Friday, October 30, 2020

പട്ടിക വിഭാഗ സംവരണത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല: മുഖ്യമന്ത്രി

 പട്ടിക വിഭാഗ സംവരണത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ലെന്നും സംവരണവുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിട്ടുള്ള വിവാദങ്ങളില്‍ ചിലര്‍ പട്ടിക വിഭാഗക്കാരെ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി  പിണറായി വിജയന്‍ പറഞ്ഞു. പട്ടിക വിഭാഗം സംഘടനപ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചക്കുള്ള  മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

പട്ടികജാതി പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ സമൂഹത്തിന്റെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ളവരാണ്. അവരെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.  അതിനായി നിരവധി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. അത് ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി  പറഞ്ഞു.

സംസ്ഥാനത്തെ പട്ടിക വിഭാഗം ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ദലിത് ആദിവാസി മഹാസഖ്യം രക്ഷാധികാരി പി.രാമഭദ്രന്റെ അഭ്യര്‍ത്ഥന പ്രകാരം വിളിച്ച ചര്‍ച്ചയില്‍ ഇരുപത് സംഘടനകളാണ് പങ്കെടുത്തത്.

വാളയാര്‍, പന്തളം  സംഭവങ്ങളില്‍ പീഡനം അനുഭവിച്ച  കുടുംബത്തോടൊപ്പമാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികള്‍ ആരായിരുന്നാലും അവര്‍ യാതൊരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ല. അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കുമെന്നും കുടുംബത്തിനായി കഴിയുന്നത്ര സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭൂരഹിതര്‍ക്ക് കൃഷിഭൂമി നല്‍കുന്നതിന് പ്രത്യേക പദ്ധതി രൂപീകരിക്കും. പട്ടികജാതി-പട്ടികവര്‍ഗ മാനേജ്‌മെന്റില്‍ കൂടുതല്‍ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളും കോഴ്‌സുകളും അനുവദിക്കണമെന്ന ആവശ്യം   പരിഗണിക്കുമെന്നും ഇതിനായി പ്രത്യേകമായ നയത്തിനു രൂപം നല്‍കുന്നത് ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പട്ടികജാതി-പട്ടികവര്‍ഗ്ഗ മാനേജ്‌മെന്റു കള്‍ക്ക് നാക് അക്രഡിറ്റേഷന്‍ ഒഴിവാക്കി ന്യൂജനറേഷന്‍ കോഴ്‌സുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതിനെ സഭ  സ്വാഗതം ചെയ്തു.

ഭൂമി, പാര്‍പ്പിടം, സംവരണം വിദ്യാഭ്യാസം ,താത്കാലിക നിയമനങ്ങളിലെ സംവരണ നിഷേധം, അതിക്രമങ്ങള്‍ തടയല്‍ തുടങ്ങിയ വിഷയങ്ങളില്‍ മുഖ്യമന്ത്രി മറുപടി നല്‍കി. ചര്‍ച്ചയില്‍ കെ. സോമപ്രസാദ് എംപി യും പങ്കെടുത്തു. ഓരോ സംഘടനയും ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ വിശദമായി  പരിശോധിക്കുമെന്നും വേഗത്തില്‍ത്തന്നെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു

No comments:

Post a Comment