സാമ്രാജ്യത്വത്തിന്റെയും മൂലധനതാൽപ്പര്യത്തിന്റെയും വലതുപക്ഷ രാഷ്ട്രീയത്തിന്റെയും ജാതി‐മത വർഗീയതയുടെയും പരസ്യമായ ഔദ്യോഗിക ജിഹ്വകളായി മാറിക്കഴിഞ്ഞ ലോകമാകെയുള്ള മാധ്യമസന്നാഹങ്ങൾ ആദ്യം കൊലചെയ്യുന്നത് വസ്‌തുതകളെയും സത്യത്തെയുമാണ്. സോവിയറ്റ് വിപ്ലവത്തിനുംമുമ്പ് ആരംഭിച്ച കമ്യൂണിസ്റ്റ് വിരുദ്ധ കുരിശുയുദ്ധം ‘ശീതസമര’ വേളയിൽ മറ്റൊരു രൂപമാർജിക്കുകയുണ്ടായി. ആഗോളവൽക്കരണത്തിന്റെ തിരതള്ളലിൽ പുതിയ ആശയമാതൃകകൾ പരീക്ഷിക്കാനും ശ്രദ്ധിച്ചു. സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക സഹായത്തിലും കേന്ദ്രഭരണത്തിന്റെ ഒത്താശയിലും ജാതി‐ മത പ്രമാണിമാരുടെ പിന്തുണയിലും കേരളത്തിൽ നടന്ന ‘വിമോചനസമരം’ കുത്തക‐ജനവിരുദ്ധ മാധ്യമങ്ങളുടെകൂടി അകമഴിഞ്ഞ സഹായത്താലാണ് കൊഴുപ്പിച്ചത്. ‘പ്രത്യയശാസ്‌ത്രത്തിന്റെ അന്ത്യം’, ‘പരാജയപ്പെട്ട ദൈവം’ തുടങ്ങി അക്കാലത്ത് വാരിവിതറിയ പരികൽപ്പനകൾ അമേരിക്കൻ സൈദ്ധാന്തിക സംഭാവനയായിരുന്നു.
ആദ്യ ഇ എം എസ് സർക്കാരിനെ 1959ൽ അട്ടിമറിച്ച അമിതാവേശം വലതുപക്ഷ രാഷ്ട്രീയത്തെപ്പോലെ ചില മാധ്യമങ്ങളും ഇപ്പോഴും വിടാതെ കൊണ്ടുനടക്കുകയാണ്. പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരമേറ്റതുമുതൽ മര്യാദയുടെയും ജനാധിപത്യത്തിന്റെയും സഹിഷ്‌ണുതയുടെയും എല്ലാ സീമകളും ലംഘിച്ച് നുണകളുടെയും കള്ളക്കഥകളുടെയും പെരുമഴ പെയ്യിക്കുകയായിരുന്നല്ലോ. കഴിഞ്ഞ കുറച്ചു മാസങ്ങളായി അത് അസഹ്യവും അരോചകവുമായി. രണ്ടു മഹാപ്രളയം, നിപാ, കോവിഡ് തുടങ്ങിയ അവിചാരിതങ്ങളായ കെടുതികൾ നേരിടുന്നതിൽ ഭരണനേതൃത്വത്തിനൊപ്പംനിന്ന് ജനങ്ങളുടെ കണ്ണീരൊപ്പുന്നതിനുപകരം ഇടങ്കോലിടൽ വാർത്തകളിൽ അഭിരമിക്കുകയായിരുന്നു ഭൂരിപക്ഷം മാധ്യമങ്ങളും.
ഓട്ടോക്കൂലിയായി 70 രൂപ വാങ്ങിയ സിപിഐ എം പ്രവർത്തകൻ ഓമനക്കുട്ടനെ കൊടുംകൊള്ളക്കാരനാക്കി അപമാനിച്ച അവർ എന്നാൽ, പാലാരിവട്ടം പാലം അഴിമതിയിലൂടെ പൊതുമുതൽ വിഴുങ്ങിയ വി കെ ഇബ്രാഹിംകുഞ്ഞിനും നിക്ഷേപത്തട്ടിപ്പിലൂടെ കോടികൾ സമ്പാദിച്ച എം സി ഖമറുദ്ദീനും സ്‌കൂൾ കോഴയിലൂടെ രമ്യഹർമ്യങ്ങൾ പണിത കെ എം ഷാജിക്കും നാണം മറയ്‌ക്കാൻ പത്രസ്ഥലവും ഒളിക്കാൻ ചാനൽ സ്‌ക്രീനും പതിച്ചുനൽകുകയായിരുന്നു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളംവഴി നയതന്ത്ര ബാഗേജിലൂടെ നടത്തിയ സ്വർണക്കടത്ത് പിടിക്കപ്പെട്ടതിനെ സിപിഐ എമ്മുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ചില മന്ത്രിമാരുമായും ബന്ധപ്പെടുത്താൻ മാധ്യമ മഹാസഖ്യം സിൻഡിക്കറ്റ് മാതൃകയിൽ സംഘടിത നുണകളുടെയും അസംബന്ധങ്ങളുടെയും കൂമ്പാരംതന്നെയൊരുക്കി. പ്രതികളുടെ മൊഴികളിൽനിന്ന് ചോർത്തിക്കിട്ടുന്ന അർധസത്യങ്ങൾ വെണ്ടയ്‌ക്കാ വലുപ്പം നൽകി പ്രസിദ്ധീകരിച്ചു. വാചകങ്ങളും ശീർഷകങ്ങളും ചിത്രങ്ങളും അടിക്കുറിപ്പുകളും കാർട്ടൂണുകളും എന്തിനേറെ മുഖപ്രസംഗങ്ങൾപോലും ഇത്തരം ഹീനരാഷ്ട്രീയതാൽപ്പര്യം തുറന്നുകാട്ടുന്നതായി. ഒട്ടേറെ പത്രങ്ങളിലെ വാർത്താവിതരണ‐വിന്യാസ രീതികളിലും ചാനലുകളിലെ സ്‌ട്രോളുകളിലും ബ്രേക്കിങ് ന്യൂസുകളിലും പ്രത്യേക പരിപാടികളിലും അന്തിച്ചർച്ചകളിലെ അതിഥികളെ നിശ്‌ചയിക്കുന്നതിലും സംഘടിത ഗൂഢാലോചനതന്നെ നടക്കുന്നു. ഒരു സാമൂഹ്യബാധ്യതയും ഏറ്റെടുക്കാത്ത വലതുപക്ഷക്കാരെ വേഷപ്രച്ഛന്നരാക്കി അവതരിപ്പിക്കാനും മടിയില്ല. ഇടതുപക്ഷ പ്രതിനിധികളെ അവതാരകനും നിലവാരം കുറഞ്ഞ ഗുസ്‌തിക്കാരും ചേർന്ന് വളഞ്ഞിട്ട് ആക്രമിക്കുകയാണ് പതിവ്. അതുകൂടാതെ, അസ്ഥാനത്ത് തുടർച്ചയായ അനാവശ്യ ഇടപെടലുകൾ നടത്തി യാഥാർഥ്യങ്ങൾ പ്രേക്ഷകർ അറിയുന്നത് തടയാനും ബദ്ധപ്പെടുന്നു. തങ്ങൾ ദിവസങ്ങൾ ആഘോഷിച്ച വ്യാജവാർത്തയുടെ നിജസ്ഥിതി ബോധ്യമായാലും അത് വെളിപ്പെടുത്താനുള്ള സാമാന്യബാധ്യത കാണിക്കാറുമില്ല. അതുപോലെ ചാനൽ ചർച്ചകളിലെ ഒച്ചവയ്‌ക്കലാണ് രാഷ്ട്രീയപ്രവർത്തനമെന്ന് തെറ്റിദ്ധരിക്കുന്ന ഒരുകൂട്ടം കോമാളി നേതാക്കളും ഇക്കൂട്ടരുടെ നിർമിതിയാണ്.
നുണനിർമാണ ഫാക്ടറികളായി അധഃപതിച്ച മാധ്യമങ്ങൾ ബാലിശവും പൊള്ളയുമായ വിവാദങ്ങൾ ഇളക്കിവിട്ട് അതിലൂടെ അരക്ഷിതാവസ്ഥയും ആശങ്കയും നിലനിർത്താനാണ് കിണഞ്ഞു ശ്രമിക്കുന്നത്. കടുത്ത സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും നാലര വർഷമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഏറ്റെടുത്ത വികസനപദ്ധതികളും ജനോപകാരപ്രദങ്ങളായ നടപടികളും അശരണർക്ക് നൽകിയ കൈത്താങ്ങും പൊതുസമൂഹത്തിൽ ചർച്ചയാകാതിരിക്കാൻ അവ വാർത്തകൾക്ക് മൂടുപടമിടുകയാണ്. എൽഡിഎഫിനെതിരെ കെട്ടിപ്പൊക്കിയ അവിശുദ്ധ വർഗീയസഖ്യത്തിന്റെ അനുബന്ധമെന്ന നിലയിലാണ് ചില പത്രങ്ങളുടെയും ചാനലുകളുടെയും മുഖഭാവം. ഈ പശ്ചാത്തലത്തിലാണ് മാധ്യമനുണകൾക്കെതിരെ കേരളപ്പിറവി ദിനത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ജനകീയ കൂട്ടായ്‌മയ്‌ക്ക് ആഹ്വാനം നൽകിയിട്ടുള്ളത്. മാധ്യമങ്ങളുടെ പെരുംനുണകൾ തുറന്നുകാട്ടേണ്ടത് ജനാധിപത്യവും മതനിരപേക്ഷതയും അഭിപ്രായസ്വാതന്ത്ര്യവും ശക്തിപ്പെടുത്താൻ അനിവാര്യമാണ്. ഒപ്പം നിശ്ശബ്ദത സത്യത്തിന്റെ ഇടം കൈയേറിയാൽ ആ നിശ്ശബ്ദതയും കള്ളമായിരിക്കുമെന്ന ഓർമപ്പെടുത്തലും മനസ്സിൽ വയ്‌ക്കേണ്ടതുണ്ട്.
deshabhimani editorial 311020
No comments:
Post a Comment