ഏഴായിരത്തഞ്ഞൂറോളം കുടുംബങ്ങളിലേക്ക് ആശ്വാസമെത്തിക്കുന്ന ‘കൈവല്യ' സമഗ്ര തൊഴിൽ പുനരധിവാസപദ്ധതിക്ക് തുടക്കമായി. ഇതുവഴി ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ 37.24 കോടിരൂപ വിതരണംചെയ്യും.
എൽഡിഎഫ് സർക്കാരിന്റെ 100ദിന കർമപദ്ധതികളുടെ ഭാഗമായാണ് വായ്‌പാസഹായ വിതരണം. എംപ്ലോയ്‌മെന്റ് വകുപ്പും സംസ്ഥാന വികലാംഗക്ഷേമ കോർപറേഷനും സംയുക്തമായാണ് ‘കൈവല്യ' സമഗ്ര തൊഴിൽ പുനരധിവാസപദ്ധതി നടപ്പാക്കുന്നത്.
അർഹരായ ഭിന്നശേഷിക്കാർക്ക് 50 ശതമാനം സബ്‌സിഡിയോടെ അമ്പതിനായിരം രൂപവരെ പലിശരഹിത വായ്പ നൽകും. പരമാവധി 25,000 രൂപയാണ് സബ്‌സിഡി. സബ്‌സിഡി കഴിച്ചുള്ള തുക 60 തുല്യതവണയായി തിരിച്ചടച്ചാൽ മതി. നിലവിലുള്ള അപേക്ഷകരിൽ 2708 സ്ത്രീകളും കാഴ്ച,- ശ്രവണ,- ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന 2177 പേരുമുണ്ട്. സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ മുഖേനയാണ് തുക അനുവദിക്കുക. ആവശ്യമായ തുക സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് (കേരള) വകുപ്പിന് അനുവദിക്കും.
വിതരണോദ്‌ഘാടനം മന്ത്രി കെ കെ ശൈലജ നിർവഹിച്ചു. മന്ത്രി ടി പി രാമകൃഷ്ണൻ അധ്യക്ഷനായി. തിരുവനന്തപുരം ജില്ലയിൽനിന്ന് നാല് ഭിന്നശേഷി വിഭാഗത്തിലായി തെരഞ്ഞെടുത്ത ജി അരുൺകുമാർ, നിധിൻ, ആർ ബിന്ദു, എസ് നിഷ എന്നിവർ ചെക്ക് മന്ത്രിമാരിൽനിന്ന് ഏറ്റുവാങ്ങി.
No comments:
Post a Comment