ആഡംബര വീട‌് നിർമാണവുമായി ബന്ധപ്പെട്ട‌് കെ എം ഷാജി എംഎൽഎ ഭാര്യയുടെ പേരിൽ നൽകിയ അപേക്ഷകളിലെ ഒപ്പിലും വൈരുധ്യം. വീട‌് നിർമാണാവശ്യത്തിന് വൈദ്യുതി കണക്‌ഷനുള്ള അപേക്ഷയിലും കോർപറേഷനിൽ നൽകിയ വിവിധ അപേക്ഷകളിലുമാണ‌് വ്യത്യാസം കണ്ടെത്തിയത‌്. ആശയുടെ പേരിൽ മറ്റാരോ കള്ളയൊപ്പിട്ടതാകാം എന്ന ആക്ഷേപമാണ‌് ഉയരുന്നത‌്. കൈപ്പടയിലും വ്യത്യാസമുണ്ട‌്.
2013 ഫെബ്രുവരി നാലിനാണ‌് ആശയുടെ പേരിൽ കെഎസ‌്ഇബിയിൽ അപേക്ഷ നൽകിയത‌്. മുദ്രപത്രത്തിൽ എഴുതിയ സത്യവാങ‌്മൂലത്തിലും അപേക്ഷയിലും വ്യത്യാസം കണ്ടെത്തി . ഇത് ശ്രദ്ധയിൽപ്പെട്ടതോടെ കോർപറേഷൻ അപേക്ഷകളിലെ ഒപ്പുകൾ പരിശോധിച്ചു. പിഴയൊടുക്കാൻ തയ്യാറാണെന്നും വീട‌് നിർമാണം ക്രമപ്പെടുത്തണമെന്നുമാവശ്യപ്പെട്ട‌് ആശ കഴിഞ്ഞ ദിവസം കോർപറേഷനിൽ അപേക്ഷ നൽകിയിരുന്നു. ഇതടക്കം കോർപറേഷനിലുള്ള അപേക്ഷകളിലെ ഒപ്പുകൾ കെഎസ‌്ഇബിയിലേതിൽനിന്ന‌് വ്യത്യസ്‌തമാണ‌്.
രേഖ തേടി നെട്ടോട്ടത്തിൽ
ആഡംബര വീടുമായി ബന്ധപ്പെട്ട‌് എൻഫോഴ‌്സ‌്മെന്റ‌് ഡയറക്ടറേറ്റ‌് ആവശ്യപ്പെട്ട രേഖകൾ സംഘടിപ്പിക്കാൻ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎയുടെ പരക്കംപാച്ചിൽ. ഭാര്യയുടെ പേരിൽ നികുതിവെട്ടിപ്പുൾപ്പെടെ നടത്തിയതിനാൽ, ചോദ്യംചെയ്യലിന‌് ഹാജരാകുംമുമ്പ് രേഖകൾ ക്രമപ്പെടുത്താനാണ് ശ്രമം.
നിയമാനുസൃതമായാണ‌് വീട‌് നിർമിച്ചതെന്നും എല്ലാ രേഖയും കൈയിലുണ്ടെന്നുമായിരുന്നു ലീഗ് നേതാവിന്റെ ആദ്യനിലപാട‌്. സാക്ഷ്യപ്പെടുത്തിയ ബിൽഡിങ‌് പെർമിറ്റ‌്, അംഗീകൃത പ്ലാനും പെർമിറ്റും, വീട‌് ഉപയോഗയോഗ്യമാണെന്ന സർട്ടിഫിക്കറ്റ‌്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ‌്, പ്ലാനിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ പുതുക്കിയ പ്ലാൻ, ഇപ്പോഴത്തെ മാർക്കറ്റ‌് വില, മറ്റേതെങ്കിലും കെട്ടിടം ഷാജിയുടെയോ ഭാര്യയുടെയോ ഉടമസ്ഥതയിലുണ്ടോ, ആഡംബര നികുതിയടക്കമുള്ളവ അടയ‌്ക്കുന്നതിന്റെ രേഖകൾ തുടങ്ങിയ വിവരങ്ങളാണ‌് ഇഡി, കോർപറേഷനോട‌് ആവശ്യപ്പെട്ടത‌്. പിന്നാലെ ഷാജി ഭാര്യയുടെ പേരിൽ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും ഉപയോഗയോഗ്യമാണെന്ന സർട്ടിഫിക്കറ്റും നൽകണമെന്നാവശ്യപ്പെട്ട‌് അപേക്ഷ നൽകി. ചോദ്യംചെയ്യലിന‌് 10നാണ് ഹാജരാകേണ്ടത്.
സുജിത്‌ബേബി
No comments:
Post a Comment