ലാപാസ്: പട്ടാളത്തെ കൂട്ടുപിടിച്ച് വലതുപക്ഷം ഒരുവർഷംമുമ്പ് ഭരണം അട്ടിമറിച്ച ബൊളീവിയയിൽ വൻ ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തിന്റെ തിരിച്ചുവരവ്. ഞായറാഴ്‌ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇവോ മൊറാലിസിന്റെ പിൻഗാമി ലൂയിസ് ആർസെ 52 ശതമാനത്തിലേറെ വോട്ട് നേടിയതായി എക്‌സിറ്റ്‌പോൾ ഫലങ്ങൾ കാണിക്കുന്നു.
ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ദിവസങ്ങളെടുത്തേക്കും. എങ്കിലും അട്ടിമറിക്കുശേഷം ഇടക്കാല പ്രസിഡന്റായ വലതുപക്ഷനേതാവ് ജിയാനിൻ അനെസ്, ആർസെയെയും ഇടതുപക്ഷത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ദാവീദ് ചോകുഹാൻകയെയും അഭിനന്ദിച്ചു.
ജനാധിപത്യം വീണ്ടെടുത്തതായി ലൂയിസ് ആർസെ പ്രതികരിച്ചു. സോഷ്യലിസത്തിലേക്കുള്ള പ്രസ്ഥാനത്തിന്റെ (മാസ്) നേതാവായ ഈ അമ്പത്തേഴുകാരൻ 11 വർഷം ഇവോ മൊറാലിസ് മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു. ഇക്കാലത്ത് ബൊളീവിയയുടെ സാമ്പത്തിക വളർച്ചയ്‌ക്ക് നേതൃത്വം നൽകിയത് ആർസെയാണ്. പതിറ്റാണ്ടുകൾ നീണ്ട വലതുപക്ഷ ഭരണത്തിൽ തെക്കനമേരിക്കയിലെ ഏറ്റവും ദരിദ്രരാജ്യമായിരുന്നു ബൊളീവിയ.
അട്ടിമറിക്കപ്പെട്ടതിനെത്തുടർന്ന് ജീവൻ രക്ഷിക്കാൻ രാജ്യം വിടേണ്ടിവന്ന ഇവോ മൊറാലിസ് ഇപ്പോൾ അർജന്റീനയിലാണ്. പ്രവാസത്തിലിരുന്ന് ഇടതുപക്ഷവിജയത്തിന് ചുക്കാൻപിടിച്ച മൊറാലിസ് ഉടൻ രാജ്യത്ത് തിരിച്ചെത്തിയേക്കും.
2003 മുതൽ 2005 വരെ പ്രസിഡന്റായിരുന്ന കാർലോസ് മെസയായിരുന്നു വലതുപക്ഷത്തെ പ്രധാന സ്ഥാനാർഥി. മാധ്യമസ്ഥാപന ഉടമയായ മെസയ്‌ക്ക് 31 ശതമാനത്തോളം വോട്ടാണ് ലഭിച്ചത്. ദേശീയ ടെലിവിഷൻ സ്‌റ്റേഷനായ യൂണിറ്റെലിന്റെ എക്‌സിറ്റ് പോൾ കണക്കനുസരിച്ച് ആർസെയ്‌ക്ക് 52.4 ശതമാനവും മെസയ്‌ക്ക് 31.5 ശതമാനവും വോട്ട് ലഭിച്ചു. വലതുപക്ഷ നേതാവ് ഫെർണാണ്ടോ കമാച്ചോക്ക് 14.1 ശതമാനം വോട്ടാണെന്നാണ് സൂചന. ജൂബിലിയ ഫൗണ്ടേഷന്റെ കണക്കനുസരിച്ച് ആർസെയ്‌ക്ക് 53 ശതമാനവും മെസയ്‌ക്ക് 30.8 ശതമാനവും വോട്ട് ലഭിക്കും.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾക്കൊപ്പം രണ്ട് സഭയുള്ള ബൊളീവിയൻ കോൺഗ്രസിലേക്കും തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. ബൊളീവിയൻ തെരഞ്ഞെടുപ്പ് നിയമമനുസരിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 50 ശതമാനത്തിലധികം വോട്ടോ 40 ശതമാനത്തിലധികം വോട്ടും രണ്ടാമനേക്കാൾ 10 ശതമാനം വോട്ട് കൂടുതലും നേടിയാൽ ആദ്യവട്ടംതന്നെ വിജയിക്കും. ഇല്ലെങ്കിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തിയവർ തമ്മിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. ഇത്തവണ ആറ് സ്ഥാനാർഥികൾ ആദ്യം പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നെങ്കിലും ജിയാനിൻ അനെസും മുൻ പ്രസിഡന്റ് ഹോർഹെ തൂത്തോയുമടക്കം മൂന്നുപേർ പിൻവാങ്ങി.
രാജ്യത്തെ തദ്ദേശവംശജനായ ആദ്യ പ്രസിഡന്റായ മൊറാലിസ് തുടർച്ചയായി നാലാംതവണയും വിജയിച്ചെങ്കിലും കഴിഞ്ഞ ഒക്‌ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് അട്ടിമറിക്കുകയായിരുന്നു.
No comments:
Post a Comment