശ്‌മീരിന്റെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഒന്നാം ഗുപ്‌കാർ പ്രഖ്യാപനം. ഇതിന്റെ തുടർച്ചയാണ് പുതിയ പ്രഖ്യാപനം. പിഎജിഡി രാജ്യവിരുദ്ധമാണെന്ന് ചിത്രീകരിക്കാനാണ് ബിജെപിയുടെ നീക്കമെന്ന് യോഗശേഷം ഫാറൂഖ്‌അബ്‌ദുള്ള പ്രതികരിച്ചു.
പിഎജിഡി രാജ്യത്തിന് എതിരല്ല. ജമ്മു കശ്‌മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ അവകാശങ്ങൾ വീണ്ടെടുക്കുകയാണ് ലക്ഷ്യം.
"ഭരണഘടന സംരക്ഷിക്കുന്നത് എങ്ങനെ രാജ്യദ്രോഹമാകും' ;പോരാട്ടം ബിജെപിക്കെതിരെ: തരിഗാമി
ന്യൂഡൽഹി > ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം എന്നുമുതലാണ് രാജ്യദ്രോഹമായതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി. ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് മുഖ്യധാരാ രാഷ്ട്രീയപാർടികൾ രൂപീകരിച്ച ‘പീപ്പിൾ അലയൻസ് ഫോർ ഗുപ്‌കാർ ഡിക്ലറേഷൻ ’ (പിഎജിഡി) ദേശവിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു പിഎജിഡി കൺവീനർകൂടിയായ തരിഗാമി. വസ്‌തുതകൾ വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കൽ ബിജെപിയുടെ സ്ഥിരം അടവാണെന്നും തരിഗാമി ദേശാഭിമാനിയോട് പറഞ്ഞു.
രാജ്യസ്‌നേഹത്തിന്റെ കുത്തകാവകാശം ആരാണ് ബിജെപിക്ക് നൽകിയത്? ജമ്മു കശ്‌മീരിന് ഭരണഘടന അനുവദിച്ചിരുന്ന അവകാശങ്ങൾ കേന്ദ്രസർക്കാർ ഏകപക്ഷീയമായി റദ്ദാക്കി. അതിനെതിരെ പ്രതിഷേധിക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. ഇത് ഞങ്ങളുടെ രാജ്യമാണ്.
ഭരണഘടനയ്‌ക്ക് എതിരായ കടന്നാക്രമണം പ്രതിരോധിക്കാനാണ് ജമ്മു കശ്‌മീരിലെ പാർടികൾ ജനകീയസഖ്യം രൂപീകരിച്ചിട്ടുള്ളത്. അത് രാജ്യദ്രോഹമാണോ എന്ന് ജനങ്ങളാണ് വിലയിരുത്തേണ്ടത്. നീണ്ട കൂടിയാലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ് കോൺസ്‌റ്റിറ്റ്യുവെന്റ് അസംബ്ലി 370–-ാം അനുച്ഛേദം അംഗീകരിച്ചത്. നെഹ്‌റു അമേരിക്ക സന്ദർശിക്കുന്ന സമയമായതിനാൽ സർദാർ പട്ടേലിന്റെ മേൽനോട്ടത്തിലാണ് ഇതെല്ലാം നടന്നത്. ഈ വസ്‌തുതകൾ തമസ്‌കരിച്ചാണ് ബിജെപി 370–-ാം അനുച്ഛേദം റദ്ദാക്കിയത്. പിന്നീട് ജമ്മു കശ്‌മീർ തുറന്ന ജയിലായി. ഞങ്ങളുടെ പോരാട്ടം ബിജെപിക്ക് എതിരെ ആണെന്ന് തിരിച്ചറിയണം. കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ പിന്തുണ ഉണ്ടാകണമെന്നും തരിഗാമി പറഞ്ഞു.
എം അഖിൽ
No comments:
Post a Comment