മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നൽകാനുള്ള തീരുമാനത്തിന്റെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ പ്രചാരണം നടത്തുന്ന ചില മാധ്യമങ്ങളുടെ നീക്കം അടിസ്ഥാനരഹിതം.
നിലവിലുള്ള സംവരണ വ്യവസ്ഥയെ ഒരുതരത്തിലും ബാധിക്കാതെയാകണം സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർക്ക് സംവരണം അനുവദിക്കേണ്ടതെന്ന വ്യക്തമായ നിലപാടാണ് സർക്കാരിന്. നിലവിലുള്ള 100 ശതമാനം ഒഴിവുകളിൽ പത്ത് ശതമാനം ഇതിനായി മാറ്റിവയ്‌ക്കുമെന്നും ശേഷിക്കുന്ന 90 ശതമാനത്തിൽനിന്നാകും നിലവിലുള്ള സാമുദായിക സംവരണമെന്നുമുള്ള നിഗമനം തെറ്റാണ്. വിവിധ വിഭാഗങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന 50 ശതമാനം സംവരണം അതേപടി തുടരും. തുടർന്ന് ഓപ്പൺ ക്വോട്ടയിലുള്ള 50 ശതമാനത്തിൽനിന്നാണ് സാമ്പത്തിക പിന്നോക്ക വിഭാഗത്തിലുള്ളവർക്ക് അവസരം നൽകുന്നത്. നിലവിലുള്ള സംവരണവ്യവസ്ഥയെയോ നിയമനത്തിലുള്ള റൊട്ടേഷനെയോ ഒരുതരത്തിലും ഇത് ബാധിക്കില്ല. ചുരുക്കത്തിൽ സംവരണ വിഭാഗത്തിനുള്ള സീറ്റുകളെ ഒരുതരത്തിലും ബാധിക്കാതെ അതിനു പുറത്തുനിന്നാണ് സാമ്പത്തിക പിന്നോക്കാവസ്ഥയുള്ളവർക്ക് സീറ്റ് നീക്കിവയ്‌ക്കുന്നത്.
വിദ്യാഭ്യാസ രംഗത്തും തൊഴിൽ മേഖലയിലും ഒരുതരത്തിലും സംവരണവിഭാഗങ്ങൾക്ക് നിലവിലുള്ള അവസരം നിഷേധിക്കപ്പെടാതിരിക്കാൻ ജാഗ്രതയോടെയാണ് സർക്കാർ ഇക്കാര്യം നടപ്പാക്കുന്നത്. സംവരണത്തിന് കേന്ദ്രസർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാർ അതേപടി സ്വീകരിക്കുകയായിരുന്നില്ല. ക്രീമിലെയർ ആനുകൂല്യത്തിന് സംസ്ഥാനത്ത് വാർഷിക വരുമാനപരിധി എട്ട് ലക്ഷമാണ്. ഇതേ പരിധിയാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള സംവരണത്തിനും കേന്ദ്രസർക്കാർ നിശ്ചയിച്ചിരുന്നത്. എന്നാൽ, മുന്നോക്കക്കാരിലെ പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് തന്നെ ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിച്ചു. ഇക്കാര്യം പരിശോധിക്കാൻ കെ ശശിധരൻനായർ കമീഷനെ നിയോഗിച്ചു.
വാർഷിക വരുമാനം നാലുലക്ഷമായി നിജപ്പെടുത്തിയതും ഭൂവിസ്തൃതി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചതും കമീഷനാണ്. ഇത് മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. മൂന്നുവർഷത്തിലൊരിക്കൽ അവലോകനം നടത്തി ആവശ്യമായി മാറ്റം വരുത്തുന്നതിനുള്ള വ്യവസ്ഥയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർക്ക് പരിഗണന നൽകാൻ സ്വീകരിച്ച നടപടിയെയാണ് കുപ്രചാരണത്തിന് ആയുധമാക്കുന്നത്.
No comments:
Post a Comment