Thursday, October 29, 2020

സംവരണം, ജാതി, ദാരിദ്ര്യം: വിവാദങ്ങളും വസ്തുതകളും

 സംവരണേതരവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തു ശതമാനം സംവരണം നടപ്പിലാക്കാനുള്ള കേരളസർക്കാർ തീരുമാനം കേരളത്തിനകത്തും പുറത്തും വലിയ സംവാദങ്ങൾക്ക് വീണ്ടും തിരിതെളിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, പ്രസ്തുതസംവാദങ്ങളെ, ഗ്രാമീണ ഇന്ത്യയിലെ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ചുവളർന്ന രണ്ട് ദളിത് വിദ്യാർഥികൾ എന്ന നിലയിൽ നോക്കിക്കാണാനും വിമർശനാത്മകമായി വിലയിരുത്താനും ശ്രമിക്കുകയാണ്. സംവരണം - പ്രത്യേകിച്ച് സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾക്കുള്ള (EWS) സംവരണം - എന്ന വിഷയത്തെ മാത്രം പരിശോധിക്കാനാണ് ശ്രമിക്കുന്നത്. ജാതി ഉന്മൂലനം എന്ന വലിയ പദ്ധതിയെ വിശദമായി പരിശോധിക്കുന്നില്ല എന്ന് ആമുഖമായി പറയട്ടെ.

കടുത്ത ചൂഷണവും അസമത്വവും നിലനിൽക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഈ അസമത്വത്തിന്റെ നിരവധിയായ ലക്ഷണങ്ങളിൽ ഒന്നാണ് തൊഴിൽ, വിദ്യാഭ്യാസം, നിയമനിർമാണം, ഭരണനിർവഹണം തുടങ്ങിയ മേഖലകളിൽ നിലനിൽക്കുന്ന പ്രാതിനിധ്യ അസന്തുലിതാവസ്ഥ. ചരിത്രപരമായ വിവിധകാരണങ്ങൾ കൊണ്ട് ഉടലെടുത്ത ഈ പ്രാതിനിധ്യപ്രശ്നം പരിഹരിക്കാനുള്ള ഒരു താത്കാലിക സമാശ്വാസപരിപാടിയാണ് സംവരണം. ഒരുകൂട്ടം ആളുകളെ ജോലിക്കോ വിദ്യാഭ്യാസത്തിനോ ഒക്കെ തെരഞ്ഞെടുക്കുമ്പോൾ, അതിൽ നിർബന്ധമായും ഒരു നിശ്ചിതശതമാനം പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർ ഉണ്ടാകണമെന്നാണ്. അതായത് എന്തൊക്കെയായാലും നൂറിൽ പതിനഞ്ചു പട്ടികജാതിക്കാരും എട്ടു പട്ടികവർഗക്കാരും ഇരുപത്തിയേഴ് മറ്റു പിന്നാക്കവിഭാഗക്കാരും എല്ലാം ഉണ്ടാവണം എന്നതാണ് സംവരണം കൊണ്ടുദ്ദേശിക്കുന്നത്. ഒരു മിനിമം പ്രാതിനിധ്യമാണ് സംവരണം ഉറപ്പാക്കാൻ ശ്രമിക്കുന്നത്. അതു മാത്രമാണ്.

നിരവധിയായ വിവേചനങ്ങൾ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നതിനാൽ നിലവിൽ ഭാഷാന്യൂനപക്ഷങ്ങൾ, മതന്യൂനപക്ഷങ്ങൾ, ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ, ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർ, ആംഗ്ലോ-ഇന്ത്യൻ വിഭാഗത്തിലുള്ളവർ, വിവിധ ഗോത്രവിഭാഗങ്ങൾ, വിവിധ ജാതികൾ, ഭിന്നശേഷിക്കാർ തുടങ്ങി വിവിധതരം സംവരണങ്ങൾ നിലവിലുണ്ട്. അത് ലക്ഷദ്വീപിലെ മുക്കുവരും വടക്കുകിഴക്കേ ഇന്ത്യയിലെ തോട്ടം തൊഴിലാളികളായ ഗോത്രവിഭാഗക്കാരും കാർഗിലിലെ മുസ്ലിങ്ങളും കൊച്ചിയിലെ ട്രാൻസ്ജെൻഡർ സുഹൃത്തുക്കളും അടക്കമുള്ളവരുടെ പ്രാതിനിധ്യപ്രശ്നവും വേദനയും അഭിമുഖീകരിക്കാനുള്ള ചെറിയ ശ്രമങ്ങൾ കൂടിയാണ്. 

സംവരണത്തിന്റെ ശേഷിയും ശേഷിക്കുറവും

പൊതുസമൂഹവും ഭരണകൂടവും അത്രമേൽ വലതുപക്ഷത്തേക്ക് നീങ്ങിയിട്ടും ചെറിയതോതിലെങ്കിലും പാർശ്വവൽകൃതവിഭാഗങ്ങൾ പ്രാതിനിധ്യം നേടിയെടുത്തതിൽ നിലവിലെ സംവരണപരിപാടികൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അത്തരത്തിലുള്ള സംവരണപരിപാടികളുടെ ഗുണഭോക്താക്കളാണ് ഈ എഴുതുന്ന ലേഖകരും.

എന്നാൽ കൂടുതൽ പരിശോധിക്കുമ്പോൾ ചില പ്രബലജാതികളും വിഭാഗങ്ങളും ആണ് ഓരോ കാറ്റഗറിയിലും സംവരണാനുകൂല്യങ്ങൾ താരതമ്യേന കൂടുതലായി നേടിയെടുക്കുന്നതെന്നു കാണാം. ഉന്നതവിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെ പട്ടികജാതി സംവരണത്തിൽ മഹർ ജാതി വിഭാഗത്തിൽ പെടുന്നവരുടെ വലിയതോതിലുള്ള പ്രാതിനിധ്യവും, ഇതര ജാതിവിഭാഗങ്ങളിൽ നിന്നുള്ളവർക്ക് ആനുപാതികമായി ഈ സംവരണ സീറ്റുകളിൽ എത്തിപ്പെടാൻ ആവാത്തത് ഇതിനൊരു ഉദാഹരണമാണ്. സിവിൽ സർവീസിൽ പട്ടികവർഗവിഭാഗത്തിൽ മീണ വിഭാഗങ്ങളുടെ വലിയതോതിലുള്ള പ്രാതിനിധ്യവും മേല്പറഞ്ഞ സാഹചര്യത്തിനൊരുദാഹരണമാണ്. കേരളത്തിലും സമാനമായ സാഹചര്യം നിലനിൽക്കുന്നുണ്ട്. ഉദാഹരണത്തിന് കുറിച്യ-കുറുമ വിഭാഗങ്ങൾ പട്ടികവർഗ സംവരണവിഭാഗത്തിലെ സീറ്റുകൾ  കൂടുതലായി നേടുകയും എന്നാൽ ജനസംഖ്യാപരമായി, താരതമ്യേന വലിയ ഗോത്രവിഭാഗമായ പണിയർക്ക് അത് നേടാൻ കഴിയാത്തതുമായ ഒരവസ്ഥയുണ്ട്.

സംവരണാവകാശങ്ങൾ നേടിത്തുടങ്ങിയ ജാതികളും കുടുംബങ്ങളും, തുടർച്ചയായി അത് നേടാനും സംവരണവിഭാഗത്തിലെ ഇതരജാതിവിഭാഗങ്ങൾ പിന്നിലാവാനും തന്നെയാണ് സാധ്യതയുള്ളത്. ജാതിക്കു പുറത്ത് മറ്റു പ്രിവിലേജുകൾ അനുഭവിക്കാൻ അവസരം ഉണ്ടായ വിഭാഗങ്ങൾക്കാണ് ഈ രീതിയിൽ സംവരണാവകാശങ്ങൾ കൂടുതലായി ഉപകാരപ്പെട്ടു തുടങ്ങിയതെന്നു കാണാം. ബ്രിട്ടീഷ് ഭരണകാലത്തു തന്നെ തൊഴിലിനും വിദ്യാഭ്യാസത്തിനും മറ്റു പട്ടികജാതി വിഭാഗങ്ങളെക്കാൾ അവസരം ലഭിച്ചിരുന്ന മഹറുകൾ, ഭൂവുടമകളായിത്തീർന്ന കുറിച്യരുമൊക്കെ അങ്ങനെയാണ് സംവരണ സീറ്റുകളിൽ തുടർച്ചയായി വിജയിച്ചു കൊണ്ടിരിക്കുന്നത്. അതായത് ജാതി അല്ലെങ്കിൽ ഗോത്രങ്ങൾക്ക് കാറ്റഗറി അടിസ്ഥാനത്തിൽ നൽകുന്ന നിലവിലെ സംവരണവ്യവസ്ഥകൾ, ആ കാറ്റഗറിയിലുള്ള എല്ലാവരുടെയും പ്രാഥമികമായ പ്രാതിനിധ്യപ്രശ്നത്തെ പരിഹരിക്കാൻ പര്യാപ്തമല്ല എന്നുവേണം മനസ്സിലാക്കാൻ.

സ്വാതന്ത്ര്യത്തിന്റെ ഏഴ് പതിറ്റാണ്ടിനു ശേഷവും പല മേഖലകളിലും വലിയ തോതിൽ സംവരണ സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. കുറഞ്ഞത് സംവരണ സീറ്റുകളിലേക്ക് എങ്കിലും പാർശ്വവൽകൃതവിഭാഗങ്ങൾ എത്തിപ്പെടണമെങ്കിൽ ഘടനാപരമായ മറ്റ് പല മാറ്റങ്ങളും സമൂഹത്തിൽ ആവശ്യമാണ്. അതായത് സംവരണം എന്ന ഒരൊറ്റ പദ്ധതി കൊണ്ട് പരിഹരിക്കാൻ ആവുന്നതല്ല പ്രാതിനിധ്യപ്രശ്നം.  

കൂടാതെ ലേബർ ബ്യൂറോയുടെ കണക്കുകൾ പരിശോധിച്ചാൽ 2016-17 കാലയളവിൽ ഇന്ത്യയിലെ പൊതുമേഖലാ തൊഴിൽ ശേഷി 1.76 കോടിയാണ്. ഇതിൽ നാല്പത്തിനാലു ലക്ഷം താത്കാലികജീവനക്കാരും ആണ്. ഇവിടെ സംവരണം പൂർണതോതിൽ വിജയകരമായി നടപ്പാക്കാനായാൽ പോലും ഏതാനും ലക്ഷം പേർക്ക് മാത്രമാണ് തൊഴിലുണ്ടാവുന്നത്. സ്വകാര്യമേഖലയിൽ സംവരണം വരാത്ത കാലത്തോളം നിലവിലെ സംവരണം രാജ്യത്തെ തൊഴിൽ മേഖലയിലെ പ്രാതിനിധ്യപ്രശ്നത്തെ നേരിടാൻ ശേഷിയുള്ള വിജയകരമായ സമാശ്വാസപദ്ധതിയായി വളരുന്നില്ല. 

സംവരണം ദാരിദ്ര്യനിർമാർജനപദ്ധതി അല്ല?

ജാതീയമായ പരിഹാസങ്ങൾ തെറ്റാണെന്ന തിരിച്ചറിവ് ഉള്ളപ്പോൾ തന്നെ പരിഹാസ രൂപേണ ചിലർ പറയാറുള്ള ഒരു വാചകമാണ് 'സംവരണം ദാരിദ്ര്യ നിർമാർജന പദ്ധതിയല്ല' എന്നത്. പക്ഷേ,  ഭൂരിപക്ഷം ജനങ്ങളും കടുത്തദാരിദ്ര്യത്തിൽ കഴിയുന്ന ഒരു രാജ്യത്ത് ജാതി മാത്രമല്ല ദാരിദ്ര്യവും ഒരുതരത്തിലും പരിഹസിക്കപ്പെടാൻ പാടില്ലാത്ത യാഥാർഥ്യമാണ്. ദാരിദ്ര്യനിർമാർജനപദ്ധതികൾ ഇല്ലായിരുന്നുവെങ്കിൽ ഞങ്ങളെപ്പോലെ നിരവധി ദളിത് വിദ്യാർത്ഥികൾ സംവരണ സീറ്റുകളിലേക്ക് പോലും എത്തുകയില്ലായിരുന്നു. അതായത് ദാരിദ്ര്യനിർമാർജനപദ്ധതികൾ ഇല്ലാത്ത ലോകത്ത് കേവലമായ ജാതിസംവരണം വലിയ പരാജയം മാത്രമായിരിക്കും കൂടുതൽ സംശയങ്ങൾ ഉള്ളവർ ദാരിദ്ര്യനിർമാർജനപദ്ധതികൾ വലിയ പരാജയമായ ഇടങ്ങളിൽ നിന്നും ആരൊക്കെ എത്രയൊക്കെ ഉന്നതവിദ്യാഭ്യാസത്തിന് എത്തിച്ചേരുന്നു എന്ന് പഠിക്കാൻ തയ്യാറാവണം.

എങ്കിലും നിലവിലെ സാമ്പത്തികക്രമത്തിൽ ദാരിദ്ര്യനിർമാർജനപദ്ധതികൾ കൊണ്ടുമാത്രം ദാരിദ്ര്യവും സംവരണപദ്ധതികൾ കൊണ്ടുമാത്രം ജാതി പ്രശ്നവും പരിഹരിക്കാനാവില്ല എന്ന് തിരിച്ചറിയുമ്പോൾ തന്നെ, ഈ പദ്ധതികൾ വഹിക്കുന്ന പുരോഗമനപരമായ പങ്ക് നാം അടയാളപ്പെടുത്താതെയും പോകരുത്. 

പ്രാതിനിധ്യവും സാമ്പത്തികാസമത്വവും തമ്മിൽ ബന്ധമുണ്ടോ?

വിവിധ തൊഴിൽ മേഖലകളിൽ എങ്ങനെയാണ് സമ്പന്നരുടെ പ്രാതിനിധ്യം എന്ന് കേരളത്തിൽ നിന്നു തന്നെയുള്ള ഉദാഹരണങ്ങൾ എടുത്തു പരിശോധിക്കാം. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 2006ലെ കേരളപഠനമനുസരിച്ച് ജനസംഖ്യയുടെ 8.8 ശതമാനം മാത്രമാണ് സമ്പന്നർ. എന്നാൽ കോളേജധ്യാപകരുടെ കണക്കെടുത്താൽ 56.0 ശതമാനം പേരും വരുന്നത് ഈ 8.8 ശതമാനം വരുന്നസമ്പന്നവിഭാഗത്തിൽ നിന്നാണ്. ഡോക്റ്റർമാരിൽ 91.7 ശതമാനം സമ്പന്നരാണ്. അതായത് സമ്പന്നരല്ലാത്ത 91.2 ശതമാനം ജനങ്ങൾക്കിടയിൽ 8.3 ശതമാനം ഡോക്റ്റർമാർ മാത്രമാണ് ഉള്ളത്.

ചിത്രം 1: കേരളത്തിലെ വിവിധ തൊഴിൽമേഖലകളിലെ സമ്പന്നരുടെ പ്രാതിനിധ്യം. കേരള പഠനം, KSSP 2006

ഇനി സർക്കാർ ജോലി തന്നെ പരിശോധിക്കാം 8.6 ശതമാനം വരുന്ന ധനികനാണ് 31.1 ശതമാനം സർക്കാർ ജോലിയും കയ്യടക്കി വെച്ചിരിക്കുന്നത്. 15.1 ശതമാനം വരുന്ന പരമദരിദ്രർക്ക് 2.6 ശതമാനം സർക്കാർ ജോലി മാത്രമാണ് ഉള്ളത്.

ചിത്രം 2: കേരളത്തിലെ സർക്കാർ ജോലികളിൽ വരുമാനാടിസ്ഥാനത്തിലുള്ള  പ്രാതിനിധ്യം. കേരള പഠനം, KSSP 2006

കൂടാതെ ധനികരിൽ അൻപത്തിയെട്ടു ശതമാനത്തിനും ഉന്നതവിദ്യാഭ്യാസമുള്ളപ്പോൾ പരമദരിദ്രരായ 3.5 ശതമാനത്തിന് മാത്രമാണ് ഈ നേട്ടം ഉണ്ടാവുന്നത്.

ചിത്രം 3: കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയിലെ വരുമാനാടിസ്ഥാനത്തിലുള്ള പ്രാതിനിധ്യം. കേരള പഠനം, KSSP 2006

അതായത് ഇക്കാലമത്രയും ദാരിദ്ര്യനിർമാർജനപദ്ധതികൾ ഉണ്ടായിരുന്നിട്ടു പോലും പരമദരിദ്രർ ഏകദേശം അഞ്ചിൽ നാലുപേരും സർക്കാർ ജോലിയുടെയും ഉന്നതവിദ്യാഭ്യാസത്തിന്റെയും നാലുകെട്ടിന് പുറത്തു തന്നെയാണ്.

ഒന്നുകൂടി കൃത്യമായി പറഞ്ഞാൽ, സാമുദായികമായി തീവ്രമായ പ്രാതിനിധ്യപ്രശ്നം നിലനിൽക്കുന്ന കേരളസമൂഹം സാമ്പത്തികമായി കൂടിയും ഇതേ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട് എന്നാണ്. പ്രാതിനിധ്യത്തിൽ വിവേചനം നേരിടുന്ന പരമദരിദ്രരെ കൂടെക്കൂട്ടാൻ സംവരണം പോലുള്ള ആശ്വാസപദ്ധതികൾ അനിവാര്യമാണ് എന്ന യാഥാർത്ഥ്യത്തിലേക്കാണ് കണക്കുകൾ വിരൽ ചൂണ്ടുന്നത്. 

മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ പ്രത്യേകം പരിഗണിക്കേണ്ട ആവശ്യമുണ്ടോ?

സാമൂഹ്യവിഭാഗങ്ങൾക്കകത്തുതന്നെ സാമ്പത്തികമായി പല തട്ടുകൾ രൂപംകൊള്ളുകയും ഇവയിലെ മേൽത്തട്ട് അവസരങ്ങൾ കയ്യടക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഒബിസി സംവരണത്തിൽ നിശ്ചിതവരുമാനത്തിനും മുകളിലുള്ളവരെ പ്രാഥമികസംവരണത്തിൽ നിന്ന് മാറ്റി നിർത്തുന്ന ക്രീമിലയർ സംവിധാനം നിലവിലുള്ളത്. ഇഎംഎസ് അധ്യക്ഷനായ ഒന്നാം കേരള ഭരണപരിഷ്കാര കമ്മീഷൻ 1958ൽ ആദ്യമായി ഒബിസി സംവരണം എന്ന ആശയം അവതരിപ്പിച്ചപ്പോഴും, 1971ൽ നെട്ടൂർ ദാമോദരൻ കമ്മീഷൻ നടത്തിയ പഠനവും, 1976ൽ കർപൂരി ഠാക്കൂർ മുഖ്യമന്ത്രിയായിരിക്കെ ബീഹാറിൽ നടപ്പാക്കാൻ ശ്രമിച്ച OBC സംവരണപ്രവർത്തനങ്ങളിലും പിന്നീട് മണ്ഡൽ കമ്മീഷൻ റിപ്പോർടും ഇന്ത്യൻ പാർലമെന്റും ശേഷം സുപ്രീംകോടതിയും ഒരുപോലെ അംഗീകരിച്ച വസ്തുതയാണിത്.

OBC വിഭാഗത്തിൽ സമ്പത്തിന്റെ വിതരണവും തട്ടുകളുടെ രൂപീകരണവും നിലനിൽക്കുന്നു എന്നത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത് കൊണ്ട് മറ്റു വിഭാഗങ്ങളെ പരിശോധിച്ചാൽ ഇങ്ങനെ വായിച്ചെടുക്കാം.

ചിത്രം 4:  കേരളത്തിലെ ജാതി വിഭാഗങ്ങളിലെ വരുമാനാടിസ്ഥാനത്തിലുള്ള പ്രാതിനിധ്യം. കേരള പഠനം, KSSP 2006

1.എല്ലാ സാമൂഹ്യവിഭാഗങ്ങളിലും സാമ്പത്തികാന്തരമുണ്ട്.

 2. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരുടെ അനുപാതം ഇതര വിഭാഗങ്ങളെ അപേക്ഷിച്ച് കൂടുതലാണ്.

പൊതുവേ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവർ ജോലിയിലും വിദ്യാഭ്യാസത്തിലും എല്ലാം മൃഗീയമായ മേധാവിത്വം നേടുന്നത് നാം കണ്ടു. നിലവിലിന്നുവരെ, പൊതുവിഭാഗത്തിലെ പ്രാതിനിധ്യത്തെ മിക്കവാറും കയ്യാളുന്നത് സവർണവിഭാഗങ്ങളാണെന്ന കാര്യത്തിൽ സംവരണത്തെ ഗൗരവമായി കാണുന്ന ആർക്കും തർക്കമുണ്ടാവില്ല എന്ന് കരുതുന്നു. (ചിത്രം. 2, 3)

അതായത് പഠനങ്ങളും ജീവിതാനുഭവങ്ങളും നമ്മെ പഠിപ്പിക്കുന്നത് ജനറൽ സീറ്റുകളിൽ ഭൂരിപക്ഷവും കൈയടക്കുന്നത് മുന്നാക്കക്കാരിലെ മുന്നാക്കക്കാരാണ് എന്നാണ്. ജനറൽ ക്വാട്ട കയ്യടക്കാൻ ശേഷിയുള്ള പ്രബലരായ സമ്പന്നവിഭാഗങ്ങൾ സമുദായങ്ങളിൽ ഉണ്ടായതുകൊണ്ട് തൊഴിലിനും വിദ്യാഭ്യാസത്തിനും പ്രാതിനിധ്യം ഉറപ്പാക്കാൻ ആവാതെ പോകുന്നവരെ അതിന് പ്രാപ്തരാക്കുന്ന പദ്ധതികളുടെയും പരിപാടികളുടെയും അനിവാര്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. താരതമ്യേന കുറവാണെങ്കിലും മറ്റു വിഭാഗങ്ങളിലെ (പട്ടികജാതി, പട്ടികവർഗ) സാമ്പത്തിക പിന്നാക്കാവസ്ഥ മൂലമുള്ള പ്രാതിനിധ്യപ്രശ്നം ഗൗരവമായി തന്നെ പരിശോധിച്ച് ആവശ്യമായ പദ്ധതികൾ രൂപീകരിക്കേണ്ടത് ആണ്.

എങ്കിലും ആദ്യം തന്നെ EWS നടപ്പാക്കുന്ന സംസ്ഥാനം അല്ലേ കേരളം?

നിലവിലെ വിവരങ്ങളനുസരിച്ച് EWS പരിപാടികൾ പൂർണമായോ ഭാഗികമായോ മറ്റ് മുപ്പത്തിരണ്ട് സംസ്ഥാനങ്ങൾ നടപ്പാക്കിയതിനു ശേഷം മാത്രമാണ് കേരളത്തിൽ ഇത് നടപ്പാക്കുന്നത്.

ചിത്രം 5: ഇന്ത്യയിൽ സംവരണേതരവിഭാഗളിലെ പാവപ്പെട്ടവർക്കായുള്ള സംവരണം നടപ്പിലാക്കിയ സംസ്ഥാനങ്ങൾ. GoI notification, various state government notifications, various UT admin notifications and various news reports during January 2019- October 2020

മമത ബാനർജിയുടെ ബംഗാൾ സർക്കാർ അടക്കമുള്ള ഒട്ടുമിക്കവാറും ഇടങ്ങൾ ബിജെപി നയിക്കുന്ന കേന്ദ്രം മുന്നോട്ടുവെച്ച മാനദണ്ഡങ്ങളെ അതേപടി പിന്തുടരുകയാണ്. കോൺഗ്രസ്സ് സംസ്ഥാന ഗവണ്മെന്റുകൾ പരിശോധനകൾ ഒന്നുമില്ലാതെ കൂടുതൽ വെള്ളം ചേർത്തപ്പോൾ ഇടതുപക്ഷം ഭരിക്കുന്ന കേരളം ഒരു സമിതിയെ നിയോഗിച്ച് പുതിയ മാനദണ്ഡങ്ങൾ ഉണ്ടാക്കിയ ശേഷമാണ് നടപടിയിലേക്ക് നീങ്ങിയത് (താരതമ്യം ചിത്രം 5.)

സംഘപരിവാറിനെ വെല്ലുവിളിക്കുന്ന തരത്തിൽ നിലവിലെ EWS മാനദണ്ഡങ്ങൾ കൂടുതൽ ദുർബലമാക്കി നടപ്പാക്കുകയാണ് കോൺഗ്രസ്സ് ചെയ്തത്. തങ്ങൾ നടപ്പാക്കിയത് പോലെ EWS നടപ്പിലാക്കാൻ ധൈര്യമുണ്ടോ എന്ന് രാജസ്ഥാൻ മുഖ്യമന്ത്രി പരസ്യമായി ബിജെപിയെ വെല്ലുവിളിച്ചതും, ഇപ്പോഴത്തെ UDF ചെയർമാൻ രമേശ് ചെന്നിത്തലയും അവരുടെ പുതിയ കൂട്ടുകാരൻ പി.സി. ജോർജും ശശിധരൻ നായർ കമ്മീഷനു മുന്നിൽ നിർദേശിച്ച ഉയർന്ന വരുമാനമാനദണ്ഡവും കോൺഗ്രസ്സിന്റെ ഔദ്യോഗികനിലപാടിന്റെ തുടർച്ച തന്നെയാണ്. നിലവിൽ സമരമുഖത്ത് മുന്നിൽ നിൽക്കുന്ന മുസ്ലിം ലീഗ് കഴിഞ്ഞ തെരെഞ്ഞെടുപ്പിനെ നേരിട്ടത് EWS എന്ന വാഗ്ദാനം പ്രകടനപത്രികയിൽ വെച്ചു കൊണ്ടാണ് എന്ന വസ്തുത ഇപ്പോഴത്തെ സമരങ്ങളുടെ രാഷ്ട്രീയപാപ്പരത്തം തുറന്നു കാണിക്കുന്നു.

സംവരണവിരുദ്ധർ 1950ലും 1990ലും 2006ലുമൊക്കെ പ്രധാനമായും ഉയർത്തിയത് മെറിറ്റ് vs സംവരണം എന്ന വാദമാണ്. തന്നേക്കാൾ റാങ്ക് (മെറിറ്റ്) കുറഞ്ഞവർ സംവരണം വഴി അനർഹമായ സ്ഥാനമാനങ്ങൾ നേടിയെടുക്കുന്നു എന്ന വലുതുപക്ഷയുക്തി തന്നെയാണ് EWS സാഹചര്യത്തിൽ മതമൗലികവാദികളും ലിബറലുകളും ഏറ്റടുത്തിരിക്കുന്നത്. ഒരർത്ഥത്തിൽ സംഘപരിവാറിന്റെ വിജയമാണിത്.

നിലവിലെ സംവരണതത്വങ്ങൾ അട്ടിമറിക്കപ്പെടുന്നുണ്ടോ?

ലിബറലുകളും സ്വത്വവാദികളും ഉയർത്തുന്ന വാദം, EWS നടപ്പാക്കുന്നത് വഴി ഓപ്പൺ ക്വാട്ട കുറയുന്നത് സംവരണതത്വങ്ങൾക്ക് എതിരാണ് എന്നാണ്. ഉദാഹരണത്തിന് ജനറൽ കാറ്റഗറിയിൽ സീറ്റ് നേടാനുള്ള പട്ടികജാതി വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികളുടെ അവസരം EWS ഇല്ലാതാക്കുന്നു. ഒറ്റനോട്ടത്തിൽ ഈ വാദം ശരിയാണ് എന്ന് തോന്നാം. 

ആദ്യം സംവരണതത്വം തന്നെ എന്താണെന്ന് ഒരിക്കൽക്കൂടി പരിശോധിക്കാം. ഒരുകൂട്ടം ആളുകളെ ജോലിക്കോ വിദ്യാഭ്യാസത്തിനോ ഒക്കെ തെരഞ്ഞെടുക്കുമ്പോൾ, അതിൽ നിർബന്ധമായും ഒരു നിശ്ചിതശതമാനം പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർ ഉണ്ടാകണമെന്നാണ്. അതായത് എന്തൊക്കെയായാലും നൂറിൽ പതിനഞ്ച് പട്ടികജാതിക്കാരും, എട്ട് പട്ടികവർഗക്കാരും, ഇരുപത്തിയേഴ് മറ്റു പിന്നാക്കവിഭാഗക്കാരും എല്ലാം ഉണ്ടാവണം എന്നാണ്. ഒരു മിനിമം പ്രാതിനിധ്യമാണ് സംവരണം ഉറപ്പാക്കാൻ ശ്രമിക്കുന്നത്. അത് മാത്രമാണ്. 

സംവരണതത്വങ്ങളുടെ അട്ടിമറി എന്നാൽ ഈ മിനിമം പ്രാതിനിധ്യം ദുർബലപ്പെടുത്തുക എന്നതാണ്. നിലവിൽ സംവരണം നേടുന്ന വിഭാഗങ്ങളുടെ മിനിമം പ്രാതിനിധ്യത്തിന് ഉള്ള സംവരണ ക്വാട്ട ഒട്ടും കുറയാതെ മറ്റൊരു പിന്നാക്കവിഭാഗത്തിന് സംവരണം നൽകിയാൽ അത് നിലവിലെ സംവരണതത്വങ്ങൾക്ക് എതിരല്ല. ഓപ്പൺ ക്വാട്ടയിൽ നിന്നാണ് പത്തു ശതമാനം EWS സംവരണത്തിന് മാറ്റിവെക്കുന്നത്. ഇത് നിലവിലെ സംവരണവിഭാഗങ്ങളുടെ മിനിമം പ്രാതിനിധ്യത്തെ ബാധിക്കുന്നില്ല. കൂടുതൽ പരിശോധിക്കാം.

പട്ടികജാതി/പട്ടികവർഗ സംവരണം മാത്രം ഉണ്ടായിരുന്ന കാലത്ത് എഴുപത്തിയഞ്ചു ശതമാനത്തിലേറെ ഓപ്പൺ ക്വാട്ട ആയിരുന്നു. ഇത് വെട്ടിമുറിച്ചു കൊണ്ടാണ് ഇരുപത്തിയേഴു ശതമാനം ഒബിസി സംവരണം നിലവിൽ വന്നത്. ഇപ്പോഴത്തെ സ്വത്വവാദ ലിബറൽ കേവലയുക്തി അനുസരിച്ച് ആണെങ്കിൽ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് കൂടി അവകാശപ്പെട്ട ഇരുപത്തിയേഴു ശതമാനം ഓപ്പൺ സീറ്റുകളാണ് അന്ന് നഷ്ടമായത്. അത്തരത്തിൽ പൊതുവിഭാഗത്തിൽ നിന്നുമെടുത്തുപയോഗിച്ച എല്ലാ സംവരണവും ദളിത്-ആദിവാസി വിരുദ്ധം ആവുമോ? ആവില്ല, കാരണം പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളുടെ മിനിമം പ്രാതിനിധ്യത്തെ ആണ് സംവരണതത്വങ്ങൾ ഉറപ്പുനൽകുന്നത്. അത് ദുർബലപ്പെടാതെയാണ് ഒബിസി (എൻ സി) യും മറ്റു സംവരണങ്ങളും നിലവിൽ വന്നത്. അതേതരം സാഹചര്യമാണ് EWS വിഷയത്തിലും ക്വാട്ടയുടെ കാര്യത്തിൽ ഉരുത്തിരിയുന്നത്.

എന്നാൽ ഇന്ത്യയുടെ ചരിത്രത്തിൽ സംവരണതത്ത്വങ്ങളുടെ അട്ടിമറി നടന്നിട്ടുണ്ട്. ഉദാഹരണത്തിന് മഹാരാഷ്ട്രയിൽ മുസ്ലീം വിഭാഗത്തിന്റെ പ്രാതിനിധ്യം ബിജെപി സർക്കാർ വെട്ടിക്കുറച്ചതും പിന്നീട് വന്ന കോൺഗ്രസ്സ് അത് പുനഃസ്ഥാപിക്കാൻ തയ്യാറാവാത്തതുമാണ് സംവരണ തത്വങ്ങളുടെ അട്ടിമറി. മധ്യപ്രദേശിൽ മാറിമാറിവന്ന ബിജെപി, കോൺഗ്രസ്സ് സർക്കാരുകൾ ഒബിസി സംവരണം പൂർണമായി നടപ്പാക്കാത്തതും വലതുപക്ഷം ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ സവർണജാതികൾക്ക് വലിയതോതിൽ ജാതി സംവരണം നൽകുന്നതുമാണ് തത്വങ്ങളുടെ അട്ടിമറി.

വിവാദങ്ങളിൽ നഷ്ടമാവുന്നത്

എതിർക്കുന്നതിനു വേണ്ടി എല്ലാം എതിർക്കുന്നത് മാത്രമാണ് നിലവിൽ നമ്മൾ കാണുന്നത്. യഥാർത്ഥത്തിൽ ഉയർന്നുവരേണ്ട ഗൗരവതരമായ സംവാദങ്ങളെ വഴിതിരിച്ചുവിടാൻ ആണോ നിലവിലെ സംഘടിതപ്രചാരണം എന്ന് സംശയിച്ചു കൊണ്ട് വിവാദങ്ങളിൽ നഷ്ടമാവുന്നു എന്ന് കരുതുന്ന ചില കാര്യങ്ങൾ സൂചിപ്പിക്കാം. 

1.    EWS സംവരണം എന്തുകൊണ്ട് 10 ശതമാനം ആയി? ഒമ്പതോ പതിനൊന്ന് ആവാത്തതിന്റെ സാംഗത്യം എന്താണ്? കൂടുതൽ പഠനങ്ങൾ ആവശ്യമുണ്ടോ?

2.    നിലവിലെ മാനദണ്ഡങ്ങൾ എത്രമാത്രം ശരിയാണ്? ഈ മാനദണ്ഡങ്ങൾ നിശ്ചയിച്ച രീതി എത്രത്തോളം എത്രത്തോളം ശാസ്ത്രീയമാണ്? അഥവാ ഈ മാനദണ്ഡങ്ങൾ തെറ്റാണെങ്കിൽ മറ്റെന്തു മാനദണ്ഡങ്ങൾ ഏത് രീതിയിലാണ് മുന്നോട്ടു വയ്ക്കേണ്ടത്?

3.    സംവരണവ്യവസ്ഥകൾ നിലവിലുണ്ടായിട്ടും കാലങ്ങളായി ഒഴിഞ്ഞു കിടക്കുന്ന കാറ്റഗറി സീറ്റുകളിലേക്കെങ്കിലും പ്രാതിനിധ്യം ഉറപ്പാക്കാൻ എന്തെല്ലാം മാറ്റങ്ങളും പദ്ധതികളുമാണ് ആവശ്യമുള്ളത്?

 4.   ജാതി സംവരണത്തിന് അകത്തുതന്നെ വിവിധ ജാതി വിഭാഗങ്ങൾ നേരിടുന്ന വിവേചനങ്ങൾ പരിഹരിക്കാനുള്ള നൂതനമാർഗങ്ങൾ വളർത്തിയെടുക്കാൻ എന്തു പദ്ധതിയാണ് മുന്നിലുള്ളത്? ഈ വിഷയത്തിൽ സംവാദങ്ങൾ ആരംഭിക്കാൻ സമയമായോ?

 5.   വിവിധ രാഷ്ട്രീയ-സാമൂഹ്യപ്രസ്ഥാനങ്ങളും ചിന്താപദ്ധതികളും വളർത്തിയെടുക്കുന്ന ജാതി ഉന്മൂലനപദ്ധതികൾ എന്താണ്? ഇവർക്കൊക്കെയും കാലങ്ങളായി സംവരണത്തോടുള്ള നിലപാട് എന്താണ്?

 6.   ആകെ ജോലിയുടെ 92 ശതമാനവും അസംഘടിതമേഖലയിലും ഭൂരിപക്ഷവും സ്വകാര്യമേഖലയിലും ആയ ഒരു രാജ്യത്ത് ജാതി അടക്കമുള്ള എല്ലാ സംവരണവും സ്വകാര്യമേഖലയിലേക്ക് വ്യാപിപ്പിക്കാൻ വിമർശകരിൽ എത്രപേർ ആവശ്യപ്പെടുന്നുണ്ട്? ഈ വിഷയം ഉയർത്തി ഇടതുപക്ഷം വിശിഷ്യ സിപിഐ(എം) അല്ലാതെ ആരെങ്കിലും പാർലമെന്റിലും പുറത്തും സമരം ചെയ്യുന്നുണ്ടോ?

 7.   ചരിത്രപരമായി പ്രാതിനിധ്യത്തിൽ പിന്നോക്കം നിൽക്കുന്ന ദളിത് ക്രിസ്ത്യൻ വിഭാഗം അടക്കം സംവരണത്തിന് അർഹതയുള്ള എന്നാൽ നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം സംവരണം ലഭ്യമല്ലാത്ത, വിഭാഗങ്ങൾക്ക് കൂടി ദേശീയാടിസ്ഥാനത്തിൽ സംവരണം ഏർപ്പെടുതേണ്ടതല്ലേ?

*

രാമദാസ് പ്രിനി ശിവാനന്ദൻ, ജിഷ്ണുദാസ് കെ എസ് 

റ്റാറ്റാ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ സ്കൂൾ ഓഫ് ഡെവെലപ്മെന്റ് സ്റ്റഡീസിലെ ഗവേഷകവിദ്യാർത്ഥികളാണ് രാമദാസും ജിഷ്ണുദാസും. ചായത്തോട്ട തൊഴിലാളികളും ട്രേഡ് യൂണിയനുകളുമെന്ന വിഷയത്തിലാണ് രാമദാസ് ഗവേഷണം നടത്തുന്നത്. മലബാറിന്റെ വിദ്യാഭ്യാസചരിത്രത്തെക്കുറിച്ചാണ് ജിഷ്ണുദാസിന്റെ ഗവേഷണം.

അവലംബങ്ങൾ

    കേരള പഠനം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. web] [archive]

    All India survey on higher education 2018-2019, Institution by the Ministry of Human Resource Development, Government of India.

    Reservation Policy and the Plight of Matangs in Maharashtra, B. S. Waghmare, 2010.

    Reservations within Reservations: A Solution, Anand Teltumbde, 2009.

    Report of the Commission Constituted for Recommending the Criteria for Identifying the Economically Weaker Sections (EWSs) in the General Category in Kerala.

    Class and Caste in ‘Creamy Layer’ Controversy, EMS. 1995

(ബോധി കോമണ്‍സ് പ്രസിദ്ധീകരിച്ചത്)

No comments:

Post a Comment