Wednesday, September 1, 2010

പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തനം - അധികാരവികേന്ദ്രീകരണത്തിന് മുമ്പും പിമ്പും

ബൂര്‍ഷ്വാ വ്യവസ്ഥയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ഒരുതരം ദല്ലാള്‍പണിയാണ്. സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ജനങ്ങള്‍ക്കുമിടയിലെ ഇടനിലക്കാരന്റെ പണി. സര്‍ക്കാര്‍ ആപ്പീസില്‍ പോയി ഒരു അപേക്ഷ കൊടുക്കാനോ ആപ്പീസറെ കണ്ടു സംസാരിക്കാനോ, പൊലീസ് സ്റ്റേഷനില്‍ പോകാനോ സര്‍ക്കാരുമായി ബന്ധപ്പെട്ട് ഒന്നിനും കഴിവില്ലാത്ത 'വോട്ട്' മാത്രം ജനാധിപത്യത്തിന്റെ വിലയേറിയ അധികാരമായി ലഭിച്ചവനാകുന്നു, സാധാരണ ജനം. സ്വാഭാവികമായും അവന് ഇടനിലക്കാരന്‍ ആവശ്യമായി വരുന്നുണ്ട്. പ്രാദേശിക-ബൂര്‍ഷ്വാ-രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഈ പരിമിതമായ ശൈലിയാണുള്ളത്.

ബൂര്‍ഷ്വാ വ്യവസ്ഥ അമാനവികവും അശാസ്ത്രീയവുമായതുകൊണ്ട്, അതിനോട് പൊരുത്തപ്പെടാന്‍ വിസമ്മതിക്കുകയും, അതിനെ തകര്‍ക്കുന്നതിന് വെമ്പല്‍കൊള്ളുകയും, അതിനുവേണ്ടി ജനങ്ങളുടെ സംഘടിത ശക്തിയെയും സമരോല്‍സുകതയേയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതാണ് ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ശൈലി.

പ്രബലമായ രണ്ട് ആശയങ്ങളാണ് ഇവിടെ മുഖാമുഖം നില്‍ക്കുന്നതെന്നു കാണാം. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായങ്ങള്‍ വാങ്ങിക്കൊടുക്കുക. പകരം തിരിച്ച് വോട്ടുവാങ്ങുക എന്നതാദ്യത്തേത്. രണ്ടാമത്തേതാകട്ടെ ജനശത്രുവായ ഭരണകൂടത്തിനും അതിന്റെ ഉപകരണങ്ങള്‍ക്കുമെതിരെ ജനങ്ങളെ സംഘടിപ്പിക്കുകയും അവരെ അവകാശബോധത്തോടൊപ്പം രാഷ്ട്രീയബോധത്തിലേക്കും ഉയര്‍ത്തുക എന്നത്.

ബൂര്‍ഷ്വാ ജനാധിപത്യത്തിന്‍കീഴിലെ വിപ്ളവ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പുതിയ-വൈരുദ്ധ്യാത്മക ധാരണ 1950കളില്‍തന്നെ രൂപപ്പെട്ടിരുന്നുവെങ്കിലും പൂര്‍ണമായ അര്‍ത്ഥത്തില്‍ പ്രവര്‍ത്തനപഥത്തിലെത്താനായിരുന്നില്ല. പാര്‍ലമെന്ററി-പാര്‍ലമെന്റേതര പ്രവര്‍ത്തനങ്ങളെ കൂട്ടിയിണക്കുന്ന വിപ്ളവപ്രവര്‍ത്തനം താത്വികമായി അംഗീകരിക്കപ്പെട്ടെങ്കിലും ഒരു അറച്ചുനില്‍പ് പ്രാദേശികതലത്തില്‍ വിശേഷിച്ചും നിലനിന്നിരുന്നു. എഴുപതുകളില്‍ ഇന്ദിരാ കോണ്‍ഗ്രസിന്റെ ഇടതുപക്ഷ വേഷംകെട്ടലും ബാങ്ക് ദേശസാല്‍ക്കരണംപോലുള്ള നടപടികളും, ഐആര്‍ഡിപിപോലുള്ള പദ്ധതികളും, വായ്പാമേളപോലുള്ള പരിപാടികളും എല്ലാംചേര്‍ന്ന് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തനം (കേരളം പോലിടങ്ങളില്‍ വിശേഷിച്ചും) യഥാര്‍ത്ഥദല്ലാള്‍ പ്രവര്‍ത്തനത്തിലേക്ക് മാറ്റി. ഓരോ ആനുകൂല്യത്തിനും നിരക്കുവച്ച് കൈക്കൂലി വാങ്ങാന്‍ മാത്രമല്ല, താല്‍ക്കാലികമായെങ്കിലും ഗുണഭോക്താക്കളുടെ വോട്ട് കച്ചവടമാക്കാനും അവര്‍ക്കതിതിലൂടെ കഴിഞ്ഞു. ഏകദേശം ഇക്കാലത്തുതന്നെയാണ് 'വോട്ടുബാങ്ക്' എന്ന വാക്ക് നിലവില്‍വന്നത് എന്നും ഓര്‍ക്കുക.

മുന്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ അടിത്തറയിട്ട ഭൂപരിഷ്കരണത്തിനു പുറത്ത് 1980 കളിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍ കേരളത്തില്‍ ക്ഷേമപ്രവര്‍ത്തനങ്ങളുടെ പെരുമഴ പെയ്യിച്ചു. ഇത് ഇടതുപക്ഷക്കാര്‍ക്ക് സര്‍ക്കാര്‍ സൌജന്യങ്ങളോടുള്ള അറച്ചുനില്‍പ്പ് ഉപേക്ഷിക്കാന്‍ സഹായകമായി. അടിയന്തിരാവസ്ഥയ്ക്കുശേഷമുണ്ടായ കോണ്‍ഗ്രസ് യുവശുക്തിയുടെ തകര്‍ച്ചയും, ഇടതുപക്ഷ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും ഈ പ്രതിഭാസത്തെ സഹായിച്ചു.

എങ്കിലും ഈ ഘട്ടത്തിലും അര്‍ഹതപ്പെട്ടത് അവകാശപ്പെട്ടത് നേടിയെടുക്കുക എന്ന പൊതു സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ രീതിയല്ല രാഷ്ട്രീയ പ്രവര്‍ത്തകരെ സ്വാധീനിക്കുന്നവര്‍ക്ക്, ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കുന്നവര്‍ക്ക് സൌകര്യങ്ങള്‍ ലഭ്യമാക്കുക എന്നതിനുതന്നെയായിരുന്നു മേല്‍ക്കൈ ലഭിച്ചിരുന്നത്. 'നിങ്ങള്‍ക്ക് ഞങ്ങള്‍' ഈ ആനുകൂല്യം തരുന്നു. പകരം 'നിങ്ങള്‍ ഞങ്ങള്‍ക്കോട്ടു'തരൂ എന്ന മട്ട്.

1995ല്‍ കേരളത്തില്‍ നടപ്പിലാക്കിയ അധികാര വികേന്ദ്രീകരണം വളരെ ഔപചാരികവും, ബുര്‍ഷ്വാ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനശൈലിയെ ഒരുതരത്തിലും അലോസരപ്പെടുത്താത്തതും ആയിരുന്നു. എന്നാല്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നതോടെ നിയമത്തില്‍ സമൂലവും സമഗ്രവുമായ മാറ്റംവരുത്തി. സംസ്ഥാന ബജറ്റിന്റെ 40 ശതമാനം തദ്ദേശ സര്‍ക്കാരുകള്‍ക്ക് നല്‍കുകയും, താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥപ്പണികളിലുള്‍പ്പടെ അധികാരങ്ങള്‍ വന്‍തോതില്‍ വികേന്ദ്രീകരിക്കുകയും ചെയ്തു. തദ്ദേശ സര്‍ക്കാര്‍, പ്രാദേശിക ജനജീവിതത്തിന്റെ പുരോഗതിയെ നയിക്കാനും നിയന്ത്രിക്കാനുമുള്ള ആസ്ഥാനമായി.

ജനകീയാസൂത്രണം വന്നതോടെ ഈ പ്രക്രിയ പൂര്‍ണതയിലെത്തി. പഞ്ചായത്തിന് കിട്ടുന്ന മുഴുവന്‍ പദ്ധതിവിഹിതവും എവ്വിധം ചെലവഴിക്കണമെന്ന കാര്യം 'പ്രോജക്ടു'കളായി ചര്‍ച്ചചെയ്യാന്‍ ഗ്രാമ-വാര്‍ഡുസഭകള്‍ കൂടി. ഉദ്യോഗസ്ഥര്‍ക്കുപുറമെ, റിട്ടയര്‍ചെയ്തവരും മറ്റുമായ സാങ്കേതിക വിദഗ്ധരും സാമൂഹ്യസന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പുതിയ വികാസത്തിന്റെ രാഷ്ട്രീയമാനം മനസ്സിലാക്കിയ രാഷ്ട്രീയ പ്രവര്‍ത്തകരും ജനങ്ങള്‍ക്ക് വാശിയോടെ നേതൃത്വം കൊടുക്കാനെത്തി. 'തന്റെയാള്‍ക്ക്' ആനുകൂല്യം ലഭിക്കാന്‍, 'തന്റെ പ്രദേശത്തേക്ക്' ഫണ്ട് തിരിച്ചുവിടാന്‍ വക്കീലിനെപ്പോലെ വാദിക്കാര്‍പോയവര്‍ വാര്‍ഡുസഭകളില്‍ വല്ലാതെ വിജയിച്ചില്ല. അര്‍ഹതയ്ക്കായുള്ള സുതാര്യ മാനദണ്ഡങ്ങളും, വിഭവ പരിമിതികളെക്കുറിച്ചുള്ള ബോധ്യപ്പെടുത്തലുകളും തുടങ്ങി ജനങ്ങളുടെ അവകാശബോധത്തിനൊപ്പം അവരുടെ സാമൂഹ്യ-ജനാധിപത്യ-ബോധത്തേയും വികസിപ്പിച്ചെടുക്കലായി പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ശൈലി.

പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അതിന്റെ പഴയ റോള്‍ നഷ്ടപ്പെട്ടത് ആശയക്കുഴപ്പങ്ങളുണ്ടാക്കി. ആസൂത്രണം, അര്‍ഹത, നിര്‍വചനം, നിര്‍വ്വഹണം, മോണിറ്ററിംഗ് എല്ലാം ജനങ്ങള്‍ നേരിട്ട് നിര്‍വഹിക്കുമെങ്കില്‍ ജനപ്രതിനിധിക്ക് എന്തധികാരം? ജനങ്ങള്‍ക്കെല്ലാം സ്വയം ചെയ്യാനാകുമെങ്കില്‍ എന്തിന് രാഷ്ട്രീയ പാര്‍ടി? അതിനാല്‍ ജനകീയാസൂത്രണം അരാഷ്ട്രീയമാണ് എന്ന വാദം വന്നു.

ഇന്നിപ്പോള്‍ രണ്ടു പ്രാദേശിക സര്‍ക്കാരുകളുടെ കാലാവധികൂടി കേരള ചരിത്രത്തിലൂടെ കടന്നുപോയ്ക്കഴിഞ്ഞു. അതിന്റെ വൈവിധ്യമാര്‍ന്ന അനുഭവങ്ങളെ ഒട്ടൊക്കെ ദൂരദര്‍ശന്റെ 'ഗ്രീന്‍ കേരള എക്സ്പ്രസ്' മനോഹരമായി ഡോക്യുമെന്റ് ചെയ്തിട്ടുമുണ്ട്. കേരള രാഷ്ട്രീയത്തിലേക്ക് 'വികസന അജണ്ട'യെ സന്നിവേശിപ്പിക്കാനായി എന്നത് അധികാര വികേന്ദ്രീകരണത്തിന്റേയും ജനകീയാസൂത്രണത്തിന്റേയും മഹാ നേട്ടങ്ങളായി എന്ന് കാണാനാകും.

ബൂര്‍ഷ്വാ വ്യവസ്ഥയ്ക്കകത്ത് വൈരുദ്ധ്യാത്മകമായാണ് വിപ്ളവ രാഷ്ട്രീയത്തിന് പ്രവര്‍ത്തിക്കാനാവുക. കൊടുക്കല്‍ വാങ്ങലുകളുടെ അടിസ്ഥാനത്തിലുള്ള വോട്ടു ബാങ്ക് നിര്‍ണയമല്ല അത്. ആസൂത്രണത്തിലും, നിര്‍വഹണത്തിലും, മോണിറ്ററിംഗിലും മാത്രമല്ല, പുതിയ ജീവിത സൌകര്യങ്ങളുടെ പ്രയോജനപ്പെടുത്തലിലും നേതൃത്വപരമായ ഇടപെടലാണത്. ഈ എല്ലാ രംഗങ്ങളിലും രൂപപ്പെടുന്ന സാമൂഹ്യ കൂട്ടായ്മകളിലൂടെയാണ്-വാര്‍ഡ്സഭ, കര്‍മ്മസമിതി, സാങ്കേതിക സമിതി, നിര്‍വാഹകസമിതി, അയല്‍ക്കൂട്ടം, കുടുംബശ്രീ - രക്ഷാകര്‍ത്തൃസമിതി, ചേരികമ്മിറ്റി-ഈ രാഷ്ട്രീയം വികസ്വരമാക്കുക. ഇതെല്ലാം അരാഷ്ട്രീയമായി നടക്കട്ടെ എന്നു കരുതി മാറി നില്‍ക്കുകയല്ല, ഈ കൂട്ടായ്മകളെയെല്ലാം സത്യസന്ധവും സുതാര്യവുമായ അവകാശബോധത്തിലേക്കും അതുവഴി ഉന്നതമായ ജനാധിപത്യ ബോധത്തിലേക്കും ജനങ്ങളെ നയിക്കാനാകുന്ന പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തനശൈലി വികസിപ്പിച്ചെടുക്കാന്‍ ഒട്ടൊക്കെ സാധിച്ചുവെന്ന് കഴിഞ്ഞ മൂന്ന് പ്രാദേശിക സര്‍ക്കാരുകളുടെ ചരിത്രഘട്ടം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഇ രാമചന്ദ്രന്‍ ചിന്ത വാരിക 03092010

2 comments:

  1. ബൂര്‍ഷ്വാ വ്യവസ്ഥയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ഒരുതരം ദല്ലാള്‍പണിയാണ്. സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ജനങ്ങള്‍ക്കുമിടയിലെ ഇടനിലക്കാരന്റെ പണി. സര്‍ക്കാര്‍ ആപ്പീസില്‍ പോയി ഒരു അപേക്ഷ കൊടുക്കാനോ ആപ്പീസറെ കണ്ടു സംസാരിക്കാനോ, പൊലീസ് സ്റ്റേഷനില്‍ പോകാനോ സര്‍ക്കാരുമായി ബന്ധപ്പെട്ട് ഒന്നിനും കഴിവില്ലാത്ത 'വോട്ട്' മാത്രം ജനാധിപത്യത്തിന്റെ വിലയേറിയ അധികാരമായി ലഭിച്ചവനാകുന്നു, സാധാരണ ജനം. സ്വാഭാവികമായും അവന് ഇടനിലക്കാരന്‍ ആവശ്യമായി വരുന്നുണ്ട്. പ്രാദേശിക-ബൂര്‍ഷ്വാ-രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഈ പരിമിതമായ ശൈലിയാണുള്ളത്.

    ReplyDelete
  2. യോജിക്കുന്നു. എങ്കിലും, ഒന്ന് ചോദിക്കാതെ വയ്യ. ബ്യൂറോക്രാറ്റ്‌ എന്ന ഇടനിലക്കാരനും, സമൂഹ്യവിരുദ്ധനും ആയ വഴിമുടക്കിയെ എന്തിന്നു ഇപ്പോഴും തലോടുന്നു? ഒരക്ഷരം ആ വോട്ടുബാങ്കിന്നെതിരെ മിണ്ടിക്കണ്ടില്ല? സങ്കടം ഉണ്ട്, ജാഗ്രതയുടെ ഈ മനപൂര്‍വമായ (?) ജാഗ്രതയില്ലായ്മ കാണുമ്പോള്‍.

    ReplyDelete