Friday, October 30, 2020

രാജി ആവശ്യം പരിഹാസ്യം: സീതാറാം യെച്ചൂരി

 പട്‌ന: ഐഎഎസ്‌ ഉദ്യോഗസ്ഥനായ ശിവശങ്കറിനെ കേന്ദ്ര ഏജൻസി അറസ്റ്റ്‌ ചെയ്‌തതിൽ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന പ്രതിപക്ഷ ആവശ്യം പരിഹാസ്യമാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിനീഷ്‌ കോടിയേരിയുടെ കാര്യത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നിലപാട്‌ വ്യക്തമാക്കിയിട്ടുണ്ട്‌. തെറ്റുകാരനെന്നു കണ്ടാൽ നിയമപ്രകാരം നടപടിയെടുക്കട്ടെ. അതിനപ്പുറം മറ്റ്‌ വിഷയങ്ങളില്ല. കേന്ദ്രമാണ്‌ ഐഎഎസുകാരെ നിയമിക്കുന്നത്‌. ഐഎഎസുകാരുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ എങ്ങനെയാണ്‌ ഉത്തരവാദികളാവുക. കേന്ദ്രം ഭരിക്കുന്ന ബിജെപിയോടാണ്‌ ഇക്കാര്യം ചോദിക്കേണ്ടത്‌. സ്വർണം കടത്തിയത്‌ കേന്ദ്രം നിയന്ത്രിക്കുന്ന വഴിയിലൂടെയാണ്‌. വിമാനത്താവളവും കസ്റ്റംസുമെല്ലാം കേന്ദ്രത്തിനു കീഴിലാണ്‌. 

വിവരങ്ങൾ അറിഞ്ഞയുടൻ സംസ്ഥാന സർക്കാർ ശിവശങ്കറിനെ സസ്‌പെൻഡ്‌ ചെയ്‌തു. അന്വേഷണശേഷം കുറ്റക്കാരനെന്നു കണ്ടാൽ നിയമപ്രകാരമുള്ള നടപടികളിലേക്ക്‌ കടക്കാം. ഈ വിഷയത്തിൽ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെടുന്നതിലൂടെ പ്രതിപക്ഷത്തിന്റെ അസ്വസ്ഥതയാണ്‌ വെളിപ്പെടുന്നത്‌. കേരളത്തിൽ അടുത്ത്‌ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെയൊന്നും ഈ വിഷയം ബാധിക്കില്ല. ജനങ്ങൾ എല്ലാം കണ്ട്‌ മനസ്സിലാക്കുന്നുണ്ട്‌. ‐ യെച്ചൂരി പറഞ്ഞു

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാറിനെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു: കാനം രാജേന്ദ്രന്‍

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തിലെ സര്‍ക്കാറിനെ തകര്‍ക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

ബിനീഷിന്‍റെ അറസ്റ്റ് സര്‍ക്കാറിനെ ബാധിക്കില്ലെന്നും. ബിനീഷ് എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ ഭാഗമല്ലെന്നും കാനം രാജേന്ദ്രന്‍ ചോദ്യങ്ങളോട് പ്രതികരിച്ചു.

ബിനീഷ് വിഷയത്തില്‍ കോടിയേരി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതില്‍ കൂടുതലായി തനിക്ക് ഒന്നും പറയാനില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ബിനീഷിനെതിരെയുള്ളത് മയക്കുമരുന്ന് കേസല്ല സാമ്പത്തിക ഇടപാട് കേസാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉയരുന്ന ഇത്തരം കേസുകളോടും ആരോപണങ്ങളോടും മൗനം പാലിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ ബിനീഷിനെ വേട്ടയാടുകയാണെന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പിനെ നേരിടാന്‍ മുന്നണിയും സര്‍ക്കാരും പൂര്‍ണ സജ്ജമാണെന്നും കാനം പ്രതികരിച്ചു.

No comments:

Post a Comment