ഉത്തര്‍പ്രദേശില്‍ ഗോവധ നിരോധന നിയമം വലിയതോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായി അലഹാബാദ് ഹൈക്കോടതി. നിയമം നിരപരാധികളെ കുടുക്കുന്നതിന് ഉപയോഗിക്കുകയാണ്. ഒരു തെറ്റും ചെയ്യാത്തവര്‍ ജയിലിലടയ്ക്കപ്പെടുന്നുവെന്നും കോടതി പറഞ്ഞു. ഗോവധ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.
ഏത് മാസം പിടിച്ചെടുത്താലും പരിശോധനപോലും നടത്താതെ അത് ഗോമാംസമായി ചിത്രീകരിക്കുകയാണെന്ന് കോടതി പറഞ്ഞു. മിക്കവാറും കേസുകളില്‍ പിടിച്ചെടുത്ത മാംസം ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്നില്ല. ചെയ്യാത്ത കുറ്റത്തിന് ആരോപണവിധേയനായ വ്യക്തി ജയിലില്‍ത്തന്നെ കഴിയുകയും വിചാരണ നടപടികള്‍ക്ക് വിധേയനാവുകയും ചെയ്യുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
പശുവിനെ കൊന്നതിനും ബീഫ് കൈവശം വച്ചതിനും അറസ്റ്റ് ചെയ്യപ്പെട്ട റഹ്മുദ്ദീന്‍ എന്നയാളുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. റഹ്മുദ്ദീനെ മാംസം കണ്ടെടുത്ത സ്ഥലത്തുനിന്നല്ല അറസ്റ്റ് ചെയ്തതെന്നും എഫ്ഐആറില്‍ അത്തരം പരാമര്‍ശമില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. റഹ്മുദ്ദീന് കോടതി ജാമ്യം അനുവദിച്ചു.
No comments:
Post a Comment