Wednesday, October 28, 2020

ഷാജി വീട്‌ കെട്ടിയത്‌ ‘വെറും’ 1.62 കോടിക്ക്‌ ; കോഴിക്കോട്‌ കോർപറേഷൻ റിപ്പോർട്ട്‌ കൈമാറി

 മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎയുടെ  ആഡംബര വീടിന്റെ നിർമാണച്ചെലവ്‌ 1.62 കോടി രൂപയെന്ന്‌ കോഴിക്കോട്‌ കോർപറേഷൻ. എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്‌ കൈമാറിയ റിപ്പോർട്ടിലാണ്‌ വില നിർണയിച്ചത്‌‌. വീട്ടിലെ ഫർണിച്ചറടക്കമുള്ളവയുടെ‌ മതിപ്പ്‌ കണക്കാക്കാൻ പൊതുമരാമത്ത്‌ വകുപ്പിനേ കഴിയൂവെന്നും റിപ്പോർട്ടിലുണ്ട്‌.

കോഴിക്കോട്ടെയും കണ്ണൂരിലെയും വീടിന്റെ വിശദാംശങ്ങളും രേഖകളും ചൊവ്വാഴ്‌ച തദ്ദേശ സ്ഥാപനങ്ങൾ കൈമാറി.  കോഴിക്കോട് മാലൂർക്കുന്നിൽ ഭാര്യ ആശയുടെ പേരിൽ 3200 ചതുരശ്ര അടി വിസ്‌തീർണത്തിലുള്ള വീട്‌ നിർമിക്കാനാണ്‌ ഷാജി അനുമതി നേടിയത്‌. പരിശോധിച്ചപ്പോൾ 5420 ചതുരശ്ര അടി വിസ്തീർണമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്നാം നില മുഴുവനായും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമായാണ്‌ നിർമിച്ചത്‌.


കണ്ണൂർ ചാലാടുള്ള വീടിന്റെ വിശദാംശങ്ങൾ ചിറക്കൽ പഞ്ചായത്ത് സെക്രട്ടറി ടി പി ഉണ്ണികൃഷ്ണൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറി. 2,325 ചതുരശ്ര അടി വിസ്തീർണമുള്ള വീടിന് 28 ലക്ഷം രൂപ മതിപ്പ് വിലയുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അഴീക്കോട് സഹകരണ ബാങ്ക് പ്രതിനിധികളും അഴീക്കോട്‌ ഹൈസ്കൂൾ പിടിഎ ഭാരവാഹികളും ഇഡി ഉദ്യോഗസ്ഥർക്ക്‌ മുന്നിൽ ഹാജരായി. നവംബർ 10 ന്‌ ഷാജിയെ ഇഡി ചോദ്യംചെയ്യും‌.

വൈദ്യുതിയെത്തിച്ചതും വ്യാജരേഖയിൽ

സുജിത്‌ബേബി

ആഡംബര വീട്ടിലേക്ക‌് കെ എം ഷാജി  വൈദ്യുതി കണക്‌ഷനെടുത്തതിലും അവ്യക്തതയും വൈരുധ്യവും. തെരഞ്ഞെടുപ്പ്‌  സത്യവാങ‌്മൂലത്തിലെ വിവരം സത്യമെങ്കിൽ നിർമാണത്തിലുള്ള വീടിന‌് ഗാർഹിക കണക്‌ഷൻ സംഘടിപ്പിച്ച‌് ഷാജി വൈദ്യുതി വെട്ടിപ്പും നടത്തി. വീടിന‌് ഉടമസ്ഥാവകാശമില്ലാതെയാണ‌് ഷാജി, ഭാര്യയുടെ പേരിൽ ഗാർഹിക കണക്‌ഷൻ തരപ്പെടുത്തിയത‌്.

2016 ഏപ്രിൽ 26ന‌് തെരഞ്ഞെടുപ്പ‌് കമീഷന‌് നൽകിയ സത്യവാങ‌്മൂലത്തിൽ വീട്‌ നിർമാണം പൂർത്തിയായിട്ടില്ലെന്ന‌് പറയുന്നു. എന്നാൽ ഏപ്രിൽ 23ന‌് നിർമാണം പൂർത്തിയായി എന്നവകാശപ്പെട്ട‌്  കണക്‌ഷന്  അപേക്ഷിച്ചു. കെട്ടിട നിർമാണത്തിന‌് കൂടിയ താരിഫില്‍ കെഎസ‌്ഇബി വൈദ്യുതി അനുവദിക്കാറുണ്ട‌്. രണ്ട‌് വർഷത്തേക്കാണിത്‌. പരമാവധി ഒരുവർഷംവരെ നീട്ടി നൽകും. ഇതിനകം നിർമാണം പൂർത്തിയാക്കി ഗാർഹിക കണക്‌ഷനിലേക്ക‌് മാറണം. നിർമാണം പൂർത്തിയായില്ലെങ്കിലും കണക്‌ഷൻ വിച്ഛേദിക്കാൻ ഉപഭോക്താവ‌് ബാധ്യസ്ഥനാണ‌്. നിർമാണാവശ്യത്തിനായി എടുത്ത കണക്‌ഷനാണ‌് ഷാജി ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച്‌ 2016 ഏപ്രിൽ 23ന‌് ഗാർഹിക കണക്‌ഷനാക്കിയത‌്.

13,057 വാട്ട‌്സ‌് കണക്‌റ്റഡ്‌ ലോഡാണ്‌ അപേക്ഷയിൽ പറയുന്നത്‌. കൂറ്റൻ വീടുകൾക്കുപോലും 10,000ത്തിൽ താഴെയേ കണക്‌റ്റഡ്‌ ലോഡ്‌ ഉണ്ടാകൂ.  ജൂൺ ഒന്നിന‌് ഗാർഹിക ആവശ്യത്തിനുള്ള താരിഫ‌് പ്രകാരം വൈദ്യുതി കണക്‌ഷൻ ലഭിച്ചു. സത്യവാങ്‌മൂലത്തിൽ പറയുന്നത‌് പ്രകാരമാണെങ്കിൽ കണക്‌ഷൻ ലഭിക്കാൻ വൈദ്യുതി ബോർഡിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന്‌ വ്യക്തം.

‘പണി’ തന്ന വീട്‌; സത്യവാങ്‌മൂലത്തിൽ പണിതീരാത്ത വീട്‌

വീട്‌ നിർമാണം പൂർത്തിയാക്കിയെന്നും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്‌ വേണമെന്നും ആവശ്യപ്പെട്ട്‌ കോഴിക്കോട്‌ കോർപറേഷനെ സമീപിച്ച കെ എം ഷാജി എംഎൽഎ മൂന്ന്‌ മാസം കഴിഞ്ഞ് തെരഞ്ഞെടുപ്പ്‌ കമീഷന്‌‌ നൽകിയ സത്യവാങ്‌മൂലത്തിൽ പറയുന്നത്‌ വീട്‌ ‘നിർമാണ’ ഘട്ടത്തിലാണെന്ന്.‌

2016 ഫെബ്രുവരി 16നാണ്‌ ഷാജി ഉടമസ്ഥാവകാശത്തിനായി കോർപറേഷനെ സമീപിച്ചത്‌.  അനുവദിച്ചതിലധികം വിസ്‌തൃതിയുള്ളതിനാൽ അപേക്ഷ നിരസിച്ചു.  രണ്ട്‌ മാസം കഴിഞ്ഞ്‌ ഏപ്രിൽ 26നാണ്‌   നാമനിർദേശ പത്രികക്കൊപ്പം സ്വത്ത്‌ വിവരങ്ങളടങ്ങിയ സത്യവാങ്‌മൂലം നൽകിയത്‌. ഇതിലാണ്‌ ഭാര്യയുടെ പേരിൽ വേങ്ങേരിയിലുള്ള വീട്‌ നിർമാണഘട്ടത്തിലാണെന്നും പത്ത്‌ ലക്ഷം രൂപ ചെലവിട്ടെന്നും പറയുന്നത്‌.

No comments:

Post a Comment