സി.പി.ഐ.എമ്മിനും ഇടതുമുന്നണിക്കും എതിരായ ആക്രമണങ്ങള്‍ തുറന്നുകാട്ടി ഒരാഴ്ച നീളുന്ന പ്രചാരണപരിപാടി ഇന്ന് തുടങ്ങുന്നു.
പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തകരായ 270ല്‍പ്പരം ആളുകള്‍ 2009 മെയ് മാസത്തിനു ശേഷം കൊല ചെയ്യപ്പെട്ടു. ഇവരില്‍ ഭൂരിഭാഗവും സിപിഐ എം പ്രവര്‍ത്തകരാണ്. അതില്‍ത്തന്നെ കൂടുതല്‍ പട്ടികജാതി/വര്‍ഗ വിഭാഗത്തിലുള്ളവരും ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരും. മാവോയിസ്റ്റ്-തൃണമൂല്‍ സഖ്യമാണ് ഈ കൊലപാതകങ്ങള്‍ നടത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് ആക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു. ചില പ്രദേശങ്ങളിലെ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേരിട്ടു പങ്കെടുക്കുന്നു.
പടിഞ്ഞാറന്‍ ബംഗാളിലെ ഈ ആക്രമണം ഇന്ത്യയിലെ സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്താനുദ്ദേശിച്ചാണ്. 2004 മുതല്‍ 2008 വരെ ഒന്നാം യുപിഎ ഗവമെന്റിന് പിന്തുണ നല്‍കിയ ഘട്ടത്തില്‍ ആ ഗവമെന്റിന്റെ ജനവിരുദ്ധവും സാമ്രാജ്യത്വാനുകൂലവുമായ നയങ്ങളെ ഇടതുപക്ഷം ശക്തമായി പ്രതിരോധിച്ചു. അതിന്റെ ഫലമായി കുത്തക മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും അവര്‍ ഉദ്ദേശിച്ച നയങ്ങള്‍ അതേപോലെ നടപ്പാക്കാനായില്ല. ഇതില്‍ ഇടതുപക്ഷത്തോട് പൊതുവിലും സിപിഐ എമ്മിനോട് പ്രത്യേകിച്ചും ഇക്കൂട്ടര്‍ക്ക് വലിയ പകയാണുണ്ടായത്. ഇടതുപക്ഷത്തെ ഏതു വിധേനയും ദുര്‍ബലമാക്കണമെന്ന് ഈ ശക്തികള്‍ ആഗ്രഹിക്കുന്നു. അതിന് ആദ്യം സിപിഐ എമ്മിനുനേരെ ആക്രമണം നടത്തി പാര്‍ടിയെ ദുര്‍ബലമാക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് പടിഞ്ഞാറന്‍ ബംഗാളില്‍ സിപിഐ എമ്മിനു നേരെയുള്ള ആക്രമണം.
പശ്ചിമബംഗാളിലെ ഇടതുമുന്നണി ഗവമെന്റ് 33 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കയാണ്. പിന്തിരിപ്പന്‍ ശക്തികളുടെ ഉപജാപങ്ങളെ നേരിട്ടാണ് മൂന്നു ദശാബ്ദക്കാലത്തിലധികം ഇടതുമുന്നണി ഇവിടെ അധികാരത്തിലിരുന്നത്. ജനോപകാരപ്രദമായ നടപടികള്‍ നടപ്പാക്കിയതിലൂടെ ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ഗവമെന്റിന്റെ ജനപിന്തുണ വര്‍ധിച്ചു. അങ്ങനെ അജയ്യമായി മുന്നേറിയ സിപിഐ എമ്മിനെ തകര്‍ക്കാര്‍ പാര്‍ടിയുടെ ശക്തികേന്ദ്രങ്ങളില്‍ ആക്രമണം നടത്തണമെന്നും അതിലേറ്റവും പ്രധാനപ്പെട്ട പശ്ചിമബംഗാളിനെ ആദ്യം ആക്രമിക്കണമെന്നുമാണ് സാമ്രാജ്യത്വവും കുത്തകമുതലാളിത്തവും കണക്കാക്കിയത്.
വിവിധ സംസ്ഥാനങ്ങളില്‍ ആക്രമണവും പ്രവര്‍ത്തനവും വ്യാപിപ്പിച്ച മാവോയിസ്റ്റുകള്‍ പടിഞ്ഞാറന്‍ ബംഗാളില്‍ കേന്ദ്രീകരിച്ചത് അവരുടെ മാത്രം തീരുമാനത്തിന്റെ ഭാഗമായാണെന്ന് കാണാനാവില്ല. ഇന്ത്യയിലുള്ള മാവോയിസ്റ്റുകള്‍ ആദിവാസികളെയാണ് ചൂഷണം ചെയ്യുന്നത്. ആദിവാസികളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് ഉയര്‍ത്തിക്കൊണ്ടുവരേണ്ട ബഹുജനമുന്നേറ്റങ്ങള്‍ മാവോയിസ്റ്റുകള്‍ തടയുകയാണ്. അഴിമതിക്കാരായ ബൂര്‍ഷ്വാ രാഷ്ട്രീയക്കാര്‍ക്ക് സംരക്ഷണം നല്‍കുന്ന വിഭാഗമാണ് മാവോയിസ്റ്റുകള്‍. ഫോറസ്റ്റ് കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും നിയമവിരുദ്ധ ഖനി ഉടമകളില്‍ നിന്നും സമ്പാദിക്കുന്ന പണമാണ് ഇക്കൂട്ടര്‍ ഇതിനായി ഉപയോഗിക്കുന്നത്. പൊലീസിന്റെ ഒറ്റുകാരെന്ന് ആരോപിച്ച് ഈ അക്രമിസംഘം കൊലപ്പെടുത്തുന്നത് ഒരു തെറ്റും ചെയ്തിട്ടില്ലാത്ത പാവപ്പെട്ടവരെയാണ്. പശ്ചിമബംഗാളില്‍ ഇല്ലാത്ത പ്രശ്നങ്ങളുടെ മേലെ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ മാവോയിസ്റ്റുകളെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് കൂട്ടുപിടിച്ചത്. നന്ദിഗ്രാം പ്രശ്നത്തിലായിരുന്നു തുടക്കം.
ഒരിഞ്ചു ഭൂമി പോലും ഏറ്റെടുക്കാത്ത നന്ദിഗ്രാമില്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് മാവോയിസ്റ്റുകളെ കൂട്ടുപിടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ആരംഭിച്ച പ്രക്ഷോഭത്തിനൊപ്പം എല്ലാ ഇടതുപക്ഷവിരുദ്ധ ശക്തികളെയും അണിനിരത്തി. തൃണമൂല്‍-മാവോയിസ്റ്റ് സഖ്യത്തിനും അവരുടെ നേതൃത്വത്തിലുള്ള ആക്രമണങ്ങള്‍ക്കും സാമ്രാജ്യത്വവും ഇന്ത്യയിലെ വന്‍കിട ബൂര്‍ഷ്വാസിയും പിന്തുണ നല്‍കി. അങ്ങനെ ലഭിച്ച പിന്തുണയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന് കോണ്‍ഗ്രസുമായുള്ള സഖ്യത്തിന്റെയും പിന്‍ബലത്തില്‍ ആക്രമണം വ്യാപകമാക്കി. സാമ്രാജ്യത്വവും വന്‍കിട ബൂര്‍ഷ്വാസിയും ഒന്നിച്ചണിനിരന്ന പ്രക്ഷോഭമായതിനാല്‍ കോര്‍പറേറ്റ് മാധ്യമങ്ങളാകെ ഇടതുപക്ഷവിരുദ്ധ പ്രചാരണം ഏറ്റെടുത്തു. കമ്യൂണിസ്റ്റ് വിരുദ്ധ സന്നദ്ധസംഘടനകളെയും കൂട്ടിനു ലഭിച്ചു. ഇതിനെല്ലാം പുറമെ ചില സാംസ്കാരിക പ്രവര്‍ത്തകരെയും അണിനിരത്താന്‍ കഴിഞ്ഞു. ഇവരെല്ലാം കൂടി തൃണമൂല്‍-മാവോയിസ്റ്റ് കൂട്ടുകെട്ട് നടത്തുന്ന ആക്രമണങ്ങളുടെ അര്‍ധ ഫാസിസ്റ്റ് ഭീകരസ്വഭാവം മറച്ചു വയ്ക്കാനുള്ള നിരന്തര ശ്രമത്തിലാണ് പിന്നീട് ഏര്‍പ്പെട്ടത്. ഒപ്പം ഇടതുപക്ഷത്തിനെതിരെ കള്ളക്കഥകള്‍ മെനയുകയും തൃണമൂല്‍ നേതാവിനു പുരോഗമനമുഖം ചാര്‍ത്തി കൊടുക്കുകയും ചെയ്യുന്നു. സിപിഐ എമ്മിനെതിരെ തുടര്‍ച്ചയായി കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നു. ഇതിലൂടെ ഇരുനൂറ്റെഴുപതിലധികം പാവപ്പെട്ടവരെ കൊലപ്പെടുത്താന്‍ തൃണമൂല്‍-മാവോയിസ്റ്റ് കൂട്ടുകെട്ടിനു കഴിഞ്ഞിരിക്കുന്നു. ഈ ഹീനകൃത്യത്തെയും ന്യായീകരിക്കാനാണ് ഇവരെ പിന്താങ്ങുന്ന വിഭാഗങ്ങള്‍ തയ്യാറാകുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ ആക്രമണം സംഘടിപ്പിക്കുന്ന മാവോയിസ്റ്റുകളെന്ന അരാജകവാദികളെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പരസ്യമായി ന്യായീകരിക്കുകയും പിന്താങ്ങുകയും ചെയ്യുന്നു. കേന്ദ്രമന്ത്രിസഭയിലുള്ള തന്റെ സ്ഥാനം ഉപയോഗിച്ച് അര്‍ധ സൈനികരെ കൂട്ടക്കൊല ചെയ്ത മാവോയിസ്റ്റുകളെ രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ യുപിഎ ഗവമെന്റ് അപലപിക്കാതിരുന്നു. തുടര്‍ച്ചയായി മാവോയിസ്റ്റ് ആക്രമണം നടക്കുമ്പോള്‍ അവ പരസ്യമായി ന്യായീകരിച്ച് ലാല്‍ഗഢിലെ തൃണമൂല്‍-മാവോയിസ്റ്റ് സംയുക്ത റാലിയില്‍ മാവോയിസ്റ്റ് നേതാക്കളോടൊപ്പം തൃണമൂല്‍ നേതാവ് പങ്കെടുക്കുകയുണ്ടായി. ഒരു കേന്ദ്രമന്ത്രി പരസ്യമായി ആക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കുകയും മാവോയിസ്റ്റുകളെ ന്യായീകരിക്കുകയും ചെയ്യുമ്പോള്‍ പ്രധാനമന്ത്രി അടക്കം അത് കണ്ടില്ലെന്നു നടിക്കുന്നു. തൃണമൂല്‍-മാവോയിസ്റ്റ് കൂട്ടുകെട്ടിനെ പിന്താങ്ങി പടിഞ്ഞാറന്‍ ബംഗാളിലെ സിപിഐ എമ്മിനെ തകര്‍ക്കാനുദ്ദേശിക്കുന്ന വന്‍കിട ബൂര്‍ഷ്വാസിയും സാമ്രാജ്യത്വവും അടങ്ങുന്ന ദൂഷിതവലയത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസ് എന്നതിനാലാണ് ഇതെല്ലാം സംഭവിക്കുന്നത്.
സിപിഐ എമ്മിനെ തകര്‍ക്കാന്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടമാടിയ അര്‍ധ ഫാസിസ്റ്റ് ഭീകരത അതിജീവിച്ച പ്രസ്ഥാനമാണ് അവിടെയുള്ളത്. ഇന്ത്യയിലെ പാര്‍ടിയെ തകര്‍ക്കാനുദ്ദേശിച്ച് ഇപ്പോള്‍ പശ്ചിമബംഗാളില്‍ ആരംഭിച്ച ആക്രമണങ്ങള്‍ക്കെതിരെ അവിടത്തെ പാര്‍ടിക്ക് പിന്തുണ നല്‍കാനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും വിജയവാഡയില്‍ ചേര്‍ന്ന പാര്‍ടി കേന്ദ്രകമ്മിറ്റിയുടെ വിപുലീകൃത യോഗം തീരുമാനിക്കുകയുണ്ടായി.
ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രചാരണം കേരളത്തില്‍ വന്‍വിജയമാക്കാന്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ജില്ലാ കേന്ദ്രങ്ങളില്‍ വന്‍തോതിലുള്ള ഐക്യദാര്‍ഢ്യ പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിക്കും. 15നു തിരുവനന്തപുരത്ത് പാര്‍ടി പിബി അംഗം നിരുപംസെന്‍ പങ്കെടുക്കും. കേന്ദ്രകമ്മിറ്റി അംഗം സൂര്യകാന്ത് മിശ്ര 18നു കോഴിക്കോട്ടും 19നു എറണാകുളത്തും പൊതുസമ്മേളനത്തില്‍ സംസാരിക്കും. 16നു കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും 18നു വയനാട്, പാലക്കാട്, തൃശൂര്‍, ഇടുക്കി, ആലപ്പുഴ ജില്ലകളിലും ഐക്യദാര്‍ഢ്യ പൊതുസമ്മേളനം നടക്കും.
പിന്തിരിപ്പന്‍ ശക്തികളുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്ന വംഗനാട്ടിലെ പ്രസ്ഥാനത്തിന് കേരളത്തിന്റെ ഉറച്ച പിന്തുണ പ്രഖ്യാപിക്കാന്‍ ഐക്യദാര്‍ഢ്യ പൊതുസമ്മേളനങ്ങള്‍ വന്‍വിജയമാക്കാന്‍ പാര്‍ടി സഖാക്കളും ഘടകങ്ങളും മുന്നിട്ടിറങ്ങേണ്ടതുണ്ട്.
പിണറായി വിജയന്‍ ദേശാഭിമാനി 12092010
പിന്തിരിപ്പന്‍ ശക്തികളുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്ന വംഗനാട്ടിലെ പ്രസ്ഥാനത്തിന് കേരളത്തിന്റെ ഉറച്ച പിന്തുണ പ്രഖ്യാപിക്കാന്‍ ഐക്യദാര്‍ഢ്യ പൊതുസമ്മേളനങ്ങള്‍ വന്‍വിജയമാക്കാന്‍ പാര്‍ടി സഖാക്കളും ഘടകങ്ങളും മുന്നിട്ടിറങ്ങേണ്ടതുണ്ട്.
ReplyDeleteനന്ദിഗ്രാമില്‍ ഒരിഞ്ചു ഭൂമിപോലും ഏറ്റെടുത്തിട്ടില്ല: സൂര്യകാന്ത് മിശ്ര
ReplyDeleteകോഴിക്കോട്: രാജ്യത്ത് വളര്‍ന്നുവരുന്ന ഇടതുപക്ഷ ഐക്യത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ബംഗാളില്‍ സിപിഐ എമ്മിനും ഇടതുപക്ഷ സര്‍ക്കാരിനുമെതിരെ സംഘടിത ആക്രമണമാണ് നടക്കുന്നതെന്ന് പശ്ചിമ ബംഗാള്‍ ആരോഗ്യകുടുംബക്ഷേമ മന്ത്രി സൂര്യകാന്ത് മിശ്ര പറഞ്ഞു. പശ്ചിമ ബംഗാളില്‍ ഇടതുപക്ഷ സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഐ എം നേതൃത്വത്തില്‍ മുതലക്കുളത്ത് നടന്ന ബഹുജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നന്ദിഗ്രാമില്‍ ഏക്കറുകണക്കിന് ഭൂമി ഏറ്റെടുത്തുവെന്നാണ് ചിലര്‍ രാജ്യത്താകമാനം പ്രചരിപ്പിച്ചത്. എന്നാല്‍, ഇതുവരെ ഒരിഞ്ച് ഭൂമിപോലും ഏറ്റെടുത്തിട്ടില്ല. സിംഗൂരില്‍ വ്യവസായ ആവശ്യത്തിനായി സ്ഥലം ഏറ്റെടുത്തപ്പോള്‍ 80 ശതമാനം ഉടമകളും ഭൂമി വിട്ടുനല്‍കി. 20 ശതമാനം വരുന്നവരെ തെറ്റിദ്ധരിപ്പിച്ചാണ് സര്‍ക്കാരിനെതിരെ തിരിച്ചുവിട്ടത്. ഇതുമൂലം വന്‍ പദ്ധതിയാണ് സര്‍ക്കാരിന് നഷ്ടമായത്. സര്‍ക്കാര്‍ കര്‍ഷകരുടെ ഭൂമി ബലം പ്രയോഗിച്ച് തട്ടിയെടുക്കുന്നു എന്നാണ് പ്രചാരണം. 11 പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കായി 500 ഏക്കര്‍ ഭൂമി മാത്രമാണ് സര്‍ക്കാര്‍ വിട്ടുകൊടുത്തത്. എന്നാല്‍, കോഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഭൂ പരിഷ്കരണം ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനമാണ് ബംഗാള്‍. ബംഗാളില്‍ മൊത്തംകൃഷി ഭൂമിയുടെ 84 ശതമാനവും പാവപ്പെട്ട കര്‍ഷകന്റെ കൈകളിലാണ്. 11 ലക്ഷം ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഭൂരഹിത കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. രാജ്യത്തെ മൊത്തം ഭൂമിയുടെ 25 ശതമാനവും മുസ്ളീം ന്യൂനപക്ഷ വിഭാഗങ്ങളുടെ കൈവശമാണ്. എന്നിട്ടും, സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ അവഗണിക്കുകയാണെന്നാണ് പ്രചാരണം. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഒബിസി വിഭാഗത്തില്‍പ്പെട്ട മുസ്ളീം ജനവിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഏക സംസ്ഥാനം ബംഗാളാണ്. ഇതെല്ലാം മറച്ചുവെച്ചാണ് അപവാദം പ്രചരിപ്പിക്കുന്നത്. ബംഗാളില്‍ കോഗ്രസ് അവസരവാദ നിലപാടാണ് സ്വീകരിക്കുന്നത്. സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമെതിരെ മാവോയിസ്റ്റുകളെ ഉപയോഗപ്പെടുത്തി മമതാ ബാനര്‍ജി നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നു. വര്‍ഗീയ കക്ഷികളും മത തീവ്രവാദ സംഘടകളും കൈകോര്‍ത്താണ് ഇടതുപക്ഷത്തിനെ തകര്‍ക്കാര്‍ കോപ്പുകൂട്ടുന്നത്. എതിര്‍പ്പുകള്‍ ഏറ്റവും വലിയതോതില്‍ ഉയര്‍ന്ന ഘട്ടങ്ങളിലയാണ് രാജ്യത്ത് ഇടതുപക്ഷം വലിയ വളര്‍ച്ച നേടിയതെന്ന ചരിത്ര സത്യം ആരും മറക്കരുത്. ബംഗാളില്‍ നടക്കുന്ന സംഘടിത ആക്രമണങ്ങളെ ഇടതുപക്ഷ സമൂഹം അതിജീവിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ReplyDelete