Thursday, September 30, 2010

മാഫിയയ്ക്കായി വിധി സമ്പാദിച്ച് സിങ്വി പിന്മാറി

കൊച്ചി: രണ്ട് ലോട്ടറി കേസുകളിലൊന്നില്‍ അന്യസംസ്ഥാന ലോട്ടറി മാഫിയയ്ക്ക് അനുകൂലായ വിധി സമ്പാദിച്ച ശേഷം കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്വി നാടകീയമായ നീക്കത്തിലൂടെ കേസ് വാദത്തില്‍ നിന്ന് പിന്‍വാങ്ങി. കേരള ഓര്‍ഡിനന്‍സിനെതിരെ നല്‍കിയ ആദ്യ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് വേണമെന്ന മുന്‍ നിലപാടില്‍ നിന്ന് വ്യാഴാഴ്ച ഉച്ചയോടെ പൊടുന്നനെ മലക്കം മറിയുകയും ചെയ്തു.

വിവാദം സംബന്ധിച്ച് കോണ്‍ഗ്രസിന്റെ മൂല്യത്തെക്കുറിച്ച് തന്നെ ആരും പഠിപ്പിക്കേണ്ടെന്ന് രാവിലെ കോടതി വളപ്പില്‍ പ്രതികരിച്ച സിങ്വി വൈകിട്ട് ചില ചാനലുകളെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയാണ് അടുത്ത കേസില്‍ താന്‍ ഹാജരാകില്ലെന്ന് അറിയിച്ചത്. കേരളത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖം രക്ഷിക്കാനുള്ള കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പിന്‍വാങ്ങലെന്ന് വ്യക്തം. എന്നാല്‍ വാദമുഖങ്ങള്‍ എല്ലാം നിരത്തിയ ശേഷം നടത്തിയ പിന്‍വാങ്ങലിന് പ്രസക്തിയില്ലെന്ന് നിയമവൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. നറുക്കെടുപ്പ് ആഴ്ചയില്‍ ഒന്നാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഭൂട്ടാന്‍ സര്‍ക്കാരിന് വേണ്ടി ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ റിവ്യുഹര്‍ജിയിലാണ് അന്യസംസ്ഥാന ലോട്ടറിക്ക് സിങ്വി അനുകൂലമായ വിധി സമ്പാദിച്ചത്.

deshabhimani news

ഓഹരി വിപണിയിലേയ്ക്കുള്ള പണമൊഴുക്കില്‍ കരുതല്‍ വേണം

മുപ്പത്തിരണ്ട് മാസത്തെ ഇടവേളയ്ക്കു ശേഷം ബോംബെ ഓഹരിസൂചിക ഇരുപതിനായിരം പോയിന്റ് മറികടന്നത് ഇക്കഴിഞ്ഞയാഴ്ചയാണ്. ദേശീയ ഓഹരിസൂചികയായ നിഫ്റ്റിയിലും ഈ ദിവസങ്ങളില്‍ മുന്നേറ്റമുണ്ടായിട്ടുണ്ട്. ഓഹരി സൂചികയുടെ മുന്നേറ്റം,  രാജ്യത്തിന്റെ കോര്‍പ്പറേറ്റ് മേഖലയില്‍, പ്രത്യേകിച്ച് ധനവിപണിയില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. വിദേശ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുള്ള (എഫ് ഐ ഐ) നിക്ഷേപത്തിന്റെ ഒഴുക്കാണ് വിപണിയുടെ ഇപ്പോഴത്തെ മുന്നേറ്റത്തിനു കാരണം. ഈ വര്‍ഷം ഇതുവരെ 71,000 കോടി രൂപയാണ് വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരിവിപണികളില്‍ നിക്ഷേപിച്ചിരിക്കുന്നത്. മൂന്നു വര്‍ഷം മുമ്പ് ആഗോള സാമ്പത്തിക രംഗത്ത് മാന്ദ്യം രൂക്ഷമായപ്പോള്‍  ഇന്ത്യന്‍ വിപണി തകര്‍ന്നുകൂപ്പുകുത്തിയതും വിദേശധനകാര്യ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ പിന്‍വലിഞ്ഞതുകൊണ്ടായിരുന്നു. രാജ്യത്തിന്റെ അടിസ്ഥാന സാമ്പത്തിക മേഖലയ്ക്ക് കാര്യമായ ഒരു ഗുണവുമുണ്ടാക്കാത്ത എഫ് ഐ ഐ നിക്ഷേപത്തിന്റെ ഈ ഒഴുക്ക് കരുതലോടെ വീക്ഷിക്കേണ്ട ഒന്നാണ്.

മൗറീഷ്യസ്, കയ്മാന്‍ ഐലന്‍ഡ്, സെന്റ്കിറ്റ്‌സ്, വെര്‍ജിന്‍ ഐലന്‍ഡ്, ലൈബിരിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ഇപ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍തോതില്‍ പണം എത്തുന്നത്. നികുതി വെട്ടിപ്പുകാരുടെ സ്വര്‍ഗമായാണ് ഇവയെല്ലാം അറിയപ്പെടുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേയ്ക്ക് നിക്ഷേപം ഒഴുകിയെത്തിയത് പ്രധാനമായും ഈ ദ്വീപുകലില്‍നിന്നായിരുന്നു. ഓഹരി വാങ്ങാനായി ഇവിടങ്ങളില്‍ നിന്നും ഡോളര്‍ വന്നടിയുന്നത് രൂപയുടെ വിനിമയനിരക്ക് ഉയര്‍ത്തുന്നുണ്ട്. ഇത് ഇന്ത്യന്‍ വ്യവസായത്തെ, പ്രത്യേകിച്ച് ഐ ടി ഉള്‍പ്പെടെയുളള കയറ്റുമതി രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. രൂപയുടെ വിനിമയ നിരക്ക് ഉയരുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് കമ്പോളത്തില്‍ നിന്നും ഡോളര്‍ നേരിട്ട് വാങ്ങുന്നത് ആഭ്യന്തര നാണയപ്പെരുപ്പം വര്‍ധിക്കാനിടയാകും.

എഫ് ഐ ഐ നിക്ഷേപം കുത്തിയൊഴുകുമ്പോഴും ഉല്‍പ്പാദന മേഖലകളിലേയ്ക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ് ഡി ഐ) ത്തില്‍ കാര്യമായ വര്‍ധനയുണ്ടാകുന്നില്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പദ് ഘടനയ്ക്ക് നേട്ടമുണ്ടാകുക എഫ് ഡി ഐ വര്‍ധിക്കുന്നതാണ്. ഒരിടത്തും സ്ഥിരമായി നില്‍ക്കാത്ത, കൂടുതല്‍ ലാഭം തേടിപോകുന്ന എഫ് ഐ ഐയുടെ യഥാര്‍ഥ സ്രോതസുകളെക്കുറിച്ച് അന്വേഷണം നടത്താന്‍ റിസര്‍വ് ബാങ്കും സെബിയും ധനമന്ത്രാലയവും തയ്യാറാകേണ്ടതാണ്. ഈ ഫണ്ടുകളില്‍ സിംഹഭാഗവും ഇന്ത്യക്കാരുടേതാണ്. നികുതി വെട്ടിച്ചുണ്ടാക്കിയ കള്ളപ്പണമാണിത്.

ഓഹരി സൂചിക ഉയരുന്നത് സാമ്പത്തിക വളര്‍ച്ചയുടെ തെളിവായി പ്രചാരണം നടത്തുന്ന പതിവ് ഇവിടെ നടന്നുവരുന്നുണ്ട്. സെന്‍സെക്‌സ് ഇരുപതിനായിരം കടന്ന വാര്‍ത്ത വന്നപ്പോഴും ഈ കേന്ദ്രങ്ങള്‍ സജീവമായി രംഗത്തെത്തിയിട്ടുണ്ട്. സമ്പദ് ഘടനയുടെ കരുത്തിന്റെ സൂചനയാണ് സൂചികയെന്നാണ് അവരുടെ അവകാശവാദം. ഇത് അടിസ്ഥാനമില്ലാത്ത പ്രചാരണമാണ്. നാണയപ്പെരുപ്പ നിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാനിരക്ക് എട്ട് ശതമാനമാണെങ്കിലും നാണയപ്പെരുപ്പ നിരക്ക് അതിലും അധികമാണ്. ഭക്ഷ്യവില സൂചികയിലെ വര്‍ധന 15 ശതമാനത്തിലധികമാണ്. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്തയില്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ 10 ശതമാനത്തിന്റെ വര്‍ധന വരുത്തിയത് വില സൂചിക ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നതിന്റെ സാക്ഷ്യപത്രമാണ്. വിദേശ വ്യാപാര കമ്മിയാണെങ്കില്‍ പെരുകിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള അഞ്ചു മാസത്തെ വ്യാപാരകമ്മി 5600 കോടി ഡോളറാണ്. വിദേശത്തു നിന്നും ഇന്ത്യ വന്‍തോതില്‍ കടമെടുക്കുന്നു. ഏറ്റവും കൂടുതല്‍ കടബാധ്യതയുളള രാഷ്ട്രങ്ങളിലൊന്നായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ച് അവസാനത്തില്‍ ഇന്ത്യയുടെ വിദേശ വായ്പ 26,150 കോടി ഡോളറാണ്. തൊട്ടുമുമ്പത്തെ വര്‍ഷം ഇതേകാലയളവിലുണ്ടായിരുന്നതിലും 16.5 ശതമാനം കൂടുതലാണിത്. വസ്തുതകള്‍ ഇങ്ങനെയൊക്കെയായിരിക്കെയാണ് സൂചികയുടെ അനക്കങ്ങളില്‍, ഭരണരംഗത്തുതന്നെയുള്ള സമ്പദ് വിദഗ്ധര്‍ പുളകം കൊള്ളുന്നത്.

ഓഹരി വില സൂചികയും മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയും മാത്രം ഒരു സമ്പദ് ഘടനയുടെ അടിസ്ഥാന ശക്തി വിലയിരുത്താന്‍ മാനദണ്ഡമാക്കാനാവില്ല. ഭക്ഷണത്തിന്റെയും ഊര്‍ജത്തിന്റെയും ലഭ്യത, വ്യവസായ-സാമൂഹ്യ അടിസ്ഥാന സൗകര്യങ്ങള്‍, തന്ത്രപ്രധാനമായ വ്യാവസായിക അസംസ്‌കൃത സാധനങ്ങളുടെ ലഭ്യത, ആഭ്യന്തര-വൈദേശിക സുരക്ഷ, രാഷ്ട്രീയ സ്ഥിരത, സര്‍ക്കാരിന്റെ പ്രവര്‍ത്തനക്ഷമത തുടങ്ങിയ ഘടകങ്ങള്‍ കൂടി കണക്കിലെടുത്തുവേണം രാഷ്ട്രത്തിന്റെ കരുത്ത് നിര്‍ണയിക്കേണ്ടത്.

ജനയുഗം മുഖപ്രസംഗം 26092010

ലോട്ടറി: കരാര്‍ രേഖ സര്‍ക്കാരിന് നല്‍കില്ലെന്ന് മേഘ

അന്യസംസ്ഥാന ലോട്ടറിക്കെതിരായ കേസില്‍ കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് സിങ്വി വ്യാഴാഴ്ചയും ഹൈക്കോടതിയില്‍ ഹാജരായി. ബുധനാഴ്ച സിംഗിള്‍ ബെഞ്ചിലെ മറ്റൊരു കേസില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിനുവേണ്ടി ഇദ്ദേഹം ഹാജരായിരുന്നു. മേഘയും മോണിക്കയും ഭൂട്ടാന്‍ ലോട്ടറിയുടെ പ്രമോട്ടര്‍മാരാണെന്ന് വ്യാഴാഴ്ച ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് ബി ഭാവദാസന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് മുമ്പാകെ സിങ്വി വാദിച്ചു. മേഘ കേരളത്തിലെ വിതരണക്കാരും മോണിക്ക മറ്റ് സംസ്ഥാനങ്ങളിലെ വിതരണക്കാരുമാണ്. ഇവര്‍ തമ്മിലുണ്ടാക്കിയ വാണിജ്യക്കരാറിന്റെ അടിസ്ഥാനത്തിലാണ് മേഘ ഭൂട്ടാന്‍ ലോട്ടറി കേരളത്തില്‍ വില്‍ക്കുന്നത്. വാണിജ്യ കരാറായതിനാല്‍ ഇത് സര്‍ക്കാരിന് നല്‍കാനാവില്ലെന്നും വേണമെങ്കില്‍ കോടതിയില്‍ ഹാജരാക്കാമെന്നും സിങ്വി പറഞ്ഞു.

ലോട്ടറി സമരം നടത്തേണ്ടത് എഐസിസി ഓഫീസിനു മുന്നില്‍: പിണറായി

ലോട്ടറി കേസില്‍നിന്ന് പിന്മാറില്ലെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി അറിയിച്ചതിലൂടെ എഐസിസിയുടെ നിലപാടാണ് വ്യക്തമാക്കിയിരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ലോട്ടറി മാഫിയയ്ക്കെതിരെ നിരാഹാര സമരത്തിനൊരുങ്ങുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ എഐസിസി ഓഫീസിനു മുന്നിലാണ് സമരം ചെയ്യേണ്ടത്. കോണ്‍ഗ്രസ് വക്താവ് കോടതിയില്‍ ഹാജരാകുകയും കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാരം ഇരിക്കുകയും ചെയ്യുന്നത് വഞ്ചനയാണ്. കേന്ദ്രത്തിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ നിയമം നിര്‍മ്മിക്കാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുകയാണ് വേണ്ടതെന്നും ജ്ഞാനപീഠം ജേതാവ് ഒഎന്‍വിയെ സന്ദര്‍ശിക്കാനെത്തിയ പിണറായി വാര്‍ത്താ ലേഖകരോട് പറഞ്ഞു.

കേരള നേതൃത്വം ഹൈക്കമാന്‍ഡിനെ തള്ളിപ്പറയണം: ഐസക്

ലോട്ടറി മാഫിയക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ കോണ്‍ഗ്രസ് വക്താവിന്റെ പേരില്‍ ഹൈക്കമാന്‍ഡ് നടപടിയെടുത്തില്ലെങ്കില്‍ നേതൃത്വത്തെ തളളിപ്പറയാന്‍ ഉമ്മന്‍ചാണ്ടിയും വി ഡി സതീശനും തയ്യാറാവണമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. നമുക്ക് കാത്തിരിക്കാം. നടപടിയെടുത്തിലെങ്കില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ലോട്ടറി മാഫിയയോടൊപ്പമാണെന്ന് സമ്മതിക്കാന്‍ ഈ നേതാക്കള്‍ തയ്യാറകണം. ലോട്ടറി മാഫിയായ്ക്ക് വേണ്ടി സിങ്വി ഹൈക്കോടതിയില്‍ ഹാജരാകുന്ന വിവരം നേരത്തെ തന്നെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയാമായിരുന്നു. അത് തടയാന്‍ ഒരു എംപി മുഖേന ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അത് വകവെക്കാതെയാണ് സിങ്വി മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിന് വേണ്ടി ഹാജരായത്. ഭൂട്ടാന്‍ സര്‍ക്കാരിന് വേണ്ടിയാണ് വന്നതെന്ന് പറയുന്നത് കള്ളമാണ്. കേരളത്തിന്റെ ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഭൂട്ടാന്‍ സര്‍ക്കാര്‍ ഉള്‍പ്പെട്ടരുന്നില്ല. ലോട്ടറി മാഫിയക്ക് വേണ്ടി ഹാജരായതില്‍ ജാള്യത തോന്നിയിട്ടാകാം ഇപ്പോള്‍ സിങ്വി മറിച്ചു പറയുതെന്നും ഐസക് വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടിയും വി ഡി സതീശനും മാപ്പുപറയണം: ടി വി രാജേഷ്


ലോട്ടറിവിഷയത്തില്‍ ജനങ്ങളെ കബളിപ്പിച്ച പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും വി ഡി സതീശന്‍ എംഎല്‍എയും മാന്യതയുടെ തരിമ്പെങ്കിലും ബാക്കിയുണ്ടെങ്കില്‍ കേരളത്തിലെ ജനങ്ങളോട് മാപ്പു പറയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തുന്ന ലോട്ടറി മാഫിയുടെ യഥാര്‍ഥസംരക്ഷകര്‍ കോണ്‍ഗ്രസാണെന്ന സത്യം മറനീങ്ങി. 2003ല്‍ ലോട്ടറിമാഫിയക്കു വേണ്ടി കോടതിയില്‍ ഹാജരായത് ചിദംബരമാണ്. 2007ല്‍ നളിനി ചിദംബരം ഹാജരായി. ഇപ്പോള്‍ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വിയും. ഇത് കേവലം ധാര്‍മികതയുടെ പ്രശ്നമല്ല. കോടികള്‍ മറിയുന്ന മാഫിയ ഇടപാടിന്റെ പ്രതിഫലനമാണ്. ഇത് മറയ്ക്കാന്‍ തെറ്റിദ്ധാരണ പരത്തുകയാണ് ഉമ്മന്‍ചാണ്ടിയും വി ഡി സതീശനും.

യുഡിഎഫിന്റെ ആത്മാര്‍ഥതയില്ലായ്മ തെളിഞ്ഞു: കോടിയേരി


അന്യസംസ്ഥാന ലോട്ടറിക്കേസില്‍ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി ഹാജരായതിലൂടെ തെളിഞ്ഞത് യുഡിഎഫിന്റെ ആത്മാര്‍ഥതയില്ലായ്മയാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിങ്വി വന്നത് സോണിയയുടെ അറിവോടെയാണോയെന്നു സംശയിക്കണം.

ദേശാഭിമാനി വാര്‍ത്ത

ഒരു കെട്ട് നോട്ട് കൊടുത്താല്‍ - കാര്‍ട്ടൂണ്‍

സാന്തിയാഗോ മാര്‍ട്ടിന്‍ എന്ന പേരു വരാതിരിക്കാന്‍ ചില ചാനലുകളെങ്കിലും ശ്രദ്ധിച്ചു. മേഘക്കുവേണ്ടി സിങ്വി ഹാജരായി എന്ന് പറയുമ്പോള്‍ മാര്‍ട്ടിനു വേണ്ടിയല്ലെന്നും ഒരര്‍ത്ഥമുണ്ടല്ലോ. ഇത്രയും കാലം മാര്‍ട്ടിനെ വെച്ച് കളിച്ച കളി ഇനിയും എങ്ങിനെയെങ്കിലും തുടരാമെന്നൊരു പൂതിയും അവര്‍ക്കുണ്ടായിരുന്നിരിക്കണം. സിങ്വി ഹാജരായ വാര്‍ത്ത കൊടുക്കാതെ സതീശന്‍ പരാതി നല്‍കി എന്ന വാര്‍ത്ത കൊടുത്ത പത്രങ്ങള്‍ക്കും ചില പൂതികള്‍ ബാക്കി ഉണ്ടായിരുന്നിരിക്കണം.

‘സംവാദത്തില്‍ ജയിച്ച’ സതീശന്‍ ഒരു ‘തോറ്റ എം.എല്‍.എ‘ ആയി മാറിയതു കണ്ട് സഹിക്കുന്നില്ല.

ഈ യൂറോപ്യന്‍സിനു ഒരു കാലിലെ ചെരുപ്പുണ്ടാക്കി സമരിച്ചുകൂടേ?

യൂറോപ്പില്‍ പണിമുടക്ക്, ഹര്‍ത്താല്‍

ബ്രസല്‍സ്: സര്‍ക്കാരുകള്‍ ചെലവ് ചുരുക്കാന്‍ ശമ്പളവും തൊഴിലവസരങ്ങളും വെട്ടിക്കുറയ്ക്കുന്നതിനെതിരെ യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രതിഷേധ കൊടുങ്കാറ്റ്. യൂറോപ്പിലാകെ വ്യാഴാഴ്ച തൊഴിലാളികള്‍ ജനവിരുദ്ധ തീരുമാനത്തിനെതിരെ തെരുവിലിറങ്ങി. പലരാജ്യങ്ങളിലും തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലുകള്‍ പൂര്‍ണമായി. ഗ്രീസില്‍ ഡോക്ടര്‍മാരും റെയില്‍വേ ജീവനക്കാരും പണിമുടക്കി. സ്പെയിനില്‍ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ട്രെയിനുകളും ബസ് സര്‍വീസും തടഞ്ഞു. രാജ്യത്തിന്റെ പലഭാഗത്തും പ്രക്ഷോഭത്തെ പൊലീസ് നേരിട്ടു. വിവിധ സംഭവങ്ങളില്‍ 20 പ്രക്ഷോഭകര്‍ക്ക് പരിക്കേറ്റു. സ്പെയിനില്‍ എട്ടുവര്‍ഷത്തിനിടെ ആദ്യമായി നടന്ന 24 മണിക്കൂര്‍ ദേശീയ ഹര്‍ത്താലില്‍ രാജ്യം സ്തംഭിച്ചു. രോഷപ്രകടനത്തിന്റെ ഭാഗമായി ഒരാള്‍ ഐറിഷ് പാര്‍ലമെന്റിലേക്ക് സിമന്റ് ട്രക്ക് ഓടിച്ചുകയറ്റി. ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനത്തേക്ക് യൂറോപ്യന്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തിയ തൊഴിലാളി മാര്‍ച്ചില്‍ ലക്ഷത്തിലേറെ പങ്കെടുത്തു.

കടബാധ്യത പെരുകുന്ന അംഗരാജ്യങ്ങള്‍ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ കമീഷന്‍ നടപടി സീകരിക്കുന്നതിനിടയാണ് പ്രക്ഷോഭം ശക്തമായത്. സാമൂഹ്യ-തൊഴില്‍മേഖലകളില്‍ സര്‍ക്കാര്‍ മുതല്‍മുടക്ക് വെട്ടിക്കുറച്ച് കമ്മി കുറയ്ക്കാനാണ് കമീഷന്‍ നിര്‍ദേശം. ഇത് രാജ്യങ്ങളില്‍ തൊഴിലില്ലായ്മ രൂക്ഷമാക്കുമെന്ന്് പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്ന തൊഴിലാളി സംഘടനകളും രാഷ്ട്രീയപാര്‍ടികളും ചൂണ്ടിക്കാട്ടി. ജനങ്ങളെ ദ്രോഹിക്കുന്ന തീരുമാനങ്ങള്‍ സീകരിക്കാനുള്ള യൂറോപ്യന്‍ യൂണിയന്‍ കമീഷന്റെ തീരുമാനം അംഗരാജ്യങ്ങള്‍ക്കുള്ള ശിക്ഷയാകാമെന്ന് ബ്രസല്‍സില്‍ പ്രതിഷേധമാര്‍ച്ചിന് ചുക്കാന്‍ പിടിച്ച യൂറോപ്യന്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ മോന്‍ക്സ് പറഞ്ഞു. സ്ഥിതി കൂടുതല്‍ വഷളാക്കുന്നതാണ് കമീഷന്‍ തീരുമാനമെന്നും അദ്ദേഹം ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ആഗോളസാമ്പത്തിക പരിഷ്കാരങ്ങളെ കണ്ണുമടച്ച് പിന്താങ്ങി സര്‍ക്കാരുകള്‍ വരുത്തിവച്ച വന്‍ ബാധ്യതകളുടെ ഭാരം മുഴുവന്‍ തൊഴിലാളികളുടെമേല്‍ അടിച്ചേല്‍പ്പിക്കാനാണ് നീക്കമെന്ന് തൊഴിലാളിയൂണിയനുകള്‍ തിരിച്ചറിഞ്ഞതോടെ തൊഴില്‍മേഖലയാകെ പ്രക്ഷോഭത്തിന്റെ പാതയിലേക്ക് നീങ്ങുകയായിരുന്നു. ബാങ്കുകളെയും വ്യാപാര മേഖലയെയും തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ സേവന-തൊഴില്‍ മേഖലകളില്‍ വന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കിയാല്‍ ജനജീവിതം പൊറുതിമുട്ടും. യൂറോപ്യന്‍ യൂണിയനിലെ പല രാജ്യങ്ങളും സാമ്പത്തിക തകര്‍ച്ചയുടെ വക്കിലാണ്. യൂണിയന്‍ കമീഷന്‍ ഇടപെട്ട് വന്‍തുക കടം നല്‍കിയാണ് പ്രതിസന്ധിയില്‍നിന്ന് താല്‍ക്കാലിക രക്ഷ നേടിയിട്ടുള്ളത്. തുടര്‍ന്നാണ് യൂണിയന്‍ കടഭാരം കുറയ്ക്കാന്‍ രാജ്യത്തെ ജീവനക്കാരുടെയും തൊഴിലാളികളുടെയും ശമ്പളമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ മുഴുവന്‍ വെട്ടിക്കുറയ്ക്കാനും നികുതികളെല്ലാം വര്‍ധിപ്പിക്കാനും രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുകയാണ്.

ദേശാഭിമാനി 30092010

തകര്‍ന്നടിഞ്ഞ കാവി മുഖങ്ങള്‍

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഹ്രസ്വമായ ഒരു മുന്നേറ്റത്തിന് രാമജന്മഭൂമി പ്രസ്ഥാനം കാവിസംഘടനകളെ സഹായിച്ചെങ്കിലും അതിന് നേതൃത്വം നല്‍കിയ വ്യക്തികളൊക്കെ ഇന്ന് രാഷ്ട്രീയമായി പരിതാപകരമായ അവസ്ഥയിലാണ്. എല്‍ കെ അദ്വാനി, മുരളിമനോഹര്‍ ജോഷി, ഉമാഭാരതി, സ്വാധ്വി ഋതംബര, വിനയ് കത്യാര്‍, അശോക് സിംഗാള്‍, കല്യാ സിങ് തുടങ്ങിയവരായിരുന്നു പള്ളിതകര്‍ക്കല്‍ പ്രചാരണത്തിന് പിന്നിലെ പ്രമുഖര്‍. പള്ളി തകര്‍ക്കാനുള്ള ആഹ്വാനവുമായി തൊണ്ണൂറുകളില്‍ രഥയാത്ര നടത്തിയത് അദ്വാനിയാണ്. ഇന്ത്യയുടെ മതേതരഘടനയെ പിച്ചിച്ചീന്തി പള്ളിതകര്‍ക്കുന്നതില്‍ അദ്വാനി വിജയിച്ചെങ്കിലും അദ്ദേഹം ഏറെ മോഹിച്ചിരുന്ന പ്രധാനമന്ത്രി പദം എക്കാലവും തെന്നിമാറി. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയപ്പോഴൊക്കെ വാജ്പേയിക്ക് പിന്നില്‍ രണ്ടാമനായി നില്‍ക്കാനായിരുന്നു യോഗം. പാകിസ്ഥാന്‍ പര്യടനത്തിനിടെ ജിന്നയെ പ്രകീര്‍ത്തിച്ച് മതേതര മുഖംമൂടി അണിയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആര്‍എസ്എസിന്റെ ഇടപെടല്‍ വന്നതോടെ ബിജെപി അധ്യക്ഷസ്ഥാനവും പ്രതിപക്ഷനേതാവിന്റെ സ്ഥാനവും വിട്ടൊഴിയേണ്ടിവന്നു. ഇന്ന് ഒരു തിരിച്ചുവരവിന് കെല്‍പ്പില്ലാത്ത വിധം അദ്വാനി ദുര്‍ബലനായി. പള്ളിതകര്‍ക്കല്‍ കേസിലെ മുഖ്യപ്രതിയെന്ന കരിനിഴല്‍ വിട്ടൊഴിയുകയുമില്ല.

ബാബറി മസ്ജിദ് തച്ചുതകര്‍ക്കുന്ന ദൃശ്യങ്ങള്‍ ഓര്‍ത്തെടുക്കുന്നവര്‍ക്ക് മറക്കാനാകാത്ത മുഖമാണ് ഉമാഭാരതിയുടേത്. പള്ളി തകര്‍ന്നുവീണപ്പോള്‍ മുരളിമനോഹര്‍ ജോഷിയടക്കമുള്ള നേതാക്കളെ ആശ്ളേഷിച്ച് നൃത്തംചവിട്ടിയ ഉമ യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ഫാസിസത്തിന്റെ പ്രതീകമായി. ബിജെപിയുടെ രണ്ടാംതലമുറ നേതാക്കളില്‍ പ്രമുഖയായാണ് ഉമയെ വിലയിരുത്തിയിരുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ ഭരണം അവസാനിപ്പിച്ച് മുഖ്യമന്ത്രി പദത്തിലെത്തിയെങ്കിലും ഉമാഭാരതി അധികം വൈകാതെ ബിജെപിക്ക് അനഭിമതയായി. തീവ്രഹൈന്ദവ ആശയങ്ങളോടെ പുതിയ പാര്‍ടി രൂപീകരിച്ച് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു.

പള്ളി തകര്‍ക്കല്‍ എന്ന ഏക അജന്‍ഡയോടെ, ബജ്രംഗ്ദള്‍ എന്ന തീവ്രവാദസംഘടനയ്ക്ക് രൂപം നല്‍കിയ വ്യക്തിയാണ് വിനയ്കത്യാര്‍. വര്‍ഗീയവിഷം ചീറ്റുന്ന പ്രസംഗങ്ങളിലൂടെ പള്ളിതകര്‍ക്കല്‍ പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായി കത്യാര്‍ മാറി. എന്നാല്‍, നീണ്ട 18 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു ചുവടുപോലും മുന്നോട്ടുവയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കത്യാര്‍. സ്വന്തം സംസ്ഥാനമായ യുപിയില്‍ ബിജെപിയുടെ തകര്‍ച്ചയ്ക്ക് കത്യാര്‍ സാക്ഷിയായി. ഇപ്പോള്‍ ബിജെപി രാജ്യസഭാംഗമായി പാര്‍ലമെന്റില്‍. അയോധ്യാപ്രസ്ഥാനത്തിന് എണ്‍പതുകളില്‍ തുടക്കമിട്ടത് വിശ്വഹിന്ദു പരിഷത്താണ്.വിഎച്ച്പിയുടെ അമരത്ത് അന്നുമിന്നും സിംഗാളുണ്ട്. എന്നാല്‍, സംഘടന ദുര്‍ബലമായി. പ്രവീണ്‍ തൊഗാഡിയയെ പോലുള്ളവര്‍ നേതൃത്വത്തിലേക്ക് ഉയര്‍ന്നതോടെ സിംഗാള്‍ മൂലയിലൊതുങ്ങി.

ഉമാഭാരതിക്കൊപ്പം പളളിതകര്‍ക്കല്‍ പ്രസ്ഥാനത്തിലെ വനിതാമുഖമായിരുന്നു സ്വാധ്വി ഋതംബര. ഉമാഭാരതിയേക്കാള്‍ തീവ്രമുഖമാണ് ഋതംബര പ്രകടിപ്പിച്ചത്. എന്നാല്‍, ഇന്ന് രാഷ്ട്രീയത്തില്‍ നിന്നും അമ്പലം പ്രസ്ഥാനത്തില്‍ നിന്നുമൊക്കെ അകന്ന് മഥുരയില്‍ ചെറിയൊരു ആശ്രമവുമായി കൂടുന്നു. പള്ളിതകര്‍ത്ത ഘട്ടത്തില്‍ യുപി മുഖ്യമന്ത്രിയായിരുന്നു കല്യാസിങ്. എന്നാല്‍, രാഷ്ട്രീയത്തില്‍ ഉമാഭാരതിയുടെ ഗതികേട് തന്നെ കല്യാസിങിനും വന്നുപെട്ടു.
(എം പ്രശാന്ത്)

60 വര്‍ഷം പിന്നിട്ട ഉടമസ്ഥ തര്‍ക്കം

സരയൂ നദിക്ക് വടക്ക് പുരാതന നഗരമായ അയോധ്യയില്‍ 1528 ല്‍ മുഗള്‍ രാജാവായ ബാബറുടെ ഗവര്‍ണര്‍ മിര്‍ ബാക്വി നിര്‍മിച്ചതാണ് ബാബറി മസ്ജിദ്. രാമക്ഷേത്രം തകര്‍ത്താണ് മസ്ജിദ് പണിതതെന്ന ആരോപണവുമായി ആദ്യം രംഗത്തുവരുന്നത് സന്യാസിസംഘമായ നിര്‍മോഹി അക്കാഡയാണ്. 1883ല്‍ ക്ഷേത്രം പണിയാനുള്ള ഹിന്ദുക്കളുടെ ശ്രമത്തിന് ഫൈസാബാദ് ഡെപ്യൂട്ടി കമീഷണര്‍ അനുവാദം നല്‍കിയില്ല. 1885 ഡിസംബര്‍ 24ന് രാമജന്മസ്ഥാനിലെ മഹന്ത് രഘുബര്‍ദാസ് ഫൈസാബാദ് സബ് ജഡ്ജിക്കു മുമ്പില്‍, രാമജന്മസ്ഥാനത്ത് ആരാധനയ്ക്ക് സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപ്പെട്ട് ആദ്യത്തെ പരാതി നല്‍കി. വാദം ശരിയാണെന്ന് സമ്മതിച്ചെങ്കിലും ആരാധനയ്ക്ക് അനുവാദം നല്‍കാന്‍ ജഡ്ജി വിസമ്മതിച്ചു. രഘുബര്‍ദാസ് ഫൈസാബാദ് ജില്ലാകോടതിയെ സമീപിച്ചു. 1886ല്‍ അപ്പീല്‍ കേട്ട ജില്ലാജഡ്ജി എഫ്ഇഎ ചാമിയാര്‍, ബാബറി മസ്ജിദ് 356 വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിക്കപ്പെട്ടതിനാല്‍ ഇപ്പോള്‍ പരാതിക്കാരന് ആശ്വാസം നല്‍കാനാകില്ലെന്ന് വിധിച്ചു. തല്‍സ്ഥിതി നിലനിര്‍ത്താനും ആവശ്യപ്പെട്ടു.

1940ല്‍ ബാബറിമസ്ജിദിനെച്ചൊല്ലി സുന്നി-ഷിയ തര്‍ക്കമുണ്ടായി. മസ്ജിദും അതിനടുത്ത സ്ഥലങ്ങളും കബര്‍സ്ഥാനും യുപി സുന്നി വഖഫ് ബോര്‍ഡിന്റേതാണെന്നായിരുന്നു കോടതി വിധി. 1949 ഡിസംബര്‍ 22ന് രാത്രി അമ്പതോളം വരുന്ന സംഘം ബാബറിമസ്ജിദ് നിലനിന്ന കോമ്പൌണ്ടില്‍ ശ്രീരാമവിഗ്രഹങ്ങള്‍(രാംലല്ല) സ്ഥാപിച്ചു. തുടര്‍ന്ന്, തര്‍ക്കസ്ഥലത്തിന്റെ ഭരണം റിസീവറെ ഏല്‍പിച്ചു. വിഗ്രഹങ്ങള്‍ എടുത്തുമാറ്റാന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു മുഖ്യമന്ത്രി ജി ബി പന്തിനോട് ആവശ്യപ്പെട്ടെങ്കിലും അന്നത്തെ ജില്ലാ മജിസ്ട്രേട്ടായിരുന്ന കെ കെ നായര്‍ തയ്യാറായില്ല. അത് ഹിന്ദുക്കളെ കലാപസജ്ജരാക്കുമെന്നായിരുന്നു സംഘപരിവാറിനോട് അനുഭാവമുണ്ടായിരുന്ന നായര്‍ കാരണമായി പറഞ്ഞത്. 'തര്‍ക്കസ്ഥല'മായി പ്രഖ്യാപിച്ച് ജില്ലാഭരണകൂടം പ്രദേശം പൂട്ടി സീല്‍ വച്ചു.

ഉടമസ്ഥാവകാശം സംബന്ധിച്ച് ആദ്യ പരാതി നല്‍കുന്നത് 1950 ജനുവരി പതിനാറിനാണ്. ഝാന്‍സിയില്‍നിന്ന് അയോധ്യയിലെത്തിയ ഗോപാല്‍സിങ് വിശാരദ്, ബാബറി മസ്ജിദ് കോംപ്ളക്സില്‍ ആരാധനയ്ക്ക് സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ടാണ് ഫൈസാബാദ് സിവില്‍കോടതിയെ സമീപിച്ചത്. രാമവിഗ്രഹം മാറ്റാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. ഫൈസാബാദ് സിവില്‍ കോടതി ഈ ആവശ്യങ്ങള്‍ അംഗീകരിച്ചെങ്കിലും ഇതിനെതിരെ യുപി സര്‍ക്കാര്‍ ഹരജി നല്‍കി. രാമവിഗ്രഹങ്ങള്‍ ബലപ്രയോഗത്തിലൂടെ സ്ഥാപിച്ചതാണെന്ന് സര്‍ക്കാര്‍ വാദിച്ചു. രമചന്ദ്ര പരമഹംസും വിശാരദിന്റെ ആവശ്യം ഉന്നയിച്ച് കോടതിയിലെത്തിയെങ്കിലും പിന്നീട് പിന്‍വലിച്ചു. റിസീവര്‍ ഭരണം അവസാനിപ്പിക്കണമെന്നും നടത്തിപ്പ് തങ്ങള്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ട് 1959 ല്‍ നിര്‍മോഹി അക്കാഡ കോടതിയിലെത്തി. ഈ ഘട്ടത്തിലാണ് യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് വിശാരദിന്റെയും അക്കാഡയുടെയും കേസിനെതിരെ ഫൈസാബാദ് സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. രാമവിഗ്രഹങ്ങള്‍ മാറ്റണമെന്നും മസ്ജിദും അതിനടുത്ത കബറിടവും സുന്നി സ്വത്തായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹഷീം അന്‍സാരി നല്‍കിയ നാലാമത്തെ ഉടമസ്ഥാവകാശ കേസിലെ ആവശ്യം.

1989 ലാണ് അഞ്ചാമത്തെ കേസ് ഫയല്‍ ചെയ്യുന്നത്. രംലല്ല നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലെ റിട്ട. ജഡ്ജി ദേവകി നന്ദന്‍ അഗര്‍വാളാണ് കേസ് ഫയല്‍ ചെയ്തത്. നിലവില്‍ അലഹബാദ് ഹൈക്കോടതിയുടെ മുന്നിലുള്ളത് നാല് കേസാണ്. ഈ വിഷയത്തില്‍ കലാപം നടത്തിയ വിഎച്ച്പി കേസ് നല്‍കിയില്ലെന്നത് ശ്രദ്ധേയമാണ്. ഫൈസാബാദ് കോടതിയിലായിരുന്ന നാലുകേസ് 1989ല്‍ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി. ഹൈക്കോടതി ഈ കേസ് പരിഗണിക്കാന്‍ ലഖ്നൌ ബെഞ്ചിലേക്ക് മാറ്റി. രാമക്ഷേത്രം തകര്‍ത്താണ് മസ്ജിദ് പണിതതെന്നാണ് ഹിന്ദു രാഷ്ട്രവാദികളുടെ അവകാശവാദം. ഹൈക്കോടതി ലഖ്നൌ ബെഞ്ചിന്റെ നിര്‍ദേശപ്രകാരം 2003ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉത്ഖനനം നടത്തിയെങ്കിലും ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന വാദത്തിനു തെളിവ് കണ്ടെത്താനായില്ല. മാത്രമല്ല, 17-ാം നൂറ്റാണ്ടിനുമുമ്പ് ഉത്തരേന്ത്യയില്‍ ഒരിടത്തും രാമക്ഷേത്രം ഉണ്ടായിരുന്നില്ലെന്നതും ക്ഷേത്രം തകര്‍ത്തെന്ന വാദത്തിന്റെ മുനയൊടിക്കുന്നു. ഇത്തരം വാദഗതികളില്‍നിന്നാണ് ബാബറി പള്ളി നിലനിന്ന 2.77 ഏക്കര്‍ സ്ഥലത്തെക്കുറിച്ച് തര്‍ക്കം ആരംഭിക്കുന്നത്.

രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് രാംലല്ല ആരാധനയ്ക്കായി തുറന്നുകൊടുത്തത്. ഉമേഷ് ചന്ദ്ര പാണ്ഡെയെന്ന അഭിഭാഷകന്റെ പരാതിയില്‍ 1986 ഫെബ്രുവരി ഒന്നിന് ജില്ലാ ജഡ്ജി കെ എം പാണ്ഡെയാണ്ഈ നടപടി സ്വീകരിച്ചത്. തൊട്ടുമുമ്പ്, 1984ല്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ധര്‍മസംസദ് ബാബറി മസ്ജിദ് നിലനിന്നിടത്ത് തന്നെ രാമക്ഷേത്രം പണിയണമെന്ന ആവശ്യം മുന്നോട്ടുവച്ച് പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കി. രാജീവ്ഗാന്ധിയുടെ തീരുമാനം ഈ ശക്തികള്‍ക്ക് കരുത്തുപകര്‍ന്നു. 1989 നവംബര്‍ ഒമ്പതിന് ശിലാന്യാസം നടത്താനും രാജീവ്ഗാന്ധി അനുവാദം നല്‍കി. ഷാബാനു ബീഗം കേസില്‍ മുസ്ളിം മതമൌലികവാദികള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ച രാജീവ്ഗാന്ധി ശിലാന്യാസത്തിന് അനുവദിച്ചതിലൂടെ മുസ്ളിം-ഹിന്ദു വോട്ടുകള്‍ ഉറപ്പിക്കുകയായിരുന്നു. എന്നാല്‍, ബൊഫോഴ്സ് വിവാദത്തില്‍ രാജീവ്ഗാന്ധിക്ക് അധികാരം നഷ്ടപ്പെടുകയും വി പി സിങ് അധികാരത്തില്‍ വരികയും ചെയ്തു. ഈ സര്‍ക്കാരിനെ പിന്തുണച്ച് അണിയറയില്‍ വര്‍ഗീയ അജന്‍ഡക്ക് മൂര്‍ച്ച കൂട്ടുകയായിരുന്നു സംഘപരിവാര്‍. ഇതു തടയാനെന്നോണമാണ് മണ്ഡല്‍കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വിപി സിങ് സര്‍ക്കാര്‍ തീരുമാനിച്ചത്. അതിനെതിരെ ഏകാത്മകതായജ്ഞവുമായി വിഎച്ച്പിയും രംഗത്തുവന്നു. ഒപ്പം, 1989 സെപ്തംബര്‍ 25ന് അദ്വാനി ഗുജറാത്തിലെ സോമനാഥക്ഷേത്രത്തില്‍നിന്ന് അയോധ്യയിലേക്ക് രഥയാത്ര നടത്തി. ഈ യാത്രക്ക് ബിഹാറിലെ സമസ്തിപുരില്‍ ലാലുപ്രസാദ് യാദവ് തടയിട്ടതോടെ വി പി സിങ് സര്‍ക്കാര്‍ നിലംപൊത്തി.

പിന്നീട് രാജീവ് ഗാന്ധി വധിക്കപ്പെടുകയും നരസിംഹറാവു അധികാരത്തില്‍ വരികയും ചെയ്തു. ഈ ഘട്ടത്തിലാണ് 1992 ഡിസംബര്‍ ആറിന് കര്‍സേവ നടത്താന്‍ സംഘപരിവാര്‍ ആഹ്വാനം. 400 വര്‍ഷം പഴക്കമുള്ള പള്ളി തകര്‍ക്കപ്പെട്ടു. ഉത്തര്‍പ്രദേശിലെ കല്യാസിങ് സര്‍ക്കാരിന്റെ പൂര്‍ണ സഹായത്തോടെയാണ് പരിശീലനം ലഭിച്ച 450 വളന്റിയര്‍മാര്‍ മണിക്കൂറുകള്‍ക്കകം പള്ളി നിലംപരിശാക്കിയത്. പള്ളി തകര്‍ന്നത് ദൈവനിശ്ചയമാണെന്നും ഭൂരിപക്ഷ സമുദായത്തിന്റെ വികാരം മാനിച്ചില്ലെങ്കില്‍ ഇതൊക്കെ സംഭവിക്കുമെന്നും മറ്റും പറഞ്ഞ് ഈ ഭീകരതയെ വാജ്പേയി അടക്കമുള്ളവര്‍ ന്യായീകരിച്ചു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിലൂടെ മസ്ജിദിന് ചുറ്റുമുള്ള 67 ഏക്കര്‍ കൂടി കേന്ദ്രം ഏറ്റെടുത്തു. 1994 ല്‍ സുപ്രീം കോടതി നിലവിലുള്ള പദവി നിലനിര്‍ത്താന്‍ ആവശ്യപ്പെട്ടു. 1995നും 2010നും ഇടയില്‍ വലിയ സംഭവങ്ങളൊന്നും ഉണ്ടായില്ല.
(വി ബി പരമേശ്വരന്‍)

ഒന്നും സംഭവിക്കില്ല; അയോധ്യയ്ക്ക് ഉറപ്പ്

അയോധ്യയെന്ന പേര് സംഘര്‍ഷത്തിന്റെയും മതസ്പര്‍ധയുടെയും വികാരമാണ് ഒരു ശരാശരി ഇന്ത്യക്കാരനില്‍ ഉണ്ടാക്കുന്നത്. എന്നാല്‍, അയോധ്യയിലെ ജനങ്ങള്‍ക്ക് പറയാനുള്ളത് മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും കഥകള്‍ മാത്രമാണ്. കോടതി വിധി എന്തായാലും അയോധ്യയില്‍ ഒരു കുഴപ്പവുമുണ്ടാകില്ലെന്ന് ഓരോ അയോധ്യക്കാരനും ഉറപ്പിച്ചു പറയുന്നതിലെ ആത്മവിശ്വാസം, നൂറ്റാണ്ടുകള്‍ നീണ്ട ഈ സാഹോദര്യത്തിന്റെയും മൈത്രിയുടെയും അടിത്തറയില്‍നിന്നാണ്.

പതിനെട്ടാം നൂറ്റാണ്ടില്‍, അവുധിലെ(അയോധ്യ) നവാബുമാരായ-ഷുജാ ഉദ് ദൌളയുടെയും അസഫ് ഉദ് ദൌളയുടെയും-ഭരണകാലത്താണ് ക്ഷേത്രനഗരിയെന്ന് അറിയപ്പെടുന്ന അയോധ്യയില്‍ പല ക്ഷേത്രങ്ങളും ഉയര്‍ന്നത്. അയോധ്യയിലെ ഏറ്റവും വലിയ ക്ഷേത്രമായ ഹനുമന്‍ഗഢി സ്ഥാപിക്കാന്‍ സ്ഥലം അനുവദിച്ചതും നവാബുമാരാണ്. ബാബറിമസ്ജിദില്‍ പോലും ഹിന്ദുക്കളും മുസ്ളിങ്ങളും ഒന്നിച്ചായിരുന്നു ആരാധന നടത്തിയത്. ഒന്നാം സ്വാതന്ത്ര്യസമരകാലത്തും ഈ ഐക്യം ശക്തമായിരുന്നു. ഫൈസാബാദില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ കലാപത്തിന് നേതൃത്വം നല്‍കിയത് മൌലവി അഹമ്മദുള്ളയും മഹന്ത് രാംചരദാസും ആയിരുന്നു. ഇരുവരെയും ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റി. ഇവരെ തൂക്കിലേറ്റിയ ആല്‍മരം മതസൌഹാര്‍ദത്തിന്റെ പ്രതീകമായി നിലനില്‍ക്കുന്നു. ഒന്നരലക്ഷം പേരാണ് അന്ന് അവുധില്‍ കൊല്ലപ്പെട്ടത്. സ്വാതന്ത്ര്യസമരകാലത്തെ ഈ ഹിന്ദു -മുസ്ളിം ഐക്യം തകര്‍ക്കാനാണ് ബ്രിട്ടീഷുകാര്‍ ബാബറിമസ്ജിദ് പ്രശ്നം കുത്തിപ്പൊക്കിയത്.

ഒരിക്കലും ഹിന്ദുക്കളുടെ മാത്രം കേന്ദ്രമായിരുന്നില്ല അയോധ്യ. ബുദ്ധ-ജൈനമതങ്ങള്‍ക്കും മുസ്ളിങ്ങള്‍ക്കും പുണ്യനഗരമാണ് അയോധ്യ. ചൈനീസ് സഞ്ചാരികളായ ഫാഹിയാനും ഹ്യുയന്‍സാങ്ങും അയോധ്യയിലെ ബുദ്ധമതസ്വാധീനത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. അയോധ്യയിലെ പല ബുദ്ധവിഹാരങ്ങളും ബ്രാഹ്മണത്വത്തിന്റെ പുനരുദ്ധാരണവേളയില്‍ ക്ഷേത്രങ്ങളാക്കി മാറ്റുകയായിരുന്നു. ജൈനവിശ്വാസമനുസരിച്ച് അവരുടെ ഒന്നിലധികം തീര്‍ഥങ്കരന്മാര്‍ അയോധ്യയിലാണ് ജനിച്ചത്. സിക്കുകാര്‍ക്കും അയോധ്യ പ്രധാന തീര്‍ഥാടനകേന്ദ്രമാണ്. ഗുരുനാനാക്ക് അയോധ്യ സന്ദര്‍ശിച്ചെന്നാണ് വിശ്വാസം. അതിന്റെ സ്മാരകമായി ഒരു ഗുരുദ്വാരയും ഇവിടെയുണ്ട്. മുസ്ളിം നെയ്ത്തുകാരായ കബീര്‍പന്തികളുടെ നാടുകൂടിയാണ് അയോധ്യ.

ബാബ്റിബസ്ജിദ് നിന്നിടത്തുള്ള രാംലല്ലക്കുമേല്‍ പുതച്ച സില്‍ക്ക് വസ്ത്രം നെയ്തത് മുസ്ളിങ്ങളാണെന്ന് അയോധ്യ നിവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒപ്പം അയോധ്യയിലെ ക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങള്‍ക്ക് അണിയിക്കുന്നതും ഭക്തജനങ്ങള്‍ നിവേദ്യമായി നല്‍കുന്നതുമായ പൂമാലകള്‍ തയ്യാറാക്കുന്നതും മുസ്ളിങ്ങള്‍ തന്നെ. ഹിന്ദുക്കളുടെ ഉത്സവങ്ങള്‍ക്ക് മാലയും മറ്റ് അലങ്കാരവും ഒരുക്കുന്നതും മുസ്ളിങ്ങള്‍ തന്നെ. സന്യാസിമാരുടെ 'കാദുവ' എന്ന മെതിയടി നിര്‍മിക്കുന്നതും മുസ്ളിങ്ങളാണ്. മെതിയടികളും പൂജാദ്രവ്യങ്ങളും വില്‍ക്കുന്ന പല കടകളും നടത്തുന്നത് മുസ്ളിങ്ങളാണ്. തുളസീദാസ് രാമചരിതമാനസമെന്ന പ്രശസ്ത കൃതി രചിച്ചത് അയോധ്യയിലെ പള്ളിയില്‍ താമസിച്ചായിരുന്നു. ക്ഷേത്രത്തില്‍ ഇരുന്ന് കാവ്യരചന നടത്താന്‍ ബ്രാഹ്മണമേധാവികള്‍ അനുവദിക്കാത്തതിനാലായിരുന്നു ഇത്. മുസ്ളിങ്ങള്‍ക്ക് 'ചെറിയ മെക്ക' തന്നെയാണ് അയോധ്യ. ബാബറി മസ്ജിദ് സ്ഥാപിക്കുംമുമ്പുതന്നെ അയോധ്യയില്‍ മുസ്ളിങ്ങള്‍ഉണ്ടായിരുന്നു. എണ്‍പതിലധികം സൂഫി ദര്‍ഗകള്‍ അയോധ്യയിലും ഫൈസാബാദിലുമുണ്ട്. ഈ ദര്‍ഗകള്‍ ഹിന്ദുക്കളും സന്ദര്‍ശിക്കാറുണ്ട്. ക്വാസി ക്വിദ്യത്തുദ്ദീന്‍ അവ്ധി, ഷെയ്ഖ് ജമാല്‍ ഗുജ്ജറി, ഷെയ്ഖ് നസീറുദ്ദീന്‍ യാഹ്യ അവുധി എന്നിവരെല്ലാം അയോധ്യയിലെ അറിയപ്പെടുന്ന സൂഫി സന്യാസികളായിരുന്നു. ബഡിബീബി എന്ന സൂഫി സന്യാസിനിയും ഇവിടെയുണ്ടായിരുന്നു. ഇവരെക്കുറിച്ചുള്ള പല കഥകളും നാടോടിക്കഥ പോലെ അയോധ്യയില്‍ പ്രചരിക്കുന്നു. കാമാഭ്യര്‍ഥനയുമായി കോത്വാല്‍ (പൊലീസ് ഓഫീസര്‍) എത്തിയപ്പോള്‍ അദ്ദേഹത്തെ ആകര്‍ഷിച്ച തന്റെ രണ്ട് കണ്ണും ബഡിബീബി ചൂഴ്ന്നെടുത്ത് കൊടുത്തു എന്നത് അതിലൊന്ന് മാത്രം

വിവിധ മതങ്ങള്‍ തമ്മിലുള്ള സൌഹാര്‍ദമാണ് അയോധ്യയുടെ മുഖമുദ്ര. അതുകൊണ്ടാണ് ഉടമസ്ഥാവകാശ കേസില്‍ കക്ഷികളായ രാമചന്ദ്ര പരമഹംസര്‍ക്കും ഹഷീം അന്‍സാരിക്കും ഒരു കുതിരവണ്ടിയില്‍ ഫൈസാബാദിലെ കോടതിയിലേക്ക് പോകാനായത്. അഞ്ച് ദശാബ്ദമായി കേസ് നടത്തുമ്പോഴും ഒരു ഹിന്ദുപോലും തന്നെ ഭര്‍ത്സിക്കാനോ ഒരു കല്ലെടുത്ത് എറിയാനോ തയ്യാറായില്ലെന്ന് ഹഷീം അന്‍സാരി പറയുമ്പോള്‍ അയോധ്യയിലെ മതസൌഹാര്‍ദമാണ് തെളിയുന്നത്.

ദേശാഭിമാനി 30092010

ചിദംബരം മുതല്‍ സിങ്‌വി വരെ - കോണ്‍ഗ്രസ് മാഫിയാ ബന്ധം ഒരു തുടര്‍ക്കഥ

മാര്‍ട്ടിനുവേണ്ടി കോണ്‍ഗ്രസ് വക്താവ് കോടതിയില്‍

ലോട്ടറി കേസില്‍ അന്യസംസ്ഥാന ലോട്ടറി രാജാവ് സാന്തിയാഗോ മാര്‍ട്ടിന്റെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനു വേണ്ടി രാജ്യസഭാംഗവും കോണ്‍ഗ്രസ് വക്താവുമായ അഭിഷേക് മനു സിങ്വി ഹൈക്കോടതിയില്‍ ഹാജരായി. അന്യസംസ്ഥാന ലോട്ടറികളെ എല്‍ഡിഎഫ് സര്‍ക്കാര്‍ സഹായിക്കുകയാണെന്നാരോപിച്ച് യുഡിഎഫ് പ്രക്ഷോഭം നടത്തുമ്പോഴാണ് പാര്‍ടിയുടെ ദേശീയവക്താവുതന്നെ മേഘ ഡിസ്ട്രിബ്യൂട്ടഴ്സിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായി ലോട്ടറി മാഫിയയുമായുള്ള കോണ്‍ഗ്രസ് ബന്ധം തുറന്നകാട്ടിയത്. ലോട്ടറി സംബന്ധിച്ച് നിയമം നിര്‍മിക്കാനോ നിയന്ത്രിക്കാനോ സംസ്ഥാനസര്‍ക്കാരിന് അധികാരമില്ലെന്ന് സിങ്വി കോടതിയില്‍ വാദിച്ചു. മുഖംമൂടി അഴിഞ്ഞുവീണ് പിടിച്ചുനില്‍ക്കാനാവാതെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ദേശീയ വക്താവിനെ തള്ളിപ്പറഞ്ഞു.

അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാനും നറുക്കെടുപ്പിന്റെ നികുതി വര്‍ധിപ്പിക്കാനും കേരളസര്‍ക്കാര്‍ 2010ല്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ ചോദ്യംചെയ്തു നല്‍കിയ ഹര്‍ജിയിലാണ് മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനുവേണ്ടി സിങ്വി ഹാജരായത്. കേന്ദ്ര ലോട്ടറിചട്ടത്തിനു വിരുദ്ധമായി സംസ്ഥാനസര്‍ക്കാരിന് നറുക്കെടുപ്പിന്റെ നികുതി നിശ്ചയിക്കാന്‍ അധികാരമില്ലെന്ന് സിങ്വി വാദിച്ചു. കനത്ത നികുതി ചുമത്തുകവഴി മറ്റു സംസ്ഥാനങ്ങളുടെ ലോട്ടറിനടത്തിപ്പില്‍ ഇടപെടുകയാണ് കേരളം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്ത കേസുകളില്‍ മേഘയുടെ ഹര്‍ജി ഉണ്ടായിരുന്നില്ല. രാവിലെ നേരിട്ട് കോടതിയില്‍ ഹാജരായ സിങ്വി കോടതിയുടെ പ്രത്യേകാനുമതി വാങ്ങിയാണ് ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് ഹര്‍ജി പരിഗണിച്ചു. മേഘ ഉടമ ജോണ്‍ കെന്നഡി, വന്‍കിട വിതരണക്കാരായ അമ്മ അറുമുഖം, തൃശൂരിലെ യദുകൃഷ്ണ എന്നിവരാണ് ഹര്‍ജി നല്‍കിയത്. സാന്തിയാഗോ മാര്‍ട്ടിന്റെ ഭാര്യാസഹോദരനായ ജോണ്‍ കെന്നഡിയുടെ പേരിലാണ് മേഘ രജിസ്റ്റര്‍ചെയ്തത്. എന്നാല്‍, ഭൂട്ടാന്‍ സര്‍ക്കാരിനുവേണ്ടിയാണ് കോടതിയില്‍ ഹാജരായതെന്ന് സിങ്വി കോടതിക്കു പുറത്ത് അവകാശപ്പെട്ടു. കേന്ദ്രനിയമത്തിനുവേണ്ടിയാണ് താന്‍ വാദിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍, മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് മാനേജര്‍ രാജീവ്, അന്യസംസ്ഥാന പേപ്പര്‍ ലോട്ടറികളുടെ മെഗാ സ്റ്റോക്കിസ്റ്റുകളായ തൃശൂരിലെ യദുകൃഷ്ണയെന്ന രാജേഷ്, അഭിഭാഷകനായ റഹീം അഗര്‍വാള്‍ എന്നിവരാണ് സിങ്വിക്ക് ഒപ്പമുണ്ടായിരുന്നത്.

സിങ്വി താമസിക്കുന്ന മറൈന്‍ഡ്രൈവിലെ ഗേറ്റ്വേ ഹോട്ടലില്‍ മേഘയുടെ പേരില്‍ ബുക്ക്ചെയ്തിരുന്ന നാലു മുറികളിലൊന്നിലാണ് സിങ്വി താമസിച്ചിരുന്നതെന്നും വ്യക്തമായി.

സിങ്വി ലോട്ടറി ഏജന്റിനുവേണ്ടി ഹാജരായത് വിവാദമായതോടെ മുഖംരക്ഷിക്കാനായി കോണ്‍ഗ്രസിന്റെ ശ്രമം. സിങ്വിക്കെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കുമെന്ന് വി ഡി സതീശന്‍ എംഎല്‍എ പറഞ്ഞു. ഇതിനിടെ, സിങ്വിക്കെതിരെ കരിങ്കൊടിയുമായി അഞ്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രകടനം നടത്തി. വിവാദമറിഞ്ഞ് ഹൈക്കോടതിക്കു പിന്നിലുള്ള മംഗളവനം വഴിയുള്ള റോഡിലൂടെയാണ് സിങ്വി ഹോട്ടലിലേക്കു മടങ്ങിയത്. ആഴ്ചയില്‍ രണ്ട് നറുക്കെടുപ്പു മാത്രമേ പാടുള്ളുവെന്ന ഹൈക്കോടതിവിധിക്കെതിരെ വ്യാഴാഴ്ച ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്ന റിവ്യു ഹര്‍ജിയിലും ഭൂട്ടാന്‍ സര്‍ക്കാരിനുവേണ്ടി സിങ്വി ഹാജരാകും.

ലോട്ടറി മാഫിയക്കുവേണ്ടി നളിനി ചിദംബരം ഹാജരായത് ശരിയോ: ഐസക്

ചിദംബരം മന്ത്രിയായശേഷം ഭാര്യ നളിനി ചിദംബരം ഒരു ഡസനിലധികം തവണ ലോട്ടറി മാഫിയക്കുവേണ്ടി ഹൈക്കോടതിയില്‍ വാദിക്കാനെത്തിയത് ശരിയാണോയെന്ന് ഉമ്മന്‍ചാണ്ടി പറയണമെന്ന് മന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു. ഓണ്‍‌ലൈന്‍ ലോട്ടറിക്കെതിരെ അന്നത്തെ സംസ്ഥാന സര്‍ക്കാരുണ്ടാക്കിയ ചട്ടം നിയമവിരുദ്ധമെന്നു സമര്‍ഥിക്കാനാണ് ചിദംബരം വന്നത്. മന്ത്രിയായ ഉടനെ ചിദംബരം ഓണ്‍‌ലൈന്‍ ലോട്ടറി നിയമവിധേയമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ലോട്ടറി മാഫിയക്കുവേണ്ടി ഹൈക്കോടതിയിലെത്തി സംസ്ഥാനസര്‍ക്കാര്‍ നടപടികളെ ചോദ്യംചെയ്തത് ശരിയായിരുന്നോഎന്നും ഉമ്മന്‍ചാണ്ടി പറയണം. ലോട്ടറിനിയമലംഘനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടികള്‍ ശരിയാണെന്ന് കോടതികളില്‍ വാദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകരെ അയക്കുമോയെന്നും ഐസക് ചോദിച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിനെതിരെ സുപ്രീംകോടതിയില്‍ കേരളം പ്രത്യേകാനുമതി ഹര്‍ജി സമര്‍പ്പിക്കുമ്പോള്‍ ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേന്ദ്രം കോടതിയില്‍ പറയുമോ. ഏഴ്(മൂന്ന്) വകുപ്പ് പ്രകാരം നടപടിയെടുക്കാന്‍ കേരളത്തിന് അധികാരം തരുമോ. നിയമം വന്ന് 12 വര്‍ഷമായിട്ടും കേന്ദ്രസര്‍ക്കാര്‍ ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കുന്നില്ല. കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി വരികയാണ്. കോണ്‍ഗ്രസ് നേതൃത്വം ഇനിയും പ്രതിക്കൂട്ടിലാകുമെന്നും ഐസക് പറഞ്ഞു.

സംസ്ഥാന ഭാഗ്യക്കുറിയുടെ ഉയര്‍ന്ന സമ്മാനങ്ങളുടെ ടിക്കറ്റ് ഹാജരാക്കിയ അന്യസംസ്ഥാനങ്ങളിലെ 150 ഓളം പേര്‍ക്ക് സമ്മാനത്തുക നല്‍കാന്‍ ഉത്തരവിറക്കിയത് യുഡിഎഫ് സര്‍ക്കാരാണ്. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പച്ചക്കള്ളമാണ്. കള്ളപ്പണം വെളുപ്പിക്കാനായി ഉയര്‍ന്ന സമ്മാനടിക്കറ്റുകള്‍ കൈമാറുന്നതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്നും വിജിലന്‍സ് പറഞ്ഞു. ഇതേതുടര്‍ന്ന് ലോട്ടറിവകുപ്പ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിനെതിരായ പരാതി പരിഗണിച്ചാണ് 2005ല്‍ ധനമന്ത്രിയായിരുന്ന വക്കം പുരുഷോത്തമന്‍ ടിക്കറ്റ് ഹാജരാക്കിയാല്‍ ആദായനികുതി വകുപ്പിനെ അറിയിച്ചും പാന്‍ കാര്‍ഡ് പരിശോധിച്ചും സമ്മാനം നല്‍കാന്‍ ഉത്തരവിറക്കിയത്. ഈ ഉത്തരവു വഴിയാണ് 150 പേര്‍ സമ്മാനത്തുക വാങ്ങിയതെന്ന് ഐസക്ക് വ്യക്തമാക്കി. കൂടുതല്‍ പണം നല്‍കി സമ്മാനാര്‍ഹരില്‍ നിന്ന് ടിക്കറ്റ് വാങ്ങിയ ശേഷം ഭാഗ്യക്കുറി വകുപ്പില്‍ ഹാജരാക്കി കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്.

അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടിക്ക് കേരളത്തിന് അധികാരമുണ്ടെന്ന ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കലാണ്. ഭാഗ്യക്കുറി സംരക്ഷണ സമിതി ധനമന്ത്രിയെയും ആഭ്യന്തര മന്ത്രി ചിദംബരത്തെയും കണ്ട് നടപടി ആവശ്യപ്പെട്ടിരുന്നു. പ്രമോട്ടര്‍ ലോട്ടറിയും ഓണ്‍‌ലൈന്‍ ലോട്ടറിയും നിരോധിച്ച് സംസ്ഥാന ഭാഗ്യക്കുറി നടത്താനാവില്ലെന്നാണ് ചിദംബരം പറഞ്ഞത്. സ്വന്തം ലോട്ടറി നിരോധിച്ചേ മറ്റു ലോട്ടറികള്‍ നിരോധിക്കാനാവൂ എന്നും ചിദംബരം വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളും ഇതുസംബന്ധിച്ച് അഭിപ്രായസമനയമുണ്ടാക്കണമെന്നും ചിദംബരം ഉപദേശിച്ചു. കേന്ദ്രനിയമം നടപ്പാക്കുമോയെന്നും സംസ്ഥാനത്തിന് അധികാരം നല്‍കുമോയെന്നും പ്രണബ് മുക്കര്‍ജി വ്യക്തമാക്കണമെന്ന് ഐസക്ക് ആവശ്യപ്പെട്ടു.

സോണിയ ഹാജരായതിനു തുല്യം: പിണറായി

ഇടുക്കി: ലോട്ടറി കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഹാജരാകുന്നതിനു തുല്യമാണ് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വിയുടെ വക്കാലത്തെന്ന് പിണറായി വിജയന്‍ പറഞ്ഞു. അഭിഭാഷകയായി ഹാജരാകാന്‍ കഴിയുമെങ്കില്‍ അന്യസംസ്ഥാന ലോട്ടറിക്കാര്‍ക്കുവേണ്ടി സോണിയ ഗാന്ധി സുപ്രീംകോടതിയില്‍ ഹാജരായേനേ. അത്ര ബന്ധമാണ് കോണ്‍ഗ്രസും ലോട്ടറി മാഫിയയും തമ്മില്‍. നെടുങ്കണ്ടത്ത് നടന്ന സിപിഐ എം റാലി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ പണസഞ്ചിയായ ലോട്ടറിരാജാവ് മണികുമാര്‍ സുബ്ബയ്ക്കുവേണ്ടിയാണ് സിങ്വി ഹാജരായത്. ഇതോടെ ഇവിടെ നടന്ന സംവാദങ്ങളില്‍ കോണ്‍ഗ്രസ് ഉന്നയിച്ച വാദങ്ങളെല്ലാം ആത്മാര്‍ഥത ഇല്ലാത്തതാണെന്ന് വ്യക്തമായി. എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ വികസനങ്ങളെ ചെറുതാക്കാന്‍ വേണ്ടിയാണ് വലതുപക്ഷ മാധ്യമങ്ങള്‍ ലോട്ടറി വിഷയത്തിലടക്കം വിവാദങ്ങളുയര്‍ത്തിയതെന്നും പിണറായി പറഞ്ഞു.

കോണ്‍ഗ്രസ്-ലോട്ടറി മാഫിയ ബന്ധത്തിന്റെ തെളിവ്: എം വി ജയരാജന്‍

അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ കേരളസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസ് അഖിലേന്ത്യാ വക്താവ് അഭിഷേക് സിങ്വി കോടതിയില്‍ ഹാജരായത് കോണ്‍ഗ്രസ്- ലോട്ടറി മാഫിയ ബന്ധത്തിന്റെ തെളിവാണെന്ന് കേരള ഭാഗ്യക്കുറിസംരക്ഷണസമിതി കണ്‍വീനര്‍ എം വി ജയരാജന്‍ പറഞ്ഞു.

ലോട്ടറി മാഫിയ കോണ്‍ഗ്രസിന് പണം നല്‍കുന്നുണ്ടെന്നത് നാട്ടിലെങ്ങും പാട്ടാണ്. അതിന്റെ പ്രത്യുപകാരമായാണ് കോണ്‍ഗ്രസ് വക്താവിനെ തന്നെ സോണിയാഗാന്ധി നിയോഗിച്ചത്. ലോട്ടറി വിവാദത്തിന് നേതൃത്വം കൊടുക്കാന്‍ കെപിസിസി നേതാക്കള്‍ ലോട്ടറിമാഫിയയില്‍നിന്ന് പണം കൈപ്പറ്റിയെന്ന ആക്ഷേപത്തെ സാധൂകരിക്കുന്നതാണ് ഇത്. ഇക്കാര്യത്തില്‍ കെപിസിസി നേതൃത്വവും പ്രതിപക്ഷനേതാവും എന്തുപറയുന്നുവെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്.

കേന്ദ്രമന്ത്രി ചിദംബരം, മകന്‍ കാര്‍ത്തിക് തുടങ്ങിയവരൊക്കെ നേരത്തേ ഇവര്‍ക്കായി കോടതിയില്‍ വാദിച്ചു. ഇക്കൂട്ടര്‍ കോടതിയിലും ഉമ്മന്‍ചാണ്ടി മുതല്‍ വി ഡി സതീശന്‍ വരെയുള്ളവര്‍ പുറത്തും മാഫിയാസംഘത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നു. കേരളഭാഗ്യക്കുറി സംരഷിക്കാന്‍ എംപിമാരടക്കമുള്ള പ്രതിനിധിസംഘം ചിദംബരത്തെയും പ്രണബ്കുമാര്‍ മുഖര്‍ജിയും കണ്ടപ്പോള്‍ പരസ്പര വിരുദ്ധമായാണ് പ്രതികരിച്ചത്. എല്ലാ സംസ്ഥാനങ്ങളും സമവായമുണ്ടാക്കിയാലേ കേരളഭാഗ്യക്കുറിയെ സംരക്ഷിക്കാനും പ്രമോട്ടര്‍- ഓണ്‍ലൈന്‍ ലോട്ടറി നിരോധിക്കാനും കഴിയുകയുള്ളൂവെന്നാണ് ചിദംബരം പറഞ്ഞത്.

അന്യ സംസ്ഥാന ലോട്ടറിക്കെതിരെയുള്ള നടപടി ചിദംബരത്തിന്റെ അജന്‍ഡയിലില്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഉമ്മന്‍ചാണ്ടിയേക്കാള്‍ പേടി ചിദംബരത്തെയാണ്. ലോട്ടറി മാഫിയയുടെ സ്വാധീനമാണ് കാരണം. അതുകൊണ്ടാണ് കേസ് വാദിക്കാന്‍ സിങ്വിയെ അയച്ചത്. മണികുമാര്‍ സുബ്ബയെ പ്രമോഷന്‍ നല്‍കി എഐസിസിയിലേക്ക് എടുത്ത കോണ്‍ഗ്രസില്‍ സതീശന്റെ അഭിപ്രായത്തിന് പുല്ലുവിലയാണ്. മാന്യതയുണ്ടെങ്കില്‍ കെപിസിസി നേതൃത്വവും പ്രതിപക്ഷനേതാവും കേരളത്തിലെ ജനങ്ങളോട് മാപ്പുപറയണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ്-ലോട്ടറി മാഫിയ ബന്ധം വീണ്ടും തെളിഞ്ഞു: ഐസക്

കോണ്‍ഗ്രസ് നേതൃത്വം ലോട്ടറിമാഫിയക്കൊപ്പമാണെന്ന് അഭിഷേക് സിങ്വി ഒരിക്കല്‍ക്കൂടി തെളിയിച്ചതായി ധനമന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടി. ലോട്ടറി നികുതി വര്‍ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെതിരെ ഹൈക്കോടതിയില്‍ ഹാജരായ സിങ്വി മണികുമാര്‍ സുബ്ബയെപ്പോലുള്ള ലോട്ടറിരാജാക്കന്മാര്‍ നിയന്ത്രിക്കുന്ന കോണ്‍ഗ്രസിന്റെ യഥാര്‍ഥമുഖമാണ് പുറത്തുകൊണ്ടുവന്നതെന്ന് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിങ്വി ചെയ്തത് തെറ്റായെന്നു പറഞ്ഞ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി 2003ല്‍ യുഡിഎഫ് ഭരണകാലത്ത് ലോട്ടറിമാഫിയക്കുവേണ്ടി ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി ചിദംബരം ഹൈക്കോടതിയില്‍ വാദിച്ചത് ശരിയായിരുന്നോയെന്ന് വ്യക്തമാക്കണം. ലോട്ടറിനിയമലംഘനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടികള്‍ ശരിയാണെന്ന് കോടതികളില്‍ വാദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകരെ അയക്കുമോയെന്നും ഐസക് ചോദിച്ചു.

ദേശാഭിമാനി 30092010

യുഡിഎഫ്- ബിജെപി എസ്ഡിപിഐ ബാന്ധവം

കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക്ഒക്ടോബര്‍ 23നും 25നും നടക്കുന്ന തെരഞ്ഞെടുപ്പില്‍ വര്‍ഗീയവാദികളുമായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ഏര്‍പ്പെട്ടിരിക്കുന്ന സഖ്യം ഇതിനകം വെളിവായിക്കഴിഞ്ഞു. താല്‍ക്കാലിക ലാഭത്തിന് ഇരു വര്‍ഗീയതയുമായും കൈകോര്‍ക്കാന്‍ ഒട്ടും അറപ്പില്ലാത്ത യുഡിഎഫിന്റെ ജീര്‍ണമുഖം വരുംനാളുകളില്‍ കൂടുതല്‍ അപഹാസ്യമാവാന്‍ പോകുകയാണ്. ഇടുക്കിയില്‍ എസ്ഡിപിഐയുമായും കിളിമാനൂരിലും കാസര്‍കോട്ടുമടക്കം സംസ്ഥാനത്ത് പലഭാഗത്തും ആര്‍എസ്എസുമായും ജാള്യലേശമില്ലാതെ കൂട്ടുകൂടുന്ന യുഡിഎഫിന്റെ അധികാരാര്‍ത്തിക്ക് കേരളത്തിന്റെ സമീപകാലചരിത്രത്തിലെങ്ങും സമാനതകളില്ല. കോലീബി(കോണ്‍ഗ്രസ്-ലീഗ്-ബിജെപി) എന്ന പഴയ സംജ്ഞയില്‍ നിന്ന് യുഡിഎഫ് സംവിധാനം ബഹുദൂരം മുന്നോട്ടുപോയി. ബിജെപിക്കൊപ്പം എസ്ഡിപിഐയെയും ജമാ അത്തെ ഇസ്ളാമിയെയും ഉള്‍പ്പെടെ ഉള്‍ക്കൊള്ളാവുന്ന തരത്തിലേക്കാണ് യുഡിഎഫ് അപകടകരമാംവിധം അധഃപതിച്ചിരിക്കുന്നത്.

1991ല്‍ ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലും വടകര ലോക്സഭാ മണ്ഡലത്തിലും ബിജെപിയുമായി കൂട്ടുകൂടിയ യുഡിഎഫ് തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളിലും ഹൈന്ദവഫാസിസ്റ്റുകളെ പ്രതിനിധാനംചെയ്യുന്ന ബിജെപിയെന്ന വര്‍ഗീയകക്ഷിയുമായും ആര്‍എസ്എസുമായും പരസ്യമായ ബാന്ധവത്തിലേര്‍പ്പെട്ടിരുന്നു. കേരള നിയമസഭയില്‍ അക്കൌണ്ട് തുറക്കുമെന്ന ബിജെപിയുടെ പഴയകാല അവകാശവാദം ഇപ്പോള്‍ ആ പാര്‍ടി നേതാക്കളുടെ വന്യസ്വപ്നങ്ങളില്‍പ്പോലും കടന്നുവരുന്നില്ല. തെരഞ്ഞെടുപ്പില്‍ കൂട്ടത്തോടെ കോണ്‍ഗ്രസിനുവേണ്ടി മറിക്കാനുള്ളതാണ് തങ്ങളുടെ വോട്ടെന്ന ബോധ്യം ബിജെപി കേഡര്‍മാരിലും അണികളിലും വേരുറച്ചുപോയിരിക്കുന്നു. കേരള നിയമസഭയിലേക്കുള്ള അക്കൌണ്ടല്ല പകരം ചില നേതാക്കള്‍ക്ക് കോടികളുടെ അക്കൌണ്ടാണ് ഈ വോട്ടുവില്‍പ്പനയിലൂടെ തുറക്കാനായതെന്ന് ഇതിന്റെ പേരില്‍ ബിജെപിക്കുള്ളില്‍ അടുത്ത കാലത്തു നടന്ന കലാപങ്ങള്‍ കേരളജനതയോട് വിളിച്ചു പറയുകയായിരുന്നു.

1991ലെ വോട്ടുവില്‍പ്പനയെക്കുറിച്ച് മുതിര്‍ന്ന നേതാവ് കെ ജി മാരാര്‍ തന്റെ ജീവിതകഥയില്‍ വെളിപ്പെടുത്തിയിരുന്നു. അന്നത്തെ വോട്ടുവില്‍പ്പനയെക്കുറിച്ച് അന്വേഷിച്ച മുന്‍ സംസ്ഥാന പ്രസിഡന്റ് കെ രാമന്‍പിള്ള ഇന്ന് ആ പാര്‍ടിയിലില്ല. അതിനുശേഷം 2001ലെ തെരഞ്ഞെടുപ്പിലും പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ വോട്ട് ശതമാനം ഗണ്യമായി കുറഞ്ഞതും ബിജെപിക്കാര്‍ തെരുവില്‍ ഏറ്റുമുട്ടുന്നതിനുവരെ കാരണമായി. പാര്‍ടിക്ക് ഇത്രയേറെ ക്ഷതമുണ്ടാക്കിയിട്ടും യുഡിഎഫുമായി പരസ്യമായി കൂട്ടുകൂടാന്‍ ബിജെപി നേതൃത്വത്തിന് മടിയേതുമില്ല. മതനിരപേക്ഷതയുടെ മൂല്യങ്ങളെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തുന്ന കോണ്‍ഗ്രസിനും തെല്ലും നാണമില്ല, രാജ്യത്തിന്റെ അഖണ്ഡതയ്ക്കു തന്നെ ഭീഷണിയായ ഫാസിസ്റ്റുകളുമായി സഖ്യംചേരാന്‍.

ഈ തെരഞ്ഞെടുപ്പിലും ഇതേ സഖ്യം ആവര്‍ത്തിക്കാന്‍ പോകുകയാണ്. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരില്‍ ആര്‍എസ്എസ് താലൂക്ക് സംഘചാലകിന്റെ ഭാര്യയും മുന്‍ സംഘചാലകിന്റെ മകളും കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുയാണ്. ഹിന്ദു മുന്നണിയുടെ പ്രമുഖനായ നേതാവിന്റെ സഹോദരനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. ഈ വാര്‍ഡുകളിലൊന്നും ബിജെപിക്ക് പേരിനുപോലും സ്ഥാനാര്‍ഥികളില്ല. തിരുവനന്തപുരം കോര്‍പറേഷനില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്വതന്ത്രനായി മത്സരിച്ച് കോണ്‍ഗ്രസിന്റെ പരോക്ഷ പിന്തുണയോടെ ജയിച്ചയാള്‍ ഇപ്പോള്‍ പരസ്യമായി കോണ്‍ഗ്രസ് ചിഹ്നത്തിലാണ് മത്സരിക്കുന്നത്. ഇത് കിളിമാനൂരിലെയും തിരുവനന്തപുരം കോര്‍പറേഷനിലെയും മാത്രം കാര്യമല്ല. കേരളത്തിലുടനീളം ബിജെപിയുമായി കോണ്‍ഗ്രസും ലീഗും സഖ്യത്തിലാണെന്നതിന്റെ ചെറിയ ഉദാഹരണങ്ങള്‍ മാത്രമാണിത്.

ഹിന്ദു വര്‍ഗീയതയുമായി മാത്രമല്ല, കേരളത്തില്‍ സമീപകാലത്ത് അപകടകരമാംവിധം രൂപമാറ്റം സംഭവിച്ച മുസ്ളിം വര്‍ഗീയവാദികളോടും യുഡിഎഫിന് വ്യാപകമായ ബന്ധമുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിഡിപിയുമായി ബന്ധമുണ്ടെന്ന പേരില്‍ എല്‍ഡിഎഫിനെതിരെ ആക്ഷേപവര്‍ഷം ചൊരിഞ്ഞ യുഡിഎഫും അവരുടെ മെഗാഫോണുകളായ കേരളത്തിലെ മാധ്യമങ്ങളും ഒരു കാര്യത്തില്‍ വിജയം കണ്ടു. പോപ്പുലര്‍ ഫ്രണ്ടുമായി യുഡിഎഫ് ഒളിഞ്ഞുംതെളിഞ്ഞും കൂട്ടുചേര്‍ന്ന കാര്യം വിദഗ്ധമായി മറച്ചുവയ്ക്കുന്നതില്‍. മുസ്ളിം ലീഗിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തെപ്പോലും സ്വാധീനിച്ച പോപ്പുലര്‍ ഫ്രണ്ട് യുഡിഎഫിനാണ് തങ്ങളുടെ പിന്തുണയെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടും അത് ഒരു ചെറുവാര്‍ത്തയായിപ്പോലും നല്‍കാത്തവരാണ് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍. തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്റെ കൈവെട്ടിയതിലൂടെ മുസ്ളിം വര്‍ഗീയതയുടെ വളര്‍ച്ച പ്രഖ്യാപിച്ച ഇടുക്കിയില്‍തന്നെ എസ്ഡിപിഐയുമായി സഖ്യത്തിലേര്‍പ്പെടാന്‍ കോണ്‍ഗ്രസ് കാണിച്ച തിടുക്കവും ഉത്സാഹവും മതനിരപേക്ഷസമൂഹം അത്ഭുതത്തോടെയാണ് കാണുന്നത്. ഒപ്പം തെരഞ്ഞെടുപ്പില്‍ ആരുമായി ചേരാനും തങ്ങള്‍ക്ക് മടിയില്ലെന്ന പരസ്യപ്രഖ്യാപനം കൂടിയാണിത്.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയും മുന്നണിക്ക് ഭൂരിപക്ഷമുള്ള തദ്ദേശസ്ഥാപനങ്ങളും നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുക എന്ന ലക്ഷ്യമാണ് ഈ വര്‍ഗീയബാന്ധവത്തിലൂടെ യുഡിഎഫ് സാക്ഷാല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, വികസനവും സമാധാനാന്തരീക്ഷവും കാംക്ഷിക്കുന്ന കേരള ജനതയ്ക്കു മുന്നില്‍ യുഡിഎഫിന്റെ കുത്സിതനീക്കം വിലപ്പോവില്ല. വര്‍ഗീയവാദികളുമായി പരസ്യസഖ്യത്തിലേര്‍പ്പെട്ടപ്പോഴൊക്കെ യുഡിഎഫിനെ പാഠംപഠിപ്പിച്ച കേരളം ഇത്തവണയും ആ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുകതന്നെ ചെയ്യും.

ദേശാഭിമാനി മുഖപ്രസംഗം 30092010

Wednesday, September 29, 2010

എയര്‍ ഇന്ത്യയുടെ അവഗണന വീണ്ടും

സംസ്ഥാനത്തുനിന്നുള്ള എയര്‍ ഇന്ത്യ സര്‍വീസുകളില്‍ വന്‍ വെട്ടിക്കുറവ് വരുത്തിയത് ഈ മാസമാദ്യം വന്‍ പ്രതിഷേധത്തിന് ഇടവച്ചിരുന്നു. മുന്നൂറോളം സര്‍വീസുകളാണ് പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചപ്പോള്‍ എയര്‍ ഇന്ത്യ അധികൃതര്‍ മുന്നറിയിപ്പൊന്നുമില്ലാതെ റദ്ദാക്കിയത്.

ജനസംഖ്യയില്‍ ഗണനീയമായ ഒരു വിഭാഗം ഗള്‍ഫ് നാടുകളിലും മറ്റും ജോലി ചെയ്യുന്ന കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വിവിധ കേന്ദ്രങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷത്തുള്ള പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഇടപെടണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രിയോട് അഭ്യര്‍ഥിച്ചു. സര്‍വീസുകള്‍ പുനസ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി വ്യോമയാന മന്ത്രിക്ക് കത്തെഴുതി. സര്‍വീസുകള്‍ പുനസ്ഥാപിക്കുമെന്ന ഉറപ്പാണ്, കേന്ദ്രമന്ത്രി എല്ലാവര്‍ക്കും നല്‍കിയത്. എന്നാല്‍ മന്ത്രിയുടെ ഈ വാഗ്ദാനം ജലരേഖയായിരിക്കുന്നുവെന്നാണ് എയര്‍ ഇന്ത്യയുടെ പുതിയ ഷെഡ്യൂള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ ഷെഡ്യൂള്‍ അനുസരിച്ച്, എയര്‍ ഇന്ത്യയുടെ ചെലവു കുറഞ്ഞ സര്‍വീസായ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഗള്‍ഫ് മേഖലയിലേയ്ക്കുള്ള 203 സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. മന്ത്രിയുടെ ഉറപ്പ് അനുസരിച്ച് പുനസ്ഥാപിച്ച സര്‍വീസുകളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിനെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ഇതില്‍നിന്ന് വ്യക്തമാവുന്നത്.

ഗള്‍ഫ് മേഖലയിലെ യാത്രക്കാരോട് എയര്‍ ഇന്ത്യ ചിറ്റമ്മനയമാണ് കാണിക്കുന്നത് എന്നത് ആ മേഖലയില്‍ യാത്രചെയ്യുന്നവരുടെ സ്ഥിരം പരാതിയാണ്. മുന്നറിപ്പില്ലാതെ വിമാനം റദ്ദാക്കല്‍, അനിശ്ചിതമായി വൈകിക്കല്‍, മോശം സേവനങ്ങള്‍ എന്നിങ്ങനെ ഗള്‍ഫ് മേഖലയിലെ വിമാനയാത്രക്കാരുടെ പരാതികള്‍ ഏറെയാണ്. ഇതുപരിഹരിക്കാന്‍ നടപടിയുണ്ടാവണമെന്ന ആവശ്യങ്ങള്‍ ശക്തമാവുന്നതിനിടെയാണ്, സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി എയര്‍ ഇന്ത്യ അധികൃതര്‍ പ്രതികരിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ വരുമാനത്തില്‍ നല്ലൊരു പങ്കും ലഭിക്കുന്നത് ഗള്‍ഫ് മേഖലയിലെ സര്‍വീസുകളില്‍നിന്നാണ്. ലോകത്തുതന്നെ ഏറ്റവും ലാഭകരമായതും തിരക്കേറിയതുമായ വ്യോമ റൂട്ടുകളിലൊന്നാണ് ഇന്ത്യയില്‍നിന്ന് ഗള്‍ഫ് മേഖലയിലേയ്ക്കുള്ളത്. ഉപജീവനത്തിനായി ലക്ഷക്കണക്കിനു മലയാളികളാണ് ഗള്‍ഫ് മേഖലയിലേയ്ക്കു കുടിയേറിയിട്ടുള്ളതെന്നിരിക്കെ, കേരളം ഇതില്‍ വഹിക്കുന്ന പങ്ക് അവഗണിക്കാനാവില്ല.

ഗള്‍ഫ് മേഖലയുടെ ഈ സാമ്പത്തിക പ്രാധാന്യം കണക്കിലെടുത്താണ്, ഇന്ത്യയില്‍നിന്നുള്ള രാജ്യാന്തര വ്യോമയാന രംഗം  സ്വകാര്യമേഖലയ്ക്കു തുറന്നുകൊടുത്തപ്പോഴും ഗള്‍ഫിനെ ഒഴിച്ചുനിര്‍ത്തിയത്. ഗള്‍ഫ് മേഖലയില്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ വരുന്നതോടെ ഒടിയുന്നത് എയര്‍ ഇന്ത്യയുടെ നട്ടെല്ലാണ്. നയപരമായ ഈ തീരുമാനത്തിന്റെ അന്തസ്സത്ത മനസ്സിലാക്കാത്തവരാണ്, എയര്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ തീരുമാനിച്ചുകൊണ്ടിരിക്കുന്നതെന്നാണ് ഗള്‍ഫ് മേഖലയോടുള്ള അതിന്റെ നിരന്തരമായ അലംഭാവത്തിലൂടെ വെളിപ്പെടുന്നത്. എയര്‍ ഇന്ത്യയുടെ ഗള്‍ഫ് സര്‍വീസുകള്‍ കുറയ്ക്കുന്നത് അവിടേയ്ക്ക് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് സാഹചര്യമൊരുക്കുന്നതിനുള്ള തുടക്കമായി കാണണം. ഒരു കാരണവും ചൂണ്ടിക്കാട്ടാതെയാണ് കമ്പനി ബജറ്റ് സര്‍വീസുകള്‍ വെട്ടിക്കുറച്ചിരിക്കുന്നത് എന്നത് ആ നിലയ്ക്കുള്ള സംശയം ബലപ്പെടുത്തുന്നുണ്ട്. എയര്‍ ഇന്ത്യയെ തന്നെ വിറ്റുതുലയ്ക്കാന്‍ ബദ്ധപ്പെടുന്നവരില്‍നിന്ന് അങ്ങനെയൊരു തീരുമാനം വന്നാലും അത്ഭുതപ്പെടേണ്ടതില്ല.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതില്‍ ചെറുതല്ലാത്ത പങ്കു വഹിക്കുന്ന പ്രവാസികളെ ബുദ്ധിമുട്ടിക്കും വിധത്തിലുള്ള ഏതു തീരുമാനവും എതിര്‍ക്കപ്പെടേണ്ടതാണ്. പ്രവാസികള്‍ക്കു കുറഞ്ഞ നിരക്കില്‍ സുഗമ യാത്രയ്ക്ക് അവസരമൊരുക്കുന്നതിന് ബജറ്റ് എയര്‍ലൈന്‍ തുടങ്ങുന്നതിനെപ്പറ്റി കേരള സര്‍ക്കാര്‍ ആലോചന നടത്തിയതാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ ആത്മാര്‍ഥമായ ശ്രമങ്ങളുണ്ടാവുമ്പോഴാണ്, കേന്ദ്ര സര്‍ക്കാരും അതിന്റെ നിയന്ത്രണത്തിലുളള എയര്‍ ഇന്ത്യ അധികൃതരും പ്രവാസിയാത്രക്കാരെ നിരന്തരമായ ബുദ്ധിമുട്ടിനു വിധേയമാക്കിക്കൊണ്ടിരിക്കുന്നത്.

ജനയുഗം മുഖപ്രസംഗം 29092010

തൊഴില്‍ ഉറപ്പു പദ്ധതിക്ക് കേന്ദ്രത്തിന്റെ പാര

ഒന്നാം യു പി എ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി ഉയര്‍ത്തികാണിക്കുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തുരങ്കംവെയ്ക്കാന്‍ രണ്ടാം യു പി എ സര്‍ക്കാരിന്റെ നീക്കം.

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിയമത്തിന്റെ പല വ്യവസ്ഥകളും പരിഷ്‌കരിച്ച്, തൊഴിലാളികള്‍ക്ക് ആനുകൂല്യം നിഷേധിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അത്യന്തം ഉല്‍ക്കണ്ഠാജനകമാണെന്ന് സാമൂഹ്യ പ്രവര്‍ത്തകരായ അരുണാറോയ്, ആനിരാജ, ജീന്‍ഡ്രസ, നിഖില്‍ ഡേ, രീതിക ഖേര എന്നിവര്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ പറഞ്ഞു.

സോണിയാഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശക കൗണ്‍സിലിലെ അംഗങ്ങളാണ് അരുണാറോയിയും ജീന്‍ഡ്രസയും.

തൊഴിലുറപ്പ് പദ്ധതിയില്‍ നല്‍കുന്ന വേതന നിരക്കിനെ മിനിമം വേതനവുമായി ബന്ധപ്പെടുത്താനാവില്ലെന്ന് കഴിഞ്ഞ ആഴ്ച ഗവണ്‍മെന്റ് വ്യക്തമാക്കിയിരുന്നു. തൊഴിലുറപ്പു പദ്ധതിയിലെ മിനിമം കൂലി കഴിഞ്ഞ വര്‍ഷം നൂറു രൂപയായി കേന്ദ്രം നിജപ്പെടുത്തിയത് വ്യാപകമായ പ്രതിഷേധത്തിനിടനല്‍കിയതാണ്.

കര്‍ഷത്തൊഴിലാളികളുടെ മിനിമം കൂലിക്ക് തുല്യമായിരിക്കണം തൊഴിലുറപ്പു പദ്ധതിയിലെ കൂലി എന്ന തത്വം സര്‍ക്കാര്‍ ലംഘിക്കുകയാണിപ്പോള്‍. തൊഴിലുറപ്പു പദ്ധതിയിലെ കൂലി ഉപഭോക്തൃ വിലസൂചികയുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവും ഗവണ്‍മെന്റ് അംഗീകരിക്കുന്നില്ല. തൊഴിലുറപ്പു പദ്ധതിയ്ക്കായി പുതിയ മിനിമം കൂലി നിശ്ചയിക്കാനാണ് ഗ്രാമ വികസന മന്ത്രാലയത്തിന്റെ നീക്കം.

ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍ തുടങ്ങി പല സംസ്ഥാനങ്ങളിലും തൊഴിലുറപ്പു പദ്ധതിയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് മിനിമം കൂലി ലഭിക്കുന്നില്ലെന്നു മാത്രമല്ല, അവര്‍ ചെയ്ത ജോലി തിട്ടപ്പെടുത്തി അതിന്റെ അടിസ്ഥാനത്തിലാണ് കൂലി നിശ്ചയിക്കുന്നതെന്നും അരുണാറോയിയും ആനിരാജയും ചൂണ്ടിക്കാട്ടി.

ഒരു തൊഴിലാളി എത്രകുഴി കുഴിച്ചു, എത്ര ഘനഅടി മണ്ണുവെട്ടി തുടങ്ങിയവ അളന്നു തിട്ടപ്പെടുത്തിയാണ് കൂലി നിശ്ചയിക്കുന്നത്. പീസ് റേറ്റ് അടിസ്ഥാനത്തില്‍ കൂലി നിശ്ചയിക്കുന്നത് തൊഴിലാളികള്‍ക്ക് മിനിമം കൂലി നിഷേധിക്കാനാണ്.

തൊഴിലുറപ്പു പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റ് നടത്താനുള്ള അധികാരം ഗ്രാമസഭകള്‍ക്കു നല്‍കിയ ഗ്രാമ വികസന മന്ത്രാലയത്തിന്റെ ഉത്തരവ് അഴിമതി നടത്തുന്നവര്‍ക്ക് സഹായകമാണ്. ഗ്രാമസഭകള്‍ക്കാണ് തൊഴിലുറപ്പു പദ്ധതിയുടെ നടത്തിപ്പിന്റെ ചുമതല. ഇതില്‍ അഴിമതിയോ ക്രമക്കേടോ നടന്നിട്ടുണ്ടെങ്കില്‍ കണ്ടുപിടിക്കാന്‍ ഓഡിറ്റ് നടത്താനുള്ള അധികാരവും ഗ്രാമസഭയ്ക്ക് നല്‍കുന്നത് അഴിമതിക്ക് കൂട്ടുനില്‍ക്കലാണ്. ഗ്രാമസഭാധ്യക്ഷനെ ഓഡിറ്റിന്റെ ചുമതല ഏല്‍പിക്കരുത്. പുറത്തുനിന്നുള്ള സ്വതന്ത്ര ഏജന്‍സിയായിരിക്കണം ഓഡിറ്റ് നടത്തേണ്ടത്.
തൊഴിലുറപ്പു പദ്ധതിക്കുമേല്‍ നോട്ടം വഹിക്കാന്‍ രൂപീകരിച്ച കേന്ദ്ര തൊഴിലുറപ്പു കൗണ്‍സിലിലെ (സി ഇ ജി സി) അംഗങ്ങളാണ് അരുണാറോയിയും ജീന്‍ഡ്രസയും. തൊഴിലുറപ്പു പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും മിനിമം കൂലി വര്‍ധിപ്പിക്കുകയും ചെയ്യണമെന്ന് കൗണ്‍സിലിന്റെ ഈയിടെ ചേര്‍ന്ന യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ വര്‍ഷം മുഴുവന്‍ തൊഴില്‍ ഉറപ്പാക്കണമെന്നതാണ് യോഗത്തില്‍ ഉയര്‍ന്നുവന്ന ഒരു നിര്‍ദ്ദേശം. ഇപ്പോള്‍ വര്‍ഷത്തില്‍ നൂറു ദിവസമാണ് തൊഴില്‍ നല്‍കേണ്ടത്. വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ അമ്പത് ദിവസം കൂടി തൊഴില്‍ നല്‍കണം. മറ്റെല്ലാ പ്രദേശങ്ങളിലും തൊഴില്‍ ദിനങ്ങളുടെ എണ്ണം 125 ആയി ഉയര്‍ത്തണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ദേശീയ തൊഴിലുറപ്പു പദ്ധതിയെ പ്രചരണത്തിനുള്ള ഒരു ഉപാധിമാത്രമായി കാണുന്ന സമീപനമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റേത്. മിനിമം കൂലി ഉറപ്പാക്കാനോ, നടത്തിപ്പിലെ അഴിമതി തടയാനോ തൊഴില്‍ ദിനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനോ സര്‍ക്കാര്‍ തയ്യാറാകാത്തത് ഇതിന്റെ തെളിവാണ്.

ജനയുഗം മുഖപ്രസംഗം 29092010

റിയാക്ടര്‍ കമ്പനികളുടെ ആശങ്ക നീക്കാമെന്ന് ഇന്ത്യയുടെ ഉറപ്പ്

ന്യൂയോര്‍ക്ക്: പാര്‍ലമെന്റ് പാസാക്കിയ ആണവബാധ്യതനിയമത്തില്‍ അമേരിക്കന്‍ കമ്പനികള്‍ക്കുള്ള ആശങ്ക മാറ്റാന്‍ തയ്യാറാണെന്ന് ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലരി ക്ളിന്റണുമായി വിദേശമന്ത്രി എസ് എം കൃഷ്ണ നടത്തിയ ചര്‍ച്ചയിലാണ് ഈ ഉറപ്പ് നല്‍കിയത്. കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെ പരമാധികാരത്തെത്തന്നെ ചോദ്യംചെയ്ത് ഹിലരി ക്ളിന്റ ഈ വിഷയം ഉന്നയിച്ചപ്പോഴാണ് ഇത്തരത്തില്‍ ഉറപ്പ് നല്‍കിയത്.

ആണവറിയാക്ടര്‍ ദാതാക്കളായ അമേരിക്കന്‍ കമ്പനികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന വ്യവസ്ഥകള്‍ നിയമത്തില്‍നിന്ന് ഒഴിവാക്കണമെന്നാണ് ക്ളിന്റ ആവശ്യപ്പെട്ടത്. അമേരിക്കന്‍ കമ്പനികളുമായി ചര്‍ച്ച നടത്താനും അവരുടെ ആശങ്ക നീക്കാനും തയ്യാറാണെന്ന് കൃഷ്ണ വ്യക്തമാക്കുകയും ചെയ്തു. ആണവ അപകടം ഉണ്ടാകുന്നപക്ഷം നടത്തിപ്പുകാരോടൊപ്പം റിയാക്ടര്‍ ദാതാക്കളും നഷ്ടപരിഹാരത്തിന്റെ ബാധ്യത ഏറ്റെടുക്കണമെന്ന നിലയില്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയ വ്യവസ്ഥയാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. ആദ്യം തയ്യാറാക്കിയ ബില്ലില്‍ ഈ വ്യവസ്ഥ ഇല്ലായിരുന്നു.

ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതിനെതുടര്‍ന്ന് ബില്ലില്‍ ഇത്തരത്തിലുള്ള ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇന്ത്യയുമായി അഞ്ചുമുതല്‍ ഏഴുലക്ഷം കോടി രൂപയുടെ ആണവ ഇടപാട് പ്രതീക്ഷിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ ചെറിയ ബാധ്യതപോലും ഏറ്റെടുക്കാന്‍ തയ്യാറല്ല. ഈ പ്രശ്നം ഹിലരി ക്ളിന്റ വിദേശമന്ത്രിയോട് ഉന്നയിച്ചതായും ബില്‍ പാസാക്കുന്നതിനിടെ ഉണ്ടായ കാര്യങ്ങള്‍ അദ്ദേഹം അവരോട് വിശദീകരിച്ചതായും വിദേശ സെക്രട്ടറി നിരുപമ റാവു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇക്കാര്യത്തില്‍ അമേരിക്കന്‍ കമ്പനികളുമായി ചര്‍ച്ച നടത്താനും അവര്‍ക്കുള്ള സംശയങ്ങള്‍ പരിഹരിക്കാനും തയ്യാറാണെന്ന് അറിയിച്ചതായും നിരുപമ പറഞ്ഞു. യുഎന്‍ പൊതുസഭ സമ്മേളനത്തിന്റെ ഇടവേളയിലാണ് കൃഷ്ണയും ഹിലരിയും അരമണിക്കൂര്‍ ചര്‍ച്ച നടത്തിയത്. ഇന്ത്യയുടെ ആണവബാധ്യതനിയമത്തില്‍ തങ്ങള്‍ക്കുള്ള ആശങ്ക അറിയിച്ചതായി അമേരിക്കന്‍ വിദേശ അസിസ്റ്റന്റ് സെക്രട്ടറി റോബര്‍ട്ട് ബ്ളേക്കും പറഞ്ഞു. അമേരിക്ക ഐടി പ്രൊഫഷണലുകളുടെ വിസ ഫീസ് ഉയര്‍ത്തിയതിലും പുറംതൊഴില്‍കരാര്‍ നിയന്ത്രിക്കുന്നതിലും ഇന്ത്യയും ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം പ്രശ്നങ്ങള്‍ സങ്കീര്‍ണമാണെന്നും എന്നാല്‍, ഇതൊക്കെ പരിഹരിക്കാനുള്ള ഇച്ഛാശക്തി ഇരുകൂട്ടര്‍ക്കുമുണ്ടെന്നും ബ്ളേക്ക് പ്രതികരിച്ചു.

ദേശാഭിമാനി 29092010

അല്പം വിദേശവാര്‍ത്തകള്‍

അമേരിക്കയില്‍ സാമ്പത്തിക അന്തരം വര്‍ധിക്കുന്നു

വാഷിങ്ടണ്‍: അമേരിക്കയില്‍ ദരിദ്രരും സമ്പന്നരും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതായി സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഏഴില്‍ ഒരാള്‍ ദരിദ്രനാണെന്ന കണക്ക് നേരത്തെ പുറത്തുവന്നിരുന്നു. പ്രതിവര്‍ഷം ഒരു ലക്ഷം ഡോളറിലധികം (50 ലക്ഷം രൂപയോളം) വരുമാനം സമ്പാദിക്കുന്ന 20 ശതമാനം ആളുകളാണ് അമേരിക്കയിലുള്ളത്. ഇവര്‍ രാജ്യത്തെ മൊത്തം വരുമാനത്തിന്റെ 49.4 ശതമാനവും സ്വന്തമാക്കുന്നു. എന്നാല്‍, മൊത്തം വരുമാനത്തിന്റെ 3.4 ശതമാനം മാത്രമാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ലഭിക്കുന്നത്. വര്‍ഷം 1,80,000 ഡോളറിലധികം വരുമാനമായി നേടുന്ന അമേരിക്കയിലെ അതിസമ്പന്നരായ അഞ്ച് ശതമാനം ആളുകളുടെ സമ്പത്ത് വര്‍ധിപ്പിച്ചപ്പോള്‍ 50,000 ഡോളര്‍ വരെ വരുമാനം നേടുന്ന ഇടത്തരക്കാരുടെ സാമ്പത്തികനില ഇടിഞ്ഞതായും സെന്‍സസ് രേഖകള്‍ തെളിയിക്കുന്നു. വരുമാനത്തിലെ അസമത്വം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സെന്‍സസില്‍ പങ്കാളിയായ പ്രൊഫ. തിമോത്തി സ്മീഡിങ് പറഞ്ഞു. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കയില്‍ ദരിദ്രരുടെ എണ്ണം വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ വൈദഗ്ധ്യവും വിദ്യാഭ്യാസവും കുറഞ്ഞ 18 നും 35 നും ഇടയില്‍ പ്രായമുള്ളവരാണ് രാജ്യത്ത് ദരിദ്രരാകുന്നവരില്‍ ഏറെയെന്നും സെന്‍സസ് കണ്ടെത്തി. തൊഴില്‍ നഷ്ടപ്പെട്ട നിരവധി പേര്‍ രക്ഷിതാക്കളുടെയും മറ്റും സംരക്ഷണത്തിലാണ് കഴിയുന്നത്. ഇവര്‍ക്ക് ആധുനിക തൊഴില്‍ ചെയ്യുന്നതിനുള്ള വൈദഗ്ധ്യം ലഭ്യമാകുന്നില്ലെന്നും പ്രൊഫ. തിമോത്തി പറഞ്ഞു.

ഇന്റര്‍നെറ്റ് നിയന്ത്രിക്കാന്‍ യുഎസില്‍ നിയമം


വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കാന്‍ പുതിയ നിയമം കൊണ്ടുവരുന്നു. ഇന്റര്‍നെറ്റും സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളും രാജ്യദ്രോഹമാകുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് പുതിയ നിയമ നിര്‍മാണത്തെക്കുറിച്ച് ആലോചിക്കുന്നതെന്ന് ഔദ്യോഗികവക്താവ് പറഞ്ഞു. രാജ്യത്ത് ടെലിഫോണ്‍ ഉപയോഗം കുറയുകയും ഇന്റര്‍നെറ്റ് ഫോ ഉപയോഗം വര്‍ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണത്തെക്കുറിച്ച് ആലോചന തുടങ്ങിയത്. ഓണ്‍ലൈനിലെ സംസാരവും ഇടപാടുകളും പിന്നീട് ആവശ്യമെങ്കില്‍ പരിശോധനയ്ക്ക് വിധേയമാക്കാവുന്ന വിധത്തില്‍ ടേപ്പ് ചെയ്യാവുന്ന സെര്‍വറുകള്‍ നിര്‍ബന്ധമാക്കുന്ന നിയമത്തെക്കുറിച്ചാണ് അമേരിക്ക ആലോചിക്കുന്നത്. ഈയിടെ സൌദി അറേബ്യയും ഇന്ത്യയും കനഡ ആസ്ഥാനമായുള്ള കമ്പനിയുടെ ബ്ളാക്ക്ബെറി മൊബൈല്‍ ഫോണിനെതിരെ നടപടി സ്വീകരിക്കേണ്ടിവന്ന പാശ്ചാത്തലവും പുതിയ നിമയത്തെക്കുറിച്ചാലോചിക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചിട്ടുണ്ട്. അമേരിക്കയിലെ ആഭ്യന്തര നിയമവകുപ്പും ദേശീയസുരക്ഷാ സമിതിയും ഭീകരരുടെ ഇന്റര്‍നെറ്റ് വഴിയുള്ള ആശയവിനിമയം പിടിച്ചെടുക്കാന്‍ കഴിയാത്തതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആഭ്യന്തരസുരക്ഷയെ കരുതി ഓണ്‍ലൈന്‍ നിയന്ത്രണനിയമം എങ്ങനെ നടപ്പാക്കാമെന്നുള്ള ആലോചന നിയമവിദഗ്ധരുമായി ഒബാമ ഭരണകൂടം ആരംഭിച്ചതായി ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പുതിയ നിയമം അടങ്ങുന്ന ബില്‍ ഒരുവര്‍ഷത്തിനകം അമേരിക്കന്‍ കോണ്‍ഗ്രസിനുമുമ്പാകെ കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ.

പലസ്തീന്‍ സമയം പാഴാക്കി; നിര്‍മാണം തുടരും- ഇസ്രയേല്‍


ഐക്യരാഷ്ട്രകേന്ദ്രം: പശ്ചിമേഷ്യന്‍ പ്രശ്നപരിഹാരത്തിനുള്ള സമയം പലസ്തീന്‍കാര്‍ പാഴാക്കിയെന്ന് ഇസ്രയേല്‍ വിദേശമന്ത്രി അവിഗ്ദോര്‍ ലിബെര്‍മാന്‍. അധിനിവേശമേഖലയിലെ നിര്‍മാണത്തിന് 10 മാസത്തോളം മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നതിനെ പരാമര്‍ശിച്ചാണ് അവിഗ്ദോറിന്റെ പ്രസ്താവന. മൊറട്ടോറിയം കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. എങ്കിലും അമേരിക്കയുടെ മുന്‍കൈയില്‍ നടക്കുന്ന സമാധാനചര്‍ച്ച തുടരാന്‍തന്നെയാണ് ഇസ്രയേല്‍ ആഗ്രഹിക്കുന്നതെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് അവിഗ്ദോര്‍ പറഞ്ഞു. മൊറട്ടോറിയം കാലാവധി അവസാനിച്ചതിനാല്‍ ഗാസയില്‍നിര്‍മാണപ്രവര്‍ത്തനം തുടരുകതന്നെ ചെയ്യും. രാജ്യത്തോട് ഉത്തരവാദിത്തമുള്ള ഗവമെന്റാണ് ഇസ്രയേലിലുള്ളത്- അവിഗ്ദോര്‍ പറഞ്ഞു.

ഗാസയിലേക്ക് വന്ന ബോട്ട് ഇസ്രയേല്‍ പിടിച്ചെടുത്തു


ഗാസ: ഉപരോധം നേരിടുന്ന ഗാസയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി സൈപ്രസില്‍നിന്ന് വന്ന ബോട്ട് ഇസ്രയേല്‍ പിടിച്ചെടുത്തു. ഇടതുപക്ഷക്കാരായ പത്ത് ജൂതരാണ് 'ഐറിന്‍' എന്ന ബ്രിട്ടീഷ് ബോട്ടില്‍ വന്നത്. ചൊവ്വാഴ്ച രാവിലെ ഗാസയില്‍നിന്ന് 38 കിലോമീറ്റര്‍ അകലെവച്ച് ഇസ്രയേല്‍ കമാന്‍ഡോകള്‍ ബോട്ട് തടഞ്ഞ് അഷ്ദോദ് തുറമുഖത്തേക്ക് കൊണ്ടുപോയി. ഇസ്രയേല്‍, അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങളിലെ പൌരന്മാരായ ജൂതരാണ് ദുരിതാശ്വാസ സാധനങ്ങളുമായി എത്തിയത്. മരുന്നുകള്‍, കളിപ്പാട്ടങ്ങള്‍, സംഗീത ഉപകരണങ്ങള്‍, മത്സ്യബന്ധന വലകള്‍ എന്നിവയാണ് ബോട്ടിലുണ്ടായത്. മൂന്ന് വര്‍ഷമായി ഇസ്രയേല്‍ ഉപരോധത്തില്‍ കഴിയുന്ന ഗാസ ജനതയ്ക്ക് പ്രതീകാത്മകസഹായം എന്ന നിലയില്‍ ഇവ കൈമാറാനാണ് ശ്രമിച്ചത്. എന്നാല്‍, കഴിഞ്ഞ മേയില്‍ തുര്‍ക്കിയില്‍നിന്ന് എത്തിയ ദുരിതാശ്വാസ യാനത്തിനുനേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടിരുന്നു.

ദേശാഭിമാനി 29092010

ലോട്ടറിക്കാര്‍ക്കുവേണ്ടി കോണ്‍ഗ്രസ് വക്താവ് ഹൈക്കോടതിയില്‍

കൊച്ചി: അന്യ സംസ്ഥാന ലോട്ടറിക്കാരുടെ വക്കാലത്തുമായി കോണ്‍ഗ്രസ്സ് വക്താവ് അഭിഷേക് സിങ്വി ഹൈക്കോടതിയില്‍ ഹാജരായി. അന്യ സംസ്ഥാന ലോട്ടറി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ എതിര്‍ത്ത് ലോട്ടറിക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ അവര്‍ക്കുവേണ്ടി വാദിക്കാന്‍ ബുധനാഴ്ച രാവിലെയാണ് സിങ്വി ഹൈക്കോടതിയില്‍ ഹാജരായത്. അന്യസംസ്ഥാന ലോട്ടറിയെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു മാത്രമാണ് അധികാരമെന്ന് സിങ്വി വാദിച്ചു. അടിയന്തര പ്രാധാന്യമുള്ളതിനാല്‍ ബുധനാഴ്ച തന്നെ കേസില്‍ വാദം കേള്‍ക്കണമെന്നും സിങ്വി പറഞ്ഞു. ഇതേത്തുടര്‍ന്ന് ഉച്ചക്കുശേഷം കേസില്‍ വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു.

അന്യ സംസ്ഥാന ലോട്ടറിക്കാരെ നിയന്ത്രിക്കാന്‍ കേന്ദ്രത്തിനാണ് അധികാരമെന്ന് എല്‍ഡിഎഫും ധനമന്ത്രി തോമസ് ഐസകും നിരന്തരം പറഞ്ഞിട്ടും ലോട്ടറി മാഫിയയെ സംരക്ഷിക്കുകയാണ് സര്‍ക്കാരെന്നാണ് യുഡിഎഫ് ആരോപിച്ചത്. ഈ പ്രചാരണത്തിനിടെയാണ് ലോട്ടറിക്കാരുടെ സംരക്ഷകനായി കോണ്‍ഗ്രസ്സ് വക്താവ്തന്നെ കോടതിയിലെത്തിയിരിക്കുന്നത്.


കോണ്‍ഗ്രസ്-ലോട്ടറി മാഫിയ ബന്ധം മറനീക്കി: എം വി ജയരാജന്‍

കണ്ണൂര്‍: അന്യസംസ്ഥാനലോട്ടറിക്കേസില്‍ സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി കോണ്‍ഗസ് വക്താവ് അഭിഷേക് സിങ്വി ഹാജരായതിലൂടെ കോണ്‍ഗ്രസും ലോട്ടറിമാഫിയയുമായുള്ള ബന്ധം മറനീക്കി പുറത്തു വന്നതായി ലോട്ടറിത്തൊഴിലാളിയൂനിയന്‍ ജനറല്‍ സെക്രട്ടറി എം വി ജയരാജന്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി പൊതു ജനങ്ങളോട് മാപ്പു പറയണം.മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനുമെതിരായി ആരോപണമുന്നയിക്കുന്ന കോണ്‍ഗ്രസ് അന്യസംസ്ഥാനലോട്ടറിക്ക് എതിരല്ല എന്ന കാര്യം ഇതോടെ വ്യക്തമായി.

deshabhimani news

വനിതകള്‍ക്ക് പെരുമാറ്റ ചട്ടം: ലീഗ് വെട്ടില്‍

മലപ്പുറം: വനിതാ സ്ഥാനാര്‍ഥികള്‍ക്ക് പെരുമാറ്റ ചട്ടം പ്രഖ്യാപിച്ച മുസ്ളിംലീഗ് വെട്ടിലായി. ലീഗുമായി സഹകരിക്കുന്ന സ്ത്രീകള്‍ എങ്ങനെ വസ്ത്രം ധരിക്കണമെന്നും പെരുമാറണമെന്നും നേതൃത്വം തീരുമാനിച്ചതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷനില്‍ പരാതിയായെത്തി. ഇതോടെ കൂടുതല്‍ വിശദീകരണവുമായി ലീഗ് നേതൃത്വം രംഗത്തുവന്നെങ്കിലും ആശയക്കുഴപ്പം ഇരട്ടിച്ചു. കമീഷന്റെ പൊല്ലാപ്പ് ഭയന്ന നേതൃത്വം പെരുമാറ്റ ചട്ടമില്ലെന്ന് മാറ്റിപ്പറഞ്ഞെങ്കിലും മതനേതൃത്വത്തിന്റെ ആവശ്യം പൂര്‍ണമായി തളളിക്കളയാന്‍ തയാറുമല്ല.

കേരളത്തില്‍ ഒരു രാഷ്ട്രീയകക്ഷി സ്ത്രീകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് 'ഫത്വവ' (മതവിധി) ഏര്‍പ്പെടുത്തുന്നത് ആദ്യമായാണ്. ചില സമുദായ സംഘടനകളുടെ ആവശ്യപ്രകാരം പെരുമാറ്റ ചട്ടം ഏര്‍പ്പെടുത്തുകയാണെന്നകാര്യം ജൂണ്‍ ആദ്യവാരത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചത്. പൊതുവേദിയില്‍ വരുന്ന സ്ത്രീകള്‍ വസ്ത്രധാരണത്തില്‍ കാര്യമായി ശ്രദ്ധിക്കണമെന്നായിരുന്നു പ്രധാന വ്യവസ്ഥ. പര്‍ദ അടക്കമുള്ള വസ്ത്രങ്ങളാണ് അഭികാമ്യം. സ്ത്രീകള്‍ എങ്ങനെ പെരുമാറണം, പൊതുവേദിയില്‍ എങ്ങനെ സംസാരിക്കണം, എന്തൊക്കെ ചെയ്യണം എന്നെല്ലാം എഴുതി തയ്യാറാക്കി താഴേ ഘടകങ്ങള്‍ക്ക് നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അന്നത്തെ വാക്കുകളെല്ലാം കുഞ്ഞാലിക്കുട്ടി വിഴുങ്ങി. പെരുമാറ്റ ചട്ടം സംബന്ധിച്ച വിവാദം അനാവശ്യമാണെന്നും വനിതകള്‍ക്ക് പ്രത്യേക നിബന്ധനയില്ലെന്നും പറഞ്ഞു. എന്നാല്‍ ഓരോ പ്രദേശം, വിഭാഗം എന്നിവക്ക് അനുസരിച്ച് പരമ്പരാഗത വസ്ത്രധാരണരീതികളും വിശ്വാസങ്ങളും ഉണ്ടെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. സമരത്തിനും പൊതുപ്രവര്‍ത്തനത്തിനും സിപിഐ എം ശൈലിയല്ല പിന്തുടരുന്നതെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

അതേസമയം പ്രസ്ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത വനിതാലീഗ് പ്രസിഡന്റ്് ഖമറുന്നീസ അന്‍വര്‍ പറഞ്ഞത് സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ മാര്‍ഗരേഖയുണ്ടെന്നാണ്. ആരെയും വേലികെട്ടി തടയുന്നില്ലെന്ന് പറഞ്ഞപ്പോള്‍തന്നെ, വൈകിട്ട് ആറിന് സ്ത്രീകള്‍ വീട്ടില്‍ കയറണമെന്നും അവര്‍ പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് 'ഞങ്ങള് സഹിച്ചോളാം' എന്നായിരുന്നു മറുപടി.

മുസ്ളിംലീഗ് സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന സ്ത്രീകള്‍ മതപരമായ ചിട്ടകള്‍ പാലിക്കണമെന്ന് സംസ്ഥാന സെക്രട്ടറി കെഎന്‍എ ഖാദര്‍ പ്രസ്ക്ളബ്ബിന്റെ മുഖാമുഖത്തില്‍ പങ്കെടുത്ത് കഴിഞ്ഞദിവസം പറഞ്ഞതാണ് വിവാദം വീണ്ടും സജീവമാക്കിയത്. ഇതേ തുടര്‍ന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി കെ അബ്ദുറബ്ബ് എംഎല്‍എ കെഎന്‍എ ഖാദറിനെ തിരുത്തി രംഗത്തുവന്നു. തെരഞ്ഞെടുപ്പുകാലത്ത് ഇത്തരം കാര്യങ്ങള്‍ പരസ്യമായി പറയരുതെന്ന് കാദറിന് നേതൃത്വത്തിന്റെ താക്കീതും കിട്ടി. ഇതിനെല്ലാം മറുപടിയെന്നോണം കുഞ്ഞാലിക്കുട്ടിയും ഖമറുന്നീസയും വിശദീകരിച്ചപ്പോള്‍ സ്ത്രീകളെ നിയന്ത്രിക്കാന്‍ ലീഗ് പെരുമാറ്റ ചട്ടം കൊണ്ടുവന്നുവെന്ന് പകല്‍പോലെ വ്യക്തമായി.
(ആര്‍ രഞ്ജിത്)

പൊതുപ്രവര്‍ത്തനം വൈകിട്ട് വരെ മതി: വനിതാ ലീഗ് പ്രസിഡന്റ്

മലപ്പുറം: സ്ത്രീകളുടെ പൊതുപ്രവര്‍ത്തനം പരമാവധി വൈകിട്ട് ആറുവരെ മതിയെന്ന് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നിസ അന്‍വര്‍. ആറിനുശേഷം വനിതകള്‍ പൊതുപരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് ലീഗ് തീരുമാനം. സ്ത്രീകള്‍ കുടുംബത്തോടൊപ്പം ചെലവിടേണ്ട സമയമാണത്. സന്ധ്യകഴിഞ്ഞാല്‍ സ്ത്രീകള്‍ പുറത്തിറങ്ങുന്നത് സുരക്ഷിതമല്ല. ഗള്‍ഫ് നാടുകളില്‍ ഈ പ്രശ്നമില്ല. മുഴുവന്‍ സമയവും പൊതുപരിപാടിയുമായി നടക്കാനാവില്ല. അത്തരം കുടുംബങ്ങള്‍ കുളം തോണ്ടുമെന്നും മലപ്പുറം പ്രസ് ക്ളബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ അവര്‍ പറഞ്ഞു.

ലീഗില്‍ വനിതകള്‍ക്ക് പെരുമാറ്റച്ചട്ടമുണ്ടോ എന്ന ചോദ്യത്തിന് 'ഇല്ല' എന്നായിരുന്നു ആദ്യ മറുപടി. എന്നാല്‍ പൊതുപ്രവര്‍ത്തകരായ സ്ത്രീകള്‍ കര്‍ശനമായി പാലിക്കേണ്ട ചില നിര്‍ദേശങ്ങള്‍ ലീഗ് നേതൃത്വം നല്‍കുന്നുണ്ട്. നാട് നന്നാക്കുന്നതിനൊപ്പം വീടും നന്നാക്കാനുള്ളതുകൊണ്ടാണ് ലീഗ് വനിതകള്‍ക്ക് തയ്യാറാക്കിയ പെരുമാറ്റച്ചട്ടത്തില്‍ സമയബന്ധിതമായ പൊതുപ്രവര്‍ത്തനം നിര്‍ദേശിച്ചതെന്ന് ഖമറുന്നിസ അന്‍വര്‍ വിശദീകരിച്ചു. വസ്ത്രധാരണത്തിലും ലീഗുകാര്‍ മാതൃകയാകും. ധാരാളം സ്ത്രീകള്‍ കടന്നുവരുന്ന സമയത്ത് ഇത്തരം കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണ്ടിവരും. കുടുംബം നല്ലരീതിയില്‍ കൊണ്ടുപോകുന്നതിനാണ് ഈ നിര്‍ദേശങ്ങള്‍. ഇത് മറ്റുതരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ല. വനിതകളെ ലീഗ് വേലികെട്ടി തിരിച്ചിട്ടില്ലെന്നും സംഘടന രൂപീകരിച്ചപ്പോള്‍ മുന്നോട്ടുവച്ച നിര്‍ദേശം സ്ത്രീകള്‍ കൂടുതലായി കടന്നുവരുന്ന സാഹചര്യത്തില്‍ ഒന്നുകൂടി ഓര്‍മിപ്പിച്ചതേയുള്ളൂവെന്നും അവര്‍ പറഞ്ഞു. വനിതാ ലീഗിന് പെരുമാറ്റച്ചട്ടമുണ്ടെങ്കില്‍ അത് പ്രവര്‍ത്തകര്‍ സഹിച്ചോളാമെന്നും മറ്റുള്ളവര്‍ ആകുലപ്പെടേണ്ടതില്ലെന്നും ഖമറുന്നിസ കൂട്ടിച്ചേര്‍ത്തു. മത്സരിക്കാന്‍ നേരത്തേ കുപ്പായം തുന്നിവച്ച പല പുരുഷന്മാര്‍ക്കും സ്ത്രീകളുടെ മുന്നേറ്റത്തില്‍ വിഷമമുണ്ടായിട്ടുണ്ട്. ആരും പേടിക്കേണ്ടതില്ലെന്നും 'അച്ചടക്കത്തോടെ' ഭരിച്ചോളാമെന്നും വനിതാ ലീഗ് നേതാവ് ഉറപ്പുനല്‍കി.

ദേശാഭിമാനി 29092010

കാസ്ട്രോയും ഇസ്രയേലും പിന്നെ ഞാനും

സ്വന്തം വാല് കുലുങ്ങുന്നത് അനുസരിച്ചാണ് ലോകം കറങ്ങുന്നതെന്ന് കരുതുന്ന ഒരു പക്ഷിയുണ്ട്. മലയാളത്തിലെ ഒരു പത്രത്തിനും ഇതേ ചിന്തയാണ്. ലോകത്ത് എന്ത് നടന്നാലും ആര് എന്ത് പറഞ്ഞാലും ഈ പത്രത്തിന്റെ നിലപാടിനെ ശരിവയ്ക്കുന്നതാണെന്ന് വാദിച്ചുകളയും. കമ്യൂണിസമെന്നു കേള്‍ക്കുമ്പോഴേ ഹാലിളകുന്ന 'മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള' പത്രത്തിനാണ് ഈ സ്വഭാവവൈകല്യം. കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ പ്രസിദ്ധീകരിച്ച ചില ലോകവാര്‍ത്തകള്‍ ഇതിന്റെ പ്രകടമായ ലക്ഷണമാണ്.

'ഇസ്രയേലിന് പിന്തുണയുമായി ഫിദല്‍ കാസ്ട്രോ' എന്നതാണ് ഒരു വാര്‍ത്തയുടെ തലക്കെട്ട്. ഈയിടെ ഇറാന്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദിനെജാദിന് പ്രസംഗത്തിനിടെ സംഭവിച്ച പിശക് ചൂണ്ടിക്കാട്ടിയ കാസ്ട്രോയെ തെറ്റിദ്ധാരണാജനകമായി അവതരിപ്പിക്കുകയാണ് വാര്‍ത്തയില്‍. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ജെഫ്രേ ഗോള്‍ഡ് ബര്‍ഗിനു നല്‍കിയ അഭിമുഖം അടിസ്ഥാനമാക്കിയാണ് വാര്‍ത്ത. അഭിമുഖത്തില്‍ ഒരിടത്തും കാസ്ട്രോ ഇസ്രയേല്‍ ഭരണകൂടത്തെ ന്യായീകരിച്ചിട്ടില്ല. ജൂതജനതയുടെ അവകാശങ്ങളെ മാനിക്കണമെന്നു മാത്രമാണ് കാസ്ട്രോ അഭിപ്രായപ്പെട്ടത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ഒത്താശചെയ്യുകയും പശ്ചിമേഷ്യയില്‍ സംഘര്‍ഷം സൃഷ്ടിക്കുകയുംചെയ്യുന്ന ഇസ്രയേല്‍ഭരണകൂടത്തെ ലോകം പൊതുവെ വെറുക്കുന്നുണ്ട്. ഇത്തരത്തില്‍ ഇസ്രയേലിനെ വിമര്‍ശിക്കുന്നവരെല്ലാം ജൂതമതത്തെയാണ് എതിര്‍ക്കുന്നതെന്ന ധാരണയില്‍നിന്നായിരിക്കാം പ്രസ്തുത പത്രവാര്‍ത്ത പൊട്ടിമുളച്ചത്. ജൂതമതത്തെ ലോകത്ത് വിവേകമുള്ള ആരും എതിര്‍ക്കില്ല. ഹിന്ദുതീവ്രവാദത്തെയും ഇസ്ളാംതീവ്രവാദത്തെയും ക്രൈസ്തവ തീവ്രവാദത്തെയും എതിര്‍ക്കുംപോലെ ജൂതതീവ്രവാദത്തെ മാത്രമാണ് പുരോഗമനവാദികള്‍ എതിര്‍ക്കുന്നത്. ഫാസിസ്റ്റുകള്‍ നടത്തിയ ജൂത കൂട്ടക്കൊല കഴിഞ്ഞ നൂറ്റാണ്ടിലെ ചരിത്രമാണ്. ഇതു നിഷേധിക്കാന്‍ കഴിയില്ല. ജൂത കൂട്ടക്കൊലയെക്കുറിച്ചുള്ള വിവരണങ്ങള്‍ അതിശയോക്തിപരമാണെന്ന വാദം ഇന്ന് ചിലര്‍ ഉയര്‍ത്തുന്നുണ്ട്. നെജാദും ഈ സംശയം പ്രകടിപ്പിച്ചപ്പോള്‍ തിരുത്താന്‍ ശ്രമിക്കുകയാണ് കാസ്ട്രോ ചെയ്തത്. അല്ലാതെ കാസ്ട്രോ പുതിയ എന്തെങ്കിലും കാര്യം പറഞ്ഞിട്ടില്ല. ഇസ്രയേലിലെ വംശവെറിയന്‍ സര്‍ക്കാരാണ് ഇന്ന് യഥാര്‍ഥത്തില്‍ ജൂതമതത്തിന്റെ ശത്രു. ഇക്കാര്യം ഇസ്രയേല്‍ജനതയ്ക്കുതന്നെ ബോധ്യമായി വരികയാണ്. പലസ്തീന്‍ജനതയെ പീഡിപ്പിക്കുന്ന നയങ്ങള്‍ക്കെതിരെ ഇസ്രയേലിലെതന്നെ കല-സാംസ്കാരിക പ്രവര്‍ത്തകര്‍ ശക്തമായി രംഗത്തുവന്നിട്ടുണ്ട്.

വസ്തുനിഷ്ഠമായ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്യൂണിസ്റ്റുകാര്‍ ഓരോ പ്രശ്നത്തിലും നിലപാടെടുക്കുന്നത്. അന്ധമായി ആരെയും എതിര്‍ക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് കഴിയില്ല. ഇസ്രയേലുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ ക്യൂബ തയ്യാറാണോ എന്ന ചോദ്യത്തിന് 'സമയമെടുക്കും' എന്നായിരുന്നു കാസ്ട്രോയുടെ മറുപടി. നിലവിലുള്ള ഇസ്രയേല്‍ഭരണകൂടത്തോട് യോജിക്കാന്‍ കഴിയില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.

വെനസ്വേലയില്‍ ഷാവേസിന് തിരിച്ചടിയെന്നാണ് ഇവരുടെ മറ്റൊരു വാര്‍ത്ത. 165 അംഗ പാര്‍ലമെന്റില്‍ ഷാവേസിന്റെ സോഷ്യലിസ്റ്റ് പാര്‍ടിക്ക് നൂറോളം സീറ്റ് കിട്ടി. ഇതെങ്ങനെ തിരിച്ചടിയാകും? ഇവര്‍ ഷാവേസിന് മൂന്നില്‍രണ്ട് സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നത്രെ. മൂന്നില്‍ രണ്ട് കിട്ടിയിരുന്നെങ്കില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷം ലഭിച്ചില്ലെന്ന് പറയാമല്ലോ. ഗുണപാഠം: വാര്‍ത്തകള്‍ റബര്‍പാലുപോലെയാണ്. ഏതു രൂപത്തിലും വാര്‍ത്തെടുക്കാം.

ജാനകി ദേശാഭിമാനി 29092010

ഷാവേസിന്റെ വിജയം

വെനസ്വേലാ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ഉജ്വലവിജയം ലോകത്താകെയുള്ള സാമ്രാജ്യത്വവിരുദ്ധ പോരാളികള്‍ക്ക് ആവേശം പകരുന്നതാണ്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ എന്ന പേരില്‍ വിശേഷിപ്പിക്കുന്ന ചില പത്രങ്ങള്‍ ഈ വിജയത്തിന്റെ മാറ്റ് കുറയ്ക്കാന്‍ വൃഥാശ്രമം നടത്തിയതായി കാണുന്നു. അവരുടെ സാമ്രാജ്യത്വശക്തിയോടുള്ള വിധേയത്വവും നവഉദാരസാമ്പത്തികനയത്തോടുള്ള ഉറച്ച പ്രതിബദ്ധതയും പച്ചയായി വെളിപ്പെടുത്തുന്നതാണ് ഈ സമീപനം.

കേരളത്തിലായാലും പശ്ചിമബംഗാളിലായാലും വെനസ്വേലയിലായാലും ക്യൂബയിലായാലും ചൈനയിലായാലും ലോകത്തിന്റെ ഏത് കോണിലായാലും അവര്‍ ഇടതുപക്ഷത്തിനെതിരാണ്. അറുപിന്തിരിപ്പന്‍ വലതുപക്ഷ ചിന്താഗതിയാണ് അവരെ നയിക്കുന്നതെന്ന് ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെട്ടുവരികയാണ്. 'വെനിസ്വേലയില്‍ ഷാവേസിന് തിരിച്ചടി; അധികാരം കുറയും' എന്നാണ് മലയാള മനോരമയുടെ തലക്കെട്ട്. മാതൃഭൂമി അത്ര പോയില്ല. 'വെനസ്വേലയില്‍ ഷാവേസിന്റെ പാര്‍ടിക്ക് ജയം; ഭൂരിപക്ഷം കുറഞ്ഞു' എന്നെങ്കിലും വെളിപ്പെടുത്തി. മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാത്തതില്‍ അല്‍പ്പം സന്തോഷം പ്രകടിപ്പിച്ചു എന്നേ ഉള്ളു. എന്നാല്‍, ഈ മഹത്തായ വിജയത്തിന്റെ രാഷ്ട്രീയപ്രാധാന്യം അംഗീകരിക്കാന്‍ കൂട്ടാക്കുന്നില്ല. പന്ത്രണ്ടുവര്‍ഷമായി അധികാരത്തിലുള്ള ഷാവേസിന് അതിനുശേഷം നടന്ന 14 വോട്ടെടുപ്പില്‍ ഒന്നില്‍ മാത്രമേ തിരിച്ചടി നേരിട്ടുള്ളു എന്നും അവര്‍ സമ്മതിക്കുന്നുണ്ട്.

ഷാവേസിന്റെ വിജയം ഉജ്വലമാണെന്ന് അംഗീകരിക്കണമെങ്കില്‍, അതിന്റെ പ്രാധാന്യവും തിളക്കവും ശരിയായി വിലയിരുത്തണമെങ്കില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും വലതുപക്ഷ മാധ്യമങ്ങളുടെയും ഇടപെടല്‍ എത്രയായിരുന്നുവെന്ന് അറിയേണ്ടതുണ്ട്. ഷാവേസ് വെനസ്വേലയില്‍ കമ്യൂണിസമോ സോഷ്യലിസമോ നടപ്പാക്കിയിട്ടില്ല. അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചത് സോഷ്യലിസത്തോടൊപ്പം ക്രിസ്തുമതസിദ്ധാന്തങ്ങളും ഒരേപോലെ അംഗീകരിക്കുന്നുവെന്നാണ്. സാമ്രാജ്യത്വമേധാവിത്വത്തോട് ഷാവേസിന് കടുത്ത ശത്രുതയുണ്ട്. അത് സ്വന്തം അനുഭവത്തില്‍നിന്ന് ഉടലെടുത്തതാണ്. എണ്ണ കുഴിച്ചെടുക്കുന്ന നാടാണ് വെനസ്വേല. സ്വകാര്യ എണ്ണക്കമ്പനികള്‍ ദീര്‍ഘകാലം വെനസ്വേലയെ കടുത്ത ചൂഷണത്തിന് വിധേയമാക്കി. ഫലമോ, വെനസ്വേലയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്ര്യവുമായിരുന്നു ചൂഷകവര്‍ഗത്തിന്റെ സമ്മാനം.

ഷാവേസ് 1998ല്‍ അധികാരത്തില്‍ വന്നപ്പോള്‍ വിദേശ എണ്ണക്കമ്പനികള്‍ ദേശസാല്‍ക്കരിക്കാന്‍ തീരുമാനിച്ചു. എണ്ണയില്‍നിന്നുള്ള വരുമാനം ജനങ്ങള്‍ക്ക് ഭക്ഷണം, വിദ്യാഭ്യാസം, പാര്‍പ്പിടം, ആരോഗ്യം എന്നിവയ്ക്കായി വിനിയോഗിക്കാന്‍ തീരുമാനിച്ചു. റോഡും പാലവും കെട്ടിടവും അടുത്തപടിയായി നിര്‍മിച്ചാല്‍ മതിയെന്നും പ്രഖ്യാപിച്ചു. ഷാവേസ് ക്യൂബയുമായി നല്ല ബന്ധം പുലര്‍ത്തി. സാമ്രാജ്യത്വവിരുദ്ധ പോരട്ടത്തിന്റെ മുന്‍പന്തിയിലുള്ള വീരനായകനായ ഫിദല്‍ കാസ്ട്രോയുടെ ഉറ്റമിത്രമായി. അദ്ദേഹത്തില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ടു. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായി ലാറ്റിനമേരിക്കയിലെ രാജ്യങ്ങളെ ഒരു ചരടില്‍ കോര്‍ത്തിണക്കാന്‍ ശ്രമിച്ചു. ശ്രമം ഒരു പരിധിവരെ വിജയിക്കുകയുംചെയ്തു.

ഐക്യരാഷ്ട്രസഭയില്‍ ഷാവേസിന്റെ പ്രസംഗം ശ്രദ്ധേയമായിരുന്നു.

"ലോകത്തിലെ 842 ദശലക്ഷം പട്ടിണിക്കാരുടെ എണ്ണം 2015 ആകുമ്പോഴേക്കും പകുതിയായി കുറയ്ക്കുമെന്ന് നാം പ്രഖ്യാപിക്കുന്നു. എന്നാല്‍, ഇന്നത്തെ നിലയിലാണ് നാം പോകുന്നതെങ്കില്‍ 2215 ആകുമ്പോള്‍മാത്രമേ ലക്ഷ്യം കൈവരിക്കാന്‍ കഴിയൂ. നമ്മളില്‍ ആരാണ് അന്ന് അത് ആഘോഷിക്കാന്‍ അവശേഷിക്കുക. 2015 ആകുമ്പോഴേക്കും സാര്‍വത്രികമായ പ്രാഥമിക വിദ്യാഭ്യാസം നടപ്പാകുമെന്ന് പ്രഖ്യാപിക്കുന്നു. ഇന്നത്തെ നിലയില്‍ നാം പുരോഗമിക്കുകയാണെങ്കില്‍ 2100ലെങ്കിലും ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞേക്കാം''.

തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെ പ്രശ്നങ്ങള്‍ കാണാനും അവതരിപ്പിക്കാനും ഷാവേസിന് കഴിഞ്ഞു. അമേരിക്കന്‍ സാമ്രാജ്യത്വത്തോട് ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറല്ലായിരുന്നു. ഇതാണ് ഷാവേസിനെയും അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് പാര്‍ടിയെയും സാമ്രാജ്യത്വശക്തികളും അവരെ പിന്താങ്ങുന്ന വലതുപക്ഷ മാധ്യമങ്ങളും കണ്ണിലെ കരടായി കാണാനിടയാക്കിയത്. ഷാവേസിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണം അട്ടിമറിക്കാനും അമേരിക്കന്‍ സാമ്രാജ്യത്വവും സിഐഎയും പണം വാരിക്കോരി ചെലവഴിച്ചു. സാമ്രാജ്യത്വ അനുകൂലമാധ്യമങ്ങള്‍ നുണപ്രചാരവേല കെട്ടഴിച്ചുവിട്ടു. ഷാവേസിനെ പരാജയപ്പെടുത്തി ഭരണം കൈക്കലാക്കാന്‍ 30 പ്രതിപക്ഷ പിന്തിരിപ്പന്‍ പാര്‍ടികള്‍ ഒറ്റക്കെട്ടായി മത്സരിച്ചു. എന്നിട്ടും 165ല്‍ ഫലമറിഞ്ഞ 159ല്‍ 94 സീറ്റില്‍ ഷാവേസിന്റെ പാര്‍ടി വിജയിച്ചു. 60 സീറ്റ് പ്രതിപക്ഷസഖ്യത്തിന് ലഭിച്ചു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് അഞ്ച് അംഗങ്ങളുടെ കുറവേ സംഭവിച്ചുള്ളു.

എന്നാല്‍, ഇന്ത്യയില്‍ 2009ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന രണ്ടാം യുപിഎ സഖ്യത്തിന് കേവല ഭൂരിപക്ഷംപോലും ലഭിച്ചില്ല. 272നുപകരം 262 സീറ്റേ ലിച്ചിരുന്നുള്ളു. ഈ മാധ്യമങ്ങള്‍ അത് ആഘോഷിക്കുന്നതായി കണ്ടില്ല. ഇവിടെയാണെങ്കില്‍ പശ്ചിമബംഗാളിലും കേരളത്തിലും തീവ്രവലതുപക്ഷം മുതല്‍ തീവ്രഇടതുപക്ഷംവരെ ഒറ്റക്കെട്ടായിട്ടാണ് ഇടതുപക്ഷത്തിനെതിരെ കൈകോര്‍ക്കുന്നത്. കേരളത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പോപ്പുലര്‍ഫ്രണ്ടും ആര്‍എസ്എസും തീവ്ര ഇടതുപക്ഷവും യുഡിഎഫുമായി സഖ്യത്തിലാണ്. ഇതേ മാധ്യമങ്ങള്‍ അതിനെ പ്രോത്സാഹിപ്പിക്കുകയാണ്.

ഇതില്‍നിന്നെല്ലാം ഒരുകാര്യം വ്യക്തമാണ്. അമേരിക്കന്‍ അനുകൂലമെന്നും പ്രതികൂലമെന്നും രണ്ടായി വേര്‍തിരിയുന്നു. ഇടതുപക്ഷപുരോഗമന മതനിരപേക്ഷ ജനാധിപത്യശക്തികള്‍ ഒരുവശത്തും സാമ്രാജ്യത്വവര്‍ഗീയ തീവ്രവാദപിന്തിരിപ്പന്‍ വലതുപക്ഷശക്തികള്‍ മറുവശത്തും അണിനിരക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇതില്‍ ഏത് സ്വീകരിക്കണമെന്നതാണ് സമ്മതിദായകരുടെയും മുഴുവന്‍ ബഹുജനങ്ങളുടെയും മുന്നിലുള്ള പ്രശ്നം. നാടിന്റെ സ്വാതന്ത്ര്യവും പരമാധികാരവും കാത്തുസൂക്ഷിക്കുന്ന, നാടിനെ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കുന്ന, സമഗ്രവികസനത്തിനും സാമൂഹ്യനീതിക്കുംവേണ്ടി നിലകൊള്ളുന്ന ഇടതുപക്ഷപുരോഗമനശക്തികളോടൊപ്പം അണിചേരുകയാണ് കരണീയമായിട്ടുള്ളത് എന്ന് വ്യക്തം.

ദേശാഭിമാനി മുഖപ്രസംഗം 29092010

Tuesday, September 28, 2010

ഇസ്രയേലിനെ ബഹിഷ്കരിക്കുക

പലസ്തീന്‍ജനതയോട് നിര്‍ദയം പെരുമാറുന്ന ഇസ്രയേലിലെ വംശവെറിയന്‍ ഭരണകൂടം ലോകമനഃസാക്ഷിക്ക് മുന്നില്‍ പ്രതിക്കൂട്ടിലാണ്. പലസ്തീന്‍കാരുടെ പ്രാഥമിക മനുഷ്യാവകാശങ്ങള്‍ അംഗീകരിക്കാന്‍പോലും ഇസ്രയേല്‍ തയ്യാറാകുന്നില്ല. ഉപരോധം നേരിടുന്ന ഗാസയിലേക്ക് ദുരിതാശ്വാസവസ്തുക്കളുമായി വന്ന കപ്പല്‍വ്യൂഹത്തെ ഇസ്രയേല്‍കമാന്‍ഡോകള്‍ പൈശാചികമായ രീതിയില്‍ ആക്രമിച്ചത് രാജ്യാന്തരസമൂഹത്തെ നടുക്കി. ഇതേത്തുടര്‍ന്ന് തുര്‍ക്കിപോലുള്ള രാജ്യങ്ങള്‍പോലും ഇസ്രയേല്‍ സര്‍ക്കാരുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ചു. എന്നാല്‍, കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ രാജ്യത്തിന്റെ പരമ്പരാഗത വിദേശനയത്തില്‍നിന്ന് വ്യതിചലിച്ച് ഇസ്രയേലുമായി ബന്ധം ശക്തമാക്കാന്‍ വെമ്പല്‍ കൊള്ളുകയാണ്. ഗാസ ആക്രമണത്തെ അപലപിച്ച് വിദേശമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഇസ്രയേലിന്റെ പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കാന്‍പോലും തയ്യാറായില്ല.

പലസ്തീന്‍മണ്ണിലെ അധിനിവേശമേഖലകളില്‍ ഇസ്രയേല്‍ നടത്തിവരുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ സമാധാനചര്‍ച്ചകള്‍ ഫലപ്രദമാകില്ല. കൈയേറ്റത്തിനെതിരായി പ്രതിഷേധിക്കുന്ന പലസ്തീന്‍യുവാക്കളെ സങ്കീര്‍ണമായ ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇസ്രയേല്‍സേന വകവരുത്തുന്നത്. ഇത്തരത്തില്‍ ഗാസയില്‍ ഇസ്രയേല്‍ പരീക്ഷിച്ച ആയുധങ്ങളാണ് ഇന്ത്യ വാങ്ങിക്കൂട്ടുന്നത്. ഇസ്രയേലില്‍നിന്ന് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യം ഇന്ത്യയാണ്. കഴിഞ്ഞദിവസം ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യസമ്മേളനത്തില്‍, സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇസ്രയേലുമായി പ്രതിരോധ-സുരക്ഷ സഹകരണം ശക്തമാക്കുന്ന കേന്ദ്രസര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി. കശ്മീര്‍സ്ഥിതി കൈകാര്യംചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഇസ്രയേലിന്റെ ഉപദേശം തേടുന്നുവെന്ന ധാരണ കശ്മീരിലെ സാധാരണജനങ്ങള്‍ക്കിടയില്‍ പ്രബലമാണ്. സ്വാതന്ത്ര്യസമരകാലം മുതലുള്ള ഇന്ത്യയുടെ രാഷ്ട്രീയ ചിന്താധാരയ്ക്ക് എതിരായ സംഭവഗതിയാണിതെന്ന് പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി. ഇസ്രയേലുമായുള്ള പ്രതിരോധഇടപാടുകളില്‍ ശതകോടി ഡോളറുകളുടെ അഴിമതിയാണ് നടക്കുന്നത്, നമ്മുടെ പ്രതിരോധസംവിധാനത്തിന്റെ കെട്ടുറപ്പിനെ ഇത് തകര്‍ക്കും. കോഴഇടപാടുകള്‍ നടത്തിയതിന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഇസ്രയേല്‍ ആയുധക്കമ്പനികള്‍ക്ക് ക്ളീന്‍ചിറ്റ് നല്‍കാനും നീക്കം സജീവമാണ്.

പലസ്തീന്‍ജനതയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ശബ്ദം ഇന്ത്യന്‍ പാര്‍ലമെന്റിനുള്ളില്‍ ദുര്‍ബലമായതാണ് ഇതെല്ലാം സംഭവിക്കാന്‍ കാരണം. പലസ്തീന്‍ ജനതയോട് ഇന്ത്യ സുസ്ഥിരമായ ഐക്യദാര്‍ഢ്യം ഔദ്യോഗികമായി പ്രകടിപ്പിക്കണമെന്നും ഇസ്രയേലുമായുള്ള സൈനികബന്ധം വിച്ഛേദിക്കണമെന്നും ആവശ്യപ്പെട്ട് പാര്‍ലമെന്റിനുള്ളില്‍ ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിക്കാന്‍ സമ്മേളനത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരോടും എന്‍സിപി ജനറല്‍ സെക്രട്ടറി ഡി പി ത്രിപാഠിയോടും കാരാട്ട് അഭ്യര്‍ഥിച്ചിരുന്നു. രാജ്യാന്തരതലത്തില്‍ ഇസ്രയേലിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന ബഹിഷ്കരണ, ഉപരോധ പ്രസ്ഥാനത്തെ പിന്തുണയ്ക്കാന്‍ സമാനമായ പരിപാടി ഇന്ത്യയില്‍ ഇടതുപക്ഷം സംഘടിപ്പിക്കുകയാണ്. ഇന്ത്യന്‍തുറമുഖങ്ങളില്‍ ഇസ്രയേല്‍കപ്പലുകള്‍ ബഹിഷ്കരിക്കാനുള്ള കൂട്ടായ തീരുമാനമെടുക്കാന്‍ ട്രേഡ് യൂണിയനുകളോട് അഭ്യര്‍ഥിക്കുമെന്നും കാരാട്ട് പ്രഖ്യാപിക്കുകയുണ്ടായി.

ഇംഗ്ളണ്ട് ഇംഗ്ളീഷ്ജനതയുടെ മാതൃരാജ്യം എന്നതുപോലെ പലസ്തീന്‍ അറബ് പലസ്തീന്‍കാരുടെ ഭൂമിയാണെന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുള്ളത് മണിശങ്കര്‍ അയ്യര്‍ ചൂണ്ടിക്കാട്ടി. 1947ല്‍ പലസ്തീന്‍വിഭജനത്തെ എതിര്‍ത്ത ഏക പ്രമുഖ മുസ്ളിംഇതര രാഷ്ട്രം ഇന്ത്യയാണ്. പലസ്തീന്‍പ്രശ്നത്തില്‍ നാം ദീര്‍ഘകാലമായി സ്വീകരിച്ചുവന്ന നിലപാടില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ വഴിമാറിനടക്കുകയാണെന്ന വസ്തുത അയ്യര്‍ ശരിവച്ചു. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആരും പലസ്തീന്‍കാരെ പിന്തുണയ്ക്കണമെന്നാണ് ഡി പി ത്രിപാഠി വ്യക്തമാക്കിയത്. ഇപ്പോള്‍ നടക്കുന്ന സമാധാനചര്‍ച്ചകള്‍ ഇസ്രയേല്‍ അധിനിവേശത്തിന് സാധുത നല്‍കാന്‍വേണ്ടി മാത്രമാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍ വിശദീകരിക്കുകയുണ്ടായി.

രാഷ്ട്രീയ-ചരിത്ര-സാമൂഹ്യശാസ്ത്ര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിപുലമായ കൂട്ടായ്മയാണ് ന്യൂഡല്‍ഹി സമ്മേളനത്തില്‍ ദൃശ്യമായത്. ബംഗ്ളാദേശ് കമ്യൂണിസ്റ്റ് പാര്‍ടി അധ്യക്ഷന്‍ മന്‍സുറുള്‍ ഖാന്‍, ബംഗ്ളാദേശിലെ ട്രേഡ് യൂണിയന്‍ നേതാവ് റാഷെദ് മേനോന്‍, ജാതിയ സമാജ് ക്രാന്തിദള്‍ അധ്യക്ഷന്‍ മൊയ്നുദീന്‍ ഖാന്‍, പലസ്തീന്‍ നേതാക്കളായ ഡോ. മുസ്തഫ ബര്‍ഗൌട്ടി, ജമാല്‍ ജുമ, ജമാല്‍ സഹല്‍ക്ക, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സീമ മുസ്തഫ, പ്രൊഫ. ഉപേന്ദ്ര ബക്ഷി, പ്രൊഫ. അചിന്‍ വനായക്, ഫോക്കസ് ഓ ഗ്ളോബല്‍ സൌത്ത് സ്ഥാപകന്‍ വാള്‍ഡന്‍ ബെല്ലോ, പ്രൊഫ. റിച്ചാര്‍ഡ് ഫോക്ക്, പ്രൊഫ. ഇലന്‍ പാപ്പ്, ഡോ. മൊര്‍ദക്കായി ബ്രീംബര്‍ഗ് തുടങ്ങിയവര്‍ സമ്മേളനത്തിന്റെ വിവിധ സെഷനുകളില്‍ സംസാരിച്ചു. ഗാസയിലേക്ക് വന്ന കപ്പല്‍വ്യൂഹത്തില്‍ ഉണ്ടായിരുന്ന തോമസ് സോമ്മര്‍ ഹൂഡെവില്ല അനുഭവങ്ങള്‍ പങ്കിട്ടു.
സ്വതന്ത്രപലസ്തീന്‍ രൂപീകരിക്കണമെന്ന ആവശ്യത്തിന് നിരുപാധിക പിന്തുണ നല്‍കണമെന്ന് ഇവരെല്ലാം ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യന്‍ ഭൌമരാഷ്ട്രീയത്തില്‍ തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് അമേരിക്ക ഇസ്രയേലിനെ സഹായിക്കുന്നത്. എന്നാല്‍, അമേരിക്കന്‍ജനതയ്ക്ക് ഇക്കാര്യത്തില്‍ ഏകാഭിപ്രായമാണെന്ന് കരുതുന്നത് ശരിയല്ലെന്ന് എക്സേസ്റര്‍ സര്‍വകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫസറായ ഇലന്‍ പാപ്പ് വ്യക്തമാക്കുകയുണ്ടായി. അമേരിക്കന്‍ ജനതയില്‍ ഇസ്രയേലിന്റെ നടപടികള്‍ക്കെതിരെ അമര്‍ഷം വളര്‍ന്നുവരികയാണ്. ഈ വികാരം ശക്തമായി അമേരിക്കയുടെ ഔദ്യോഗികനയത്തെ തന്നെ സ്വാധീനിച്ചേക്കാമെന്ന് ഇസ്രയേല്‍ ഭയപ്പെടുന്നതായും ഇലന്‍ പാപ്പ് വ്യക്തമാക്കുകയുണ്ടായി. യൂറോപ്പിലും പലസ്തീന്‍ജനതയോട് അനുഭാവം ശക്തമായി വളര്‍ന്നുവന്നിട്ടുണ്ടെന്ന് ഡോ. മൊര്‍ദക്കായി ബ്രീംബര്‍ഗ് പറഞ്ഞു. ഇത്തരത്തില്‍ ലോകമൊട്ടാകെ പലസ്തീന്‍ഐക്യദാര്‍ഢ്യ പ്രസ്ഥാനം ഉയര്‍ന്നുവരികയാണ്.

നമ്മുടെ ഭരണനേതൃത്വം ഈ ചുവരെഴുത്ത് മനസ്സിലാക്കണം. യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നേടാന്‍ ഇന്ത്യ ശ്രമിച്ചുവരികയാണ്. ലോകത്തിന് മുന്നില്‍ അന്തസ്സ് കളയുന്ന നയങ്ങള്‍ സ്വീകരിക്കുന്നത് രാജ്യത്തിന്റെ ദീര്‍ഘകാലതാല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാണ്. മാത്രമല്ല, ഇസ്രയേലുമായുള്ള സൈനികപങ്കാളിത്തം ഇന്ത്യയുടെ ആഭ്യന്തരസുരക്ഷയ്ക്കും ഭീഷണിയാണ്. കശ്മീരില്‍തന്നെ കേന്ദ്രസര്‍ക്കാരിനെതിരെ വികാരം ശക്തമാകാന്‍ ഇസ്രയേലുമായി വര്‍ധിച്ചുവരുന്ന സഹകരണം കാരണമായി. ഇതൊക്കെ തിരിച്ചറിയാനുള്ള വിവേകം യുപിഎ സര്‍ക്കാരിനുണ്ടാകണം. ഇതിനായി ഭരണനേതൃത്വത്തെ പ്രേരിപ്പിക്കാന്‍ ശക്തമായ ജനകീയപ്രസ്ഥാനം രാജ്യത്ത് ഉയര്‍ന്നുവരണം. ഇസ്രയേലിനെ ബഹിഷ്കരിക്കാന്‍ ഇടതുപക്ഷം നല്‍കിയ ആഹ്വാനം വിജയിപ്പിക്കാന്‍ എല്ലാ രാജ്യസ്നേഹികളും മുന്നിട്ടിറങ്ങണമെന്നാണ് കാലം ആവശ്യപ്പെടുന്നത്.

ദേശാഭിമാനി മുഖപ്രസംഗം 28092010

വളര്‍ച്ചയുടെ പന്ഥാവില്‍

വികസനചരിത്രം കുറിച്ച് ജില്ലാപഞ്ചായത്ത് ഭരണസമിതി വിടവാങ്ങുന്നു

വികസനപ്രവര്‍ത്തങ്ങളുടെ പുതിയ അധ്യായം എഴുതിച്ചേര്‍ത്തുകൊണ്ടാണ് തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ഭരണസമിതി പടിയിറങ്ങുന്നത്. കാര്‍ഷിക, വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ മേഖലകളില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തിലുള്ള ജില്ലാപഞ്ചായത്ത് ഭരണസമിതി നടപ്പാക്കിയത്. ഇതിലൂടെ ജില്ലാ പഞ്ചായത്ത് കൈവരിച്ചത് സംസ്ഥാനത്തിനുതന്നെ മാതൃകയായ നേട്ടങ്ങള്‍. വ്യാഴാഴ്ച കാലാവധി തീരുന്ന ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ പ്രവര്‍ത്തനം പഠിക്കാന്‍ മറ്റ് ജില്ലകളില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നും നിരവധി സംഘങ്ങള്‍ എത്തിയിട്ടുണ്ടെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍ ദേശാഭിമാനിയോട് പറഞ്ഞു.

നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കാനും തരിശുഭൂമി കൃഷിയോഗ്യമാക്കാനും ജില്ലാപഞ്ചായത്ത് നടപ്പാക്കിയ സമഗ്ര നെല്‍കൃഷി പദ്ധതി വളരെയേറെ വിജയമായിരുന്നു. 2200 ഹെക്ടര്‍ പ്രദേശത്ത് നെല്‍കൃഷി നടത്താന്‍ ഇതിലൂടെ കഴിഞ്ഞു. നൂറ് ഏക്കറിലധികം തരിശുഭൂമി കൃഷിയോഗ്യമാക്കാന്‍ സാധിച്ചു. ഹെക്ടറിന് ശരാശരി രണ്ടര ടണ്‍മാത്രമുണ്ടായിരുന്ന വിളവ് നാലര ടണ്ണിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞു. സമഗ്ര വാഴകൃഷി പദ്ധതിയും വിജയകരമായി നടപ്പാക്കി.

വിദ്യാഭ്യാസരംഗത്ത് ജില്ലാപഞ്ചായത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വളരെയധികം ശ്രദ്ധേയമായി. എല്ലാ സ്കൂളുകള്‍ക്കും സ്മാര്‍ട്ട് ക്ളാസ് മുറികള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞത് സുപ്രധാന നേട്ടമാണ്. എല്ലാ സ്കൂളിലും പുതിയ മന്ദിരങ്ങള്‍ നിര്‍മിച്ചുനല്‍കി. വിദ്യാലയങ്ങള്‍ക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍, എല്ലാ വിദ്യാലയത്തിലും ലബോറട്ടറികള്‍, എല്‍സിഡി പ്രോജക്ടറുകള്‍, സ്പോര്‍ട്സ് ഉപകരണങ്ങള്‍ എന്നിവ നല്‍കി. അഞ്ചുവര്‍ഷം മുമ്പ് ഒരു കോടിയോളം രൂപയാണ് ജില്ലാപഞ്ചായത്ത് സ്കൂളുകളിലെ ഓലക്കെട്ടിടങ്ങള്‍ മേയുന്നതിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ സ്ഥിതി മാറി. മൂന്ന് സ്കൂളുകളില്‍ ഒഴികെ മറ്റ് എല്ലാ സ്കൂളുകളിലും ചുറ്റുമതിലുകള്‍ പൂര്‍ത്തിയായി. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ ജ്യോതിര്‍ഗമയ പദ്ധതി, അധ്യാപകരുടെ കുറവ് പരിഹരിക്കാന്‍ ടീച്ചേഴ്സ് ബാങ്ക്, കൌമാരത്തിലെ മാനസികസംഘര്‍ഷം ഒഴിവാക്കാനുള്ള ഉണര്‍വ് കൌണ്‍സലിങ് പദ്ധതി എന്നിവയും നടപ്പാക്കി.

വളര്‍ച്ചയുടെ പന്ഥാവില്‍ കുന്നത്തുകാല്‍ കുതിക്കുന്നു

വെള്ളറട: വികസനചരിത്രത്തില്‍ പുതിയ ചരിത്രം രചിച്ച കുന്നത്തുകാല്‍ പഞ്ചായത്തില്‍ അഞ്ചുവര്‍ഷത്തെ വളര്‍ച്ച പരിശോധിക്കുമ്പോള്‍ അഭിമാനിക്കാന്‍ ഏറെ. വെള്ളം-വെളിച്ചം-ശുചിത്വം എന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലേറിയ പ്രസിഡന്റായ ബാലകൃഷ്ണപിള്ള ഭരണസമിതി അസൂയാവഹമായ പുരോഗതിയാണ് കൈവരിച്ചത്. സംസ്ഥാനസര്‍ക്കാരിന്റെ ഗ്രീന്‍ കേരള, രാഷ്ട്രപതിയുടെ നിര്‍മല്‍ ഗ്രാമപുരസ്കാരം തുടങ്ങി വിവിധ അവാര്‍ഡുകള്‍ ഈ ഗ്രാമത്തിനെ തേടിയെത്താന്‍ കാരണങ്ങളില്‍ ഒന്നായ നീലപ്പടയുടെ പ്രവര്‍ത്തനം ഇതിനോടകം എങ്ങും ചര്‍ച്ചയായിട്ടുണ്ട്. നീലപ്പടയില്‍നിന്ന് പ്രത്യേക പരിശീലനം നേടിയ 40 പേര്‍ അടങ്ങുന്ന സംഘമാണ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിലുള്ളത്. അശരണരായ 120 കിടപ്പുരോഗികള്‍ക്ക് സാന്ത്വനചികിത്സ നല്‍കാനായി. പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍മാര്‍, മെഡിക്കല്‍ സംഘം തുടങ്ങിയവര്‍ ഇവരോടൊപ്പം രോഗികളുടെ വീടുകള്‍ സന്ദര്‍ശിച്ച് ആഹാരം, വസ്ത്രം, മരുന്ന് തുടങ്ങിയ നല്‍കിവരുന്നു. ഇതിലേക്കായി ഏഴുലക്ഷം രൂപ പദ്ധതിവിഹിതമായി ഉപയോഗിച്ചു.

ഇ എം എസ് പാര്‍പ്പിടപദ്ധതിയില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ വീടുകള്‍ സമയബന്ധിതമായി തീര്‍ത്തു നല്‍കിയതിന് ജില്ലാപഞ്ചായത്തിന്റെ അംഗീകാരം ലഭിച്ചു. 1200 വീട് നിര്‍മിച്ച് നല്‍കി. 300 വീടുകളുടെ നിര്‍മാണ നടപടികള്‍ക്കു പുറമെ 90 പേര്‍ക്ക് ഭൂമി വാങ്ങി നല്‍കാനുള്ള പദ്ധതി ആരംഭിച്ചു. രണ്ടാംഘട്ട ഭവനനിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഭവനരഹിതരും ഭൂരഹിതരും പഞ്ചായത്തില്‍ ശേഷിക്കില്ല. പത്തുലക്ഷം രൂപ ചെലവില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, വീടുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കക്കൂസുകള്‍ തുടങ്ങിയ അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കി. 17 ലക്ഷം രൂപ ചെലവഴിച്ച് ബേബി ഫ്രണ്ട്ലി ടോയ്ലറ്റുകളോടെ അടിസ്ഥാനസൌകര്യം മെച്ചപ്പെടുത്തിയും പോഷകാഹാരങ്ങള്‍ നല്‍കിയും അങ്കണവാടികള്‍ കാര്യക്ഷമമാക്കി. യുഡിഎഫ് ഭരണകാലത്ത് അടച്ചുപൂട്ടല്‍ നടപടിവരെ എത്തിയ പഞ്ചായത്ത് സ്കൂളുകളില്‍ ഉള്‍പ്പെടെ 50 ലക്ഷം രൂപ ചെലവഴിച്ച് വിവിധ പദ്ധതികള്‍ക്ക് തുടക്കംകുറിച്ചും സ്മാര്‍ട്ട് ക്ളാസുകള്‍ നിര്‍മിച്ച് നല്‍കി എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ക്ളാസുകളും ലഘുഭക്ഷണ സംവിധാനങ്ങളും ഒരുക്കി വിദ്യാര്‍ഥികളുടെ എണ്ണം കൂട്ടിയും സ്കൂളുകളെ സംരക്ഷിക്കാന്‍ കഴിഞ്ഞു.

വികസന-ക്ഷേമ പ്രവര്‍ത്തനത്തില്‍ പക്ഷപാതിത്വമില്ലാതെ അതിയന്നൂര്‍

നെയ്യാറ്റിന്‍കര: അനാഥത്വത്തില്‍നിന്ന് സനാഥത്വത്തിലേക്കും അശരണര്‍ക്ക് ആശ്വാസമേകിയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പുത്തനുണര്‍വേകിയ അതിയന്നൂര്‍ പഞ്ചായത്തിന് മികവുകളേറെ. ഭരണസമിതിയുടെ വികസന-ക്ഷേമപ്രവര്‍ത്തനങ്ങളാകെ പരാതിക്കും പക്ഷപാതത്തിനും ഇടനല്‍കാതെ നടപ്പാക്കാനായതാണ് എടുത്തുപറയത്തക്ക നേട്ടമെന്ന് പ്രസിഡന്റ് എസ് പരമേശ്വരന്‍കുട്ടിനായര്‍ പറഞ്ഞു.

വൃദ്ധജനങ്ങള്‍ക്ക് തണലേകാന്‍ പഞ്ചായത്ത് പുതിയ വൃദ്ധസദനം പണിതത് ഒരു പുരുഷായുസ്സ് മുഴുവന്‍ കുടുംബത്തിനും നാടിനുമായി യത്നിച്ച് കഷ്ടപ്പെട്ടവര്‍ക്കായാണ്. എല്ലാ ആഴ്ചയിലും റേഷന്‍കടകളിലൂടെ തെരഞ്ഞെടുക്കപ്പെട്ട 96 കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യധാന്യം നല്‍കുന്നത്. കൂടാതെ ഇവര്‍ക്കാവശ്യമായ മരുന്ന് നല്‍കാനും വേണ്ട നടപടിയെടുത്തിട്ടുണ്ട്. അന്യംനിന്നുപോയേക്കാവുന്ന അവസ്ഥയിലേക്ക് കൂപ്പുകുത്തിയ വെണ്‍പകലിലെ വയലേലകളില്‍ കതിര്‍മണി വിളയിക്കാനായത് ഗ്രാമത്തിന് പച്ചപ്പിന്റെ പുത്തനുണര്‍വേകി. സമഗ്ര വാഴക്കൃഷിയും ലക്ഷ്യംകണ്ടു. കൊയ്ത്തുയന്ത്രം വാങ്ങിയതും സബ്സിഡി നല്‍കിയതും നെല്‍കൃഷി പരിപോഷിപ്പിക്കാനായി. തെങ്ങുകൃഷി പ്രോത്സാഹിപ്പിക്കാന്‍ അസുഖം ബാധിച്ച തെങ്ങുകള്‍ മുറിച്ചുമാറ്റാനും മുന്തിയയിനം വയ്ക്കാന്‍ ധനസഹായം നല്‍കി. കൃഷിനാശത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിയതും കര്‍ഷകര്‍ക്ക് ആശ്വാസമേകി. വെണ്‍പകല്‍, പട്യക്കാല, കോട്ടപ്പുറം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ നടപ്പാക്കി.

ക്ഷീരമേഖലയുടെ ഉയര്‍ച്ചയ്ക്കായി കന്നുകാലിയെ വളര്‍ത്താനും കന്നുകുട്ടി പരിപാലനത്തിനും കറവപ്പശു ഇന്‍ഷുറന്‍സിനും കാലിത്തീറ്റ വിതരണം, കറവപ്പശു-ആട് എന്നിവ വാങ്ങാന്‍ ധനസഹായം എന്നിവ കുറ്റമറ്റതായി നടപ്പാക്കിയതും ജീവിതനിലവാരം മെച്ചപ്പെടാനിട നല്‍കി. എല്ലാ കോളനികളിലും കുടിവെള്ളവും വൈദ്യുതിയും എത്തിക്കാനായി. അരങ്കമുകള്‍ ശുദ്ധജലപദ്ധതിക്കായി 14 ലക്ഷം രൂപയാണ് ചെലവിട്ടത്. പട്യക്കാല കല്ലില്‍ കുടിവെള്ളപദ്ധതി, പൊരിയണംകോട് പദ്ധതി എന്നിവയ്ക്കായി ഇരുപത്തൊന്നരലക്ഷം രൂപയും ചെലവാക്കി. ഇതിനുപുറമെയാണ് കുടിവെള്ളപദ്ധതികള്‍ക്കും കിണറുകള്‍ക്കുമായി ധനസഹായം നല്‍കിയത്. സമ്പൂര്‍ണ ശുചിത്വം നടപ്പാക്കിയതിന് രാഷ്ട്രപതിയുടെ നിര്‍മല്‍ പുരസ്കാരം കരസ്ഥമാക്കിയ വകയിലും അഞ്ചുലക്ഷം രൂപ നേടാനായി.

ജനകീയ വികസനപദ്ധതികളുമായി അഞ്ചുതെങ്ങ്

ആറ്റിങ്ങല്‍: മഹാകവി കുമാരനാശാന്റെ ജന്മസ്ഥലവും അഞ്ചുതെങ്ങ് കോട്ടയും സ്ഥിതി ചെയ്യുന്ന അഞ്ചുതെങ്ങ് പഞ്ചായത്തില്‍ ജനകീയ വികസന പ്രക്രിയയിലൂടെ വന്‍മുന്നേറ്റം സൃഷ്ടിച്ചിരിക്കുകയാണ് എല്‍ഡിഎഫ് ഭരണസമിതി. അഞ്ചുവര്‍ഷത്തെ ഭരണത്തിലൂടെ കുടുംബശ്രീ യൂണിറ്റുകള്‍ വഴി സ്വയംതൊഴില്‍ കണ്ടെത്താന്‍ സഹായിച്ചുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജസ്പിന്‍ മാര്‍ട്ടിന്‍ പറഞ്ഞു

മില്‍മാ യൂണിറ്റും ഗാര്‍മെന്റ് യൂണിറ്റും മത്സ്യസംസ്കരണ യൂണിറ്റും കോഴിവളര്‍ത്തല്‍ യൂണിറ്റും വിവിധ ധാന്യപ്പൊടി നിര്‍മാണയൂണിറ്റുകളും വഴി നിരവധി വനിതകള്‍ക്ക് ജീവിതമാര്‍ഗം കണ്ടെത്താനായി. 220 യൂണിറ്റിലൂടെ പഞ്ചായത്തിലെ സ്ത്രീസമൂഹത്തിന്റെ മൂന്നിലൊന്നു പേരെയും അംഗമാക്കി വനിതാ ക്ഷേമരംഗത്ത് പഞ്ചായത്ത് മാതൃകയായി. മത്സ്യമേഖലയിലെ 55 പുരുഷ സ്വയംസഹായസംഘത്തിലൂടെ മത്സ്യബന്ധനോപകരണങ്ങള്‍ വാങ്ങാന്‍ ധനസഹായം നല്‍കി. മത്സ്യത്തൊഴിലാളികളെ കടക്കെണിയില്‍നിന്ന് ഒരുപരിധിവരെ രക്ഷിക്കാനും സ്വകാര്യ സാമ്പത്തിക ഏജന്‍സികളുടെ ചൂഷണത്തില്‍നിന്ന് മോചിതരാകാനും കഴിഞ്ഞു. മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് മത്സ്യസംഘങ്ങള്‍ മുഖേന നടപ്പാക്കിയ റിവോള്‍വിങ് ഫണ്ട് മറ്റൊരു തുണയായി. കയര്‍തൊഴിലാളികളുടെ തൊഴില്‍ദിനം വര്‍ധിപ്പിക്കാനും നിരവധി പദ്ധതി നടപ്പാക്കിയതായി പ്രസിഡന്റ് ജസ്പിന്‍ മാര്‍ട്ടിന്‍ പറയുന്നു. കടലിനും കായലിനും ഇടയ്ക്ക് ഉപദ്വീപ് പോലെ സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിലെ പ്രധാന പ്രശ്നമായിരുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാനും എല്ലാ ഭാഗത്തും വൈദ്യുതിയും എത്തിക്കാനായി. 14 അങ്കണവാടി പുതുതായി ആരംഭിച്ച് കുട്ടികളുടെ പോഷകാഹാരവിതരണത്തിന് ഒരുകോടിയോളം രൂപ ചെലവാക്കി.

വികസനത്തിന്റെ പുത്തനുണര്‍വോടെ നന്ദിയോട്

പാലോട്: ആതുരമേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്. ഗതാഗതസൌകര്യങ്ങളില്‍ വിപുലമായ മുന്നേറ്റം. കാര്‍ഷികരംഗത്ത് നിറവ്. എന്‍ദിവാകരന്‍നായര്‍ സാരഥിയായ നന്ദിയോട് പഞ്ചായത്ത് വികസനക്കുതിപ്പില്‍. സര്‍ക്കാരില്‍നിന്നു ലഭിക്കുന്ന പദ്ധതിവിഹിതം ശ്രദ്ധാപൂര്‍വം വിനിയോഗിച്ച് മുന്നേറ്റമുണ്ടാക്കാന്‍ പഞ്ചായത്തിനു കഴിഞ്ഞു. ഉല്‍പ്പാദന മേഖലയില്‍ വന്‍ മുന്നേറ്റമാണ് സൃഷ്ടിക്കപ്പെട്ടത്. പൌള്‍ട്രി ഡെവലപ്മെന്റ് കോര്‍പറേഷനുമായി സഹകരിച്ച് ഇറച്ചിക്കോഴി വളര്‍ത്തല്‍ ആരംഭിച്ചു. പച്ച, പേരയം, ആനകുളം എന്നിവിടങ്ങളിലായി മൂന്ന് കുടുംബശ്രീ യൂണിറ്റ് ലാഭകരമായി ഇറച്ചിക്കോഴിവളര്‍ത്തല്‍ നടത്തുന്നു. സ്കൂളുകള്‍ക്ക് പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വിത്തും വളവും സബ്സിഡിയായി നല്‍കുന്നു. നെല്‍ക്കൃഷി സംരക്ഷണത്തിന്റെ ഭാഗമായി ചെല്ലഞ്ചി പാടശേഖരത്തിന് ജലസേചനം ലഭ്യമാക്കുന്നതിനായി ഏഴുലക്ഷം രൂപ വിനിയോഗിച്ചുള്ള ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ആരംഭിച്ചു. തെങ്ങ്, വാഴ, കുരുമുളക്, പച്ചക്കറി, വെറ്റിലക്കൊടി തുടങ്ങിയ കൃഷികള്‍ പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ പദ്ധതികള്‍ നടപ്പാക്കി.

ക്ഷീരകര്‍ഷകരുടെ പുരോഗതിയും ഉന്നമനവും ലക്ഷ്യമിട്ട് എല്ലാവര്‍ഷവും പദ്ധതികള്‍ നടപ്പാക്കുന്നു. പശുക്കളെ വാങ്ങുന്നതിന് മിനി ഡെയ്റി യൂണിറ്റ് പദ്ധതിപ്രകാരം സബ്സിഡി നല്‍കുന്നു. സാമൂഹ്യക്ഷേമരംഗത്ത് അങ്കണവാടി കുട്ടികള്‍ക്കും അമ്മമാര്‍ക്കും കൌമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും പോഷകാഹാര വിതരണത്തിന് നല്ലൊരു തുക വര്‍ഷംതോറും നീക്കിവയ്ക്കുന്നു. കെട്ടിമില്ലാത്ത അഞ്ച് അങ്കണവാടിക്ക് കെട്ടിടം നിര്‍മിച്ചുനല്‍കി. 13 അങ്കണവാടി മെയിന്റനന്‍സ് നടത്തി.

ആതുര ശുശ്രൂഷാരംഗത്തും വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായത്. പാലോട് ഗവ. ആശുപത്രിയെ കമ്യൂണിറ്റി ഹെല്‍ത്ത്സെന്ററാക്കി ഉയര്‍ത്തി. പഴയ കെട്ടിടങ്ങളുടെ നവീകരണത്തിനും ഉപകരണങ്ങള്‍ക്കുമായി 50 ലക്ഷം രൂപ നല്‍കി. മെയിന്‍ ബ്ളോക്കിന്റെ രണ്ടാം നില നിര്‍മാണത്തിന് 50 ലക്ഷം നല്‍കി. എംഎല്‍എയുടെ പിഡബ്ള്യുഡി ഫണ്ടില്‍നിന്ന് 60 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം. വര്‍ക്കല രാധാകൃഷ്ണന്‍ എംപിയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് പ്രസവവാര്‍ഡ് മന്ദിരം നിര്‍മിച്ചു. നിലവിലുള്ളതിന് പുറമേ രണ്ട് ഡോക്ടര്‍മാരും ഏഴ് നേഴ്സുമാരും ഉള്‍പ്പെടെ 15 പുതിയ തസ്തികകള്‍. നന്ദിയോട് ഹോമിയോ ആശുപത്രിയുടെ ഭൌതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി. പേരയം ആയുര്‍വേദ ആശുപത്രി കെട്ടിടനിര്‍മാണത്തിന് എംഎല്‍എ ഫണ്ടില്‍നിന്ന് ആറുലക്ഷം രൂപ അനുവദിച്ചു. പാലോട് ഗവ. ആശുപത്രിക്കും നന്ദിയോട് ഹോമിയോ ആശുപത്രിക്കും വര്‍ഷംതോറും മരുന്നുവാങ്ങി നല്‍കുന്നു. വട്ടപ്പന്‍കാട്ടില്‍ പുതിയ സിദ്ധാശുപത്രി അനുവദിച്ചു. പച്ച മുടുമ്പ് ഹെല്‍ത്ത്സെന്ററിന് പുതിയ മന്ദിരം നിര്‍മിച്ചു. അസൌകര്യങ്ങളുടെ നടുവില്‍ പ്രവര്‍ത്തിക്കുന്ന നന്ദിയോട് മൃഗാശുപത്രിക്ക് പഞ്ചായത്ത് ഫണ്ടില്‍നിന്ന് 6.5 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ കെട്ടിടം നിര്‍മിച്ചു.

പുരോഗതിയുടെ പച്ചപ്പണിഞ്ഞ് പരവൂര്‍


ചാത്തന്നൂര്‍: കാര്‍ഷിക മേഖലയില്‍ ഇന്നുവരെയുണ്ടാകാത്ത ഉണര്‍വിന്റെ ആവേശത്തിലാണ് പരവൂര്‍ പട്ടണം. വര്‍ഷങ്ങളായി തരിശിട്ട പാടങ്ങളിപ്പോള്‍ പച്ചപ്പണിഞ്ഞു. കാര്‍ഷികവൃത്തി ഉപേക്ഷിച്ച കര്‍ഷകരിപ്പോള്‍ നൂറുമേനി കൊയ്യുന്നതിന്റെ ആഹ്ളാദത്തിലാണ്. കര്‍ഷകര്‍ക്ക് സൌജന്യമായി നെല്‍വിത്ത് വിതരണംചെയ്യുന്നതിന്റെ ഗുണം കണ്ടുതുടങ്ങിയതായി പരവൂര്‍ കുറുമണ്ടല്‍ മരുതുവിള വീട്ടില്‍ തങ്കമ്മ പറഞ്ഞു.

മുനിസിപ്പാലിറ്റി ഇന്ന് പച്ചക്കറി ഉല്‍പ്പാദനത്തില്‍ ഏറെക്കുറെ സ്വയം പര്യാപ്തമാണ്. കഴിഞ്ഞ ഓണത്തിന് തങ്കമ്മയ്ക്ക് പൊതു കമ്പോളത്തില്‍നിന്ന് പച്ചക്കറി വാങ്ങേണ്ടിവന്നില്ല. സൌജന്യമായി ലഭിച്ച വിത്ത് വിതച്ചത് ഓണക്കാലമായപ്പോഴേക്കും വിളവെടുക്കാന്‍ പാകമായി. കോഴിക്കുഞ്ഞുങ്ങളെ സൌജന്യമായി നല്‍കിയത് വീട്ടമ്മമാര്‍ക്ക് വരുമാന മാര്‍ഗവുമായി. മുട്ട വിറ്റുകിട്ടുന്നത് ചില്ലറ വീട്ടുചെലവും കഴിക്കാം. കോഴി മാത്രമല്ല, മൃഗസംരക്ഷണ പദ്ധതി പ്രകാരം പാല്‍, മാംസം എന്നിവയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും നടപടി സ്വീകരിച്ചു. മുനിസിപ്പല്‍പ്രദേശത്തെ വീട്ടമ്മമാര്‍ക്കൊക്കെ പറയാനുള്ളത് തങ്കമ്മയുടെ അനുഭവമാണ്. കേരകര്‍ഷകര്‍ക്കും ആഹ്ളാദത്തിന്റെ നാളുകളായിരുന്നു. മണ്ടരി വ്യാപകമായതോടെ പലരും തെങ്ങ് മുറിച്ചുവിറ്റ് കാശാക്കി. എന്നാലിന്ന് രോഗം ബാധിച്ച തെങ്ങ് മുറിക്കാന്‍ മുനിസിപ്പാലിറ്റിയില്‍നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നു. കൂടാതെ പകരം തെങ്ങിന്‍ തൈയും നല്‍കും. പുതിയൊരു കാര്‍ഷിക സംസ്ക്കാരത്തിനുതന്നെ ഇവിടെ തുടക്കമാകുകയാണ്.

അറബിക്കടലും കായലും അതിരുനില്‍ക്കുന്ന പ്രകൃതിരമണീയമായ നാടാണ് പരവൂര്‍. കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും കയറിന്റെയും ഗ്രാമം. പ്രക്ഷോഭത്തിന്റെ വിത്ത് വിളഞ്ഞ മണ്ണാണിത്. അവകാശങ്ങള്‍ നേടാനായി തൊഴിലാളികള്‍ നടത്തിയ മിച്ചഭൂമി സമരത്തിന്റെ കഥയാണ് മാലാക്കായലിന് പറയാനുള്ളത്. വി കേശവനാശാന്‍, കെ സി കേശവപിള്ള, ജി ദേവരാജന്‍ മാസ്റ്റര്‍... പരവൂര്‍ സാംസ്ക്കാരിക കേരളത്തിന് സംഭാവനചെയ്ത മഹാരഥന്‍മാര്‍ നിരവധി. ഇവരുടെ ഓര്‍മ നിലനിര്‍ത്താനായി കെ പി കുറുപ്പ് നേതൃത്വംനല്‍കുന്ന മുനിസിപ്പല്‍ ഭരണസമിതി ഉചിതമായ സ്മാരകങ്ങള്‍ നിര്‍മിച്ചു. പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭൂമി, വീട്, കിണര്‍, പൈപ്പ് ലൈന്‍ തുടങ്ങിയ സൌകര്യങ്ങള്‍ നല്‍കി. വൈദ്യുതിയെത്താത്ത വീടുകളില്‍ വൈദ്യുതിയെത്തിച്ചു. പൊതുജനാരോഗ്യ രംഗത്ത് വലിയ മാറ്റമാണുണ്ടായത്. ഗവ. രാമറാവു ആശുപത്രിക്ക് കെട്ടിടം നിര്‍മിച്ചു. പൊഴിക്കര പിഎച്ച് സെന്ററില്‍ ഇപ്പോള്‍ മരുന്നില്ലെന്ന പരാതിയില്ല. ആയുര്‍വേദാശുപത്രി നവീകരിച്ചു. ഹോമിയോ ആശുപത്രിയില്‍ മരുന്നും മെച്ചപ്പെട്ട സേവനവും ലഭ്യമാക്കി. മുനിസിപ്പല്‍ പ്രദേശത്തെ 37 അങ്കണവാടികളിലും പോഷകാഹാര വിതരണം മുടങ്ങാതെ നടക്കുന്നു. പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല, അമ്മമാര്‍ക്കും പേഷകാഹാരം നല്‍കുന്നു. നാട്ടില്‍ കുടിവെള്ള വിതരണം ഇപ്പോള്‍ കാര്യക്ഷമമാണ്. പൊട്ടിപ്പൊളിഞ്ഞ ടാപ്പുകള്‍ മാറ്റിസ്ഥാപിച്ചു. പുതിയ കുഴല്‍ കിണറുകള്‍ സ്ഥാപിച്ചു.

മൈനാഗപ്പള്ളി: മുന്നിലും പിന്നിലും

ശാസ്താംകോട്ട: എല്‍ഡിഎഫ് ഭരണത്തിന്‍കീഴില്‍ ആദ്യരണ്ടരവര്‍ഷം വികസനവെട്ടം വിതറിയ മൈനാഗപ്പള്ളി പഞ്ചായത്തില്‍ തുടര്‍ന്നുവന്ന യുഡിഎഫ് സമിതി വികസനപദ്ധതികള്‍ പിന്നോട്ടടിച്ചു. രണ്ടരവര്‍ഷത്തെ വികസനപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ കോണ്‍ഗ്രസ് ഭരണസമിതിഅംഗങ്ങള്‍ ഗ്രൂപ്പുവഴക്കുമൂലം ഉടലെടുത്ത ഭരണപ്രതിസന്ധി മറച്ചുവയ്ക്കാന്‍ കിണഞ്ഞുശ്രമിക്കുകയാണ്. കിട്ടിയ ചെറിയ കാലയളവിനുള്ളില്‍ അനുവദിക്കപ്പെട്ട പദ്ധതികള്‍ എല്ലാം ഇടതുമുന്നണിയിലെ ബീനയുടെ നേതൃത്വത്തിലുള്ള ഭരണസമിതി വിജയകരമായി നടപ്പാക്കി. എല്‍ഡിഎഫ് ഭരണസമിതി ഉല്‍പ്പാദനവര്‍ധനയ്ക്ക് സഹായകരമായ രീതിയില്‍ വിവിധ കാര്‍ഷികപദ്ധതികള്‍ നടപ്പാക്കി. കുടുംബശ്രീ യൂണിറ്റുകള്‍ വഴി പച്ചക്കറി കൃഷി വ്യാപിപ്പിച്ചു.

പഞ്ചായത്തിന് വിട്ടുകിട്ടിയ എല്‍പി, യുപി സ്കൂളുകള്‍ക്ക് സമഗ്രവിദ്യാഭ്യാസപദ്ധതി ആവിഷ്കരിച്ചു. പട്ടികജാതി കോളനികളില്‍ കുടിവെള്ളവും വൈദ്യുതിയും എത്തിക്കുന്നതിന് മുന്‍ഗണന നല്‍കി കുഴല്‍ക്കിണറുകള്‍ സ്ഥാപിച്ചു. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി വാങ്ങാന്‍ നടപടി സ്വീകരിച്ചു. സാക്ഷരതാപ്രവര്‍ത്തനം ലക്ഷ്യത്തിലെത്തിക്കാന്‍ അക്ഷരസാഫല്യം എന്ന പദ്ധതിയിലൂടെ പ്രസ്ഥാനത്തെ കുറ്റമറ്റതാക്കി. അക്ഷയവഴി സ്കൂള്‍കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് കംപ്യൂട്ടര്‍ പരിശീലനം നല്‍കി. സ്ഥലപരിമിതിയാല്‍ ബുദ്ധിമുട്ടിയ കടപ്പ എല്‍വിഎച്ച്എസിന് ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് 75 സെന്റ് സ്ഥലം വാങ്ങി നല്‍കി. ഉപേക്ഷിച്ച കെഐപി കനാലുകളായ മൈനാഗപ്പള്ളി മൈനര്‍ കനാല്‍, ചാമവിള കനാല്‍ എന്നിവയുടെ പുനരുദ്ധരണപ്രവര്‍ത്തനത്തിന് നടപടി സ്വീകരിച്ചെങ്കിലും തുടര്‍ന്നുവന്ന യുഡിഎഫ് സമിതി പദ്ധതി ഉപേക്ഷിച്ചു.

1500 കുടുംബങ്ങള്‍ക്ക് ഇ എം എസ് ഭവനപദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാന്‍ സാഹചര്യമുണ്ടായിട്ടും 506 പേരെ മാത്രമാണ് യുഡിഎഫ് സമിതി തെരഞ്ഞെടുത്തത്. കാര്‍ഷിക മേഖലയിലും കനത്ത പരാജയമായി യുഡിഎഫ് ഭരണസമിതി. ഭക്ഷ്യസുരക്ഷാപദ്ധതി പഞ്ചായത്തില്‍ നടപ്പാക്കിയില്ല. പഞ്ചായത്തില്‍ ഏക്കറോളം നിലമാണ് ഇപ്പോഴും തരിശു കിടക്കുന്നത്. കൃഷിഭവനില്‍കൂടി വിത്തും വളവും നല്‍കുക മാത്രമാണ് കാര്‍ഷികമേഖലയില്‍ ചെയ്തത്. പഞ്ചായത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും യുഡിഎഫ് മികവ് പുലര്‍ത്തിയില്ല. കെഐപി കനാല്‍ നിര്‍മാണം പൂര്‍ത്തീകരിച്ചില്ല. പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനും തയ്യാറാകാതെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു യുഡിഎഫ് സമിതി എന്ന് റുഹാലത്ത്ബീവി പറഞ്ഞു.

ഏരൂരില്‍ ഉദിച്ചുയരുന്നത് അക്ഷരജ്യോതി

അഞ്ചല്‍: വിജയകരമായി നടപ്പാക്കിയ 'അക്ഷര ജ്യോതി' സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലൂടെ മറ്റ് പഞ്ചായത്തുകള്‍ക്ക് മാതൃകയായി ഉദിച്ചുയരുകയായിരുന്നു ഏരൂര്‍. സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ ഭരണസമിതി പ്രത്യേകം ശ്രദ്ധയാണ് ചെലുത്തിയതെന്ന് റീസര്‍വെ വകുപ്പില്‍നിന്ന് വിരമിച്ച ബാലന്‍പിള്ള അഭിപ്രായപ്പെട്ടു. അങ്കണവാടിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി. കൂടാതെ അഞ്ച് അങ്കവാടികള്‍കൂടി ആരംഭിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി 1200 കുടുംബങ്ങള്‍ക്ക് പുതിയതായി വീട്വച്ചുനല്‍കി. എം എന്‍ ലക്ഷംവീടുകള്‍ നവീകരിക്കുന്നപദ്ധതിപ്രകാരം ലക്ഷംവീടുകള്‍ പുതുക്കി പണിതു. കൃഷിയെയും കാര്‍ഷിക വൃത്തിയെയും ആശ്രയിച്ച് കഴിയുന്ന ഭൂരിപക്ഷം ഗ്രാമീണരുടെയും ഉന്നമനം ലക്ഷ്യമിട്ട് കാര്‍ഷിക മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമായിരുന്നു. പാര്‍പ്പിടം, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിക്ക് മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതായി കര്‍ഷക തൊഴിലാളിയായ രാധാമണിയമ്മ പറഞ്ഞു.

ആശ്രയ പെന്‍ഷന്‍ പദ്ധതി, ചികിത്സാ സഹായം, സൌജന്യ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം, വികലാംഗര്‍ക്ക് പതിനായിരം രൂപവീതം സ്വയംതൊഴില്‍ തുടങ്ങുന്നതിന് ധനസഹായം എന്നിവ നല്‍കിയിതിലൂടെ സാധാരണക്കാരോടുള്ള പഞ്ചായത്ത് ഭരണസമിതിയുടെ പ്രതിബദ്ധത വെളിവാകുന്നു. തൊഴില്‍ പരിശീലനം നേടിയ നിരവധി കുടുംബശ്രീ പ്രവര്‍ത്തകര്‍ കൂട്ടായും സ്വന്തമായും സ്ഥാപനങ്ങള്‍ തുടങ്ങി സ്വയം പര്യാപ്തതയിലെത്തി. ഇവര്‍ക്കായി വേണ്ട സാഹചര്യം ഒരുക്കിയതും ആര്‍ സരസ്വതിയമ്മയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ്.

കരീപ്രയില്‍ കാര്‍ഷികവിപ്ളവം

എഴുകോണ്‍
: തരിശുനിലങ്ങളില്‍ പൊന്‍കതിര്‍ വിജയിച്ച് ഒരു കാര്‍ഷിക സംസ്കാരത്തിനാണ് കരീപ്ര പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണസമിതി അടിത്തറയിട്ടത്. അഞ്ചുവര്‍ഷ ഭരണനേട്ടങ്ങളില്‍ കാര്‍ഷിക വിപ്ളവംതന്നെയാണ് ഏറെ പ്രാമുഖ്യമര്‍ഹിക്കുന്നതെന്നതില്‍ സമ്മിശ്ര കര്‍ഷകനുള്ള പുരസ്കാരത്തിനര്‍ഹനായ തളവൂര്‍ക്കോണം, കളീലഴിയത്ത് ഉദയകുമാറിനും മികച്ച നെല്‍കര്‍ഷകയ്ക്കുള്ള പുരസ്കാരം നേടിയ കരീപ്ര നിത്യലക്ഷ്മിയില്‍ വിജയകുമാരിക്കും ഭിന്നാഭിപ്രായമില്ല. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയും വിത്തിന്റെയും വളത്തിന്റെയും വിലവര്‍ധനയും തൊഴിലാളി ക്ഷാമബത്തയുംമൂലം കാര്‍ഷകവൃത്തിയെ അവഗണിച്ച ഒരു തലമുറയെ കൃഷിയിലേക്ക് മടക്കി കൊണ്ടുവരാന്‍ കഴിഞ്ഞത് എല്‍ഡിഎഫ് ഭരണസമിതിയുടെ ആത്മാര്‍ഥതമൂലമാണ്.

പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹെക്ടറിന് 5000മുതല്‍ 7500 രൂപവരെ സബ്സിഡി നല്‍കിയും നവീനമായ കാര്‍ഷിക ഉപകരണങ്ങള്‍ നല്‍കിയും വിൈവധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പാക്കി. 327 ടണ്‍ നെല്‍ അധികമായി ഉല്‍പ്പാദിപ്പിച്ചു. 2008-2009ലാണ് നേട്ടം കൈവരിച്ചത്. 2009-10ല്‍ അഞ്ച് ഹെക്ടര്‍ തരിശുനിലത്തില്‍കൂടി കൃഷിയിറക്കി. മൃഗസംരക്ഷണ മേഖലയില്‍ 536 കര്‍ഷകര്‍ക്ക് കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഭാഗമായി ആനുകൂല്യം നല്‍കി. കുടിവെള്ള വിതരണത്തിനായി ആറ് കോടി 56 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇ എം എസ് ഭവനപദ്ധതിപ്രകാരം 44 കുടുംബങ്ങള്‍ക്കും ജനറല്‍ വിഭാഗത്തില്‍ ഭവനപദ്ധതിയില്‍ 374 കുടുംബങ്ങള്‍ക്കും വീട് നല്‍കി. സാമൂഹ്യപ്രതിബദ്ധത നിറവേറ്റിയതായി ഉദയകുമാര്‍ പറയുന്നു. അശരണരും നിരാലംബരുമായവരെ സഹായിക്കുന്നതിനായി വിവിധ ക്ഷേമപദ്ധതികള്‍ നടപ്പില്‍വരുത്തുന്നതിന് ഈ കാലയളവില്‍ ശ്രദ്ധചെലുത്തിയിരുന്നു. വിധവ പെന്‍ഷന്‍ പുതുതായി 118പേര്‍ക്കും കര്‍ഷകതൊഴിലാളി പെന്‍ഷന്‍ 156പേര്‍ക്കും 50 വയസ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ 22പേര്‍ക്കും നല്‍കിയും വിവിധ പദ്ധതിപ്രകാരം 1789 പേര്‍ക്ക് പെന്‍ഷന്‍ നല്‍കിവരുന്നു.

മാറ്റത്തിന്റെ വിത്തുവിതച്ച് ഇലന്തൂര്‍ ബ്ളോക്ക്

പത്തനംതിട്ട: തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് ജനജീവിതത്തില്‍ എന്തുമാറ്റം വരുത്താന്‍ കഴിയുമെന്നതിന്റെ തെളിവാണ് ഇലന്തൂര്‍ ബ്ളോക്ക് പഞ്ചായത്ത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സമസ്ത മേഖലയിലും മാറ്റത്തിന്റെ വിത്തുവിതച്ചാണ് ഭരണസമിതി രംഗമൊഴിയുന്നത്. അടിസ്ഥാന മേഖലകളിലാണ് വലിയമാറ്റം. ഭവനനിര്‍മാണ രംഗത്ത് നടത്തിയ കുതിപ്പ് ഇതിന് തെളിവ്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 750 കുടുംബങ്ങള്‍ക്ക് വീട് നല്‍കി. കുടിവെള്ള പ്രശ്നം രൂക്ഷമായിരുന്ന പല പ്രദേശങ്ങളിലും വാട്ടര്‍ അതോറിറ്റിയുമായി സഹകരിച്ച് വെള്ളമെത്തിച്ചു. പഞ്ചായത്തുകളിലെ പൊതുമാര്‍ക്കറ്റുകളുടെ നവീകരണമാണ് എടുത്തു പറയേണ്ട മറ്റൊന്ന്. ചെറുകോല്‍ പഞ്ചായത്തില്‍ മാര്‍ക്കറ്റ് സ്റ്റാള്‍ പണിയുന്നതിന് തുക അനുവദിച്ചു. ഇതിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. റോഡുകളുടെ പുനരുദ്ധാരണത്തിലും ഏറെ മുന്നോട്ടു പോകാന്‍ ഭരണസമിതിക്കായി. സര്‍ക്കാരില്‍നിന്നും 45 ലക്ഷം രൂപയാണ് ഇതിനായി അനുവദിപ്പിച്ചത്. ചരിത്രപ്രസിദ്ധമായ മരാമണ്‍ കണ്‍വന്‍ഷന്‍ നഗറിലേക്കുള്ള കോഴഞ്ചേരി മാര്‍ക്കറ്റ്-മരാമ കണ്‍വന്‍ഷന്‍ നഗര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാര യോഗ്യമാക്കി. ചെറുകോല്‍ പഞ്ചായത്തിലെ പൊട്ടിപ്പൊളിഞ്ഞ കിളിയാനിക്കല്‍-തൂളിക്കുളം റോഡ് പുനരുദ്ധാരണം ദ്രുതഗതിയിലാണ്.

പട്ടികജാതിക്കാരുടെ സാമൂഹിക സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുന്നതിന് സമഗ്ര വികസന പരിപാടികള്‍ ആവിഷ്കരിച്ചു. എല്ലാവര്‍ഷവും പട്ടികജാതി കേന്ദ്രങ്ങളില്‍ വൈദ്യപരിശോധന നടത്തി മരുന്ന്, കണ്ണട എന്നിവ വിതരണം ചെയ്യുന്നു. പഞ്ചായത്ത് പരിധിയിലുള്ള തൊഴില്‍ രഹിതര്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിന് ധനസഹായം നല്‍കി. അങ്കണവാടികളുടെ അടിസ്ഥാന സൌകര്യം വര്‍ധിപ്പിച്ചു. സ്വന്തമായി സ്ഥലമുള്ള അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മിച്ച് നല്‍കി. കോഴഞ്ചേരി ഗവ. മഹിളാമന്ദിരത്തിലെയും വയലത്തല വൃദ്ധമന്ദിരത്തിലെയും അന്തേവാസികള്‍ക്ക് ഭക്ഷണവും അടിസ്ഥാന സൌകര്യങ്ങളും വൈദ്യസഹായവും ഏര്‍പ്പെടുത്തി. വയലത്തല വൃദ്ധമന്ദിരത്തിന് മൂന്ന് നിലകളിലുള്ള കെട്ടിടത്തിന്റെ പണികള്‍ ആരംഭിച്ചു. ഇതിന്റെ ഒന്നാം നിലയുടെ പണിപൂര്‍ത്തീകരിച്ച് തുറന്നു കൊടുത്തു. വികസനത്തിന്റെ കഥമാത്രം പറയാനുള്ള ഇലന്തൂര്‍ ബ്ളോക്ക് പഞ്ചായത്തിനെത്തേടി ഒടുവില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍മല്‍ ഗ്രാമ പുരസ്കാരവും തേടിയെത്തി. അവാര്‍ഡ് തുകയായി ലഭിച്ച 20 ലക്ഷം മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവച്ചു.

deshabhimani news

വെനസ്വേലയില്‍ സോഷ്യലിസ്റ്റ് പാര്‍ടിക്ക് ഭൂരിപക്ഷം

കരാക്കസ്: വെനസ്വേല പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ സോഷ്യലിസ്റ്റ് പാര്‍ടിക്ക് ഭൂരിപക്ഷം. 165 പാര്‍ലമെന്റില്‍ 94 സീറ്റ് സോഷ്യലിസ്റ്റ് പാര്‍ടി ഓഫ് വെനസ്വേലയ്ക്ക്(പിഎസ്യുവി) ലഭിച്ചു. പ്രതിപക്ഷസഖ്യത്തിന് 60 സീറ്റ് കിട്ടി. ഏതാനും സീറ്റിലെ ഫലം വരാനുണ്ട്. ജനങ്ങളുടെ വിജയമാണിതെന്നും ബൊളിവേറിയന്‍ സോഷ്യലിസ്റ്റ് വിപ്ളവം ജനാധിപത്യരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ തെരഞ്ഞെടുപ്പ്ഫലം കരുത്ത് പകരുന്നതായും ഷാവേസ് പ്രതികരിച്ചു.

2012ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് ഷാവേസ് തന്നെയാണെന്ന് ഈ ഫലം വ്യക്തമാക്കുന്നു. എണ്ണസമ്പന്നമായ രാജ്യത്ത് ഷാവേസ് നടപ്പാക്കുന്ന ദേശസാല്‍ക്കരണ നടപടികള്‍ അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. ക്യൂബയുമായി വെനസ്വേല കൈകോര്‍ത്ത് നീങ്ങാന്‍ തുടങ്ങിയതോടെ അമേരിക്ക ഷാവേസിനെതിരെ നേരിട്ട് രംഗത്തുവന്നു. വെനസ്വേലയിലെ വലതുപക്ഷത്തിന് അമേരിക്ക എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയുമാണ്. ഷാവേസ് 1998ല്‍ അധികാരത്തില്‍ വന്നശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പിലും അമേരിക്ക പരസ്യമായി ഇടപെട്ടിരുന്നു. വെനസ്വേലയെ കമ്യൂണിസ്റ്റ് രാഷ്ട്രമാക്കി മാറ്റാനാണ് ഷാവേസ് ശ്രമിക്കുന്നതെന്ന് ആരോപിച്ച് കുത്തിത്തിരിപ്പ് പതിവാണ്. ഇക്കുറിയും ഈ പ്രചാരണം ശക്തമായി നടത്തി. ഇതുകാരണം ഭരണഘടന ഭേദഗതികള്‍ക്ക് ആവശ്യമായ മൂന്നില്‍രണ്ട് ഭൂരിപക്ഷം നേടാന്‍ സോഷ്യലിസ്റ്റ് പാര്‍ടിക്ക് കഴിഞ്ഞില്ല. അതേസമയം, സോഷ്യലിസ്റ്റ് പാര്‍ടിയുടെ വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് കരാക്കസില്‍ വന്‍ റാലി നടത്തി.

ദേശാഭിമാനി വാര്‍ത്ത

സര്‍ക്കാരിനെ അഭിനന്ദിക്കാന്‍ കേന്ദ്രമന്ത്രിമാരും നിര്‍ബന്ധിതരായി

വിവിധ മേഖലകളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളെ കേന്ദ്രമന്ത്രിമാര്‍വരെ നല്ലപോലെ അഭിനന്ദിക്കുകയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി. വന്‍വികസനക്കുതിപ്പാണ് സംസ്ഥാനം നടത്തിയത്. എല്‍ഡിഎഫ് അധികാരത്തിലെത്തിയശേഷം നടപ്പാക്കിയ പദ്ധതികള്‍ മോശമെന്ന് പ്രതിപക്ഷം നിരന്തരം പ്രചരിപ്പിക്കുകയാണെങ്കിലും കേന്ദ്രമന്ത്രിമാര്‍ അത് തള്ളി. പ്രസ്ക്ളബ്ബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും നല്ല നിലയില്‍ കേരളം പദ്ധതികള്‍ നടപ്പാക്കിയെന്ന് കേന്ദ്രമന്ത്രിമാരും ഏജന്‍സികളും പ്രശംസിച്ചു. യുഡിഎഫിന് ഇത് സഹിക്കാനാവുന്നില്ല. കേരളത്തെ ഇങ്ങനെ പ്രശംസിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കേന്ദ്രമന്ത്രിമാരെ കണ്ട് അവര്‍ക്ക് പറയേണ്ടിവന്നു. യുഡിഎഫിന്റെ ദയനീയാവസ്ഥ ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. കേന്ദ്രത്തിന്റെ ഏതെങ്കിലും പദ്ധതി സംസ്ഥാനത്തിന്റേതെന്ന് ചിത്രീകരിക്കാനുള്ള ഒരു ദാരിദ്ര്യവും കേരളത്തിനില്ല. ഇവിടെ കാര്യങ്ങള്‍ ഭംഗിയായി നടക്കുന്നുണ്ടെന്നു കണ്ടാണ് കേന്ദ്രമന്ത്രിമാര്‍ അഭിനന്ദിച്ചത്.

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എല്‍ഡിഎഫ് ജനങ്ങളെ അഭിമുഖീകരിക്കുന്നത്. എല്‍ഡിഎഫ് ഭരണത്തില്‍ നല്ല വളര്‍ച്ചയും പുരോഗതിയുമുണ്ടായി. ജനങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു. കേന്ദ്രഗവമെന്റ് ജനങ്ങളെ ദുരിതങ്ങളിലേക്ക് തള്ളുകയാണ്. കോണ്‍ഗ്രസ് അഴിമതിയുടെ ചെളിക്കുണ്ടിലമര്‍ന്നു. കേന്ദ്രവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളം സ്വര്‍ഗമാണെന്നു പറയേണ്ടിവരും. രണ്ടു രൂപയ്ക്ക് 40 ലക്ഷം കുടുംബങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അരി കൊടുക്കുന്നു. 30 ലക്ഷം കുടുംബങ്ങളെ സൌജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലുള്‍പ്പെടുത്തി. എല്ലാ കുടുംബത്തിനും വീടും ഭൂമിയും നല്‍കുന്നു. സമ്പൂര്‍ണവൈദ്യുതീകരണം നടപ്പാക്കി. നെല്ലുസംഭരണവില ഏഴില്‍നിന്ന് 13ആക്കി. കൃഷിക്കാരെയും മത്സ്യത്തൊഴിലാളികളെയും കടക്കെണിയില്‍നിന്ന് മോചിപ്പിച്ചു. നാലു വര്‍ഷംകൊണ്ട് തൊഴിലവസരം ഇരട്ടിയിലധികമായി. ഐടിമേഖലയില്‍ ഇത് മൂന്നു മടങ്ങാണ്. നിരവധി പുതിയ ഐടി കമ്പനികള്‍ പ്രവര്‍ത്തനമാരംഭിച്ചു. വിമാനത്താവളങ്ങളും ഐടിപാര്‍ക്കുകളും തുറമുഖ പദ്ധതികളും കേരളവികസനത്തിലെ നാഴികക്കല്ലുകളാണ്.

കേന്ദ്രഗവമെന്റിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാടുകള്‍ ജനങ്ങള്‍ വിലയിരുത്തുകതന്നെ ചെയ്യും. ലോട്ടറിവിവാദത്തിലെ വസ്തുതകള്‍ ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടിയതോടെ, ആക്ഷേപമുയര്‍ത്തിയവര്‍ നിഷ്പ്രഭരായി. ഇക്കാര്യങ്ങള്‍ ജനങ്ങള്‍ക്ക് നല്ല ബോധ്യം വന്നിട്ടുണ്ട്. എല്‍ഡിഎഫ് നല്ല ഐക്യത്തോടെയും കരുത്തോടെയുമാണ് തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് പ്ളാറ്റ്ഫോം തകരുന്നു: മുഖ്യമന്ത്രി

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 2005ല്‍ ഉണ്ടായതിലും വലിയ വിജയം നേടാനുള്ള രാഷ്ട്രീയസാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പേരിലുള്ള യുഡിഎഫിന്റെ അഹങ്കാരം അടുത്ത മാസം അവസാനിക്കും. ഗ്രൂപ്പ് നേതാക്കളെയും കക്ഷിനേതാക്കളെയും ഉള്‍ക്കൊള്ളാനാകാതെ സ്വന്തം പ്ളാറ്റ്ഫോം പൊളിഞ്ഞുവീഴുംവിധം യുഡിഎഫിന്റെ സ്ഥിതി ദയനീയമാണ്. തിരുവനന്തപുരം പ്രസ്ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംഘടനാതരഞ്ഞെടുപ്പ് പോലുമില്ലാതെ എല്ലാം കേന്ദ്രം തീരുമാനിക്കുന്ന കോണ്‍ഗ്രസ് അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് സംസാരിക്കുന്നത് പരിഹാസ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാണിഗ്രൂപ്പില്‍ ലയിച്ച രണ്ടു കക്ഷികള്‍ക്കും സീറ്റ് കൊടുക്കണമെങ്കില്‍ മാണിയുടെ കൈയില്‍നിന്നു നല്‍കിക്കൊള്ളാനാണ് കോണ്‍ഗ്രസ് നിര്‍ദേശം. ഒരു വിഭാഗം ഐഎന്‍എല്ലും യുഡിഎഫില്‍ ചെന്നുകയറിയിട്ടുണ്ട്. കഴിഞ്ഞ തവണ അരൂരില്‍ കാലുവാരിയതിന്റെ രോഷവുമായി നടക്കുകയാണ് ഗൌരിയമ്മ. തിരിച്ചു വാരുമെന്നും അവര്‍ പറയുന്നുണ്ട്. കോണ്‍ഗ്രസില്‍ പടലപ്പിണക്കം രൂക്ഷമാണ്. യൂത്ത് കോണ്‍ഗ്രസിന് അമ്പതു ശതമാനം സീറ്റ് വേണം. മഹിളാകോണ്‍ഗ്രസിനും ഐഎന്‍ടിയുസിക്കുമൊക്കെ ടിക്കറ്റു വേണം. അടിപിടിയാണ് നടക്കുന്നത്. ഉമ്മന്‍ചാണ്ടിക്ക് ഭീഷണി ചെന്നിത്തലയാണ്. കേന്ദ്രമന്ത്രി വയലാര്‍ രവിയും രംഗത്തുണ്ട്.

എല്‍ഡിഎഫ് ഗവമെന്റിന്റെ ജനക്ഷേമനടപടികളും വികസനപ്രവര്‍ത്തനങ്ങളും വിലിയിരുത്തുന്നവരെല്ലാം എല്‍ഡിഎഫിനൊപ്പം നില്‍ക്കും. പ്രാദേശിക വികസനപ്രവര്‍ത്തനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടും. ഗ്രാന്റുകള്‍ വെട്ടിക്കുറച്ചും അധികാരം കവര്‍ന്നും അധികാരവികേന്ദ്രീകരണപ്രക്രിയ അട്ടിമറിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ ഓരോ വാര്‍ഷിക പദ്ധതിയിലും തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം വര്‍ധിപ്പിച്ചു. തദ്ദേശസ്ഥാപനങ്ങളില്‍ പകുതിയിലധികം സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്തി. കേന്ദ്ര-സംസ്ഥാന ഗവമെന്റുകളുടെ പ്രവര്‍ത്തനം ഈ തെരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന്റെ സ്ഥിതി അതിദയനീയമാകുമെന്ന് തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കോണ്‍ഗ്രസിന് ബോധ്യപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദേശാഭിമാനി 28092010

യഥാര്‍ഥ ഇന്ത്യ മതിലിനപ്പുറം

കോമണ്‍‌വെല്‍ത്ത് ഗെയിംസിനെത്തുന്ന വിദേശികളുടെ കണ്ണില്‍നിന്ന് ഇന്ത്യയുടെ ജീവിതയാഥാര്‍ഥ്യം മറയ്ക്കാന്‍ ഡല്‍ഹിയില്‍ കൂറ്റന്‍ മതിലുകള്‍ ഉയരുന്നു. തലസ്ഥാന നഗരിയിലെ ചേരികള്‍ക്കു മുന്നിലാണ് കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകളും തകരഷീല്‍ഡുകളും നിരത്തുന്നത്. ഗെയിംസ് വേദികളിലേക്കുള്ള വഴിയുടെ ഇരുവശത്തും കിലോമീറ്ററുകള്‍ നീളത്തിലാണ് മതിലുകള്‍ ഉയര്‍ത്തിയത്. ഗെയിംസ് കഴിയുന്നതുവരെ റോഡില്‍ ഇറങ്ങരുതെന്ന് ചേരിനിവാസികള്‍ക്ക് പൊലീസ് കല്‍പ്പന നല്‍കിയിട്ടുണ്ട്. പതിറ്റാണ്ടുകളായി ഡല്‍ഹിയില്‍ കഴിയുന്നവരടക്കം ആയിരക്കണക്കിന് തൊഴിലാളികളെയും വീട്ടുജോലിക്കാരെയും പൊലീസ് നാടുകടത്തിയിരുന്നു. ഗെയിംസ് അവസാനിക്കുന്നതു വരെ മടങ്ങിയെത്തരുതെന്ന് താക്കീത് നല്‍കിയാണ് ഇവരെ കൂട്ടത്തോടെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിട്ടത്.

വിദേശികളെ സന്തോഷിപ്പിക്കാന്‍ തങ്ങളുടെ ജീവിതം ചവിട്ടിമെതിക്കുന്നതിനെതിരെ സാധാരണക്കാര്‍ വലിയ പ്രതിഷേധം ഉയര്‍ത്തുകയാണ്. ചേരികള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ പലതും ജനങ്ങള്‍ വലിച്ചുകീറി. ന്യൂഡല്‍ഹിയിലെ റോഡുകളില്‍ ഗതാഗതത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗെയിംസ് വേദികള്‍ക്കു സമീപം കാല്‍നടയാത്ര പോലും നിരോധിച്ചു. അതിനിടെ, ഗെയിംസിനായുള്ള പ്രത്യേകപാത തുറന്നതോടെ ഡല്‍ഹിയില്‍ സാധാരണക്കാരുടെ യാത്ര ദുഃസഹമായി. 17 ഗെയിംസ് വേദികളെ ബന്ധിപ്പിച്ച് താരങ്ങള്‍ക്കും സംഘാടകര്‍ക്കും യാത്ര ചെയ്യാനാണ് റോഡിന്റെ ഒരു ഭാഗം നീക്കിവച്ചത്. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ ഇതുവഴി മറ്റ് വാഹനങ്ങള്‍ നിരോധിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്ക് കുറഞ്ഞത് രണ്ടായിരം രൂപ പിഴയിടും. നഗരത്തില്‍ ഓടിയിരുന്ന സ്വകാര്യ ബസുകള്‍ ഗെയിംസ് കഴിയുന്നതുവരെ നിര്‍ത്തലാക്കി. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസുകളും ഗെയിംസിനായി നീക്കിവച്ചതോടെ ജനങ്ങള്‍ വലഞ്ഞു.

വാഗ്പോര് മുറുകുന്നു; പണി തീരുന്ന കാര്യം സര്‍ക്കാരിനും ഉറപ്പില്ല

വിവാദച്ചുഴയില്‍ വട്ടമകറങ്ങുന്ന കോമണ്‍‌വെല്‍ത്ത് ഗെയിംസിന്റെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കേണ്ട ബാധ്യതയില്‍നിന്ന് സര്‍ക്കാരും സംഘാടകരും ഒഴിഞ്ഞുമാറുന്നു. ഗെയിംസ് വില്ലേജിലെ നിര്‍മാണജോലികള്‍ എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് ഉറപ്പു നല്‍കാന്‍ കഴിയില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് തുറന്നുപറഞ്ഞു. സംഘാടകസമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയും ഇത് ശരിവച്ചു. ട്രാക്കുണരാന്‍ ആറുദിനം മാത്രമുള്ളപ്പോഴും തയ്യാറെടുപ്പുകള്‍ എങ്ങുമെത്താത്തതില്‍ അമര്‍ഷം പൂണ്ട ഗെയിംസ് ഫെഡറേഷനും ഡല്‍ഹി സര്‍ക്കാരും തമ്മില്‍ പഴിചാരലും വാഗ്പോരും രൂക്ഷമായി. ലോകോത്തരമെന്ന് അവകാശപ്പട്ട് തുറന്നുകൊടുത്ത ഗെയിംസ് വില്ലേജിലെ വൃത്തികേടുകള്‍ക്കെതിരെ ഏറെ പരാതി ഉയര്‍ന്നതോടെയാണ് ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് കഴിഞ്ഞയാഴ്ച നേരിട്ട് ചുമതല ഏറ്റെടുത്തത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഷീലയും മകനും സ്ഥലം എംപിയുമായ സന്ദീപ് ദീക്ഷിതും വില്ലേജിലെത്തി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, താരങ്ങള്‍ക്കുള്ള ഫ്ളാറ്റുകളില്‍ പകുതി മാത്രമാണ് പൂര്‍ത്തിയായത്. ബുധനാഴ്ചയോടെ എല്ലാ പണിയും പൂര്‍ത്തിയാകുമെന്ന് ഷീലാ ദീക്ഷിത് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ഇതിന് കഴിയില്ലെന്ന് വ്യക്തമായതോടെയാണ് മുഖ്യമന്ത്രി വാക്ക് മാറ്റിയത്. നിര്‍മാണജോലികള്‍ സമയത്ത് പൂര്‍ത്തിയാകാത്തത് ഡല്‍ഹി ഡെവല്പ്മെന്റ് അതോറിറ്റിയുടെയും (ഡിഡിഎ) കരാര്‍ ഏറ്റെടുത്ത ബില്‍ഡേഴ്സിന്റെയും വീഴ്ചയാണെന്നും ഷീല പഴിചാരി.

കേന്ദ്ര നഗരവിസന മന്ത്രാലയത്തിന് കീഴിലാണ് ഡിഡിഎ. തയ്യാറെടുപ്പുകള്‍ അനന്തമായി നീളവേ കോമണ്‍‌വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ സിഇഒ മൈക്ക് ഹൂപ്പറാണ് കേന്ദ്രസര്‍ക്കാരിനും ഏജന്‍സികള്‍ക്കുമെതിരെ ശക്തമായ ആരോപണങ്ങളുമായി രംഗം കൊഴുപ്പിച്ചത്. ഡല്‍ഹിയിലെ ജനപ്പെരുപ്പമാണ് ഗെയിംസിന് ഗതാഗത സൌകര്യമൊരുക്കുന്നതിനും മറ്റും വലിയ പ്രതിസന്ധിയായതെന്നാണ് ഹൂപ്പര്‍ വെടിപൊട്ടിച്ചത്. ഇതിനെതിരെ ഷീല ദീക്ഷിത് പ്രതികരിച്ചെങ്കിലും ഹൂപ്പര്‍ക്ക് പിന്തുണയുമായി ഫെഡറേഷന്‍ മേധാവി മൈക്ക് ഫെന്നല്‍ രംഗത്തെത്തി. കേന്ദ്രസര്‍ക്കാരിനെതിരെ ഹൂപ്പര്‍ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിനെതിരെ അനാവശ്യമായ ആക്രമണമാണ് നടക്കുന്നതെന്നും ഫെഡറേഷന്‍ മേധാവി മൈക്ക് ഫെന്നല്‍ പറഞ്ഞു. ഗെയിംസ് വേദികള്‍ യഥാസമയം കൈമാറേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്നും ഇക്കാര്യമാണ് ഹൂപ്പര്‍ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹത്തിന് തന്റെ പരിപൂര്‍ണ പിന്തുണയുണ്ടെന്നും ഫെന്നല്‍ പറഞ്ഞു. ഇതോടെ, ഇന്ത്യയുടെ അഭിമാനം തങ്ങള്‍ക്ക് പ്രശ്നമില്ലെന്നും ഗെയിംസ് എങ്ങനെയെങ്കിലും നടത്താനാണ് ശ്രമിക്കുന്നതെന്നുമാണ് ഹുപ്പര്‍ തുറന്നടിച്ചു. തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ ഗെയിംസ് വില്ലേജില്‍ ചേര്‍ന്ന യോഗത്തിലാണ് ഹൂപ്പര്‍ വിവാദ പരാമര്‍ശം നടത്തിയത്. തന്റെ പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംഘാടകസമിതിയുടെ പിടിപ്പുകേടിനെതിരെ സ്കോട്ട്‌ലന്‍ഡ് ടീം മേധാവി ജോണ്‍ ഡോയ്ഗും വിമര്‍ശനമുയര്‍ത്തി. ഗെയിംസ് വില്ലേജില്‍ തിരക്കിട്ട ജോലികള്‍ തുടരുന്നതിനിടെ സ്കോട്ട്ലന്‍ഡിന്റെയും വെയില്‍സിന്റെയും ആദ്യസംഘം ഗെയിംസ് വില്ലേജിലെത്തി. ഇംഗ്ളണ്ട്, ഓസ്ട്രേലിയ, കാനഡ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള 550 താരങ്ങളാണ് തിങ്കളാഴ്ച ഡല്‍ഹിയിലെത്തിയത്.
(വിജേഷ് ചുടല്‍)

ഉദ്ഘാടനത്തെച്ചൊല്ലി തകര്‍ക്കം മുറുകുന്നു

ഡല്‍ഹി കോമണ്‍‌വെല്‍ത്ത് ഗെയിംസ് ആര് ഉദ്ഘാടനംചെയ്യണം എന്നതിനെച്ചൊല്ലി ഇന്ത്യയും ബ്രിട്ടനും തമ്മില്‍ തര്‍ക്കം മുറുകുന്നു. രാഷ്ട്രപതി പ്രതിഭ പാട്ടീലും ചാള്‍സ് രാജകുമാരനും സംയുക്തമായി ഗെയിംസ് ഉദ്ഘാടനം ചെയ്യണമെന്ന നിലപാടിലാണ് ഇന്ത്യ. എന്നാല്‍, ചാള്‍സ് രാജകുമാരന്‍ മാത്രം ഗെയിംസ് ഉദ്ഘാടനം ചെയ്യണമെന്നതാണ് ബ്രിട്ടന്റെ ആവശ്യം. കൊടി ഉയരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഉദ്ഘാടനം ആരു നടത്തണമെന്ന കാര്യംപോലും നിശ്ചയിക്കാന്‍ സംഘാടകര്‍ക്കു കഴിയാത്തത്.

കീഴ്വഴക്കപ്രകാരം ഗെയിംസ് ഉദ്ഘാടനം ചെയ്യേണ്ടത് ബ്രിട്ടീഷ് രാജ്ഞിയായ എലിസബത്താണ്. പക്ഷേ, തിരക്കുകാരണം അവര്‍ ഡല്‍ഹിയിലേക്കു വരുന്നില്ല. പകരം പ്രതിനിധിയായാണ് ചാള്‍സ് രാജകുമാരനെ അയക്കുന്നത്. താന്‍ ചെയ്യേണ്ട കടമ നിര്‍വഹിക്കാന്‍വേണ്ടിയാണ് രാജകുമാരനെ രാജ്ഞി അയക്കുന്നതെന്ന് ചാള്‍സ് രാജകുമാരന്റെ വക്താവ് പറഞ്ഞു. രാജ്ഞിയുടെ അഭാവത്തില്‍ പ്രതിനിധിയായി എത്തുന്നയാള്‍ ഗെയിംസ് ഉദ്ഘാടനം ചെയ്യുകയാണ് പതിവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഗെയിംസ് പ്രതിഭ പാട്ടീല്‍ ഉദ്ഘാടനം ചെയ്യണമെന്ന കാര്യം സംഘാടകസമിതി ഇതുവരെ അറിയിച്ചിട്ടില്ലെന്ന് രാഷ്ട്രപതിഭവന്‍ അറിയിച്ചു.

ദേശാഭിമാനി 28092010