Thursday, October 29, 2020

മാധ്യമനുണകള്‍ക്കെതിരെ സിപിഐ എമ്മിന്റെ ജനകീയ കൂട്ടായ്‌മ നവംബര്‍ ഒന്നിന്

 മാധ്യമ നുണകള്‍ക്കെതിരെ സിപിഐ എം നേതൃത്വത്തില്‍ നവംബര്‍ ഒന്നിന് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഇടതുപക്ഷത്തിനെതിരെ രൂപം കൊണ്ട അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായാണ് ഭൂരിപക്ഷ മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത്. വാര്‍ത്തകളുടെ ഓരോ വാക്കിലും തലക്കെട്ടുകളിലും ചിത്രങ്ങളിലും അടിക്കുറിപ്പുകളിലും ഈ രാഷ്ട്രീയ താല്‍പര്യം തെളിഞ്ഞു കാണാം. അച്ചടി മാധ്യമങ്ങളിലെ വാര്‍ത്താവിന്യാസത്തിലും ദൃശ്യമാധ്യമങ്ങളിലെ ബ്രേക്കിംഗ് ന്യൂസിലും പ്രൈം ടൈം ചര്‍ച്ചകളിലെ വിഷയത്തേയും പാനലിസ്റ്റുകളേയും തെരഞ്ഞെടുക്കുന്നതിലും ഇതേ താല്‍പര്യമാണ് ഉള്ളതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.

നിരന്തരം നുണകള്‍ നിര്‍മ്മിച്ച് വിവാദവും ആശങ്കയും സൃഷ്ടിക്കുന്നതിനാണ് മാധ്യമങ്ങള്‍ നിരന്തരം ശ്രമിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനോപകാരപ്രദമായ കാര്യങ്ങള്‍ സമൂഹത്തിലേക്ക് എത്താതിരിക്കാന്‍ വാര്‍ത്തകള്‍ ഇവര്‍ തമസ്‌കരിക്കുകയും ചെയ്യുന്നു.

എല്‍ഡിഎഫിനെതിരായി രൂപം കൊണ്ട അവിശുദ്ധ മുന്നണിയുടെ അവിഭാജ്യ ഭാഗമെന്ന നിലയിലാണ് ഒരു സംഘം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ മാധ്യമ നുണകളെ തുറന്നു കാണിക്കേണ്ടത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് അനിവാര്യമാണെന്നും. അതില്‍ ഭാഗഭാക്കാകാന്‍ മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും സിപിഐ എം പ്രസ്താവനയില്‍ അറിയിച്ചു.

ദേശാഭിമാനി പ്രത്യേക പതിപ്പ് ഇവിടെ വായിക്കാം

No comments:

Post a Comment