ഉപഭൂഖണ്ഡത്തില്‍ ഏറ്റവുമധികം ആരാധകരുള്ള കായിക വിനോദമായ ക്രിക്കറ്റ് അതിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഭീമമായ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഒത്തുകളിക്കാരുടെ നിര്‍ദേശത്തിന് അനുസൃതമായി പാകിസ്ഥാന്‍ താരങ്ങളായ മുഹമ്മദ് ആസിഫും മുഹമ്മദ് ആമിറും നോബോള്‍ എറിഞ്ഞു എന്ന ഇംഗ്ലീഷ് ടാബ്ലോയിഡിന്റെ കണ്ടെത്തലിലൂടെ പുറത്തുവന്ന വിവരങ്ങള്‍ ക്രിക്കറ്റ് ലോകത്തെ ആകെ നടുക്കുന്നതാണ്. തെളിവുകളെല്ലാം വിരല്‍ ചൂണ്ടുന്നത് പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് നേരെയാണെങ്കിലും ഒത്തുകളി വിവാദത്തെ സംബന്ധിച്ചുള്ള ഓരോ അന്വേഷണങ്ങളും ഇന്ത്യന്‍ ബെറ്റിംഗ് ശൃംഖലയിലാണ് എത്തിച്ചേരുന്നത് എന്നതിനാല്‍ ക്രിക്കറ്റിന്റെ ശുദ്ധീകരണത്തിനുള്ള പ്രക്രിയയില്‍ ഇന്ത്യയ്ക്കും നിശബ്ദരായി നില്‍ക്കാന്‍ കഴിയില്ല.
ഒരു ദശാബ്ദത്തിന് മുന്‍പ് ദക്ഷിണാഫ്രിക്കന്‍ നായകനായ ഹാന്‍സി ക്രോണിയ ടീമിന്റെ വിവരങ്ങള്‍ താന്‍ ചോര്‍ത്തിക്കൊടുത്തു എന്ന് കുറ്റ സമ്മതം നടത്തുകയും മുഹമ്മദ് അസ്ഹറുദീനും അജയ് ജഡേജയും സലിം മാലിക്കും ഉള്‍പ്പെടെയുള്ള കളിക്കാര്‍ വിവാദത്തില്‍ പങ്കുചേര്‍ക്കപ്പെടുകയും ചെയ്തത് വിസ്മരിക്കാറായിട്ടില്ല. അസ്ഹറുദീനെതിരെ ആജീവനാന്തകാല വിലക്ക് ഉണ്ടായതൊഴിച്ചാല്‍ ജഡേജയ്‌ക്കെതിരായ നടപടിയും മാലിക്കിനെതിരായ നടപടിയും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും പാക് ക്രിക്കറ്റ് ബോര്‍ഡും തെളിവുകളില്ല എന്ന കാരണത്താല്‍ വേണ്ടെന്ന് വച്ചു. അന്ന് ഒത്തുകളിയില്‍ പങ്കാളികളായവര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ ഉണ്ടായിരുന്നെങ്കില്‍ പില്‍ക്കാലത്ത് ഒത്തുകളിക്കാരുമായി സഹകരിക്കുന്നതിന് മുമ്പ് ക്രിക്കറ്റര്‍മാര്‍ രണ്ടുവട്ടം ആലോചിക്കുമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും പ്രാദേശിക ക്രിക്കറ്റ് സംഘാടകരും തന്നെയാണ് പില്‍ക്കാലത്ത് ക്രിക്കറ്റിലെ കോഴക്കളിക്കാര്‍ക്ക് ആത്മ ധൈര്യം പകര്‍ന്നു നല്‍കിയത്. അല്ലെങ്കില്‍ കരിയറിന്റെ തുടക്ക ഘട്ടത്തില്‍ നില്‍ക്കുന്ന 18കാരനായ മുഹമ്മദ് ആമിറിനെപ്പോലെ മൈതാനങ്ങളില്‍ ഏറെ ചലനം സൃഷ്ടിക്കാന്‍ പ്രാപ്തിയുള്ള ഒരു യുവതാരം തന്റെ രാജ്യത്തെ ക്രിക്കറ്റ് ആരാധകരെ ഒറ്റുകൊടുക്കാന്‍ തുനിയുമായിരുന്നില്ല. പാക് ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിംഗ് റൂമില്‍ നിലവില്‍ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിന്റെ പിടിയിലകപ്പെട്ട ഒത്തുകളിക്കാരന്റെ സാന്നിധ്യത്തിനെതിരെ പ്രതികരിച്ചാണ് ഷാഹിദ് അഫ്രീദി നായകസ്ഥാനം ഒഴിഞ്ഞത്. സല്‍മാന്‍ ബട്ടിനെ നായകനായി നിലനിര്‍ത്താന്‍ ചില നീക്കുപോക്കുകള്‍ വേണ്ടതുണ്ടെന്ന് ബെറ്റിംഗ് മാഫിയ വെളിവാക്കുമ്പോള്‍ പാക് ക്രിക്കറ്റിനെ ചൂഴ്ന്നു നില്‍ക്കുന്ന ഒത്തുകളി വിവാദം പുറമെ മാത്രമുള്ളതല്ല എന്ന് വ്യക്തമാകുന്നു.
ക്രിസ്തുവിനെ 30 വെള്ളിക്കാശിന് ഒറ്റുകൊടുത്ത യൂദാസിന്റെ അഭിനവ പതിപ്പുകളാണ് ഇപ്പോള്‍ ക്രിക്കറ്റിന് മാനക്കേടുണ്ടാക്കിയിരിക്കുന്നത്. ഓരോ സെഷനില്‍ എത്ര വിക്കറ്റ് പൊഴിയുമെന്നും എത്ര എക്‌സ്ട്രാ റണ്‍സുകള്‍ ഉണ്ടാകുമെന്നുമെല്ലാം വാതുവയ്പുകാര്‍ നേരത്തെ കൂട്ടി തീരുമാനിക്കുന്നത് ക്രിക്കറ്റിന്റെ പ്രവചനാതീതമായ സ്വഭാവത്തെ തന്നെ ചോര്‍ത്തിക്കളയും. ലോക ക്രിക്കറ്റില്‍ പ്രവചനാതീതമായ സ്വഭാവം ഏറ്റവുമധികം കാട്ടുന്ന സംഘം പാകിസ്ഥാന്റേതാണെന്നതാണ് അവര്‍ക്ക് ലോകത്തെമ്പാടും ആരാധകരെ സമ്മാനിച്ചത്. തന്റെ നേരെ വരുന്ന അനായാസമായ റിട്ടേണ്‍ ഷോട്ട് ബൗണ്ടറിയിലേയ്ക്ക് വലിച്ചെറിഞ്ഞ് ഇംഗ്ലണ്ട് ഓപ്പണര്‍ക്ക് സെഞ്ച്വറി തികയ്ക്കാന്‍ മുഹമ്മദ് ആസിഫ് അവസരം നല്‍കി എന്ന വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത് തന്നെ. വിരേന്ദര്‍ സെവാഗ് സെഞ്ച്വറി തികയ്ക്കാതിരിക്കാന്‍ നോ ബോള്‍ എറിഞ്ഞ സൂരജ് രണ്‍ദീവ് എന്ന ശ്രീലങ്കന്‍ ക്രിക്കറ്റര്‍ക്ക് ഒരു കളിയില്‍നിന്ന് വിലക്കും 50 ശതമാനം മാച്ച് ഫീസ് പിഴയും ലഭിച്ചെങ്കില്‍ ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ വെളിപ്പെടുത്തല്‍ പുറത്തു വന്ന ശേഷവും പാക് ക്രിക്കറ്റര്‍മാര്‍ ഏറെക്കുറെ സുരക്ഷിതരാണെന്നതാണ് രസകരമായ വസ്തുത. കളിക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടിയെടുക്കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡും രാഷ്ട്രീയ നേതൃത്വവും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും സംഭവത്തിന് പുതിയൊരു മാനം നല്‍കാന്‍ പാക് ആഭ്യന്തര മന്ത്രി ശ്രമിക്കുന്നുവെന്നത് ഇതിനോട് കൂട്ടി വായിച്ചേ തീരൂ. പാകിസ്ഥാനെ ലോക തലത്തില്‍ മോശക്കാരാക്കുന്നതിനും പാക് ക്രിക്കറ്റിന്റെ അന്തസ്സ് ചോര്‍ത്തിക്കളയുന്നതിനും എന്തെങ്കിലും തരത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നാണ് പാക് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക് പറയുന്നത്. അതായത് ക്രിക്കറ്റ് കോഴ വിവാദത്തിന് പുതിയൊരു മുഖം പാക് മന്ത്രി ഇപ്പോള്‍ തന്നെ നല്‍കി കഴിഞ്ഞു. പാക് ആഭ്യന്തര സെക്രട്ടറി സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിന്റെ ലെയ്‌സണ്‍ ഓഫീസറുമായി ബന്ധപ്പെട്ട ശേഷം ക്രിമിനല്‍ കേസ് അന്വേഷണത്തിനും പത്രപ്രവര്‍ത്തന രീതിക്കും വ്യത്യസ്തമായ ശൈലിയാണ് ഉള്ളതെന്നും കളിക്കാരെ ഇതുവരെ കുറ്റക്കാരായി വിധിയെഴുതാന്‍ പ്രാപ്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നുമാണ് പ്രതികരിച്ചത്. കുറ്റം തെളിയിക്കപ്പെടുന്നതുവരെ കളിക്കാര്‍ കുറ്റവാളിയുടെ മുദ്ര പേറേണ്ടതില്ല എന്നത് മാനുഷികമായ പരിഗണനയാണ്. എന്നാല്‍ പാക് ക്രിക്കറ്റര്‍മാരുടെ മുറിയില്‍നിന്നും കണ്ടെത്തിയ നോട്ടുകെട്ടുകളും ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ സിഡ്‌നി ടെസ്റ്റും ഇംഗ്ലണ്ട് പര്യടനത്തിലെ ടെന്‍ബ്രിഡ്ജ് ടെസ്റ്റും ഫലം മുന്‍കൂട്ടി നിശ്ചയിച്ച് ഒത്തുകളിക്കപ്പെട്ടതാണെന്ന വെളിപ്പെടുത്തലുമെല്ലാം പാകിസ്ഥാന്‍ സൗകര്യപൂര്‍വം മറക്കുന്നത് കഷ്ടമാണ്. കളിക്കാര്‍ക്കെതിരെ കടുത്ത നടപടി എടുക്കണമെന്ന് ലോകമെമ്പാടും ആവശ്യം ഉയരുമ്പോള്‍ അവരെ താല്‍ക്കാലികമായി ടീമില്‍നിന്നും സസ്‌പെന്‍ഡ് ചെയ്ത് മുഖം രക്ഷിക്കാന്‍ മാത്രമാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ശ്രമിക്കുന്നത്.
ക്രിക്കറ്റിനെ യഥാര്‍ഥമായി സ്‌നേഹിക്കുന്നവരാണ് ഭരണ നേതൃത്വങ്ങളില്‍ അവരോധിക്കപ്പെട്ടിരിക്കുന്നത് എങ്കില്‍ ഒത്തുകളി വിവാദത്തിന്റെ ആണിക്കല്ല് തേടിയുള്ള അന്വേഷണമാണ് ഇവിടെ നടക്കേണ്ടത്. എന്നാല്‍ ഇതിന് മുന്‍പ് പുറത്തുവന്ന ഒത്തുകളി വിവാദങ്ങളിലെല്ലാം ക്രിക്കറ്റ് ബോര്‍ഡുകള്‍ എടുത്ത നടപടികള്‍ അത്ര ശരിയായ സ്വഭാവത്തില്‍ ഉള്ളതായിരുന്നില്ല. 1998-ല്‍ പാക് ക്രിക്കറ്റിലെ ഒത്തുകളിയെക്കുറിച്ച് വിശദമായി അന്വേഷിച്ച് 52 കളിക്കാരേയും ഒഫീഷ്യലുകളെയും ചോദ്യം ചെയ്ത് ഹൈക്കോടതി ജഡ്ജി മാലിഖ് മുഹമ്മദ് ഖയൂം പാക് ക്രിക്കറ്റ് ബോര്‍ഡിന് കൈമാറിയ റിപ്പോര്‍ട്ടിന് എന്തു സംഭവിച്ചുവെന്ന് അറിയാത്തതു തന്നെ ക്രിക്കറ്റ് സംഘാടകരുടെ ഇരട്ടത്താപ്പിന്റെയും അനുകൂല സമീപനത്തിന്റെയും തെളിവാണ്. തന്റെ റിപ്പോര്‍ട്ടില്‍ പി സി ബി അടയിരുന്നുവെന്ന് ഖയൂം വിലപിച്ചതിന് തൊട്ടുപിന്നാലെയാണ് പാക് ക്രിക്കറ്റില്‍ പുതിയ കോഴ വിവാദം പൊട്ടിപ്പുറപ്പെട്ടത്. 2004-ല്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ മര്‍വന്‍ അട്ടപ്പട്ടുവിന്റെ മുറിയില്‍നിന്നും കണക്കില്‍പ്പെടാത്ത 11,150 ഡോളര്‍ കണ്ടെത്തിയ കേസില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും 92-93 സീസണില്‍ ഇന്ത്യന്‍ പര്യടനത്തില്‍ ടീമിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ ഇംഗ്ലണ്ട് താരം അലക് സ്റ്റുവര്‍ട്ടും 2009-ല്‍ ഐ സി എല്ലില്‍ ലാഹോര്‍ ബാദ്ഷാസിന്റെ കളികള്‍ ഒത്തുകളിക്കപ്പെട്ടതിലും 2010-ല്‍ ഇംഗ്ലീഷ് കൗണ്ടിയില്‍ ഡാനിഷ് കനേരിയ ഉള്‍പ്പെട്ട ഒത്തുകളി വിവാദത്തിനുമെല്ലാം അതതു ബോര്‍ഡുകള്‍ അര്‍ഹമായ നടപടികള്‍ക്ക് തയ്യാറായില്ല. സ്റ്റീഫന്‍ ഫ്‌ളെമിംഗും മുത്തയ്യ മുരളീധരനും ഷാക്കിബ് അല്‍ ഹസനുമെല്ലാം തങ്ങളെ സമീപിച്ച ഇന്ത്യന്‍ ബെറ്റിംഗ് മാഫിയയെക്കുറിച്ച് വ്യക്തമായ നിലപാട് എടുത്തിട്ടും ഐ സി സിയുടെ ആന്‍ഡി കറപ്ഷന്‍ ആന്‍ഡ് സെക്യൂരിറ്റി വിംഗ് ഉറക്കം നടിക്കുകയാണ് ചെയ്തത്. ക്രിക്കറ്റിന്റെ അന്തസ് ചോദ്യം ചെയ്ത പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിലെങ്കിലും നേരത്തെ ഉയര്‍ന്ന ആരോപണങ്ങള്‍ ഉള്‍പ്പെടെ വിശദമായ അന്വേഷണങ്ങള്‍ക്ക് വിധേയമാക്കണം. അതിന് ഐ സി സി മുതിര്‍ന്നില്ലെങ്കില്‍ ക്രിക്കറ്റ് ഇനിയും നാണംകെട്ടുകൊണ്ടേയിരിക്കും. കളിക്കാര്‍ ഇനിയും ബെറ്റിംഗ് മാഫിയയുടെ പിണിയാളുകള്‍ ആയിക്കൊണ്ടിരിക്കുകയും ചെയ്യും.
ജനയുഗം മുഖപ്രസംഗം 01092010
ഉപഭൂഖണ്ഡത്തില്‍ ഏറ്റവുമധികം ആരാധകരുള്ള കായിക വിനോദമായ ക്രിക്കറ്റ് അതിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഭീമമായ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഒത്തുകളിക്കാരുടെ നിര്‍ദേശത്തിന് അനുസൃതമായി പാകിസ്ഥാന്‍ താരങ്ങളായ മുഹമ്മദ് ആസിഫും മുഹമ്മദ് ആമിറും നോബോള്‍ എറിഞ്ഞു എന്ന ഇംഗ്ലീഷ് ടാബ്ലോയിഡിന്റെ കണ്ടെത്തലിലൂടെ പുറത്തുവന്ന വിവരങ്ങള്‍ ക്രിക്കറ്റ് ലോകത്തെ ആകെ നടുക്കുന്നതാണ്. തെളിവുകളെല്ലാം വിരല്‍ ചൂണ്ടുന്നത് പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് നേരെയാണെങ്കിലും ഒത്തുകളി വിവാദത്തെ സംബന്ധിച്ചുള്ള ഓരോ അന്വേഷണങ്ങളും ഇന്ത്യന്‍ ബെറ്റിംഗ് ശൃംഖലയിലാണ് എത്തിച്ചേരുന്നത് എന്നതിനാല്‍ ക്രിക്കറ്റിന്റെ ശുദ്ധീകരണത്തിനുള്ള പ്രക്രിയയില്‍ ഇന്ത്യയ്ക്കും നിശബ്ദരായി നില്‍ക്കാന്‍ കഴിയില്ല
ReplyDelete