Wednesday, September 1, 2010

ഭക്ഷ്യസുരക്ഷയും പഞ്ചായത്തും: തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍

ജനപിന്തുണയും സര്‍ക്കാര്‍ സഹായവും ഉണ്ടെങ്കില്‍ സംഘടിത ഇടപെടലിലൂടെ കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും അതുവഴി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കഴിയുമെന്ന് കേരളം തെളിയിക്കുകയാണ്. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി 'കുടുംബശ്രീ'കളുടെ കാര്‍ഷികരംഗത്തെ ഇടപെടല്‍ കൂടിവരികയാണ്. ഇതുകൊണ്ടാവാം സംസ്ഥാനത്ത് നെല്ല്, കപ്പ എന്നിങ്ങനെ ചില വിളകളുടെയെങ്കിലും ഉല്‍പാദനം കൂടിയിരിക്കയാണ്. ഈ വിളകളുടെയെല്ലാം ഉല്‍പാദനക്ഷമതയിലും കൃഷിവിസ്തൃതിയിലും ചെറിയ തോതിലുള്ള വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. "കുടുംബശ്രീ''കളുടെ നേതൃത്വത്തില്‍ മിക്കയിടത്തും ഭൂമിപാട്ടത്തിനെടുത്താണ് കൃഷി നടത്തുന്നത്. കൃഷി ചെയ്യാതിരിക്കുന്ന പാടങ്ങളില്‍ കൃഷി ചെയ്യാനുള്ള പ്രാദേശിക സന്നദ്ധത കൂടി വരികയാണ്. പഞ്ചായത്ത് ഭരണസമിതികളും സംസ്ഥാന സര്‍ക്കാരും ഈ പരിപാടിക്ക് നല്ല പിന്തുണ നല്‍കിവരുന്നു. ഈ അവസരത്തെ നിമിത്തമാക്കി ഉല്‍പ്പാദന വര്‍ദ്ധനവില്‍ ഊന്നുന്ന വികസന പരിപാടിക്ക് കരുത്തേകാനുള്ള ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും കേരളത്തില്‍ ഇപ്പോള്‍ നടക്കേണ്ടതുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തില്‍ ഇത്തരം ചര്‍ച്ചകള്‍ ഏറെ പ്രസക്തമാവുകയാണ്.

നമ്മുടെ ഭക്ഷ്യപ്രശ്നങ്ങള്‍

കേരളീയരുടെ ഭക്ഷ്യചേരുവയില്‍ പ്രധാനം ധാന്യങ്ങളാണെങ്കിലും നമുക്ക് വേണ്ട ധാന്യത്തിന്റെ 15%ല്‍ താഴെ മാത്രമാണ് കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്നത്. ഭൂമിയുടെ പ്രകൃതമനുസരിച്ച് തന്നെ ധാന്യകൃഷിക്ക് പറ്റിയ സ്ഥലങ്ങള്‍ കേരളത്തില്‍ കുറവാണ്. പരിമിതമായുള്ള പാടങ്ങള്‍ തൂര്‍ന്നുകൊണ്ടിരിക്കയാണ്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടയില്‍ നമ്മുടെ നെല്‍പ്പാടങ്ങള്‍ മൂന്നിലൊന്നായി കുറഞ്ഞിരിക്കുന്നു. ഒപ്പം മണ്ണ്, വെള്ളം തുടങ്ങിയ പ്രകൃതി വിഭവങ്ങളിലെല്ലാം വന്‍തോതില്‍ കയ്യേറ്റം നടക്കുന്നു. ഇത് പരിസ്ഥിതി തകര്‍ച്ചയ്ക്ക് ഇടയാക്കുന്നു. ഈ സ്ഥിതി ഇതിനകം കൈവരിച്ച പല നേട്ടങ്ങളെയും ഇല്ലാതാക്കുന്നു. ഇതോടൊപ്പമാണ് കാലാവസ്ഥയില്‍ പ്രവചനാതീതമായ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഇത്തരം കാര്യങ്ങളെല്ലാം പരിഗണിച്ചുവേണം കഴിഞ്ഞ ഒന്നുരണ്ടു വര്‍ഷമായി കൂട്ടായ അധ്വാനത്തിലൂടെ കേരളത്തില്‍ നെല്ലിലും കപ്പയിലും മറ്റ് വിളകളിലും കൈവരിച്ച നേട്ടങ്ങളെ കാണേണ്ടത്. താഴെ കൊടുത്ത പട്ടിക -1 പരിശോധിക്കുന്നത് നന്നായിരിക്കും. ഒന്നാമത്തെ പട്ടിക പ്രകാരം നെല്ലിലും കപ്പയിലും വന്‍തോതില്‍ വര്‍ദ്ധനവുണ്ടായി എന്ന് അവകാശപ്പെടുകയല്ല. എങ്കിലും വര്‍ഷങ്ങളായി പിറകോട്ടുപോയിരുന്ന ഉല്‍പാദനത്തിന്റെ ദിശ മാറിയിരിക്കുന്നു. ഈ ദിശാമാറ്റം ആശാവഹമാണ്.

പട്ടിക രണ്ട് കോഴിക്കോട് ജില്ലയിലെ മാത്രം "കുടുംബശ്രീ''കളുടെ കാര്‍ഷിക ഇടപെടലുകള്‍ ക്രോഡീകരിച്ചുള്ള ചിത്രമാണ് നല്‍കുന്നത്. ഇതനുസരിച്ച് നെല്ല്, കപ്പ, പച്ചക്കറി, വാഴ (ചെറുപഴം) എന്നിവയുടെ കൃഷിയിലാണ് മുന്നേറ്റമുണ്ടായത്. 2009-10 വര്‍ഷത്തില്‍ ഏതാണ്ട് 4560 ഏക്കര്‍ സ്ഥലത്ത് 'കുടുംബശ്രീ' വഴി കൃഷി നടന്നതായി അവരുടെ കണക്കുകള്‍ കാണിക്കുന്നു. ഇതില്‍ കുറെ സ്ഥലത്ത് നേരത്തേയും കൃഷി നടക്കുന്നുണ്ടാകാം. എങ്കിലും കുറെയേറെ തരിശും സ്വകാര്യഭൂമിയും പുതുതായി കൃഷിക്ക് ഉപയോഗിച്ചു എന്നതും അതിന്നായി സംഘടിത അധ്വാനത്തെ വിനിയോഗിക്കാന്‍ കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. അതിനുള്ള സാമൂഹ്യ പിന്തുണ ആര്‍ജിച്ചെടുക്കാനും കഴിഞ്ഞു. ഈ മാതൃക പ്രോല്‍സാഹിപ്പിക്കേണ്ടതാണ്.

ഇത്തരം ഒരു മാറ്റത്തിന് പിറകിലുള്ള ഘടകങ്ങളെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പരിശോധിക്കാനും നിലവിലുള്ള പരിമിതികള്‍ മറികടന്ന് ഇത്തരം സംരംഭങ്ങളെ കേരളത്തിലുടനീളം പ്രചരിപ്പിക്കാനും കഴിയണം. അത് കേരളം നേരിടുന്ന ഭക്ഷ്യപ്രതിസന്ധി പരിഹരിക്കുന്നതിന് നല്ലൊരളവോളം സഹായകമായേക്കും. ജനകീയ കൂട്ടായ്മ, ഉല്‍പ്പാദന വര്‍ദ്ധനവിനുള്ള ഊന്നല്‍, കൃഷിക്കുള്ള സാമൂഹ്യപിന്തുണ, സംഘടിത അദ്ധ്വാനശേഷിയും പ്രകൃതിവിഭവങ്ങളും തമ്മില്‍ കൂടി ചേരുന്ന സ്ഥിതി, ഇവയെ ഏകോപിപ്പിക്കുന്നതില്‍ പഞ്ചായത്തുകള്‍ സ്വീകരിച്ച സമീപനം, ഇതിനു പിറകിലെ രാഷ്ട്രീയ ഇച്ഛാശക്തി എന്നിവയുടെ സാധ്യതകളും പരിമിതികളുമാണ് നാം പരിശോധിക്കേണ്ടത്.

ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ എന്നത് രാജ്യത്തിന് പ്രതിരോധം പോലെയാണ്. ദാരിദ്യ്രനിര്‍മാര്‍ജ്ജനം, ആരോഗ്യസംരക്ഷണം എന്നീ അവശ്യ കാര്യങ്ങള്‍ക്കപ്പുറം ക്രിയാത്മകമായ ഒരു ജീവിത സാഹചര്യം ഉണ്ടാക്കാനും അവകാശ സമരങ്ങളില്‍ പങ്കാളിയാകാനും കഴിയണമെങ്കില്‍ ഭക്ഷണത്തിന്റെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ജനങ്ങള്‍ക്ക് കഴിയണം. എന്നാല്‍, രാജ്യത്തിനകത്തും പുറത്തും ഈട്ടം കൂടിവരുന്ന പ്രതിസന്ധികള്‍ പാവപ്പെട്ട ജനങ്ങളുടെ ഭക്ഷണലഭ്യത ഇല്ലാതാക്കുന്ന സ്ഥിതിയാണ്. അതുകൊണ്ടുതന്നെ ഭക്ഷ്യോല്‍പ്പാദനരംഗത്തെ പ്രശ്നങ്ങള്‍ക്കൊപ്പം തന്നെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പൊതുകാര്യങ്ങളും നമ്മുടെ ചര്‍ച്ചയുടെ ഭാഗമാക്കണം. അവ ഉയര്‍ത്തുന്ന സാമൂഹ്യ - രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും പരിശോധിക്കേണ്ടതാണ്.

ഇന്ത്യയില്‍ നടപ്പാക്കിവരുന്ന പുത്തന്‍ സാമ്പത്തിക നയങ്ങള്‍ ഭക്ഷണത്തെ നല്ലൊരു കച്ചവടച്ചരക്കായിട്ടാണ് കാണുന്നത്. പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവും ഇന്ന് ഭക്ഷ്യകമ്പോളത്തില്‍ നിത്യസംഭവങ്ങളാണ്. അതുകൊണ്ടുതന്നെ ഔദ്യോഗിക പരിഗണന കൂടുതലും നാണ്യവിളകളിലാണ്. ധാന്യങ്ങളുടെ പാടങ്ങളില്‍പോലും നാണ്യവിള കൃഷി വ്യാപിക്കുകയാണ്. സ്വതന്ത്ര വ്യാപാരക്കരാറുകള്‍ വര്‍ദ്ധിച്ചതോടെ, നിയന്ത്രണമില്ലാത്ത കച്ചവട സാധ്യതകളും കൂടി വരികയാണ്. ഇതോടെ, ഭക്ഷണം ഇന്ന് ജനങ്ങളുടെ അവകാശമല്ലാതായിരിക്കുന്നു. രാജ്യത്തിന്റെ ഭക്ഷ്യവൈവിദ്ധ്യവും ഇല്ലാതാവുകയാണ്. ഇറക്കുമതി ചെയ്യുന്നതും വന്‍ കമ്പനികള്‍ ഉണ്ടാക്കുന്നതുമായ "പായ്ക്കറ്റ് ഭക്ഷണ''രീതിയും വ്യാപിക്കുകയാണ്.

ഭക്ഷണംപോലെ ഭൂമിയും ഇന്നൊരു ഊഹക്കച്ചവട ഉപാധിയായി മാറുന്നു. കൃഷി ചെയ്ത് ഉപജീവനം എന്നതില്‍നിന്ന് മാറി ഭൂമി കച്ചവടവും ഭൂവിഭവങ്ങളുടെ വില്‍പ്പനയും പ്രധാന ഇടപാടുകളായി മാറുന്നു. പരിഷ്കൃത രാജ്യങ്ങളിലൊക്കെ ഇതിനെല്ലാം നിയന്ത്രണങ്ങളുണ്ട്. അവിടങ്ങളില്‍, കൃഷിഭൂമി കാര്‍ഷിക ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. കൃഷിക്കാര്‍ക്ക് മാത്രമേ കൈമാറുകയുള്ളൂ.എന്നാല്‍, കേരളത്തില്‍ നെല്ല് കൃഷി ചെയ്യുന്ന ഭൂമി പോലും കൈക്കലാക്കിക്കൊണ്ടിരിക്കുന്നത് റിയല്‍ എസ്റ്റേറ്റ്, ഭൂമാഫിയകളാണ്. ഇവയെല്ലാം ചേര്‍ന്ന് ഭക്ഷണദൌര്‍ലഭ്യം വര്‍ദ്ധിപ്പിക്കുകയും ഭക്ഷ്യവിലവര്‍ദ്ധന കൂടിക്കൊണ്ടിരിക്കുകയുമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യരംഗത്തെ ഇടപെടലുകളാകട്ടെ, നവലിബറല്‍ നയങ്ങളില്‍ ഊന്നിയവയാണ്. അതിന്റെ ഫലമായും പുതിയ പ്രതിസന്ധികളുണ്ടാകുന്നുണ്ട്. ഭക്ഷ്യവില ക്രമാതീതമായി വര്‍ദ്ധിക്കുന്നു എന്നതാണ് ഒരു പ്രശ്നം. ഊഹക്കച്ചവടത്തെ പ്രോല്‍സാഹിപ്പിക്കുകയും ഭക്ഷ്യരംഗത്ത് അത് കൂടിവരികയും ചെയ്യുന്നു. പൊതുവിതരണ സംവിധാനം ദുര്‍ബലപ്പെടുന്നു. ജനങ്ങളെ യാന്ത്രികമായി എപിഎല്‍/ബിപിഎല്‍-ലുകളായി തരംതിരിക്കുകയും റേഷന്‍ സംവിധാനം ബിപിഎല്ലിലേക്ക് മാത്രം പരിമിതപ്പെടുത്തുകയും ചെയ്യുന്നു. സാര്‍വത്രിക റേഷന്‍ സംവിധാനം ഏതാണ്ട് അട്ടിമറിക്കപ്പെട്ട സ്ഥിതിയാണ്.

ഭക്ഷ്യഉല്‍പാദനരംഗത്തും കാര്‍ഷികമേഖലയില്‍ പൊതുവിലും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന അവധിവ്യാപാരം കാര്‍ഷികരംഗത്തെ ഊഹക്കച്ചവടത്തിന് മാത്രമല്ല, രാജ്യത്തെ ഭക്ഷ്യസംഭരണ വിതരണ നയത്തേയും അതിനായുള്ള സംവിധാനങ്ങളെയും പൊതുവില്‍ ദുര്‍ബലപ്പെടുത്തുകയാണ്. ഭക്ഷ്യവസ്തുക്കളുടെ അവധിവ്യാപാരം ഒഴിവാക്കാന്‍, ഒട്ടേറെ സമ്മര്‍ദ്ദങ്ങളുണ്ടായെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

ജനങ്ങള്‍ക്ക് എന്നും അത്താണിയായിരുന്ന റേഷന്‍/പൊതുവിതരണ സംവിധാനങ്ങളും ദുര്‍ബലപ്പെടുകയാണ്. സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ പരിഗണിക്കാതെ സാര്‍വത്രികമായി നടപ്പാക്കിവന്നതായിരുന്നു നമ്മുടെ റേഷന്‍ സമ്പ്രദായം. അതാകട്ടെ, ജനങ്ങളെ ഇപ്പോള്‍ വളരെ യാന്ത്രികമായി എപിഎല്‍/ബിപിഎല്‍ എന്നിങ്ങനെ തരംതിരിച്ച് ബിപിഎല്‍കാരിലേക്ക് മാത്രം ഒതുക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. അഖിലേന്ത്യാടിസ്ഥാനത്തില്‍ ഈ പ്രക്രിയ ഏതാണ്ട് നടപ്പാക്കിക്കഴിഞ്ഞു. കേരളത്തിലാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ റേഷന്‍/പൊതുവിതരണ സംവിധാനത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനായി കൈക്കൊണ്ട വിവിധതരം പരിപാടികളുടെ പച്ചപ്പിലാണ് ഇപ്പോള്‍ ഇവിടുത്തെ ഭക്ഷ്യ/പൊതുവിതരണ സംവിധാനം നിലനിന്നു പോകുന്നത്. ബിപിഎല്‍ അനുപാതം വര്‍ദ്ധിപ്പിക്കല്‍, കിലോയ്ക്ക് 2 രൂപയ്ക്ക് അരി നല്‍കല്‍, സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെ വ്യാപ്തിയും തുകയും വര്‍ദ്ധിപ്പിക്കല്‍ എന്നിവയൊക്കെ പൊതുവിതരണ സംവിധാനം നിലനിര്‍ത്താനുള്ള ശ്രമമായി കാണേണ്ടതുണ്ട്. അതുകൊണ്ടു കൂടിയാണ് കേരളത്തിലെ റേഷന്‍ സംവിധാനം പാടെ തകര്‍ന്നു പോകാത്തത്.

റേഷന്‍ കേരളത്തില്‍

ബഹുമുഖ സമരങ്ങളിലൂടെയാണ് കേരളത്തില്‍ റേഷന്‍ സംവിധാനം സ്ഥാപിച്ചെടുത്തത്. അത് എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന സാര്‍വത്രിക റേഷന്‍ സംവിധാനമായിരുന്നു. ഈ സാര്‍വത്രിക സമ്പ്രദായം ഇല്ലാതാകുന്നത് 1997 ജൂലൈ മാസത്തോടെയാണ്. ഇതോടെ എപിഎല്‍ വിഭാഗക്കാര്‍ക്ക് അരിക്ക് പൊതുവിപണിയിലെ വില തന്നെ ഏതാണ്ട് നല്‍കേണ്ടിവന്നു. അരിയുടെ ഗുണനിലവാരവും മോശമായിരുന്നു. ഇതോടെ എപിഎല്‍ അരിയുടെ ചെലവ് കുറഞ്ഞു. ചെലവ് കുറഞ്ഞതോടെ ആവശ്യക്കാരില്ലെന്ന് പറഞ്ഞ് കേരളത്തിലേക്കുള്ള റേഷനരി വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു, 2007 ഏപ്രില്‍ മാസത്തോടെ ഒറ്റയടിക്ക് 80% വെട്ടിക്കുറവുണ്ടായി. അതുവരെ 1.15 ലക്ഷം ടണ്‍വരെ റേഷനരി കിട്ടിക്കൊണ്ടിരുന്നത് വെറും കാല്‍ലക്ഷം ടണ്‍ ആയി കുറച്ചു. ഇത് 2008 ഏപ്രിലില്‍ വീണ്ടും 17,650 ടണ്‍ ആയിരിക്കുന്നു. ഇതിനുശേഷം പൊതുകമ്പോളത്തില്‍ അരിവില വലിയ തോതില്‍ ഉയര്‍ന്നു. പക്ഷേ, എപിഎല്‍ റേഷന്‍വിഹിതം വര്‍ദ്ധിപ്പിച്ചില്ല. ഇതെല്ലാം ചേര്‍ന്ന് അരിവില വര്‍ദ്ധന കൂടിക്കൊണ്ടിരിക്കയാണ്.

"ആസിയാന്‍'' പോലുള്ള സ്വതന്ത്ര വ്യാപാരക്കരാറുകളുടെ പശ്ചാത്തലത്തില്‍ വില നിയന്ത്രിക്കാന്‍ സഹായിക്കുന്ന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സാമൂഹ്യ ഉപാധികള്‍ പലതും ദുര്‍ബലപ്പെടുകയാണ്. വിലകള്‍ ഊഹാതീതമായി കയറി ഇറങ്ങിക്കൊണ്ടിരിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇത്തരം അനിശ്ചിതാവസ്ഥയെ നിയന്ത്രിക്കാന്‍ കഴിവുള്ള ഉപാധികള്‍ ഇല്ലാതാകുന്നതോടെ സര്‍ക്കാരിന്റെ പൊതു കമ്പോളത്തിലെ ഇടപെടലും വളരെ ദുര്‍ബലപ്പെടുകയാണ്. ഇനിമേലില്‍ സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിക്കുന്നതൊന്നും കാര്യത്തില്‍ ചെന്നുനില്‍ക്കണമെന്നില്ല.

പുതിയ സാധ്യതകള്‍

മുകളില്‍ സൂചിപ്പിച്ചതുപോലുള്ള ദേശീയ - അന്തര്‍ദേശീയ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍പ്പോലും ശക്തമായ ജനകീയ കൂട്ടായ്മയും സാമൂഹ്യ പങ്കാളിത്തവും സര്‍ക്കാര്‍ പിന്തുണയും ഉണ്ടെങ്കില്‍ കാര്‍ഷികോല്‍പ്പാദന വര്‍ദ്ധനവിനായി ചിലതൊക്കെ ചെയ്യാന്‍ കഴിയുമെന്നതിന്റെ തെളിവായി ഇപ്പോള്‍ കേരളത്തില്‍ പ്രകടമാകുന്ന അനുകൂല മാറ്റങ്ങളെ കാണാവുന്നതാണ്. ഭക്ഷ്യസുരക്ഷയ്ക്കായുള്ള പ്രവര്‍ത്തനങ്ങളിലേക്ക് പ്രാദേശിക ഭരണസംവിധാനങ്ങള്‍ക്ക് ഏറെ സംഭാവന ചെയ്യാന്‍ കഴിയും. വിദേശ ഭക്ഷ്യ വസ്തുക്കളുടെ പ്രതിരോധവും പ്രാദേശിക ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും ആണ് ഏറ്റവും പ്രധാനം. ഇതര രാഷ്ട്രീയ സമരങ്ങളില്‍പ്പോലും ജനങ്ങള്‍ അണിചേരണമെങ്കില്‍ ഭക്ഷണംപോലുള്ള അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയണം. ഭക്ഷ്യസുരക്ഷ എന്നത് ഒരു രാഷ്ട്രീയ അനിവാര്യത കൂടിയാണെന്ന് തിരിച്ചറിയുകയും വേണം.

കേരളത്തില്‍ സര്‍ക്കാര്‍ അധീനതയിലുള്ള കൃഷി ഭൂമി, തരിശ്, കൃഷി ചെയ്തുകൊണ്ടിരിക്കുന്ന സ്വകാര്യ ഭൂമി, ഒരു തവണ മാത്രം കൃഷിചെയ്യുന്ന ഭൂമി, വെള്ളം കെട്ടി നിന്നും മറ്റും ഉപയോഗയോഗ്യമല്ലാതിരുന്ന ഭൂമി എന്നിവയൊക്കെ ഉപയോഗപ്പെടുത്തി നടത്തിയ ഇടപെടലുകളാണ് കാര്‍ഷികോല്‍പ്പാദന വര്‍ദ്ധനവിന്നിടയാക്കിയത്. "കുടുംബശ്രീ'' എന്ന സംഘടിത അധ്വാനശേഷിയാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത്. ഒപ്പം സംസ്ഥാന സര്‍ക്കാരിന്റെയും പ്രാദേശിക ഭരണസമിതികളുടെയും വര്‍ദ്ധിച്ച സഹായവും ലഭിച്ചു.

കേരളത്തില്‍ ഈ ദിശയില്‍ ഇനിയും ഒട്ടേറെ സാധ്യതകള്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. വര്‍ഗ്ഗ ബഹുജന സംഘടനകളുടെ സംഘടിതശേഷിയുടെ പിന്‍ബലത്തോടെയുള്ള ചെറുകിട - ഇടത്തരം ഉല്‍പ്പാദനസംരംഭത്തില്‍, പ്രാദേശികമായി സാധ്യമാകുന്ന മൂലധന സ്വരൂപണം വഴി ആരംഭിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. അത്തരത്തിലുള്ള ഇടപെടലുകള്‍ കേരളത്തിലെ ഉല്‍പ്പാദനരംഗത്ത് മാതൃകകളായി മാറണം. ഇപ്പോള്‍ തന്നെ സേവനരംഗത്ത് കുറെയൊക്കെ പ്രചരിച്ചിട്ടുള്ള ഈ മാതൃക കൂടുതല്‍ കൂടുതല്‍ കാര്‍ഷിക - വ്യാവസായിക രംഗങ്ങളിലേക്കും പ്രചരിക്കണം. അപ്പോള്‍, മാത്രമേ വികസന പ്രക്രിയ കൃത്യമായൊരു രാഷ്ട്രീയ ഇടപെടലായി മാറുകയുള്ളൂ. ഇപ്പോഴത്തെ തുടക്കത്തില്‍ ഈ ദിശയിലുള്ള സ്ഥായിയായ മാറ്റങ്ങളായി മാറണം. അതിനുള്ള ചര്‍ച്ചകള്‍ വ്യാപകമായി നടക്കുകയും പരിമിതികള്‍ കണ്ടെത്തി പരിഹരിക്കുകയും വേണം.

ഇത്തരം സാധ്യതകള്‍ വരാനിരിക്കുന്ന പഞ്ചായത്ത്/മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചര്‍ച്ച ചെയ്യണം. ഈ മാതൃകക്ക് കരുത്തുപകരാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉള്ളവയായി നമ്മുടെ തദ്ദേശ ഭരണ സമിതികള്‍ മാറണം. ഈ ദിശയിലേക്ക് കേരളത്തെ കൂടുതല്‍ സജ്ജമാക്കാന്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ടികള്‍ മുന്‍കൈ എടുക്കേണ്ടിയിരിക്കുന്നു.

പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍ chintha 03092010

1 comment:

  1. ജനപിന്തുണയും സര്‍ക്കാര്‍ സഹായവും ഉണ്ടെങ്കില്‍ സംഘടിത ഇടപെടലിലൂടെ കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും അതുവഴി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കഴിയുമെന്ന് കേരളം തെളിയിക്കുകയാണ്. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി 'കുടുംബശ്രീ'കളുടെ കാര്‍ഷികരംഗത്തെ ഇടപെടല്‍ കൂടിവരികയാണ്. ഇതുകൊണ്ടാവാം സംസ്ഥാനത്ത് നെല്ല്, കപ്പ എന്നിങ്ങനെ ചില വിളകളുടെയെങ്കിലും ഉല്‍പാദനം കൂടിയിരിക്കയാണ്. ഈ വിളകളുടെയെല്ലാം ഉല്‍പാദനക്ഷമതയിലും കൃഷിവിസ്തൃതിയിലും ചെറിയ തോതിലുള്ള വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. "കുടുംബശ്രീ''കളുടെ നേതൃത്വത്തില്‍ മിക്കയിടത്തും ഭൂമിപാട്ടത്തിനെടുത്താണ് കൃഷി നടത്തുന്നത്. കൃഷി ചെയ്യാതിരിക്കുന്ന പാടങ്ങളില്‍ കൃഷി ചെയ്യാനുള്ള പ്രാദേശിക സന്നദ്ധത കൂടി വരികയാണ്. പഞ്ചായത്ത് ഭരണസമിതികളും സംസ്ഥാന സര്‍ക്കാരും ഈ പരിപാടിക്ക് നല്ല പിന്തുണ നല്‍കിവരുന്നു. ഈ അവസരത്തെ നിമിത്തമാക്കി ഉല്‍പ്പാദന വര്‍ദ്ധനവില്‍ ഊന്നുന്ന വികസന പരിപാടിക്ക് കരുത്തേകാനുള്ള ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും കേരളത്തില്‍ ഇപ്പോള്‍ നടക്കേണ്ടതുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തില്‍ ഇത്തരം ചര്‍ച്ചകള്‍ ഏറെ പ്രസക്തമാവുകയാണ്.

    ReplyDelete