Wednesday, October 28, 2020

കേരളത്തിന്റെ ഡിജിറ്റൽ പഠനരീതി രാജ്യത്തെ മികച്ച മാതൃക: മുഖ്യമന്ത്രി

 കേന്ദ്ര മാനവശേഷി വികസനമന്ത്രാലയത്തിന്റെ റിപ്പോർട്ടു പ്രകാരം കേരളത്തിന്റെ ഡിജിറ്റൽ പഠനരീതി രാജ്യത്തെ മികച്ച മാതൃകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 47 പുതിയ കെട്ടിടം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് പശ്ചാത്തലത്തിൽ ഉപരിപഠനം സമ്പൂർണ ഡിജിറ്റൽ രീതിയിലേക്ക് മാറി. വിദ്യാർഥികളുടെ അറിവ്, യുക്തിബോധം, മാനവികത എന്നിവയാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിശ്ചയിക്കുന്ന അളവുകോൽ. വിദ്യാർഥിയെ മികച്ച മനുഷ്യനാക്കി മാറ്റുക എന്നതാവണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.

കൂടുതൽ സർക്കാർ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്ന നാക് അക്രഡിറ്റേഷൻ നേടേണ്ടതുണ്ട്‌.കേരളത്തിൽ 29 സർക്കാർ കോളേജിനാണ് നിലവിൽ നാക് അക്രഡിറ്റേഷനുള്ളത്. സർവകലാശാലകൾ, സർക്കാർ എയ്ഡഡ് കോളേജുകൾ എന്നിവയ്ക്ക് ഉയർന്ന നാക് ഗ്രേഡ് വേണം.  ഉയർന്ന ഗ്രേഡുള്ള സ്ഥാപനങ്ങൾക്കാണ് റൂസ ഫണ്ട് ലഭിക്കുക.

നിലവാരമുള്ള പഠനാന്തരീക്ഷത്തിനൊപ്പം ഗുണമേന്മയുള്ള വിദ്യാഭ്യാസവും സർക്കാർ ഉറപ്പുവരുത്തുന്നു. ഇതിനാണ് ഉന്നത വിദ്യാഭ്യാസവകുപ്പിനു കീഴിൽ സ്‌റ്റേ്‌ അസസ്‌മെന്റ്‌ ആൻഡ്‌ അക്രിഡിറ്റേഷൻ സെന്ററും (സാക്‌), രാഷ്‌ട്രീയ ഉച്ചദാർ ശിക്ഷ അഭിയാന്‌ (റൂസ)കീഴിൽ സംസ്ഥാനതല ഗുണനിലവാര ഉറപ്പുവരുത്തൽ സെല്ലും രൂപീകരിച്ചത്. കോളേജുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക വികസനത്തിനും കിഫ്ബിയിൽനിന്ന് 700 കോടിയുടെ പദ്ധതിക്ക് അനുമതി നൽകി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഉന്നതവിദ്യാഭ്യാസത്തിനുമാത്രമായി മന്ത്രാലയം നിലവിൽ വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കുസാറ്റ്, കണ്ണൂർ, എംജി, കലിക്കറ്റ് സർവകലാശാലകളിലെ നിർമാണം പൂർത്തിയാക്കിയ ഓരോ പദ്ധതി, ഐഎച്ച്ആർഡിയുടെ കീഴിലുള്ള ഒമ്പത് സ്ഥാപനം, അസാപ്പിനു കീഴിലെ മൂന്ന് കമ്യൂണിറ്റി സ്‌കിൽ പാർക്ക്‌ എന്നിവയും കോളേജ് വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള 15 സർക്കാർ ആർട്‌സ് ആൻഡ്‌ സയൻസ് കോളേജ്‌, സാങ്കേതിക വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള രണ്ട്‌ എൻജിനിയറിങ് കോളേജ്‌, മൂന്ന് പോളിടെക്‌നിക്, അഞ്ച്‌ ടെക്‌നിക്കൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ വിവിധ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്.

No comments:

Post a Comment