1950കളുടെ അവസാനം രൂപീകൃതമായ കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണി പൊട്ടിത്തകർന്നുകൊണ്ടിരിക്കുകയാണ്. സഖാവ് ഇ എം എസിന്റെ നേതൃത്വത്തിൽ 1957ൽ രൂപീകരിച്ച കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ജനപക്ഷ ബദൽനയങ്ങൾക്കെതിരെ കോൺഗ്രസ് എല്ലാ വലതുപക്ഷശക്തികളെയും അണിനിരത്തി. ഈ വലതുപക്ഷസഖ്യത്തിന് കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിന്റെയും സാമ്രാജ്യത്വശക്തികളുടെയും സഹായവും പിന്തുണയും ലഭിച്ചു. കേരളത്തിൽ ഇടതുപക്ഷം നേടിയ വിജയം മറ്റ് സംസ്ഥാനങ്ങളിലും ആവർത്തിക്കുമെന്ന് അവർ ഭയപ്പെട്ടു. ഇടതുപക്ഷം ശക്തിപ്പെടുമ്പോഴെല്ലാം ഇടതുപക്ഷേതര രാഷ്ട്രീയകക്ഷികളെയും വലതുപക്ഷ വിഭാഗങ്ങളെയും അണിനിരത്തി വലതുപക്ഷസഖ്യം കെട്ടിപ്പടുക്കാൻ കോൺഗ്രസ് ശ്രമിച്ചിരുന്നു. കേന്ദ്ര കോൺഗ്രസ് ഗവൺമെന്റിനെയും അതിന്റെ ഏജൻസികളെയും ഉപയോഗപ്പെടുത്തി മത–-ജാതി വിഭാഗങ്ങളെക്കൂടി പ്രീണിപ്പിച്ചും കോർപറേറ്റ് സഹായം ഉപയോഗിച്ചുമാണ് കോൺഗ്രസ് ഇടതുപക്ഷവിരുദ്ധ മുന്നണി സംഘടിപ്പിച്ചിരുന്നത്.
കേന്ദ്രഭരണം നഷ്ടപ്പെട്ടതോടെ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഇപ്പോൾ ബിജെപി നയിക്കുന്ന കേന്ദ്ര ഗവൺമെന്റിനെയും ബിജെപിയെയും ആശ്രയിച്ചിരിക്കുകയാണ്. കോൺഗ്രസ്, മുസ്ലിംലീഗ്, ബിജെപി സഖ്യം രൂപമെടുത്തത് ഈ സാഹചര്യത്തിലാണ്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിനോട് എതിർപ്പുള്ള വൻകിട കോർപറേറ്റുകളുടെ സഹായം അവർക്ക് ലഭിക്കുന്നു. വലതുപക്ഷ മാധ്യമങ്ങൾ സ്വാഭാവികമായി ഈ സഖ്യത്തോടൊപ്പം അണിനിരന്നിട്ടുണ്ട്. ഒന്നുകിൽ കേന്ദ്ര ഗവൺമെന്റിന്റെ അന്വേഷണ ഏജൻസികൾ വലതുപക്ഷ മാധ്യമങ്ങൾക്ക് കേസന്വേഷണത്തിൽ ലഭിച്ച രഹസ്യവിവരങ്ങൾ നിയമവിരുദ്ധമായി കൈമാറുന്നു, അല്ലെങ്കിൽ വലതുപക്ഷ മാധ്യമങ്ങൾ അതിനെപ്പറ്റി നുണക്കഥകൾ പ്രചരിപ്പിക്കുന്നു, ഇതിൽ രണ്ടിലേതെങ്കിലും ഒന്നാണ് ഇന്ന് നടക്കുന്നത്. രണ്ടിലേതായാലും ഇത് നിയമവിരുദ്ധവും കുറ്റകരവുമായ പ്രവൃത്തിയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിനെ അസ്ഥിരീകരിക്കുകയാണ് ഇവരുടെ ലക്ഷ്യം. കേന്ദ്രസഹമന്ത്രി വി മുരളീധരൻ നടത്തുന്ന പരസ്യപ്രസ്‌താവനകൾ അധികാരദുർവിനിയോഗവും നീതിനിർവഹണ പ്രക്രിയയിൽ നടത്തുന്ന നിയമവിരുദ്ധമായ ഇടപെടലുകളുമാണ്.
അപകടകരവും ആത്മഹത്യാപരവുമായ നീക്കങ്ങളാണ് കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും നേതൃത്വം നടത്തുന്നത്. ഇക്കാര്യത്തിൽ ബിജെപിയുടെ കണക്കുകൂട്ടലുകൾ വളരെ വ്യക്തമാണ്. കോൺഗ്രസിലെ ഒരു വിഭാഗത്തെ തങ്ങളോടൊപ്പം ഭാവിയിൽ കൂട്ടാനാകുമെന്ന് അവർക്ക് ഉറപ്പുണ്ട്. കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ അനുഭവങ്ങൾ ബിജെപിയുടെ പ്രതീക്ഷകൾക്ക് കരുത്തുപകരുന്നു. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ ആത്മഹത്യാപരമായ നീക്കങ്ങൾക്കെതിരെ പുതിയ പൊട്ടിത്തെറികൾ അവശേഷിക്കുന്ന യുഡിഎഫിലും കോൺഗ്രസിലും ഉണ്ടാകുമെന്നതിൽ സംശയമില്ല. മുസ്ലിംലീഗ് നേതൃത്വത്തിന്റെ വഴിവിട്ട നീക്കങ്ങൾ മുസ്ലിം ജനവിഭാഗങ്ങളെ കടുത്ത ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നു.
അഖിലേന്ത്യാ രാഷ്ട്രീയസ്ഥിതിഗതികൾ അങ്ങേയറ്റം അപകടകരമാണ്. ആർഎസ്‌എസ് നയിക്കുന്ന ബിജെപിയുടെ കേന്ദ്ര ഗവൺമെന്റ് ഇന്ത്യയുടെ ഭരണസംവിധാനത്തിലുണ്ടായിരുന്ന എല്ലാ ക്രിയാത്മക സ്വഭാവങ്ങളെയും അട്ടിമറിച്ചിരിക്കുകയാണ്. പൊതുമേഖലാ വ്യവസായങ്ങൾ കോർപറേറ്റുകൾക്ക് തീറുകൊടുത്തു. ഖനികളും പെട്രോളിയം സ്രോതസ്സുകളും വനസമ്പത്തും കൈവശപ്പെടുത്താൻ കോർപറേറ്റുകൾക്ക് സൗകര്യമൊരുക്കി. കൃഷി, കാർഷികോൽപ്പന്നങ്ങൾ, അവയുടെ വ്യാപാരം, സംസ്‌കരണം എന്നിവയെല്ലാം കോർപറേറ്റുകൾക്ക് കൈമാറുന്നതിന് മൂന്ന് നിയമം പാസാക്കി. കർഷകജനവിഭാഗങ്ങളാകെ നാടനും വിദേശിയുമായ കോർപറേറ്റുകളുടെ അടിയാളന്മാരായി മാറും. ഭാവിയിൽ കർഷകരെന്ന ജനവിഭാഗംതന്നെ ഉണ്ടാകില്ല. തൊഴിൽമേഖലയിൽ പാസാക്കിയ നാല് നിയമംവഴി തൊഴിലാളികളുടെ സംഘടിക്കാനും കൂട്ടായി വിലപേശാനുമുണ്ടായിരുന്ന അവകാശം നഷ്ടപ്പെടുത്തി. ഒരു നിയന്ത്രണവുമില്ലാതെ കോർപറേറ്റുകൾക്ക് തൊഴിലെടുക്കുന്നവരെ ചൂഷണംചെയ്യാൻ കഴിയും. ബാങ്കിങ് ഭേദഗതി നിയമത്തിന്റെ ലക്ഷ്യം സഹകരണസംഘങ്ങളുടെ ധനം കോർപറേറ്റുകളുടെ വരുതിയിലാക്കുകയാണ്. കോവിഡ്‐19ന്റെ മറവിൽ ജനവിരുദ്ധമായ എല്ലാ നവഉദാരവൽക്കരണ സാമ്പത്തികനയങ്ങളും അടിച്ചേൽപ്പിച്ചിരിക്കുകയാണ്.
ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ചുവടുവയ്‌പുകൾ
മോഡി ഭരണം ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള ചുവടുവയ്‌പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. മുത്തലാഖ് നിയമം പാസാക്കിയത് മുസ്ലിം മതവിശ്വാസികൾക്കെതിരായി വിവേചനം ശക്തിപ്പെടുത്താനായിരുന്നു. മതത്തെ അടിസ്ഥാനമാക്കി പൗരത്വം നിശ്ചയിക്കുന്ന പൗരത്വാവകാശ ഭേദഗതി നിയമം ഹിന്ദുരാഷ്ട്രനിർമിതിക്കുള്ള വലിയ ചുവടുവയ്‌പാണ്. ജമ്മു കശ്‌മീർ സംസ്ഥാനത്തെ മൂന്നായി വിഭജിച്ചിരിക്കുന്നു. കശ്‌മീരിന്റെ മുസ്ലിം ഭൂരിപക്ഷസ്വഭാവം ഇല്ലാതാക്കാൻ കശ്‌മീർ നിവാസികളെപ്പറ്റിയുള്ള നിർവചനം ഭേദഗതി ചെയ്‌ത് കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നു. പലസ്തീൻ പ്രദേശത്ത് ഇസ്രയേൽ ചെയ്‌തത് കശ്‌മീരിൽ മോഡിഭരണം ആവർത്തിച്ചിരിക്കുകയാണ്. ബാബ്‌റി മസ്‌ജിദ് നിന്ന പ്രദേശത്തിന്റെ ഉടമസ്ഥാവകാശം നിശ്ചയിച്ചത് പ്രമാണങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നില്ല. ഭൂരിപക്ഷ വർഗീയവാദത്തിന്റെ വിശ്വാസത്തെയാണ് സുപ്രീംകോടതി ആധാരമാക്കിയത്.
അയോധ്യയിൽ ശ്രീരാമക്ഷേത്രം പണിയുന്നതിന്റെ തുടക്കംകുറിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവർണറും ആർഎസ്‌എസ് നേതാവ് മോഹൻ ഭാഗവതും ചടങ്ങിൽ പങ്കെടുത്തു. ക്ഷേത്രനിർമാണച്ചുമതല ഗവൺമെന്റ് ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ തകർക്കപ്പെട്ടിരിക്കുന്നു. ബാബ്‌റി മസ്‌ജിദ് തകർത്തതിനെപ്പറ്റിയുള്ള കോടതിവിധി ഭൂരിപക്ഷ മതവിശ്വാസികൾക്ക് ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ആരാധനാലയങ്ങൾ തകർക്കാൻ അവകാശമുണ്ടെന്ന സന്ദേശമാണ് നൽകുന്നത്. ബാബ്‌റി മസ്‌ജിദ് തകർത്തത് ലോകമാകെ കണ്ടു. എന്നാൽ, ആ കൊടും കുറ്റത്തിന് ഒരു കുറ്റവാളിയെയും ശിക്ഷിച്ചില്ല. സിബിഐയുടെ ‘കുറ്റാന്വേഷണ വൈദഗ്‌ധ്യം’ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. ദളിത്, ആദിവാസി ജനവിഭാഗങ്ങളും മതന്യൂനപക്ഷങ്ങളും കടന്നാക്രമിക്കപ്പെടുന്നു. ജനാധിപത്യവ്യവസ്ഥ അട്ടിമറിച്ച് സ്വേച്ഛാധിപത്യഭരണം അടിച്ചേൽപ്പിക്കാനാണ് നരേന്ദ്ര മോഡി ഭരണം ശ്രമിക്കുന്നത്.
ഭരണഘടനയിലെ ജനാധിപത്യമൂല്യങ്ങൾ നിരന്തരം ലംഘിക്കപ്പെടുന്നു. പാർലമെന്റിന്റെ സ്വതന്ത്രമായ പ്രവർത്തനം നിഷേധിക്കപ്പെട്ടിരിക്കുന്നു. പ്രമേയങ്ങളും നിയമങ്ങളും വോട്ടുചെയ്‌ത് തീരുമാനിക്കണമെന്ന് ആവശ്യപ്പെടാനുള്ള അംഗങ്ങളുടെ അവകാശം അടിച്ചമർത്തപ്പെട്ടിരിക്കുന്നു. സുപ്രീംകോടതി ഭരണനിർവഹണസമിതിയുടെ നിയന്ത്രണത്തിലാണ്.
തെരഞ്ഞെടുപ്പ് കമീഷൻ മന്ത്രിസഭയുടെ ഇംഗിതമനുസരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമായി മാറുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സിബിഐ, എൻഐഎ, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്, കസ്‌റ്റംസ്, ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റ്, കേന്ദ്ര വിജിലൻസ് കമീഷൻ, കേന്ദ്ര വിവരാവകാശ കമീഷൻ തുടങ്ങിയ സ്ഥാപനങ്ങളെ ബിജെപിയുടെ രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കുവേണ്ടി ദുരുപയോഗപ്പെടുത്തുന്നു. ധനം നൽകിയും കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചും ബിജെപി ഇതര രാഷ്‌ട്രീയ കക്ഷികളിലെ എംഎൽഎമാരുടെ "കാലുമാറ്റം' സംഘടിപ്പിച്ച് ബിജെപി ഇതര സംസ്ഥാന ഗവൺമെന്റുകളെ അട്ടിമറിക്കുന്നു. വിയോജിപ്പ് പ്രകടിപ്പിക്കുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി തടങ്കലിലാക്കുന്നു. സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളും അധികാരങ്ങളും കേന്ദ്ര ഗവൺമെന്റ് കവർന്നെടുക്കുന്നു. ഇന്ത്യയുടെ ജനാധിപത്യവ്യവസ്ഥ വലിയ ഭീഷണി നേരിടുന്നു.
ഇന്ത്യ പിന്തുടർന്നുപോന്ന സ്വതന്ത്ര വിദേശനയം ഉപേക്ഷിച്ചിരിക്കുന്നു. മോഡിഭരണം ഇന്ത്യയെ അമേരിക്കയുടെ സാമന്തരാജ്യമാക്കി മാറ്റിയിരിക്കുകയാണ്. അമേരിക്കയുടെ വിദേശനയസമീപനങ്ങൾ മോഡി ഭരണം ദത്തെടുത്തിരിക്കുന്നു. മിത്രങ്ങളെയും ശത്രുക്കളെയും അമേരിക്ക നിശ്‌ചയിക്കുമെന്നതാണ് ഇന്നത്തെ നില.
കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനം അട്ടിമറിനീക്കത്തെ ദുർബലപ്പെടുത്തും
അത്യന്തം അപകടകരമായ മോഡിയുടെ ഭരണനയങ്ങൾക്കെതിരെ വിവിധ ജനവിഭാഗങ്ങളുടെ സമരങ്ങൾ വളർന്നുവരുന്നത് പ്രതീക്ഷ നൽകുന്നു. അതോടൊപ്പം ബിജെപിക്കൊപ്പം അണിനിരന്നിരുന്ന രാഷ്‌ട്രീയ കക്ഷികൾ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് മോഡി ഭരണത്തെ എതിർക്കാൻ തയ്യാറായി മുന്നോട്ടുവരുന്നു. ജമ്മു കശ്‌മീരിൽ ബിജെപി ഒഴികെയുള്ള എല്ലാ രാഷ്‌ട്രീയകക്ഷികളും ഒരുമിച്ചുകൂടി ജമ്മു കശ്‌മീരിന്റെ പൂർവസ്ഥിതി പുനഃസ്ഥാപിക്കണമെന്ന ആവശ്യമുയർത്തിക്കഴിഞ്ഞു. ബിഹാറിലെ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ ജെഡിയുവിനും ബിജെപിക്കുമെതിരെ മറ്റെല്ലാ രാഷ്‌ട്രീയകക്ഷികളും ഒരു മഹാസഖ്യം രൂപീകരിച്ചിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും ബിജെപിക്ക് എതിരായി വിവിധ രാഷ്‌ട്രീയകക്ഷികളുടെ കൂട്ടുകെട്ട് രൂപപ്പെട്ടു വരുന്നുണ്ട്.
കേരളത്തിലെ എൽഡിഎഫ് ഗവൺമെന്റ് മാത്രമാണ് ജനപക്ഷബദൽനയങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്ന ഏക സംസ്ഥാന ഗവൺമെന്റ്. ഈ സർക്കാർ മാത്രമാണ് ബിജെപിയുടെ ജനവിരുദ്ധനയങ്ങളെയും ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ വർഗീയനീക്കങ്ങളെയും ചെറുക്കുന്നത്. കേരളത്തിലെ ഗവൺമെന്റിനെ അസ്ഥിരപ്പെടുത്തണമെന്നത് ബിജെപിയുടെയും യുഡിഎഫിന്റെയും കോർപറേറ്റുകളുടെയും താൽപ്പര്യമാണ്. എൽഡിഎഫ് ഗവൺമെന്റ് നിലനിൽക്കേണ്ടതും തുടർഭരണം ഉണ്ടാകേണ്ടതും ജനപക്ഷബദൽ ഉയർത്തുന്ന ഇടതുപക്ഷ ജനാധിപത്യശക്‌തികൾ ദേശീയതലത്തിൽ കരുത്താർജിക്കേണ്ടതിന് ആവശ്യമാണ്. അതോടൊപ്പം വികസനപരിപാടികളും ജനക്ഷേമപ്രവർത്തനങ്ങളും തുടരേണ്ടത് കേരളത്തിലെ ജനങ്ങളുടെ താൽപ്പര്യമാണ്.
ഈ സാഹചര്യത്തിലാണ് യുഡിഎഫ് നേതൃത്വം സ്വീകരിച്ചിട്ടുള്ള നയങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് യുഡിഎഫ് വിടാൻ കേരള കോൺഗ്രസ് എം തീരുമാനിച്ചത്. രാജ്യത്ത് വേരുറപ്പിക്കുന്ന വർഗീയതയ്‌ക്കെതിരെ ശക്‌തമായ നിലപാട് സ്വീകരിക്കുകയും കർഷകരുടെ ജീവത്തായ പ്രശ്‌നങ്ങളിൽ ഇടപെടുകയും ചെയ്യുന്നത് ഇടതുപക്ഷമാണെന്നും അതുകൊണ്ട് സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതായും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പ്രഖ്യാപിച്ചു. കോവിഡ്–-19 നെ നേരിടുന്നതിലും പ്രകൃതിക്ഷോഭങ്ങൾ സൃഷ്‌ടിച്ച കെടുതികൾക്ക് പരിഹാരം കാണുന്നതിലും എൽഡിഎഫ് ഗവൺമെന്റ് എടുത്ത നടപടികളെ അദ്ദേഹം ശ്ലാഘിച്ചു. കേരള കോൺഗ്രസ് എമ്മിന്റെ രാഷ്‌ട്രീയനിലപാട് കോൺഗ്രസ്–-മുസ്ലിംലീഗ്–-ബിജെപി സഖ്യത്തിന്റെ അട്ടിമറിനീക്കങ്ങളെ ദുർബലപ്പെടുത്തും. ഇടതുപക്ഷ ജനാധിപത്യശക്‌തികളുടെ കരുത്ത് വർധിപ്പിക്കും. ബിജെപിക്കെതിരെ രാജ്യവ്യാപകമായി വളർന്നുവരുന്ന ചെറുത്തുനിൽപ്പു സമരങ്ങളെ ശക്‌തിപ്പെടുത്തും.
എസ് രാമചന്ദ്രൻപിള്ള
No comments:
Post a Comment