Wednesday, October 28, 2020

നക്ഷത്രങ്ങളേ... കണ്ടോ ഈ സന്തോഷം: ദാക്ഷായണിയും മക്കളും ഇനി സ്വപ്‌ന ഭവനത്തിലേക്ക്

 പറവൂർ> നിന്നുതിരിയാൻ ഇടമില്ലാത്ത കൊച്ചുകൂരയിൽനിന്ന്‌ മാനംമുട്ടെ നിൽക്കുന്ന ഫ്ലാറ്റിലേക്ക്‌ താമസം മാറ്റുന്നതിന്റെ ത്രില്ലിലായിരുന്നു ദാക്ഷായണിയും മക്കളും കൊച്ചുമക്കളുമെല്ലാം. ഭവനസമുച്ചയത്തിലെ അടുക്കളയിൽ പാൽ തിളച്ചുവീഴുമ്പോൾ അവരുടെ കണ്ണുകളും തുളുമ്പി. ആരും സന്തോഷം മറച്ചുപിടിച്ചില്ല. ചാറ്റലിൽപ്പോലും ചോർന്നൊലിച്ച പഴയ വീട്ടിൽ ഞെരുങ്ങിക്കഴിഞ്ഞത്‌ പറഞ്ഞപ്പോൾ, ചിലരുടെ തൊണ്ടയിടറി. ചിലരുടെ കണ്ണുനിറഞ്ഞു. ഫ്ലാറ്റിന്റെ മട്ടുപ്പാവിൽനിന്ന്‌ അവർ കൈകൾ വീശി. അവരുടെ സ്വപ്‌നം യാഥാർഥ്യമാക്കിയതിന്റെ സന്തോഷത്തിലായിരുന്നു നാട്‌.

അടച്ചുറപ്പുള്ള ഒരു വീടായിരുന്നു ദാക്ഷായണിയുടെയും ആറു മക്കളുടെയും സ്വപ്‌നം. സർക്കാരിന്റെ ലൈഫ് ഭവനപദ്ധതി അവർക്ക്‌ സമ്മാനിച്ചതാകട്ടെ, ഒരു ഭവനസമുച്ചയംതന്നെ. ഒറ്റ കുടുംബത്തിനായി സർക്കാർ ഫ്ലാറ്റ്‌ പണിതുകൊടുക്കുന്നത്‌ സമാനതകളില്ലാത്ത സംഭവം. താക്കോൽദാനം മന്ത്രി എ സി മൊയ്‌തീൻ ഓൺലൈനിലൂടെ ഉദ്‌ഘാടനം ചെയ്‌തു. വി ഡി സതീശൻ എംഎൽഎ അധ്യക്ഷനായി.

എഴുപത്തഞ്ചു പിന്നിട്ട ദാക്ഷായണിയും മക്കളും മരുമക്കളും കൊച്ചുമക്കളും ഉൾപ്പെടെ 30 പേരാണ്‌ അവിടെ താമസക്കാർ. മരട്ടിപ്പറമ്പിൽ പരേതനായ നാരായണന്റെ ഭാര്യയാണ് ദാക്ഷായണി. 26 വർഷംമുമ്പ് നാരായണൻ മരിച്ചു. മക്കളായ ശശി, മധു, വിജയ എന്നിവരുടെ വിവാഹം കഴിഞ്ഞതോടെ സ്ഥലപരിമിതി രൂക്ഷം. വിജയയുടെയും രജനിയുടെയും ഭർത്താക്കന്മാർ മരിച്ചതോടെ അവർ മക്കളെയുംകൂട്ടി വീട്ടിലേക്കെത്തി. ഇളയ മക്കളായ ശെൽവരാജ്, രാജേഷ് കണ്ണൻ, പ്രേംകുമാർ എന്നിവർക്കും കുടുംബമായതോടെ അംഗബലം പിന്നെയും കൂടി.

മകൻ മധുവൊഴികെ മറ്റു മക്കളെല്ലാം 2018ൽ ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചു. സ്ഥലപരിമിതി മറികടക്കാനാണ്‌ ഭവനസമുച്ചയം എന്ന ആശയത്തിലെത്തിയത്. 450 ചതുരശ്ര അടി വിസ്തീർണമുള്ള ആറ്‌ വീടുകളാണ് സമുച്ചയത്തിലുള്ളത്‌. രണ്ടു മുറി, അടുക്കള, ഹാൾ, ബാത്‌റൂം എന്നിവ ഓരോ വീടിനുമുണ്ട്.   ലൈഫ് ഭവനപദ്ധതിക്കെതിരെ സമരം ചെയ്യുന്ന കോൺഗ്രസിന്റെ എംഎൽഎ വി ഡി സതീശന്റെ മണ്ഡലത്തിലാണ്‌ ഈ വിജയകഥ.

വി ദിലീപ്‌കുമാർ 

No comments:

Post a Comment