Sunday, September 12, 2010

ഝാര്‍ഖണ്ഡിലെ അസംബന്ധ നാടകം

അധികാരത്തോടുള്ള ആര്‍ത്തി ഝാര്‍ഖണ്ഡില്‍ ബി ജെ പിയെയും ഷിബു സോറന്റെ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയെയും വീണ്ടും ഒന്നിപ്പിച്ചു. ബി ജെ പി നേതാവ് അര്‍ജുന്‍ മുണ്ട ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ പിന്തുണയോടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ ബി ജെ പിയുടെ അവസരവാദ രാഷ്ട്രീയത്തിന്റെ തനിനിറം ഒരിക്കല്‍കൂടി തുറന്നുകാട്ടപ്പെട്ടു.

പത്തു വര്‍ഷത്തിനിടയില്‍ ഝാര്‍ഖണ്ഡില്‍ അധികാരമേല്‍ക്കുന്ന എട്ടാമത്തെ മന്ത്രിസഭയാണിത്. രാഷ്ട്രീയ അസ്ഥിരതയ്ക്ക് കുപ്രസിദ്ധി നേടിയ ഝാര്‍ഖണ്ഡില്‍ അര്‍ജുന്‍ മുണ്ട മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത് ഇത് മൂന്നാം തവണയാണ്. ഒരു വര്‍ഷം മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നപ്പോള്‍, ഷിബുസോറന്‍ ബി ജെ പിയുമായി സഖ്യമുണ്ടാക്കി മുഖ്യമന്ത്രിയായി. അധികാരത്തിനുവേണ്ടി ഏതു വേഷവും കെട്ടാന്‍ മടിക്കാത്ത സോറനുമായി സഖ്യമുണ്ടാക്കുന്നതിനോട് ബി ജെ പിക്കകത്തുതന്നെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. 2008 ല്‍ മന്‍മോഹന്‍സിംഗ് മന്ത്രിസഭ ലോക്‌സഭയില്‍ വിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ അനുകൂലിച്ചു കൈപൊക്കിയവരില്‍ സോറന്റെ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച അംഗങ്ങളുമുണ്ടായിരുന്നു. കോണ്‍ഗ്രസിനോടൊപ്പം നിന്ന ഷിബുസോറനുമായി കൈകോര്‍ക്കാനും അധികാരം പങ്കിടാനും ബി ജെ പി മുന്നോട്ടുവന്നു. എന്നാല്‍ ആ സഖ്യം അധികം നീണ്ടുനിന്നില്ല. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനകാലത്ത് പ്രതിപക്ഷം കൊണ്ടുവന്ന ഖണ്ഡനോപക്ഷേപത്തെ എതിര്‍ത്തു വോട്ടു ചെയ്യാന്‍ ഷിബുസോറന്‍ എത്തി. നിര്‍ണായകമായ വോട്ടെടുപ്പില്‍ കോണ്‍ഗ്രസിനോടൊപ്പം നിന്ന ഷിബുസോറനെ പാഠം പഠിപ്പിക്കുമെന്ന് ബി ജെ പി നേതൃത്വം പ്രഖ്യാപിച്ചു. സോറനുള്ള പിന്തുണ ബി ജെ പി പിന്‍വലിച്ചതോടെ മന്ത്രിസഭ നിലംപൊത്തി. പുതിയ മന്ത്രിസഭ രൂപീകരിക്കാന്‍ ഒരു പാര്‍ട്ടിക്കും കഴിയാത്ത സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. നിയമസഭ പിരിച്ചുവിടാതിരിക്കുന്നത് കുതിരക്കച്ചവടത്തിനു സാഹചര്യമൊരുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനും കേന്ദ്രസര്‍ക്കാരിനും അറിയാത്തതല്ല. മന്ത്രിസഭ രൂപീകരിക്കാന്‍ കോണ്‍ഗ്രസും ശ്രമം നടത്തി നോക്കിയതാണ്. സോറനുമായി കോണ്‍ഗ്രസ് നേതാക്കന്മാര്‍ അണിയറയില്‍ കൂടിയാലോചനകളും നടത്തി. കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുന്ന ബാബുലാല്‍ മറാണ്ടിയുടെ പിന്തുണ സോറനുമായുള്ള സഖ്യത്തിനു കിട്ടില്ലെന്നു ബോധ്യമായപ്പോഴാണ് കോണ്‍ഗ്രസ് ആ ശ്രമം ഉപേക്ഷിച്ചത്.

ഝാര്‍ഖണ്ഡിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനും കുതിരക്കച്ചവടത്തിനും വിരാമമിടാന്‍ പുതിയ തിരഞ്ഞെടുപ്പായിരുന്നു ശരിയായ മാര്‍ഗം. ആ വഴി അവലംബിക്കാന്‍ കോണ്‍ഗ്രസ് സന്നദ്ധമായില്ല. ഷിബു സോറനുമായി ബി ജെ പി ഇപ്പോഴുണ്ടാക്കിയ സഖ്യത്തിന് ഉറച്ച ഭരണം പ്രദാനം ചെയ്യാനാവില്ലെന്ന് ബി ജെ പി നേതാക്കന്മാര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. മുണ്ടയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും അദ്വാനി ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കന്മാര്‍ വിട്ടുനിന്നതു ബി ജെ പി നേതൃത്വത്തിലുള്ള അഭിപ്രായഭിന്നതയുടെ തെളിവാണ്.

ധാതുവിഭവങ്ങളുടെ വന്‍ നിക്ഷേപമുള്ള ഝാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിക്കുന്നതു ആ മേഖലയിലെ ഭൂരിപക്ഷം വരുന്ന ഗിരിവര്‍ഗക്കാരുടെ ക്ഷേമത്തിനും പുരോഗതിക്കും വലിയ ഉത്തേജനം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഗിരിവര്‍ഗക്കാരുടെ സംരക്ഷകവേഷം കെട്ടിയ ഷിബുസോറനെപോലുള്ളവരുടെ അവസരവാദ രാഷ്ട്രീയവും കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും തത്വദീക്ഷയില്ലാത്ത നിലപാടുകളും രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ വിളഭൂമിയായി സംസ്ഥാനത്തെ മാറ്റി. അവിടെ തഴച്ചുവളര്‍ന്നത് അഴിമതി മാത്രമാണ്. മൂന്നു വര്‍ഷം അധികാരത്തില്‍ പങ്കാളിയായപ്പോള്‍ അയ്യായിരത്തില്‍പരം കോടി രൂപ സമ്പാദിച്ച മധുകോഡയെ പോലുള്ളവര്‍ ഝാര്‍ഖണ്ഡിലെ ഖനിജസമ്പത്തു ഊറ്റിയെടുക്കാന്‍ നാടനും മറുനാടനുമായ വന്‍കിടക്കാര്‍ക്ക് ഒത്താശ ചെയ്തുകൊടുത്തു. ഝാര്‍ഖണ്ഡില്‍ എന്തു വിട്ടുവീഴ്ച ചെയ്തും അധികാരം കയ്യടക്കാന്‍ ബി ജെ പിയെയും ഷിബുസോറനെയും പ്രേരിപ്പിക്കുന്നതിന്റെ കാരണവും ഇതു തന്നെയാണ്.

ജനയുഗം മുഖപ്രസംഗം 12092010

1 comment:

  1. അധികാരത്തോടുള്ള ആര്‍ത്തി ഝാര്‍ഖണ്ഡില്‍ ബി ജെ പിയെയും ഷിബു സോറന്റെ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയെയും വീണ്ടും ഒന്നിപ്പിച്ചു. ബി ജെ പി നേതാവ് അര്‍ജുന്‍ മുണ്ട ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ പിന്തുണയോടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ ബി ജെ പിയുടെ അവസരവാദ രാഷ്ട്രീയത്തിന്റെ തനിനിറം ഒരിക്കല്‍കൂടി തുറന്നുകാട്ടപ്പെട്ടു.

    ReplyDelete