ഉപഗ്രഹ നിരീക്ഷണ വിവരങ്ങൾ ഉൾപ്പെടെ പരസ്‌പരം കൈമാറുന്നതിനുള്ള കരാറിൽ (ബെക്ക)ഇന്ത്യയും അമേരിക്കയും ഒപ്പിട്ടു. ഇന്ത്യയെ അമേരിക്കയുടെ സൈനികനീക്കങ്ങൾക്കുള്ള സൗകര്യദാതാവാക്കി മാറ്റുന്ന നാല് കരാറും ഇതോടെ നിലവിൽവന്നു. വിദേശമന്ത്രി എസ് ജയ്‌ശങ്കർ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവർ അമേരിക്കൻ വിദേശ സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധസെക്രട്ടറി മാർക്ക് ടി എസ്‌പർ എന്നിവരുമായി നടത്തിയ ടു പ്ലസ് ടു ചർച്ചയിലാണ് ബെക്ക (അടിസ്ഥാന വിനിമയ സഹകരണ കരാർ) ഒപ്പിട്ടത്.
അമേരിക്കയുടെ ശിങ്കിടിയായി ഇന്ത്യയെ മാറ്റുന്ന കരാറുകളുടെ പൂർത്തീകരണമാണ് ബെക്ക. മിസൈലുകൾ നിർദിഷ്ട ലക്ഷ്യത്തിൽ എത്തിക്കാൻ ഉതകുന്ന സാഹചര്യം ഒരുക്കാനാണ് ബെക്ക ഉപകരിക്കുകയെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുന്നു. പ്രായോഗികമായി അമേരിക്കയ്‌ക്കാണ് ഇതിന്റെ പ്രയോജനം. കരാറിന്റെ ഭാഗമായി, ഇന്ത്യയുടെ സമുദ്രയാന നിരീക്ഷണകേന്ദ്രത്തിൽ അമേരിക്കയ്‌ക്കും ബഹ്‌റൈനിലെ അമേരിക്കൻ നിരീക്ഷണകേന്ദ്രത്തിൽ ഇന്ത്യക്കും പ്രവേശിക്കാം.
അമേരിക്കയുടെ കേന്ദ്ര സൈനിക കമാൻഡുകൾക്ക് ഇന്ത്യൻ മഹാസമുദ്രമേഖലയിൽ നിയന്ത്രണം കൈവരും. അമേരിക്കയുടെ സമ്മർദത്തിനു വഴങ്ങി മലബാർ നാവിക അഭ്യാസത്തിൽ ഓസ്‌ട്രേലിയയെയും പങ്കാളിയാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ടു പ്ലസ് ടു കൂടിക്കാഴ്‌ച സ്വാഗതം ചെയ്‌തു.
പ്രതിരോധമേഖലയിലെ സഹകരണം ശക്തമാക്കാനും ഉഭയകക്ഷി തന്ത്രപ്രധാന താൽപ്പര്യങ്ങൾ സംരക്ഷിക്കാനുമാണ് കരാർ ഒപ്പിട്ടതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇരു സൈന്യവും തമ്മിലുള്ള സഹകരണം വളർന്നുവരികയാണ്. സൈനിക വൈദഗ്‌ധ്യം പരസ്‌പരം പ്രയോജനപ്പെടുത്തും– -രാജ്‌നാഥ് പറഞ്ഞു
ഇരുരാജ്യവും തമ്മിൽ 2016ൽ ഒപ്പിട്ട ലമോവ കരാർ വഴി സൈനികത്താവളങ്ങൾ പരസ്‌പരം ഉപയോഗിക്കാനും സൈനികനീക്കങ്ങൾക്ക് സഹായം നൽകാനും കഴിയും. പരസ്‌പരം വിവരവിനിമയം നടത്താൻ 2018ൽ കോംകാസ ഉടമ്പടി ഒപ്പുവച്ചു. വാജ്‌പേയി സർക്കാരിന്റെ കാലത്ത് 2002ൽ സൈനിക സഹകരണത്തിനുള്ള പൊതുഉടമ്പടിയും ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോഡി, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ എന്നിവരുമായും അമേരിക്കൻ സംഘം കൂടിക്കാഴ്‌ചനടത്തി.
No comments:
Post a Comment