Wednesday, October 28, 2020

മനോരമയുടെ വ്യാജവാര്‍ത്ത: ഇ പി ജയരാജന്റെ ഭാര്യ പ്രസ് കൗണ്‍സിലിന് പരാതി നല്‍കി

 വ്യാജ വാര്‍ത്ത നല്‍കിയ മലയാള മനോരമ പത്രത്തിനെതിരെ വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്‌ക്ക് പരാതി നല്‍കി. ക്വാറന്റീന്‍ ലംഘിച്ചെത്തി ബാങ്ക് ലോക്കര്‍ തുറന്നു എന്നും ഇടപാട് ദുരൂഹമെന്നും കണിച്ച് 2020 സെപ്തംബര്‍ 14 ന് പത്രത്തിലും ഓണ്‍ലൈന്‍ പതിപ്പിലും പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കെതിരെയാണ് പരാതി. നിഷ്പക്ഷമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. മലയാള മനോരമ  പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ ജേക്കബ് മാത്യു, ചീഫ് എഡിറ്റര്‍ മാമന്‍ മാത്യു, മാനേജിങ് എഡിറ്റര്‍ ജേക്കബ് മാത്യു, വ്യാജ വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ കെ.പി.സഫീന എന്നിവരെ കക്ഷിയാക്കിയാണ് പരാതി.

തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് വാര്‍ത്തയെന്ന് പരാതിയില്‍ പി. കെ. ഇന്ദിര വ്യക്തമാക്കി. തെറ്റിദ്ധാരണ പരത്തുന്നതും വായനക്കാരില്‍ അനാവശ്യ സംശയം ജനിപ്പിക്കുന്നതുമാണ് വാര്‍ത്ത. കൊവിഡ് രോഗികളുമായി നേരിട്ട് സമ്പര്‍ക്കം ഇല്ലാത്തതിനാല്‍ താന്‍ ഒരിക്കലും ക്വാറന്റീനില്‍ ആയിരുന്നില്ല. അതുകൊണ്ടുതന്നെ ക്വാറന്റീന്‍ ലംഘിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. എന്നാല്‍, മനഃപൂര്‍വം ക്വാറന്റീന്‍ ലംഘിച്ച് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന് കാണിക്കാനാണ് പത്രം വാര്‍ത്തയിലൂടെ ശ്രമിച്ചത്. ഇത് ദുരുദ്ദേശപരമാണ്. തന്നെ ബന്ധപ്പെട്ട് വിശദീകരണം തേടാന്‍ ലേഖികയോ മാധ്യമസ്ഥാപനമോ ഒരു ഘട്ടത്തിലും ശ്രമിച്ചില്ല. ഇത് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാധ്യമചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

തന്റെ ലോക്കര്‍ തുറന്നത്, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട്  കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നു എന്ന വാര്‍ത്തയിലെ പരാമര്‍ശവും അവാസ്തവമാണ്. തനിക്കും കുടുംബത്തിനും എതിരെ വാര്‍ത്തകള്‍ കെട്ടിച്ചമച്ച് അപമാനിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടന്നത്. സ്വര്‍ണക്കടത്ത് കേസുമായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ നിരന്തര വാര്‍ത്തകളാണ് ആ ദിവസങ്ങളില്‍ വന്നത്. അതിന്റെ തുടര്‍ച്ചയെന്നോണം പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത പത്രമേധാവികളുടെ പൂര്‍ണ അറിവോടെയാണെന്നതില്‍ സംശയമില്ല. അതിനാല്‍ വാര്‍ത്ത എഴുതിയ റിപ്പോര്‍ട്ടര്‍ക്ക് പുറമെ എല്ലാ കക്ഷികള്‍ക്കും തനിക്കെതിരായ വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ ഉത്തരവാദിത്വമുണ്ട്.

വാര്‍ത്തയ്ക്കൊപ്പം നല്‍കിയ ദുരൂഹ ഇടപാട് എന്ന തലക്കെട്ട് ദുരുദ്ദേശപരമാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും വാര്‍ത്തയില്‍ നല്‍കിയിട്ടുമില്ല. തെറ്റാണെന്ന പൂര്‍ണബോധ്യത്തോടെ തന്നെയും കുടുംബത്തേയും അപമാനിക്കാനാണ് ശ്രമം നടന്നത്. പത്രത്തിന്റെ പ്രചാരം വര്‍ധിപ്പിച്ച് നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം. വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെ തനിക്കും കുടുംബത്തിനുമെതിരെ നിരന്തര അപവാദ പ്രചരണം ഉണ്ടായി. സമൂഹമാധ്യമങ്ങളിലടക്കം വിദ്വേഷ പ്രചാരണം ഇപ്പോഴും തുടരുകയാണ്.

തെറ്റായ വാര്‍ത്ത വന്ന ഉടന്‍ അത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും സ്ഥാപനത്തിനും റിപ്പോര്‍ട്ടര്‍ക്കും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നെങ്കിലും ഇതുവരെ അനുകൂല പ്രതികരണം ഉണ്ടായിട്ടില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വാര്‍ത്ത നല്‍കിയതില്‍ മാപ്പ് പറയാനോ ഓണ്‍ലൈന്‍ എഡിഷനില്‍ നിന്ന് അടക്കം വാര്‍ത്ത പിന്‍വലിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ നിയമപരമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. തെറ്റായ വാര്‍ത്തയില്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തി മാപ്പുപറയാനും വാര്‍ത്ത പിന്‍വലിക്കാനും നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

ദേശാഭിമാനി പ്രത്യേക പതിപ്പ് ഇവിടെ വായിക്കാം

No comments:

Post a Comment