Tuesday, October 20, 2020

ഹാഥ്‌രസ്: വസ്‌തുത പറഞ്ഞ ഡോക്ടറെ പിരിച്ചുവിട്ടു

 ഹാഥ്‌രസ് കേസില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന പൊലീസ് വാദം തള്ളിയ അലിഗഡ് ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍(സിഎംഒ) അസീം മലിക്കിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. അടിയന്തരമായി നിലവില്‍വരുന്ന രീതിയില്‍ ചൊവ്വാഴ്ച മെഡിക്കല്‍കോളേജ് അധികൃതര്‍ അദ്ദേഹത്തിനു പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. ആഗസ്തിലാണ് അസീം മലികിനെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ സിഎംഒയായി നിയമിച്ചത്.     

ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടുകള്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതായി എഡിജിപി പ്രശാന്ത് കുമാര്‍ നടത്തിയ പരാമര്‍ശമാണ് ഒക്ടോബര്‍ അഞ്ചിനു അസീം മലിക് ഖണ്ഡിച്ചത്. സംഭവം നടന്ന് 11--ാം ദിവസമാണ് ഫോറന്‍സിക് സാമ്പിള്‍ ശേഖരിച്ചതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നിഗമനത്തില്‍ എത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബലാത്സംഗം നടന്നതായി പരാതി ലഭിച്ചാല്‍ 96 മണിക്കൂറിനുള്ളില്‍ സാമ്പിള്‍ എടുക്കണമെന്നതാണ് ചട്ടം. പെണ്‍കുട്ടിയുടെ മെഡിക്കോ--ലീഗല്‍ പരിശോധന റിപ്പോര്‍ട്ട് ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ബലാത്സംഗത്തിന്റെ നിയമപരമായ നിര്‍വചനം അറിയില്ലേയെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് എഡിജിപിയോട് ചോദിക്കുകയും ചെയ്തു. ഈ സംഭവങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനു വലിയ തിരിച്ചടിയായ സാഹചര്യത്തിലാണ് അസീം മാലികിനു എതിരായ നടപടി. 

ഇദ്ദേഹത്തിന്റെ പിരിച്ചുവിടലിനു ന്യായീകരണം നല്‍കാന്‍ ആശുപത്രിയിലെ മറ്റ് രണ്ട് ഡോക്ടര്‍മാരെ കൂടി ഒഴിവാക്കാന്‍ നീക്കമുണ്ട്. ജീവന്‍ പണയംവച്ച് കോവിഡ് കാലത്ത് ജോലിചെയ്ത തന്നെ ഇത്തരത്തില്‍ ശിക്ഷിച്ചതില്‍ വേദനയുണ്ടെന്ന് അസീം മലിക് പ്രതികരിച്ചു.

No comments:

Post a Comment