കൊച്ചി മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകര്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു എന്നതാണ് ഇതുവരെയുള്ള അനുഭവമെന്നും തെറ്റിദ്ധാരണാജനകമായ ഒരു പോസ്റ്റിട്ടതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആശുപത്രിയിലുള്ളവര്‍ തന്നെ പറയുന്നതു പ്രകാരം ഇക്കാര്യത്തില്‍ വസ്തുതയില്ലെന്നാണ്. സര്‍ക്കാരിനെ ആക്ഷേപിക്കാന്‍ ആവസരങ്ങള്‍ നോക്കുന്ന, ഇതിന്റെ സാങ്കേതികത്വം അറിയാവുന്നവര്‍ പോലും ഓക്‌സിജന്‍ തെറിച്ചുപോകുന്ന അവസ്ഥയൊന്നും ഇല്ലെന്നും അത് സാധ്യമല്ലെന്നും പരസ്യമായി പറയുന്ന നിലയുമുണ്ടായി.
പറഞ്ഞത് വസ്തുതയല്ലെന്ന് സമൂഹത്തിന് ബോധ്യമായി . എന്നാല്‍ നമ്മുടെ നാട്ടില്‍ തെറ്റായ കാര്യം പ്രചരിപ്പിക്കാന്‍ കൂടുതല്‍ ശ്രമം നടക്കുകയാണ്. അതിന്റെ ഭാഗമായി ചിലര്‍ പിന്നീട് രംഗത്ത് വരികയാണ്. അത് നിര്‍ഭാഗ്യകരമാണ്.
ഡോക്ടര്‍മാര്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ ചില സമീപനങ്ങള്‍ പ്രചരണമുണ്ടാക്കുന്നതിനായി ഒറ്റപ്പെട്ടതായി ചിലരുടെ നാക്കില്‍ നിന്നും വരുന്നുണ്ട്.അത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
കളമശേരി മെഡിക്കല്‍ കോളേജ്: ജൂനിയര്‍ ഡോക്ടറുടെ വെളിപ്പെടുത്തലില്‍ ദുരൂഹത തുടരുന്നു
കൊച്ചി > എറണാകുളം ഗവ. മെഡിക്കല്‍ കോളേജിനെക്കുറിച്ചുള്ള ഹൈബി ഈഡന്‍ എംപിയുടെ പരാതി ആര്‍എംഒയ്‌ക്ക് ഫോര്‍വേഡ് ചെയ്തത് മെഡിക്കല്‍ കോളേജിനെതിരെ അടിസ്ഥാനരഹിതമായ പ്രചാരണം നടത്തിയ ജൂനിയര്‍ ഡോക്‌ടര്‍. നേഴ്സിങ് ഓഫീസറുടെ ശബ്‌ദസന്ദേശം പ്രചരിച്ചതിനു തൊട്ടുപിന്നാലെ ഞായറാഴ്‌ച അര്‍ധരാത്രിക്കുശേഷമായിരുന്നു എംപിയുടെ പരാതിയും ശബ്‌ദ സന്ദേശവും ആര്‍എംഒയ്‌ക്ക് ഫോര്‍വേഡ് ചെയ്‌തത്.
കോവിഡ് ഐസിയുവില്‍ ഈ രോഗിയുടെ മാസ്‌ക് മാറിക്കിടക്കുന്നതു ഇതിനുമുമ്പ് കണ്ടിട്ടുണ്ടെന്നാണ് ആ ശബ്ദസന്ദേശത്തിലും പിന്നീട് ചാനലുകളിലും ജൂനിയര്‍ ഡോക്ടര്‍ പറഞ്ഞത്. അങ്ങനെയുണ്ടായെങ്കില്‍ എന്തുകൊണ്ടാണ് കേസ്ഷീറ്റില്‍ രേഖപ്പെടുത്താത്തത് എന്നതിന് ഇവര്‍ക്ക് ഉത്തരമില്ല. ഇക്കാര്യം സൂപ്പര്‍വൈസര്‍ ചുമതലയുള്ള അസിസ്റ്റന്റ് പ്രൊഫസറെയും അറിയിച്ചില്ല. നടന്ന സംഭവമാണെങ്കില്‍ മൂന്നു മാസമായിട്ടും ഇത് മറച്ചുവച്ചത് കുറ്റകരവുമാണ്. കോവിഡ് ഐസിയുവില്‍ ചീഫിന്റെ നേതൃത്വത്തില്‍ 15 ഡോക്ടര്‍മാരുടെ ടീമിനാണ് 24 മണിക്കൂറും ചുമതല. ജൂനിയര്‍ ഡോക്ടര്‍ എന്തു പോരായ്മ കണ്ടാലും തൊട്ടുമുകളില്‍ സീനിയര്‍ റസിഡന്റ്, അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ തുടങ്ങി ആരോടും റിപ്പോര്‍ട്ട് ചെയ്യാം.
ഗുരുതരസ്വഭാവമുള്ള രോഗികള്‍ക്ക് കോവിഡ് ഐസിയുവില്‍ ഉപയോഗിക്കുന്ന സിപിഎപി (കണ്ടിന്യൂസ് പൊസിറ്റീവ് എയര്‍വേ പ്രഷര്‍) ശ്വസനസഹായിയില്‍ മാസ്‌ക് മാറിപ്പോകില്ല. അങ്ങനെ സംഭവിച്ചാല്‍, മെഷീന്‍ അപ്പോള്‍ത്തന്നെ ശബ്ദം പുറപ്പെടുവിക്കുകയും ചുവന്ന ലൈറ്റ് പ്രകാശിപ്പിക്കുകയും ചെയ്യുമെന്നും അധികൃതര്‍ പറയുന്നു. അതുകൊണ്ടുതന്നെ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പോകുന്ന അവസ്ഥയുണ്ടാകില്ലെന്നും അധികൃതര്‍ പറഞ്ഞു.
എറണാകുളം ഗവ. മെഡിക്കൽ കോളേജ് : ആരോപണം ഉന്നയിച്ചവർ കോവിഡ് ഡ്യൂട്ടിയിലില്ല
എറണാകുളം ഗവ. മെഡിക്കൽ കോളേജിനെതിരെ വാട്‌സാപ്പിലൂടെയും ചാനലിലൂടെയും അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച നേഴ്‌സിങ് ഓഫീസർ ജലജാദേവിയും താൽക്കാലിക ജൂനിയർ ഡോക്ടർ നജ്‌മയും കോവിഡ് വാർഡിൽ ഡ്യൂട്ടിയിൽ ഇല്ലാത്തവരായിരുന്നെന്ന് മെഡിക്കൽ കോളേജ് അധികൃതർ. പ്രിൻസിപ്പൽ ഡോ. വി സതീഷ്, മെഡിക്കൽ സൂപ്രണ്ട് ഡോ. പീറ്റർ വാഴയിൽ, കോവിഡ് നോഡൽ ഓഫീസർ ഡോ. ഫത്താഹുദ്ദീൻ, ആർഎംഒ ഡോ. ഗണേഷ് മോഹൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗീത നായർ എന്നിവർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേഴ്സിങ് ഓഫീസർ ജലജാദേവി മൂന്നുമാസംമുമ്പ് പ്രമോഷനായി എത്തിയതാണ്. ഇവർ ഒരുമാസത്തെ അവധിയിലാണ്. ഒരിക്കലും കോവിഡ് വാർഡിൽ പിപിഇ കിറ്റ് ധരിച്ച് ഡ്യൂട്ടി ചെയ്തിട്ടില്ല. ആർഎംഒ വിളിച്ച സൂം മീറ്റിങ്ങിൽ വീട്ടിലിരുന്ന് പങ്കെടുക്കുകയായിരുന്നു. തുടർന്നാണ് അവർ വിവാദ സന്ദേശം നേഴ്സുമാരുടെ ഗ്രൂപ്പിലിട്ടത്.
ചാനലുകൾക്ക് അഭിമുഖം നൽകിയ ജൂനിയർ ഡോക്ടറാകട്ടെ, അവർ സൂചിപ്പിച്ച രോഗികളെ പരിചരിച്ചിട്ടില്ല. വീഴ്ച കണ്ടെത്തിയിരുന്നെങ്കിൽ ഇവിടെ എംബിബിഎസ് പഠിച്ച അവർക്ക് സീനിയർമാരുടെ ശ്രദ്ധയിൽപ്പെടുത്താമായിരുന്നു. ഇവർ ചികിത്സാ പിഴവ് ആരോപിച്ച ഹാരിസിനെ ജൂൺ 26നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 24 ദിവസം ഗുരുതരാവസ്ഥയിൽ ഐസിയുവിലായിരുന്നു. ദിവസവും ആരോഗ്യനില ഡിഎംഇക്ക് നൽകുന്നുണ്ട്. അദ്ദേഹം മരിക്കുന്നതിനടുത്ത ദിവസങ്ങളിൽ ശരീരത്തിലെ ഓക്സിജൻനില വളരെ കുറവായിരുന്നു. മരിക്കുമ്പോഴും അദ്ദേഹം കോവിഡ് പോസിറ്റീവായിരുന്നു. കടുത്ത പ്രമേഹവും രക്തസമ്മർദ്ദവും ഉറങ്ങുമ്പോൾ ശരിയായി ശ്വസനം നടക്കാത്ത അസുഖവുമുണ്ട്. ശ്വസനസഹായി ഉപയോഗിച്ചാണ് മുഴുവൻ സമയവും കഴിഞ്ഞിരുന്നത്. ശ്വസനസഹായിയുടെ ട്യൂബുകൾ ഊരിപ്പോകുന്നതല്ല. വാർഡിലേക്ക് മാറ്റാൻ സാധിക്കാത്ത അവസ്ഥയിലുള്ള അദ്ദേഹത്തെ മാറ്റാൻ തീരുമാനിച്ചതായി പറയുന്നതും തെറ്റാണ്.
അന്നേദിവസം ഡോ. നജ്മ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ ആരും സംഭവം ഉണ്ടായതായി അറിയിച്ചിട്ടുമില്ല–- മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.
No comments:
Post a Comment