ഇനി അലയേണ്ട; വെള്ളാരംകുന്നില്‍ ആഹ്ളാദം കുന്നോളം
ഭൂമിയോളം പ്രതീക്ഷ പകര്‍ന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ വെള്ളാരംകുന്നിലെ ആദിവാസി കുടിലുകളില്‍ ആഹ്ളാദം നിറയ്ക്കുന്നു. മൂന്നുമാസത്തിനുള്ളില്‍ ഭൂമി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പോടെ കാടിന്റെ മക്കള്‍ക്ക് പോരാട്ടം ലക്ഷ്യം കണ്ടതിന്റെ അഭിമാനവും. ഇരുനൂറോളം കുടുംബങ്ങളാണ് ഫെബ്രുവരി നാലിനു വെള്ളാരംകുന്നിലെത്തി കുടില്‍കെട്ടി താമസം ആരംഭിച്ചത്.
"അഞ്ചുസെന്റ് സ്ഥലവും കുടിലും കിട്ടാനാണ് സമരഭൂമിയില്‍ എത്തിയത്. മരണം അല്ലെങ്കില്‍ ജീവിതം എന്നതായിരുന്നു മുന്നിലുള്ള വഴി'' എന്ന് കോട്ടത്തറയില്‍ നിന്ന് ഇവിടെ എത്തിയ രാജനും കുടുംബവും പറയുന്നു. സ്വന്തമായി ഭൂമിയും കിടന്നുറങ്ങാന്‍ വീടുമാണ് സ്വപ്നം. അത് തരുമെന്ന ഉറപ്പിലാണ് ഇവിടെ നിന്നൊഴിയുന്നതെന്നും അവര്‍ പറഞ്ഞു. ജീവിതത്തില്‍ ഭയരഹിതരായിരിക്കാന്‍ സമരക്കുടിലുകളിലിരുന്ന് കുട്ടികള്‍ പഠിച്ചുകഴിഞ്ഞുവെന്ന് അവര്‍ പറയുമ്പോള്‍, സമരഭൂമിയില്‍നിന്ന് ഇറക്കിവിടാന്‍ രണ്ടാമതൊരിക്കല്‍ കൂടി പൊലീസെത്തിയാലും ചെറുക്കുമായിരുന്നെന്ന് വ്യക്തം. ജൂണ്‍ 16ന് ഇവരെ ഒഴിപ്പിക്കാന്‍ കോടതി നിര്‍ദേശമനുസരിച്ച് പൊലീസ് എത്തി. എന്നാല്‍, ബഹുജന ചെറുത്തുനില്‍പ്പിനാല്‍ നടന്നില്ല.
മൂപ്പൈനാട് പുറമ്പോക്കില്‍ താമസിക്കുകയായിരുന്നു കരിയന്‍. വിവാഹം കഴിഞ്ഞതോടെ കുടിലില്‍ ഇടമില്ലാതായി. റോഡില്‍ നിന്ന് ഒഴുകി വരുന്ന വെള്ളം മഴക്കാലത്തു ദുരിതമായി. വേനല്‍ക്കാലത്ത് കുടിവെള്ളമില്ല. മകള്‍ ആതിര പിറന്നതോടെ കൊച്ചു കുടിലിലെ ജീവിതം കൂടുതല്‍ പ്രയാസമായി. ജീവിക്കാന്‍ അഞ്ചുസെന്റ് സ്ഥലമെങ്കിലും വേണം. കുടില്‍കെട്ടണം. വേനലില്‍ ചൂടേല്‍ക്കാതെയും മഴയില്‍ നനയാതെയുമിരിക്കണം. കോട്ടത്തറ നടുക്കുനി പണിയകോളനിയില്‍ നിന്നെത്തിയ കൃഷ്ണന്‍, ഭാര്യ അശ്വതി, അശ്വതിയുടെ അമ്മ വെളിച്ചി എന്നിവര്‍ക്കും വേണം ഭൂമിയും പാര്‍ക്കാന്‍ വീടും. തുടക്കത്തില്‍ ഏറെ പേര്‍ സമരഭൂമിയില്‍ എത്തിയിരുന്നെങ്കിലും പൊലീസിനെ പേടിച്ച് പുറമ്പോക്കിലേക്ക് തിരിച്ചുപോയി.
കള്ളമ്പെട്ടി കോളനിയിലെ കരിമാത്തന് പ്രായം 70 പിന്നിട്ടു. കയറി കിടക്കാന്‍ സ്ഥലമില്ല. ഭാര്യ മരിച്ചു. മക്കള്‍ ലീല, നാണി എന്നിവര്‍ കൂടെയുണ്ട്. അവരുടെ മക്കളും. വാതത്തിന്റെ വിഷമതകളുണ്ട്. ഇനിയും അലയാന്‍ മനസ്സില്ല. ഭൂമിയെന്നത് തങ്ങളുടെ അവകാശമാണെന്ന് കരിമാത്തനും പറയുന്നു. പണിയ, കാട്ടുനായ്ക്ക, കുറിച്യ, മുള്ള കുറിച്യ എന്നീ വിഭാഗത്തില്‍പ്പെടുന്നവരാണ് കോളനിയിലെ ഭൂരിപക്ഷവും. ആറുമാസം മുമ്പ് സമരഭൂമിയില്‍ എത്തിയവരാണെങ്കിലും ഇവരുടെ ഒത്തൊരുമ അസാധാരണമാണ്. അഞ്ചുസെന്റ് സ്ഥലവും കുടിലുമാണ് ഇവിടെയുള്ള 147 കുടുംബങ്ങളുടെയും ഒന്നാക്കിയത്. തിരിച്ചിറങ്ങുന്നത് ആവേശം ഒട്ടും ചോര്‍ന്നു പോകാതെയാണ്. അവകാശങ്ങള്‍ നേടിയെടുക്കാന്‍ തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് മണ്ണില്‍ ചവിട്ടി നിന്ന് ഇവര്‍ പ്രഖ്യാപിക്കുന്നു.
ദാഹം തീര്‍ക്കാന്‍ 'പൈന്‍ശ്രീ'
വെള്ളമൂറ്റി കാര്‍ഷികജീവിതം തകര്‍ത്ത കോളഭീമനെ കെട്ടുകെട്ടിച്ച കേരളത്തില്‍ ജൈവക്കൃഷിയുടെ മഹാമാതൃകയായി 'പൈന്‍ശ്രീ'. കുടുംബശ്രീ പ്രവര്‍ത്തകര്‍ വിളയിക്കുന്ന കൈതച്ചക്കയില്‍നിന്നുള്ള പാനീയമാണ് നാട് കീഴടക്കാന്‍ ഒരുങ്ങുന്നത്. എറണാകുളം ജില്ലയിലെ 40 പഞ്ചായത്തുകളിലെ 500 ഹെക്ടര്‍ കൃഷിയിടങ്ങളിലാണ് മൂല്യവര്‍ധിത ഉല്‍പ്പന്നം ലക്ഷ്യമിട്ട് വ്യാപകമായി പൈനാപ്പിള്‍കൃഷി ആരംഭിച്ചത്. ഇതുവഴി 3215 യൂണിറ്റില്‍ 16,075 കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴില്‍ ലഭിക്കും.
മൂവാറ്റുപുഴ വാഴക്കുളത്തെ സര്‍ക്കാര്‍ സ്ഥാപനമായ നടുക്കര അഗ്രോ പോസസിങ് കമ്പനിയും കുടുംബശ്രീയും കൈകോര്‍ത്തുള്ള സമഗ്ര പൈനാപ്പിള്‍ പദ്ധതിയുടെ ഭാഗമായ ആദ്യ ഉല്‍പ്പന്നമാണ് 'പൈന്‍ശ്രീ' ജ്യൂസ്. പ്രാരംഭമായി 10,000 പായ്ക്കറ്റ് ജ്യൂസ് ഉല്‍പ്പാദിപ്പിച്ചു. ജില്ലയില്‍ 50 കിയോസ്കുകള്‍ സ്ഥാപിച്ചും സംസ്ഥാനത്തുടനീളം ശൃംഖല ശക്തമാക്കിയും വിപണി പിടിച്ചെടുക്കലാണ് ലക്ഷ്യം. പൈനാപ്പിള്‍ കൃഷിയിലെ അനിശ്ചിതത്വം അവസാനിപ്പിക്കുന്നതോടൊപ്പം കേരളത്തിന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ സംഭാവനചെയ്യല്‍കൂടിയാണ് പദ്ധതി. ജ്യൂസിനു പുറമെ കാന്‍ഡി, അച്ചാര്‍, ജാം, സ്ക്വാഷ് എന്നിവയും 'പൈന്‍ശ്രീ' ബ്രാന്‍ഡില്‍ വിപണിയിലെത്തും.
ജില്ലയിലെ മൂവാറ്റുപുഴ, പാമ്പാക്കുട, വടവുകോട്, അങ്കമാലി, മുളന്തുരുത്തി ബ്ളോക്കുകളിലെ 40 പഞ്ചായത്തുകള്‍ കേന്ദ്രമാക്കിയാണ് പദ്ധതി. കുടുംബശ്രീ അംഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കൈതച്ചക്ക നടുക്കര അഗ്രോ പോസസിങ് കമ്പനിയുടെ സാങ്കേതിക സഹായത്തോടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളായി മാറും. പൈനാപ്പിളിന് വിലയിടിഞ്ഞാലും ഇവര്‍ ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ പൈനാപ്പിളും കിലോയ്ക്ക് അഞ്ചുരൂപ നിരക്കില്‍ കമ്പനി എടുക്കാമെന്നാണ് വ്യവസ്ഥ.
32 കോടി രൂപയാണ് ചെലവുപ്രതീക്ഷിക്കുന്നത്. സ്റ്റേറ്റ് ബാങ്കിന്റെ കര്‍ഷക ബ്രാഞ്ച് വായ്പയായി 4.36 കോടി രൂപ നല്‍കി. കുടുംബശ്രീ മിഷന്‍ എട്ടുകോടിയും മുടക്കി. ജില്ലാ പഞ്ചായത്തിന്റെ വിഹിതമായി 32 ലക്ഷം രൂപയും വിവിധ പഞ്ചായത്തുകളുടെ വിഹിതമായി ശേഷിക്കുന്ന തുകയും കണ്ടെത്തി. വിദേശ വിപണികള്‍കൂടി ലക്ഷ്യമാക്കുന്നുണ്ടെന്ന് ജില്ലാ കുടുംബശ്രീ മിഷന്‍ ഡയറക്ടര്‍ കെ കെ രവി പറഞ്ഞു. കയറ്റുമതി വികസന ഏജന്‍സിയുടെ സഹായത്തോടെ ഇതിനുള്ള നടപടി സ്വീകരിക്കും. പച്ച പൈനാപ്പിള്‍ കയറ്റുമതിക്കും ആലോചനയുണ്ട്.
(ഷഫീഖ് അമരാവതി)
ഇവിടെയുണ്ട്, വൃത്തിയുള്ള മറപ്പുരകള്‍
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ നടപ്പാക്കിയ ഗേള്‍സ് ഫ്രണ്ട്ലി ടോയ്ലറ്റ് പദ്ധതി ശ്രദ്ധയാകര്‍ഷിക്കുന്നത് ആശയത്തിന്റെ വലുപ്പംകൊണ്ടാണ്. ആധുനികമെന്ന് മേനിപറയുന്ന സമൂഹത്തില്‍പോലും സ്ത്രീസൌഹൃദ ടോയ്ലറ്റ് എന്ന ആശയം പ്രാവര്‍ത്തികമായിട്ടില്ല. ആയിരക്കണക്കിന് സ്ത്രീകള്‍ എത്തുന്ന ഇടങ്ങളില്‍ വെറുമൊരു മൂത്രപ്പുര പോലും ഉറപ്പാക്കാനായിട്ടില്ല. വൃത്തിയുള്ള മൂത്രപ്പുരയില്ലെന്നതിനാല്‍ രാവിലെ മുതല്‍ സന്ധ്യവരെയും മൂത്രമൊഴിക്കാതെ വീട്ടില്‍ തിരികെയെത്തുന്നവരാണ് വിദ്യാര്‍ഥിനികളില്‍ പലരും. കോടികള്‍ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ക്കിടയില്‍ ഈ കുഞ്ഞുപദ്ധതി തലയുയര്‍ത്തി നില്‍ക്കുകയാണ്. സംസ്ഥാനത്തുതന്നെ ആദ്യമായാണ് എല്ലാ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും ഇത്തരമൊരു പദ്ധതി.
കൌമാരക്കാരായ പെണ്‍കുട്ടികളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞാണ് പദ്ധതിയുടെ രൂപകല്‍പന. വൃത്തിയുള്ള ടോയ്ലറ്റുകളുടെ അനുബന്ധമായി നാപ്കിന്‍ കത്തിച്ചുകളയാനുള്ള ഇന്‍സിനേറ്റര്‍ സൌകര്യവുമുണ്ട്. നാപ്കിന്‍ അലക്ഷ്യമായും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതരത്തിലും ഉപേക്ഷിക്കുന്നത് ഇതോടെ തടയാനായി. ഇവ നിക്ഷേപിക്കുന്നതുമൂലം ക്ളോസറ്റ് അടഞ്ഞുപോകുന്ന സംഭവങ്ങളും ഇല്ലാതായി.
69 സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറികളിലും മൂന്ന് പഞ്ചായത്ത് സ്കൂളുകളിലും ഇതിനകം ഗേള്‍സ് ഫ്രണ്ട്ലി ടോയ്ലറ്റുകള്‍ പണിതു. 2009-10 വാര്‍ഷിക പദ്ധതിയില്‍ ജില്ലാ പഞ്ചായത്തിന്റെ 35,000 രൂപയും സമ്പൂര്‍ണ ശുചിത്വമിഷന്റെ 20,000 രൂപയുമാണ് ഓരോ യൂണിറ്റിനും അനുവദിച്ചത്. എല്ലാ സ്കൂളുകളിലും ഒരേ മാതൃകയിലുള്ള ടോയ്ലറ്റുകളാണ് പിടിഎ കമ്മറ്റികളുടെ നേതൃത്വത്തിലുള്ള ഗുണഭോക്തൃസമിതികള്‍ മുഖേന പണിതത്. കില സംഘടിപ്പിച്ച അനുഭവപഠന ശില്‍പശാലയില്‍ കണ്ണൂരിന്റെ സുപ്രധാന മാതൃകളിലൊന്നായി വിലയിരുത്തപ്പെട്ട പദ്ധതിയാണിത്.
"പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന ദുരിതങ്ങളിലൊന്നിനാണ് പരിഹാരമായത്. എല്ലാവര്‍ക്കും ആവശ്യമുണ്ടെങ്കിലും ആരുംപറയാന്‍ മടിക്കുന്ന ഒന്നായിരുന്നു ഇത്. പദ്ധതി നടപ്പാക്കിയ സ്കൂളുകളില്‍നിന്നുള്ള പ്രതികരണങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നു''- ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എം സമ്പത്ത്കുമാര്‍ പറയുന്നു.
(പി പി സതീഷ്കുമാര്‍)
148 കോടിയുടെ സമ്പാദ്യം സ്ത്രീകളുടെആശ്രയമായി കുടുംബശ്രീകള്‍
സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് സ്ത്രീകളെ കൊണ്ടുവരാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വനിതാസംവരണം 50 ശതമാനമാക്കി ഉയര്‍ത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീശാക്തീകരണത്തിന് കുടുംബശ്രീകളിലൂടെ വിപ്ളവകരമായ മുന്നേറ്റമുണ്ടാക്കി. യുഡിഎഫ് സര്‍ക്കാര്‍ കുടുംബശ്രീകളെ നോക്കുകുത്തികളാക്കി മാറ്റിയിരുന്നു. 'ജനശ്രീ' എന്ന ബ്ളേഡ്കമ്പനി തുടങ്ങി കുടുംബശ്രീകളെ തകര്‍ക്കാനും അപവാദപ്രചാരണത്തിനും ശ്രമിച്ചു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കുടുംബശ്രീകളെ സമൂഹത്തിന്റെ ഭാഗമാക്കി.
ജില്ലയില്‍ 21,930 കുടുംബശ്രീകളും 95 സിഡിഎസുകളുമാണുള്ളത്. 3,51,072 കുടുംബങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കള്‍. 147.48 കോടി രൂപയുടെ സമ്പാദ്യവും 591.95 കോടി രൂപയുടെ വായ്പയുമാണ് നല്‍കിയിട്ടുള്ളത്. ചെറുകിട വ്യവസായ യൂണിറ്റുകള്‍ തുടങ്ങാന്‍ സാങ്കേതികസഹായവും വിപണനകേന്ദ്രങ്ങളും തുടങ്ങാന്‍ സഹായിച്ചു. ഓരോ കുടുംബത്തിലും വരുമാനം ഉറപ്പാക്കി.
അയല്‍ക്കൂട്ടങ്ങള്‍ ശാക്തീകരിക്കുകയാണ് ആദ്യമായി ചെയ്തത്. കുടുംബശ്രീ-അയല്‍ക്കൂട്ടം അംഗങ്ങളുടെ കണക്കുകള്‍ ചിട്ടപ്പെടുത്തി. ഇതിനായി വിദഗ്ധ പരിശീലനം നല്‍കി. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ബൈലോ ഏകീകരിച്ചു. കുടുംബശ്രീകളുടെ ആവശ്യമറിഞ്ഞ് പ്രത്യേക പരിപാടികളും പദ്ധതികളും തയ്യാറാക്കി. ഗ്രേഡിങ് സമ്പ്രദായം ഏര്‍പ്പെടുത്തി. വിലയിരുത്തല്‍ സമിതികളാണ് ഗ്രേഡിങ് നടപ്പാക്കിയത്. പഞ്ചായത്ത് ഭരണസമിതിക്കാണ് ഇതിന്റെ നേതൃത്വം. പ്രാദേശികസാമ്പത്തിക രജിസ്ട്രറും വികസനരജിസ്റ്ററും തയ്യാറാക്കി പ്രവര്‍ത്തനം ഊര്‍ജിതമാക്കി. പ്രാദേശിക ആസൂത്രണത്തിലും നിര്‍വഹണത്തിലും ഇടപെടാന്‍ കുടുംബശ്രീകളെ പ്രാപ്തമാക്കി. ഓരോ സിഡിഎസിനും പ്രതിദിനചെലവ് നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ ഗ്രാന്റ് അനുവദിച്ചു. ചുരുങ്ങിയത് 5,000 രൂപയാണ് അനുവദിച്ചത്. പരീക്ഷ നടത്തി 5000 രൂപ ശമ്പളത്തില്‍ അക്കൌണ്ടന്റ്മാരെ നിയമിച്ചു. സിഡിഎസ് ചെയര്‍പേഴ്സന്റെ ഓണറേറിയം 250 രൂപയില്‍ നിന്ന് 1500 രൂപയാക്കി. ജില്ലയില്‍ വൈവിധ്യമാര്‍ന്ന സ്വയംതൊഴില്‍സംരഭങ്ങള്‍ നടപ്പാക്കി. ഭക്ഷ്യസുരക്ഷാപദ്ധതിയുടെ ഭാഗമായി 9,000 ഏക്കറില്‍ നെല്‍കൃഷി ചെയ്തു. കുടുംബശ്രീകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ആഴ്ച, മാസച്ചന്തകള്‍ സ്ഥിരമാക്കി. മികച്ച പ്രവര്‍ത്തനം നടത്താന്‍ പരിശീലനം നല്‍കി. ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ തരമുള്ളതാക്കാന്‍ പായ്ക്കിങ്, ലേബലിങ് സമ്പ്രദായം നടപ്പാക്കി. കുടുംബശ്രീകള്‍ ഉണ്ടാക്കുന്ന കൊണ്ടാട്ടംഅടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാന്‍ 'സമഗ്ര' എന്ന പ്രത്യേക പദ്ധതി നടപ്പാക്കി. റിവോള്‍വിങ്ഫണ്ടിന്റെ തുകയില്‍ വര്‍ധന വരുത്തി.
കുടുംബശ്രീകള്‍ക്ക് നാലുശതമാനം പലിശനിരക്കിലാണ് വായ്പ ലഭ്യമാക്കുന്നത്. പട്ടികവര്‍ഗമേഖലയില്‍ സുസ്ഥിരവികസന പദ്ധതി നടപ്പാക്കി. 2,500 രൂപ ഓരോ അംഗത്തിനും മുന്‍കൂട്ടി നല്‍കിയാണ് ഇതു സാധ്യമാക്കിയത്. 'ആശ്രയ' പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് 40 ലക്ഷം രൂപയും ജനറല്‍വിഭാഗത്തിന് 15 ലക്ഷം രൂപയും ഗ്രാന്റ് അനുവദിച്ചു. തൊഴിലുറപ്പുപദ്ധതിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കുടുംബശ്രീയില്‍ നിന്ന് മുന്‍കൂര്‍വേതനം നല്‍കുന്ന പതിവും കൊണ്ടുവന്നു. ജില്ലാ ബാങ്കിന്റെ സഹായത്തോടെ 'സഹശ്രീ' വായ്പപദ്ധതി നടപ്പാക്കി. 'മിഷന്‍ വാളയാര്‍ പദ്ധതി'യില്‍ കുടുംബശ്രീകള്‍ 11 കാന്റീനുകള്‍ ആരംഭിച്ചു. നേച്ചര്‍ ഫ്രഷ് മില്‍ക്ക്, ക്ഷീരഗ്രാമം, പൌള്‍ട്രി, നേന്ത്രവാഴക്കൃഷി എന്നിവയിലും കുടുംബശ്രീകളുടെ പങ്കാളിത്തം ഉറപ്പാക്കി. അട്ടപ്പാടിയിലെ ആദിവാസിമേഖലയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു. 'അഹാഡ്സി'ലെ 19 ഗ്രൂപ്പുകളെ കുടുംബശ്രീയുമായി സംയോജിപ്പിച്ച് റിവോള്‍വിങ്ഫണ്ട് ലഭ്യമാക്കി.–ഇത്തരത്തില്‍ നിരവധി കാര്യങ്ങളാണ് സ്ത്രീകളുടെ ഉന്നമനത്തിനും സാമ്പത്തികബുദ്ധിമുട്ട് തരണംചെയ്യാനുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയത്.
deshabhimani 31082010
ഭൂമിയോളം പ്രതീക്ഷ പകര്‍ന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ വെള്ളാരംകുന്നിലെ ആദിവാസി കുടിലുകളില്‍ ആഹ്ളാദം നിറയ്ക്കുന്നു. മൂന്നുമാസത്തിനുള്ളില്‍ ഭൂമി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പോടെ കാടിന്റെ മക്കള്‍ക്ക് പോരാട്ടം ലക്ഷ്യം കണ്ടതിന്റെ അഭിമാനവും. ഇരുനൂറോളം കുടുംബങ്ങളാണ് ഫെബ്രുവരി നാലിനു വെള്ളാരംകുന്നിലെത്തി കുടില്‍കെട്ടി താമസം ആരംഭിച്ചത്.
ReplyDelete"അഞ്ചുസെന്റ് സ്ഥലവും കുടിലും കിട്ടാനാണ് സമരഭൂമിയില്‍ എത്തിയത്. മരണം അല്ലെങ്കില്‍ ജീവിതം എന്നതായിരുന്നു മുന്നിലുള്ള വഴി'' എന്ന് കോട്ടത്തറയില്‍ നിന്ന് ഇവിടെ എത്തിയ രാജനും കുടുംബവും പറയുന്നു. സ്വന്തമായി ഭൂമിയും കിടന്നുറങ്ങാന്‍ വീടുമാണ് സ്വപ്നം. അത് തരുമെന്ന ഉറപ്പിലാണ് ഇവിടെ നിന്നൊഴിയുന്നതെന്നും അവര്‍ പറഞ്ഞു. ജീവിതത്തില്‍ ഭയരഹിതരായിരിക്കാന്‍ സമരക്കുടിലുകളിലിരുന്ന് കുട്ടികള്‍ പഠിച്ചുകഴിഞ്ഞുവെന്ന് അവര്‍ പറയുമ്പോള്‍, സമരഭൂമിയില്‍നിന്ന് ഇറക്കിവിടാന്‍ രണ്ടാമതൊരിക്കല്‍ കൂടി പൊലീസെത്തിയാലും ചെറുക്കുമായിരുന്നെന്ന് വ്യക്തം. ജൂണ്‍ 16ന് ഇവരെ ഒഴിപ്പിക്കാന്‍ കോടതി നിര്‍ദേശമനുസരിച്ച് പൊലീസ് എത്തി. എന്നാല്‍, ബഹുജന ചെറുത്തുനില്‍പ്പിനാല്‍ നടന്നില്ല.