Wednesday, September 1, 2010

റേഷന്‍ ബിപിഎല്ലിന് മതിയെന്ന് സുപ്രീംകോടതി

പൊതുവിതരണസംവിധാനത്തിലൂടെയുള്ള ഭക്ഷ്യധാന്യവിതരണം ബിപിഎല്‍- അന്ത്യോദയ കുടുംബങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് സുപ്രീംകോടതി. സമ്പന്നര്‍ക്ക് സബ്സിഡിയുടെ ആവശ്യമില്ല. എപിഎല്‍ വിഭാഗക്കാര്‍ക്ക് സബ്സിഡി നിരക്കില്‍ ധാന്യങ്ങള്‍ നല്‍കേണ്ടതില്ല. എന്നാല്‍, എപിഎല്ലുകാര്‍ക്കും ആനുകൂല്യം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാടെങ്കില്‍ മൂന്നുലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാനമുള്ള കുടുംബങ്ങള്‍ക്ക് നല്‍കിയാല്‍ മതിയാകും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ദശകങ്ങള്‍ പഴക്കമുള്ള വിവരങ്ങളെ ആധാരമാക്കുന്നത് ശരിയല്ല. 2010 ലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ബിപിഎല്‍, എപിഎല്‍, അന്ത്യോദയ കുടുംബങ്ങളെ കൃത്യമായി നിശ്ചയിക്കുന്നതിന് പുതിയ സര്‍വേ നടത്താന്‍ കോടതി നിര്‍ദേശിച്ചു.

പൊതുവിതരണസംവിധാനം വഴിയുള്ള ധാന്യം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാത്രമായി ചുരുക്കുന്ന കാര്യത്തില്‍ അഭിപ്രായമറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബിപിഎല്‍, അന്ത്യോദയ കുടുംബങ്ങളുടെ ആവശ്യത്തിനുള്ള ധാന്യം ഉറപ്പാക്കിയശേഷം മാത്രമാണ് എപിഎല്‍ കുടുംബങ്ങള്‍ക്ക് സബ്സിഡി ധാന്യം നല്‍കുന്നതെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു. പൊതുവിതരണം സുതാര്യമാക്കുന്നതിന് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ ഡയറക്ടര്‍ ജനറലിന്റെ അധ്യക്ഷതയില്‍ പ്രത്യേക കര്‍മസമിതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു.

ഭക്ഷ്യധാന്യങ്ങള്‍ ഗോഡൌണുകളില്‍ കെട്ടിക്കിടന്ന് നശിക്കാന്‍ അനുവദിക്കാതെ പാവപ്പെട്ടവര്‍ക്ക് വിതരണംചെയ്യണമെന്ന മുന്‍ ഉത്തരവ് പാലിക്കാത്ത കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതി താക്കീത് ചെയ്തു. നേരത്തെ പറഞ്ഞത് നിര്‍ദേശമല്ലെന്നും ഉത്തരവാണെന്നും സുപ്രീംകോടതി ഓര്‍മിപ്പിച്ചു. പൊതുവിതരണശൃംഖലയിലെ അപാകത ചൂണ്ടിക്കാട്ടി പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഭക്ഷ്യധാന്യസംഭരണത്തില്‍ വീഴ്ചവരുത്തുന്ന കേന്ദ്രത്തെ കോടതി വീണ്ടും വിമര്‍ശിച്ചത്.

ധാന്യങ്ങള്‍ ഗോഡൌണുകളില്‍ നശിക്കാന്‍ അനുവദിക്കാതെ പാവങ്ങള്‍ക്ക് സൌജന്യമായി വിതരണംചെയ്യണമെന്ന് ആഗസ്ത് 12ന് കോടതി പറഞ്ഞിരുന്നു. ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ ധാന്യങ്ങള്‍ നശിക്കാന്‍ അനുവദിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും അഭിപ്രായപ്പെട്ടു. ഈ ഉത്തരവിനോട് നിസ്സംഗമായാണ് സര്‍ക്കാര്‍ പ്രതികരിച്ചത്. സൌജന്യമായി ധാന്യങ്ങള്‍ വിതരണംചെയ്യുകയെന്നത് പ്രയോഗികമല്ലെന്ന അഭിപ്രായമാണ് ഭക്ഷ്യമന്ത്രി ശരദ്പവാര്‍ പ്രകടിപ്പിച്ചത്. മാത്രമല്ല, കോടതിയുടേത് വെറും നിര്‍ദേശം മാത്രമാണെന്നും പവാര്‍ പറഞ്ഞു. ചൊവ്വാഴ്ച പിയുസിഎല്ലിന്റെ ഹര്‍ജി വീണ്ടും പരിഗണിച്ച ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരി, ദീപക് വര്‍മ എന്നിവരടങ്ങിയ ബെഞ്ച് സര്‍ക്കാരിന്റെ നിസ്സംഗസമീപനത്തെ കുറ്റപ്പെടുത്തി. സൌജന്യ ഭക്ഷ്യധാന്യവിതരണം എന്നത് കോടതിയുടെ ഉത്തരവ് തന്നെയാണ്. ഇക്കാര്യം മന്ത്രിയെ അറിയിക്കണം- കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരനോട് കോടതി പറഞ്ഞു. പഞ്ചസാരവില അടുത്തുതന്നെ ഉയരുമെന്ന പവാറിന്റെ പ്രസ്താവനയെയും കോടതി കുറ്റപ്പെടുത്തി. ഇത്തരം പ്രസ്താവനകള്‍ പൂഴ്ത്തിവയ്പിനും മറ്റും പ്രേരകമാകുമെന്ന് കോടതി പറഞ്ഞു.
(എം പ്രശാന്ത്)

സുപ്രീംകോടതി വിധി ഹാനികരം: പിണറായി

റേഷന്‍ സമ്പ്രദായം പരിമിതപ്പെടുത്തണമെന്ന സുപ്രീംകോടതി ഉത്തരവ് കേരളത്തിന് ഹാനികരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു. സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായം നടപ്പാക്കുന്ന കേരളത്തെ സുപ്രീംകോടതി ഉത്തരവില്‍നിന്ന് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണം. രണ്ടുലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് മാത്രമായി റേഷന്‍ പരിമിതപ്പെടുത്തണമെന്നും പൊതുവിതരണസംവിധാനത്തില്‍നിന്ന് ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരെ ഒഴിവാക്കണമെന്നുമാണ് സുപ്രീംകോടതി ഉത്തരവ്. ഭക്ഷ്യക്കമ്മി നേരിടുന്ന കേരളം സവിശേഷ സ്വഭാവവിശേഷങ്ങളുള്ള നാടാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് കൂടുതല്‍ സബ്സിഡി കേരളത്തില്‍ നല്‍കുന്നുണ്ട്. അതിനൊപ്പം പരസ്യവിപണിയിലെ വില പിടിച്ചുനിര്‍ത്തുന്നതിന് സബ്സിഡി നിരക്കില്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും പൊതുവിതരണസമ്പ്രദായത്തിലൂടെ നിത്യോപയോഗസാധനങ്ങള്‍ വിതരണംചെയ്യുന്നുണ്ട്. റേഷന്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നത് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശമാണ്. കേരളത്തിന് ദോഷമായതുകൊണ്ട് അന്നുമുതലേ ഇതിനെതിരെ ശക്തമായ നിലപാടാണ് എല്‍ഡിഎഫിനുള്ളത്. ഗോഡൌണുകളില്‍ കെട്ടിക്കിടക്കന്ന ഭക്ഷ്യധാന്യങ്ങള്‍ പട്ടിണിക്കാര്‍ക്ക് സൌജന്യമായി വിതരണംചെയ്യണമെന്ന സുപ്രീംകോടതിയുടെ ഒരുമാസം മുമ്പുള്ള നിര്‍ദേശം ഇതുവരെ കേന്ദ്രസര്‍ക്കാര്‍ ചെവിക്കൊള്ളാത്തത് പ്രതിഷേധാര്‍ഹമാണ്. സൌജന്യ ഭക്ഷ്യവിതരണത്തിനുള്ള കോടതിയുടെ നിര്‍ദേശം കേന്ദ്രം നടപ്പാക്കാനുള്ള ഉത്തരവാണെന്ന് സുപ്രീംകോടതി ചൊവ്വാഴ്ചത്തെ വിധിയില്‍ വ്യക്തമാക്കിയത് സ്വാഗതാര്‍ഹമാണെന്നും പിണറായി പറഞ്ഞു.

പ്രത്യാഘാതം ഗുരുതരം: വെളിയം

റേഷന്‍ സമ്പ്രദായത്തെ ഇല്ലാതാക്കുന്ന നിലയിലുള്ള സുപ്രീംകോടതി ഉത്തരവ് കേരളത്തില്‍ വന്‍തോതില്‍ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്നും കേരളത്തിന്റെ പ്രത്യേക സാഹചര്യം കേന്ദ്രസര്‍ക്കാരും കോടതികളും കണക്കിലെടുക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ ആവശ്യപ്പെട്ടു. ബിപിഎല്ലുകാര്‍ക്കുമാത്രമായി റേഷന്‍ പരിമിതപ്പെടുത്തുന്നത് തീര്‍ത്തും അപ്രായോഗികമാണ്. ബിപിഎല്‍ വിഭാഗത്തില്‍ ന്യായമായും ഉള്‍പ്പെടേണ്ട ലക്ഷക്കണക്കിനാളുകള്‍ കേന്ദ്ര മാനദണ്ഡപ്രകാരം എപിഎല്‍ പട്ടികയിലാണ്. സാര്‍വത്രിക റേഷനിങ് സമ്പ്രദായത്തിന് ആദ്യമായി തുടക്കംകുറിച്ച കേരളത്തില്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും റേഷനിങ് സമ്പ്രദായത്തിന്റെ ആനുകൂല്യം ലഭ്യമാക്കിവന്നിരുന്നു. റേഷന്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തണമെന്നത് കോണ്‍ഗ്രസിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ദീര്‍ഘകാലമായുള്ള നയമാണ്. റേഷന്‍സമ്പ്രദായംപോലുള്ള കാര്യങ്ങളില്‍ ഇടപെടാന്‍ കോടതികള്‍ക്ക് അധികാരമില്ല. കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍ മനസിലാക്കി സാര്‍വത്രിക റേഷനിങ് സമ്പ്രദായത്തെ സംരക്ഷിക്കാന്‍ അനുകൂലമായ നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും വെളിയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ദേശാഭിമാനി 01092010

2 comments:

  1. പൊതുവിതരണസംവിധാനത്തിലൂടെയുള്ള ഭക്ഷ്യധാന്യവിതരണം ബിപിഎല്‍- അന്ത്യോദയ കുടുംബങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് സുപ്രീംകോടതി. സമ്പന്നര്‍ക്ക് സബ്സിഡിയുടെ ആവശ്യമില്ല. എപിഎല്‍ വിഭാഗക്കാര്‍ക്ക് സബ്സിഡി നിരക്കില്‍ ധാന്യങ്ങള്‍ നല്‍കേണ്ടതില്ല. എന്നാല്‍, എപിഎല്ലുകാര്‍ക്കും ആനുകൂല്യം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാടെങ്കില്‍ മൂന്നുലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാനമുള്ള കുടുംബങ്ങള്‍ക്ക് നല്‍കിയാല്‍ മതിയാകും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ദശകങ്ങള്‍ പഴക്കമുള്ള വിവരങ്ങളെ ആധാരമാക്കുന്നത് ശരിയല്ല. 2010 ലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ബിപിഎല്‍, എപിഎല്‍, അന്ത്യോദയ കുടുംബങ്ങളെ കൃത്യമായി നിശ്ചയിക്കുന്നതിന് പുതിയ സര്‍വേ നടത്താന്‍ കോടതി നിര്‍ദേശിച്ചു

    ReplyDelete
  2. റേഷനിങ്ങ് - ഓരോ ആറുമാസത്തിലും ഒരു ജനകീയ ഓഡിറ്റിങ്ങ് ആലോചിക്കണം. ഏറ്റവും അധികം തട്ടിപ്പ് നടക്കുന്ന ഒരു സംവിധാനമാണിത്.

    ReplyDelete