Thursday, October 22, 2020

ബാര്‍കോഴ: വീണ്ടും അന്വേഷണം വേണം

 യുഡിഎഫ് സർക്കാരിന്റെ കാലത്തെ ബാർ കോഴ വീണ്ടും ചർച്ചയാകുകയാണ്. അന്നത്തെ എക്സൈസ് മന്ത്രിയുടെ മുൻകൈയോടെ നടന്ന ഇടപാടുകളിൽ കോടികൾ മറിഞ്ഞതായി ബാർ ഉടമസ്ഥ സംഘടനയുടെ മുൻ വർക്കിങ്‌‌ പ്രസിഡന്റ്‌ ബിജു രമേശ്‌ വെളിപ്പെടുത്തുന്നു. കോഴ വാങ്ങിയവർ ചില്ലറക്കാരല്ല. പങ്കു പറ്റിയവരിൽ പ്രതിപക്ഷ നേതാവ് അടക്കമുള്ളവരുണ്ട്. ഓരോരുത്തർക്കും എവിടെ പണം എത്തിച്ചുകൊടുത്തു എന്നുകൂടി ബാർ സംഘടനാ നേതാവ് പറയുന്നുണ്ട്. അന്നത്തെ കെപിസിസി പ്രസിഡന്റ് രമേശ്‌ ചെന്നിത്തലയ്ക്ക് ഒരു കോടി രൂപയും എക്സൈസ് മന്ത്രി കെ ബാബുവിന് 50 ലക്ഷവും അവരുടെ ഓഫീസിൽ എത്തിച്ചുകൊടുത്തു. മറ്റൊരു മന്ത്രിയായ വി എസ്‌ ശിവകുമാറിന്റെ വിഹിതമായ 25 ലക്ഷം വീട്ടിലും എത്തിച്ചു. ഓരോ ബാറുടമയിൽനിന്നും ഇതിനായി പിരിച്ച പണത്തിന്റെ കണക്ക് അടക്കം വ്യക്തമാക്കിയാണ് ആരോപണം. ഇത്തരം കാര്യങ്ങളിൽ എൽഡിഎഫ് സർക്കാർ വന്നപ്പോൾ ഉണ്ടായ മാറ്റവും ബിജു രമേശ്‌ വിവരിക്കുന്നു. യുഡിഎഫ് കാലത്ത് ബിസിനസുകാരിൽനിന്ന് കിട്ടാവുന്നതെല്ലാം പിടിച്ചുവാങ്ങി. എൽഡിഎഫ്‌ സർക്കാർ വന്നശേഷം അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ഈ അഴിമതി ഇടപാടിന്റെ രീതിശാസ്ത്രവും ആരോപണം ഉന്നയിച്ച ബിജു രമേശ്‌ വിവരിക്കുന്നു. ആദ്യം ലൈസൻസ്‌ ഫീസ്‌ കൂട്ടുമെന്ന്‌ പ്രഖ്യാപിക്കുക. പിന്നാലെ അത് കുറയ്ക്കാൻ പണപ്പിരിവ് തുടങ്ങുക. അതുപോലെ ബാർ പൂട്ടുമെന്ന് ഭീഷണി മുഴക്കുക. അതിന്റെ പേരിലും പണം പിരിച്ചശേഷം തീരുമാനം മാറ്റുക. ഭരണസംവിധാനത്തെയാകെ അഴിമതിക്കായി ദുരുപയോഗിച്ചതിന്റെ നേർചിത്രമാണ് തെളിയുന്നത്. ഈ ആരോപണം ഉന്നയിച്ച വ്യക്തി ഏതെങ്കിലും തരത്തിൽ എൽഡിഎഫിനോട് ആഭിമുഖ്യം പുലർത്തുന്ന ആളെന്ന് ആരും പറയില്ല. എന്നുമാത്രമല്ല, പല കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധവും ഒരു മുൻ മന്ത്രിയുമായി കുടുംബ ബന്ധവും ഉള്ളയാളാണ്.

2011 മുതൽ 2016 വരെ നിന്ന യുഡിഎഫ് ഭരണം മന്ത്രിമാരുടെ പണംസമ്പാദന പരീക്ഷണങ്ങളുടെ കാലമായിരുന്നു. അക്കാലം കേരളം മറക്കാൻ കാലമായിട്ടുമില്ല. ആരും മോശമായിരുന്നില്ല. കേട്ടാൽ അറപ്പുതോന്നുന്ന പലതും അന്ന്‌ നടന്നു. അവർതന്നെ പരസ്പരം നടത്തിയ ചെളിവാരി എറിയലിൽ അതിലേറെയും പുറത്തുവന്നു. ഇപ്പോഴത്തെ വെളിപ്പെടുത്തൽ മുമ്പ് പറഞ്ഞകാര്യങ്ങൾ അല്ലേ എന്നൊരു ചോദ്യം ഉയരുന്നുണ്ട്. അതെ. യുഡിഎഫ് കാലത്തുതന്നെ ഈ ആരോപണങ്ങൾ ഉയർന്നിരുന്നു. തിരുവനന്തപുരം ഒന്നാംക്ലാസ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതിയിൽ‌‌ ബിജു രമേശ്‌ സിആർപിസി 164–-ാം വകുപ്പുപ്രകാരം നൽകിയ രഹസ്യമൊഴിയിൽ ഈ ആരോപണങ്ങൾ പലതും ഉൾപ്പെട്ടിരുന്നു. പക്ഷേ, അന്നത്തെ അന്വേഷണം അട്ടിമറിക്കപ്പെടുകയായിരുന്നു എന്നുവേണം കരുതാൻ. ബാർ ഹോട്ടൽ ഓണേഴ്‌സ്‌ അസോസിയേഷൻ യോഗത്തിലാണ്‌ ബിജു രമേശ്‌ ഇക്കാര്യങ്ങൾ ആദ്യം വെളിപ്പെടുത്തിയത്. ഇതിന്റെ ശബ്ദരേഖയടങ്ങിയ മൊബൈൽ ഫോണും അന്ന് കോടതിക്ക്‌ കൈമാറിയിരുന്നു. ഫോൺ ഫോറൻസിക്‌ പരിശോധനയ്‌ക്ക്‌ കൈമാറിയെങ്കിലും അതിന്റെ റിപ്പോർട്ട് അട്ടിമറിക്കപ്പെട്ടു. ഏതായാലും ഇപ്പോൾ കൂടുതൽ ശക്തമായി ആരോപണങ്ങൾ ഉയർന്നുവരികയാണ്. സമഗ്രമായ ഒരു അന്വേഷണത്തിലൂടെയേ സത്യം പുറത്തുവരികയുള്ളൂ. എൽഡിഎഫ്‌ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. സർക്കാരിൽനിന്ന് നടപടി ഉണ്ടാകും എന്ന് കരുതാം.

ഇത്രയും ഗുരുതരമായ ആരോപന്നങ്ങൾ ഉയർന്നപ്പോൾ അതിനോട് കേരളത്തിലെ മാധ്യമങ്ങൾ സ്വീകരിച്ച സമീപനംകൂടി നമ്മൾ കാണണം. പ്രതിപക്ഷനേതാവടക്കം കോഴ വാങ്ങി എന്ന ആരോപണം വന്നപ്പോൾ ആ വാർത്ത എങ്ങനെ ഒളിപ്പിക്കാം എന്ന പരീക്ഷണത്തിലാണ് മാധ്യമങ്ങൾ ഏർപ്പെട്ടത്. ചാനലുകളാകട്ടെ കോഴ വാങ്ങിയവരെ വിട്ട് കോഴ വാഗ്ദാനം ചെയ്തതിനെപ്പറ്റി ബ്രേക്കിങ്‌ ന്യൂസ്‌ നിരത്തി. കോഴ വാഗ്ദാനം ചെയ്‌തതായ ആരോപണം ജോസ് കെ മാണിക്കെതിരെയാണ്.

അദ്ദേഹത്തിന്റെ പാർടി ഇപ്പോൾ എൽഡിഎഫിനൊപ്പമാണ്. അതുകൊണ്ടുമാത്രം അത് വൻ വാർത്തയായി. നേരിട്ട് കോഴപ്പണം വാങ്ങിയ പ്രതിപക്ഷനേതാവും മുൻ മന്ത്രിമാരും വാർത്തയ്ക്ക് വിഷയമായതുമില്ല. ഏറെ നാളായി കേരളത്തിലെ മാധ്യമങ്ങൾ പിന്തുടരുന്ന വാർത്താ നിർമാണശൈലിയുടെ അവസാനത്തെ ഉദാഹരണമാകും ഇതെന്ന് കരുതുന്നില്ല. അവർ ഇത് തുടരും. പക്ഷേ,  ഇത്തരം വാർത്താവിതരണം സ്വന്തം വിശ്വാസ്യത എത്രയെറെയാണ് ഇല്ലാതാക്കുന്നതെന്ന് ഈ മാധ്യമങ്ങൾ ഇടയ്ക്കൊന്നു സ്വയം വിലയിരുത്തിയാൽ നന്ന്.

deshabhimani editorial 231020

No comments:

Post a Comment